മതത്തിന്റെ പേരില്‍ മുസ്ലീങ്ങള്‍ രാഷ്ട്രീയമായി സംഘടിക്കണമെന്ന് വിശ്വസിക്കുന്നില്ല; മുസ്ലീം ലീഗ് ഭരണത്തിലുള്ളപ്പോഴും മുസ്ലീം സമുദായത്തിന് പുരോഗതി ഉണ്ടാവുന്നില്ല; ജമാഅത്തെ ഇസ്ലാമിയെപോലുള്ള സംഘടനകളെ വേറിട്ട് നിര്‍ത്തണം; അവരെ ഉള്‍പ്പെടുത്തുന്നത് അപകടകരം; നിലപാട് പറഞ്ഞ് ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി

നിലപാട് പറഞ്ഞ് ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി

Update: 2025-05-04 11:04 GMT

തിരുവനന്തപുരം: കേരളത്തില്‍ ഏതു രാഷ്ട്രീയ പാര്‍ട്ടി ഭരിച്ചാലും സമുദായതത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ലെന്ന് സമസ്ത എപി വിഭാഗം നേതാവും സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റുമായ ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി. മുസ്ലീം ലീഗിനെ കൊണ്ട് കേരളത്തിലെ മുസ്ലീങ്ങള്‍ക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നും അസ്ഹരി പറഞ്ഞു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലാണ് ഹക്കീം അസ്ഹരിയുടെ പരാമര്‍ശം.

കേരളത്തില്‍ മുസ്ലീങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ല. മുസ്ലീം സമുദായത്തിന് രാഷ്ട്രീയത്തില്‍ നിന്നോ, ഭരണകൂടത്തില്‍ നിന്നോ അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ല. ഏത് സര്‍ക്കാര്‍ ആയാലും പ്രത്യേക സഹായം ഒന്നും കിട്ടുന്നില്ലെന്നും അബ്ദുല്‍ ഹക്കീം അസ്ഹരി വിമര്‍ശിച്ചു.

മുസ്ലീം ലീഗ് ഭരണത്തിലുള്ളപ്പോഴും മുസ്ലീം സമുദായത്തിന് പുരോഗതി ഉണ്ടാവുന്നില്ലെന്ന് ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു. ലീഗ് മുസ്ലീം സമുദായത്തെ ഒട്ടാകെ പ്രതിനിധീകരിക്കുന്നില്ല. ലീഗ് രാഷ്ട്രീയ പാര്‍ട്ടി മാത്രമാണെന്നാണ് അസ്ഹരിയുടെ നിരീക്ഷണം. മതത്തിന്റെ പേരില്‍ മുസ്ലീങ്ങള്‍ രാഷ്ട്രീയമായി സംഘടിക്കണമെന്ന് വിശ്വസിക്കുന്നില്ലെന്നും സമസ്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും സ്ഥിരമായ ബന്ധം പുലര്‍ത്തുന്നില്ലെന്നും അസ്ഹരി വ്യക്തമാക്കി.

കേരളത്തിലെ മുസ്ലീം സമുദായത്തിനകത്തെ വിദ്യാദ്യാസപരമായ മുന്നേറ്റത്തിന് അടിത്തറ പാകിയത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും എംഇഎസ് ഉള്‍പ്പെടെയുള്ള സംഘടനകളുമാണെന്നും മര്‍ക്കസ് നോളേജ് സിറ്റി മാനേജിങ് ഡയറക്ടര്‍ കൂടിയായ അസ്ഹരി ചൂണ്ടിക്കാട്ടി. ആന്ധ്രയിലും കര്‍ണാടകയിലും മുസ്ലീം സമുദായത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നുവെന്നും അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു.

കര്‍ണാടകയില്‍ ന്യൂനപക്ഷ വകുപ്പും വഖഫ് ബോര്‍ഡും യഥേഷ്ടം ഫണ്ടുകള്‍ അനുവദിക്കുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഉപയോഗിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ മുസ്ലീം സമുദായത്തിന് വേണ്ടി നടക്കുന്നുണ്ട്. ജനസംഖ്യയില്‍ 11 ശതമാനമുള്ള മുസ്ലീങ്ങള്‍ക്ക് ആന്ധ്രപ്രദേശില്‍ 10 ശതമാനമാണ് സര്‍ക്കാര്‍ ജോലികളില്‍ പ്രാതിനിധ്യം. കേരളത്തിലെ ജനസംഖ്യയില്‍ 30 ശതമാനം മുസ്ലീങ്ങള്‍ ആണെങ്കിലും അതിന്റെ പകുതി പ്രാതിനിധ്യം പോലും സര്‍ക്കാര്‍ ജോലികള്‍ ഇല്ലെന്ന് അസ്ഹരി വിമര്‍ശിച്ചു.

ജമാഅത്തെ ഇസ്ലാമിയെപോലുള്ള സംഘടനകളെ വേറിട്ട് നിര്‍ത്തണമെന്നും അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു. അവരെ ഉള്‍പ്പെടുത്തുന്നത് അപകടകരമാണ്. സുന്നികള്‍ വേറിട്ട് നില്‍ക്കണമെന്നാണ് സമസ്തയുടെ നിലപാട്. കേരള മുസ്ലീങ്ങളില്‍ ഏകദേശം 90 ശതമാനം പേരും സുന്നികളാണെന്നും അസ്ഹരി കൂട്ടിച്ചേര്‍ത്തു. ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ ജമാഅത്തെ ഇസ്ലാമിയേയും ഉള്‍പ്പെടുത്തണമെന്ന് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടുവല്ലോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സമസ്ത എപി വിഭാഗം നേതാവ്.

Tags:    

Similar News