പാലൂട്ടാതെ അമ്മ നാട്ടിലേക്ക് മടങ്ങി, സംരക്ഷണം ഒരുക്കാതെ അച്ഛനും; 23 ദിവസമായി 'ബേബി ഓഫ് രഞ്ജിത' ഐസിയുവില്‍; അവള്‍ അനാഥയായതിന്റെ ആകുലതയില്‍ പരിചരിക്കുന്നവര്‍; നവജാത ശിശുവിനെ വനിത ശിശു വികസന വകുപ്പ് സംരക്ഷിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

നവജാത ശിശുവിനെ വനിത ശിശു വികസന വകുപ്പ് സംരക്ഷിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

Update: 2025-02-21 09:56 GMT

കൊച്ചി: പാലൂട്ടാന്‍ കാത്തുനില്‍ക്കാതെ ആ അമ്മ നാട്ടിലേക്ക് മടങ്ങി. സംരക്ഷണം ഒരുക്കാതെ ഒപ്പം അച്ഛനും. ലൂര്‍ദ് ആശുപത്രിയിലെ നിയോനേറ്റല്‍ ഐസിയുവില്‍ ഓക്‌സിജന്‍ മാസ്‌ക് ധരിച്ചു കിടക്കുന്ന 'ബേബി ഓഫ് രഞ്ജിത' പക്ഷേ ഇനി അനാഥയല്ല. 23 ദിവസം മാത്രം പ്രായമുള്ള അവള്‍ അച്ഛനുമമ്മയുമുണ്ടായിട്ടും അനാഥയായതിന്റെ ആകുലതയിലായിരുന്നു കുഞ്ഞിനെ പരിചരിക്കുന്നവര്‍ക്ക്. എന്നാല്‍ അവര്‍ക്ക് ആശ്വാസമായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ വാക്കുകള്‍ എത്തിക്കഴിഞ്ഞു.

അച്ഛനമ്മമാര്‍ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച് പോയ 23 ദിവസം പ്രായമായ നവജാത ശിശുവിനെ വനിത ശിശു വികസന വകുപ്പ് സംരക്ഷണമൊരുക്കുമെന്നാണ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചത്. ഇതുസംബന്ധിച്ച് വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. വനിത ശിശുവികസന വകുപ്പ് ജില്ലാ ഓഫീസര്‍ ആശുപത്രി സന്ദര്‍ശിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. മാതാപിതാക്കള്‍ തിരിച്ചു വരുന്നെങ്കില്‍ കുഞ്ഞിനെ അവര്‍ക്ക് കൈമാറുമെന്നും മന്ത്രി അറിയിച്ചു.

കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികള്‍ മംഗളേശ്വറും രഞ്ജിതയും. പ്രസവത്തിനായി നാട്ടിലേക്കു പോകുന്ന സമയത്തു ട്രെയിനില്‍ വച്ചു രഞ്ജിതയ്ക്ക് അസ്വസ്ഥതകളുണ്ടായി. തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനുവരി 29ന് ആശുപത്രിയില്‍ രഞ്ജിത പെണ്‍കുഞ്ഞിനു ജന്മം നല്‍കി.

28 ആഴ്ച മാത്രമായിരുന്നു കുഞ്ഞിന്റെ വളര്‍ച്ച. തുടര്‍ന്നു വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ ലൂര്‍ദ് ആശുപത്രിയിലെ എന്‍ഐസിയുവിലേക്കു മാറ്റി. അമ്മ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടര്‍ന്നു. അച്ഛന്‍ രണ്ടിടത്തും മാറി മാറി നിന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അമ്മയെ 31ന് ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തു.

അന്നുവരെ മകളെ കാണാന്‍ ആശുപത്രിയിലെത്തുമായിരുന്ന അച്ഛന്‍ പിന്നീടു വന്നില്ല. ആരോടും പറയാതെ മംഗളേശ്വറും രഞ്ജിതയും നാട്ടിലേക്കു മടങ്ങി. ആശുപത്രി അധികൃതര്‍ ബന്ധപ്പെട്ടെങ്കിലും ജാര്‍ഖണ്ഡില്‍ എത്തിയെന്ന എസ്എംഎസ് സന്ദേശം മാത്രമായിരുന്നു മറുപടി. വിളിച്ചാല്‍ ഫോണില്‍ കിട്ടാതായി.

കണ്ണുതുറന്നു ലോകം കാണും മുന്‍പേ തന്നെയുപേക്ഷിച്ച് അച്ഛനുമമ്മയും നാട്ടിലേക്കു മടങ്ങിയതറിയാതെ ജീവിതത്തോടു പൊരുതുകയാണവള്‍. ആശുപത്രിയിലെ ശിശുരോഗ വിഭാഗം സീനിയര്‍ കണ്‍സല്‍റ്റന്റ് ഡോ. റോജോ ജോയിയുടെ നേതൃത്വത്തിലുള്ള ചികിത്സയിലൂടെ ആരോഗ്യനില മെച്ചപ്പെട്ടു. എങ്കിലും ഇനിയും ഒരു മാസം എന്‍ഐസിയുവില്‍ തുടരേണ്ടി വരും.

പൊലീസിനു വിവരം കൈമാറിയെങ്കിലും ശിശുക്ഷേമ സമിതിയെ അറിയിക്കാനായിരുന്നു നിര്‍ദേശം. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം കുഞ്ഞിനെ ഏറ്റെടുക്കാമെന്നു ശിശുക്ഷേമ സമിതി ആശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ട്. കുഞ്ഞിന്റെ ചികിത്സയ്ക്കായി കൂടുതല്‍ തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് ആശുപത്രി അധികൃതര്‍.

കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് ഇനി വേണ്ട എന്നാണെങ്കില്‍ നിയമപരമായ നടപടികളിലൂടെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും. കുഞ്ഞിന് ഇനിയുള്ള ചികിത്സ ഉറപ്പാക്കാന്‍ എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.

Tags:    

Similar News