പെണ്‍കുട്ടിയെ പ്രസവിച്ച് ഏഴു ദിവസം കഴിഞ്ഞപ്പോള്‍ മാതാവ് മരിച്ചു; തുടര്‍ന്ന് പിതാവ് ബന്ധുവായ യുവതിയെ വിവാഹം കഴിച്ചു; പുതിയ വീട്ടില്‍ 'അമ്മായി അമ്മ' വേണ്ടെന്ന് നിര്‍ബന്ധം പിടിച്ച മരുമകള്‍; അമ്മൂമ്മയെ ആഗ്രഹിച്ച നാലാം ക്ലാസുകാരി; അന്‍സാര്‍ കൊടും ക്രിമിനല്‍; ആദിക്കാട്ടുകുളങ്ങരയിലെ കുട്ടി മുത്തശ്ശിയ്‌ക്കൊപ്പം സുരക്ഷിത

Update: 2025-08-10 02:29 GMT

ചാരുംമൂട്: നാലാംക്ലാസ് വിദ്യാര്‍ഥിനിയായ മകളെ ക്രൂരമായി മര്‍ദിച്ച കേസില്‍ അറസ്റ്റിലായ പിതാവ് കൊടുംക്രിമിനല്‍. ഏഴു ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഇയാള്‍. 2016 മുതല്‍ ലഹരിവസ്തുക്കളുടെ കച്ചവടം ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതിയാണ്. പോലീസുകാരെ മര്‍ദ്ദിച്ച കേസുമുണ്ട്. കഴിഞ്ഞദിവസം അറസ്റ്റിലായ ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണംതടത്തില്‍ അന്‍സാര്‍ (35) സ്ഥിരം കുറ്റവാളിയാണെന്ന് തിരിച്ചറിയുമ്പോള്‍ കുട്ടിക്കുണ്ടായ പീഡനം അതികഠിനമാണെന്ന വസ്തുത സര്‍ക്കാരും തിരിച്ചറിയുന്നുണ്ട്. പെണ്‍കുട്ടിയെ പ്രസവിച്ച് ഏഴുദിവസം കഴിഞ്ഞപ്പോള്‍ മാതാവ് മരിച്ചിരുന്നു. തുടര്‍ന്നാണ് പിതാവ് ബന്ധുവായ യുവതിയെ വിവാഹം കഴിച്ചത്.

അടൂരില്‍ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവവുമുണ്ട്. മാസങ്ങളോളം ഒളിവിലും ജയിലിലും കഴിഞ്ഞിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. മര്‍ദിച്ച കേസില്‍ അറസ്റ്റിലായ ഇയാളെയും ഭാര്യ ഷെഫീന (27)യെയും മാവേലിക്കര ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) ശനിയാഴ്ച റിമാന്‍ഡ് ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് (75), കുട്ടിയെ കൈകൊണ്ടും ചൂരല്‍കൊണ്ടും അടിച്ചതിന് ഭാരതീയ ന്യായസംഹിത 115-2, 118-1 വകുപ്പുകള്‍ പ്രകാരമാണ് കേസ്. അരുതെന്നു പറഞ്ഞിട്ടും വീടിന്റെ ജനാല രാത്രിയില്‍ തുറന്നതിലുള്ള വിരോധത്തിലാണ് കഴിഞ്ഞദിവസം കുട്ടിയുടെ കവിളില്‍ പിതാവ് അടിച്ചതെന്ന് പോലീസ് പറഞ്ഞു. ഒരുമാസംമുന്‍പ് കാലില്‍ ചൂരല്‍കൊണ്ടും അടിച്ചിരുന്നു. പുതിയവീട്ടില്‍ താമസം തുടങ്ങിയശേഷം കുട്ടിക്ക് പല വിലക്കുകളും ഏര്‍പ്പെടുത്തിയിരുന്നു.

അമ്മൂമ്മയുമായുള്ള അമിതഅടുപ്പം ചാരുംമൂട്ടില്‍ നാലാംക്ലാസുകാരിയെ പിതാവും രണ്ടാനമ്മയും മര്‍ദിക്കുന്നതിലേക്കു നയിച്ചെന്നു സൂചന. രണ്ടുമാസം മുന്‍പാണ് കുട്ടിയും കുടുംബവും പുതിയ വീട്ടിലേക്കു താമസം മാറിയത്. അതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു. കുട്ടിയുടെ പിതാവ് അന്‍സാറിന്റെ കുടുംബവീടിനോടു ചേര്‍ന്നുള്ള താഴത്തെ പറമ്പിലാണ് പുതിയ വീട്. പഴയ വീട്ടില്‍ കൂട്ടുകുടുംബമായിരുന്നു. അന്‍സാറിന്റെ മാതാവും കുട്ടിയും രാത്രി ഉറങ്ങാനായി പുതിയ വീട്ടില്‍ പോകുമായിരുന്നു. എന്നാല്‍, അന്‍സാറിന്റെ ഭാര്യയുമായി വഴക്കുണ്ടായതോടെ അമ്മൂമ്മ ആ വീട്ടിലേക്കു പോകാതെയായി. എങ്കിലും കുട്ടി ഉറങ്ങിയിരുന്നത് അച്ഛനും രണ്ടാനമ്മയ്ക്കുമൊപ്പമായിരുന്നു. അമ്മൂമ്മയുമായി കുട്ടി അടുപ്പം തുടര്‍ന്നത് ഇവര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല.

