ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഇന്ന്; അമ്മയ്ക്ക് പൊങ്കാല നേദിക്കാന്‍ തലസ്ഥാനത്തേക്ക് ഒഴുകി എത്തി ഭക്തര്‍; ഇത്തവണ മുന്‍വര്‍ഷങ്ങളിലേക്കാള്‍ തിരക്ക്: അടുപ്പ് വെട്ട് 10.15ന്: ഭക്തിസാന്ദ്രമായി തലസ്ഥാന നഗരി
ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഇന്ന്
തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഇന്ന്. ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അര്‍പ്പിക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തലസ്ഥാനത്തേക്ക് ഭക്തര്‍ ഒഴുകി എത്തിയിരിക്കുകയാണ്. തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ 10:15 നാണ് അടുപ്പുവെട്ട്. 1.15 നാണ് നിവേദ്യം.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പൊങ്കാല സമര്‍പ്പണത്തിന് വന്‍ തിരക്കാണ് തലസ്ഥാന നഗരിയിലെങ്ങും അനുഭവപ്പെടുന്നത്. ഇന്നലെ വൈകീട്ട് ദേവീദര്‍ശനത്തിനായി നീണ്ട ക്യൂ ഉണ്ടായിരുന്നു. രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകള്‍ തുടങ്ങും. 10.15 നാണ് അടുപ്പുവെട്ട്. 1.15 നാണ് നിവേദ്യം. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ക്ലബുകളും റസിഡന്റ്‌സ് അസോസിയേഷനുകളും പൊങ്കലയര്‍പ്പണത്തിന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് മാത്രമല്ല നഗരത്തിലെ വിവിധ സ്ഥലങ്ങളിലും അടുപ്പുകള്‍ നിരന്നിട്ടുണ്ട്.
കണ്ണകി ചരിതത്തില്‍ പാണ്ഡ്യ രാജാവിന്റെ വധം പരാമര്‍ശിക്കുന്ന ഭാഗം തോറ്റംപാട്ടുകാര്‍ ആലപിച്ചാലുടനെ, തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.മുരളീധരന്‍ നമ്പൂതിരി ശ്രീകോവിലില്‍നിന്നു ദീപം പകര്‍ന്നു ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ പകരും. വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്നിലെ പണ്ടാര അടുപ്പിലും ദീപം കൊളുത്തും. പണ്ടാര അടുപ്പില്‍നിന്നു പകരുന്ന ദീപമാണു ഭക്തരുടെ അടുപ്പുകളെ ജ്വലിപ്പിക്കുക.
ഉച്ചയ്ക്ക് 1.15ന് പൊങ്കാല നിവേദ്യം. രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരല്‍ കുത്തും. 11.15ന് മണക്കാട് ധര്‍മശാസ്താ ക്ഷേത്രത്തിലേക്കു ദേവിയുടെ എഴുന്നള്ളത്ത്. അടുത്ത ദിവസം രാവിലെ 5ന് പൂജയ്ക്കു ശേഷം തിരിച്ചെഴുന്നള്ളത്ത്. രാത്രി 10ന് കാപ്പഴിക്കും. രാത്രി ഒന്നിനു നടക്കുന്ന കുരുതി സമര്‍പ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും.
അതേസമയം കൊടുംവേനല്‍ കണക്കിലെടുത്ത് അകലം പാലിച്ച് അടുപ്പ് കൂട്ടണമെന്നും നിര്‍ദ്ദേശമുണ്ട്. ഹരിതചട്ടങ്ങള്‍ പൂര്‍ണമായും പാലിക്കണം. ഇന്നലെ ഉച്ച മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ആരംഭിച്ചിട്ടുണ്ട്. ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് കുടിവെള്ളവും അന്നദാനവും വിതരണം നടത്തുന്നിടത്ത് ആരോഗ്യവകുപ്പ് പ്രത്യേക പരിശോധനകള്‍ നടത്തുമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചിട്ടുണ്ട്.
മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കുന്നതും അമിതമായ മാലിന്യ ഉല്‍പാദനത്തിന് കാരണവുമാകുന്ന ഉല്‍പന്നങ്ങള്‍ ഒഴിവാക്കുന്നതിനും പകരം സ്റ്റീല്‍ പ്ലേറ്റ്, ഗ്ലാസ്, സ്റ്റീല്‍ പാത്രങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതിനും ഭക്തജനങ്ങളും അന്നദാനവും കുടിവെള്ളവും വിതരണം ചെയ്യുന്നവരും ശ്രദ്ധിക്കണമെന്നും ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും മേയര്‍ ആവശ്യപ്പെട്ടു.