അമ്മയില്ലാത്ത കുട്ടിയെ ഏഴുദിവസം പ്രായമുള്ളപ്പോള്‍മുതല്‍ നോക്കിയത് അമ്മൂമ്മയായിരുന്നു. അതിനാല്‍ അമ്മൂമ്മയോടുള്ള അടുപ്പം കുട്ടിക്ക് ഒഴിവാക്കാനായില്ല. ഇതിനിടെ പഴയ വീട്ടിലേക്കു കുട്ടി പോയതാണ് പ്രകോപനത്തിനു കാരണമായതെന്ന് അയല്‍ക്കാര്‍ പറയുന്നു. മൂന്നുദിവസമായി ഒളിവിലായിരുന്ന ഇവരെ ചെങ്ങന്നൂര്‍ ഡിവൈഎസ്പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് വെള്ളിയാഴ്ച രാത്രിയിലാണ് പിടിച്ചത്. അന്‍സാറിനെ പത്തനംതിട്ട അടൂര്‍ കടമാന്‍കുളത്തുനിന്നും ഷെഫീനയെ കൊല്ലം ചക്കുവള്ളിയിലെ ബന്ധുവീട്ടില്‍നിന്നുമാണ് പിടിച്ചത്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫായിരുന്നു. എന്നാല്‍, ഫോണ്‍ ഓഫാക്കുന്നതിനു മുന്‍പ് ഇവരെ സഹായിച്ചവരെ കണ്ടെത്തി. ഇവരില്‍ നിന്നാണ് ഒളിത്താവളങ്ങള്‍ കണ്ടെത്തിയത്. കുട്ടി അമ്മൂമ്മയോടൊപ്പം താമരക്കുളത്തെ ബന്ധുവീട്ടിലാണിപ്പോള്‍. അമ്മൂമ്മയെ കുട്ടി അത്രത്തോളം സ്‌നേഹിക്കുന്നുണ്ട്. അതുകൊണ്ടാണ് അമ്മൂമ്മയ്‌ക്കൊപ്പം കുട്ടിയെ വിട്ടത്.

ബുധനാഴ്ച രാവിലെ സ്‌കൂളിലെത്തിയ കുട്ടിയുടെ മുഖത്ത് മര്‍ദിച്ചതിന്റെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട അധ്യാപകരോടാണ് ക്രൂരമര്‍ദനത്തിന്റെ വിവരങ്ങള്‍ കുട്ടി പറഞ്ഞത്. വീട്ടില്‍ നേരിട്ട പ്രയാസങ്ങളെപ്പറ്റിയും മര്‍ദനത്തെപ്പറ്റിയും 'എന്റെ അനുഭവം' എന്ന തലക്കെട്ടില്‍ നോട്ടുബുക്കിന്റെ താളില്‍ കുട്ടി എഴുതിയ കുറിപ്പും ലഭിച്ചിരുന്നു. അധ്യാപകരുടെ മൊഴിയെടുത്തശേഷമാണ് പോലീസ് പ്രതികള്‍ക്കെതിരേ കേസെടുത്തത്. പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മിടുക്കിയാണ് പെണ്‍കുട്ടി. സ്‌കൂള്‍ ലീഡറാണ്. മുന്‍പ് എന്തെങ്കിലും പ്രശ്നമുള്ളതായി അറിവില്ല. എല്‍കെജി മുതല്‍ ഇവിടെ പഠിക്കുന്നു. എല്ലാറ്റിലും മികവു തെളിയിച്ച കുട്ടിയാണ് ദുരിതത്തിന് ഇരയായത്.

ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണം തടത്തില്‍ അന്‍സാര്‍, രണ്ടാം ഭാര്യ ഷെഫിന എന്നിവരെക്കുറിച്ച് സമീപവാസികള്‍ക്ക് മോശം അഭിപ്രായമില്ല. അന്‍സാറിന്റെ ആദ്യ ഭാര്യയിലെ കുട്ടിയായ നാലാംക്ലാസുകാരിയെയും രണ്ടാംഭാര്യയിലെ കുട്ടിയെയും ഒരുപോലെയാണ് നോക്കിയിരുന്നതെന്ന് പറയുന്നവരുമുണ്ട്. ആദ്യ ഭാര്യയുടെ മരണശേഷം മൂന്നുവര്‍ഷം കഴിഞ്ഞപ്പോഴാണ് ബന്ധുകൂടിയായ ഷെഫിനയെ അന്‍സാര്‍ വിവാഹം ചെയ്തത്. ആക്രിക്കച്ചവടം, സീസണുകളില്‍ പഴവര്‍ഗവില്‍പ്പന എന്നിങ്ങനെ പല തൊഴിലുകളാണ് അന്‍സാര്‍ ചെയ്യുന്നത്.

Tags:    

Similar News