യുവതിമായുള്ള പ്രണയബന്ധം വീട്ടുകാർ എതിർത്തതോടെ വാടക വീട്ടിലേക്ക് മാറി; വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തിയത് പ്രതിശ്രുത വധുവിന്റെ ബന്ധുക്കൾ; ശ്രീകാര്യത്ത് കെ.എസ്.ആർ.ടി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; വിവാഹത്തലേന്ന് 26കാരന് ദാരുണാന്ത്യം
തിരുവനന്തപുരം: വിവാഹത്തലേന്ന് വാഹനാപകടത്തിൽ 26 വയസ്സുകാരനായ പ്രതിശ്രുത വരന് ദാരുണാന്ത്യം. പാങ്ങപ്പാറ ചെല്ലമംഗലം വാർഡിൽ പുന്നക്കുഴി രോഹിണിയിൽ രാജൻ ആശാരിയുടെ മകൻ രാജേഷ് (26) ആണ് മരിച്ചത്. തിരുവനന്തപുരം ശ്രീകാര്യം മാങ്കുഴിക്ക് സമീപം ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. കെഎസ്ആർടിസി സ്വിഫ്റ്റ് ഇലക്ട്രിക് ബസുമായി കൂട്ടിയിടിച്ചാണ് യുവാവ് മരിച്ചത്. ശ്രീകാര്യം പോലീസ് കേസെടുത്തു.
സിസിടിവി ടെക്‌നീഷ്യനായ രാജേഷ്, ചാർജിംഗ് കഴിഞ്ഞുമടങ്ങുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലേക്ക് താൻ സഞ്ചരിച്ച ബൈക്ക് ഇടിച്ചുകയറിയാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ഇന്ന് വാഴവിളയിലെ ക്ഷേത്രത്തിൽ വച്ച് വാഴവിള സ്വദേശിനിയായ യുവതിയുമായി രാജേഷിന്റെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. ഇന്നലെ രാത്രി ബന്ധു വീട്ടിൽ പോയി മടങ്ങുമ്പോഴായിരുന്നു അപകടം.
കണിയാപുരം ഡിപ്പോയിൽ ചാർജ് ചെയ്ത ശേഷം വികാസ് ഭവനിലേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ഇലക്ട്രിക് ബസും ബൈക്കുമാണ് കൂട്ടിയിടിച്ചത്. അമിത വേഗത്തിയ എത്തിയ ബൈക്ക് ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു. രാഗേഷ് ഹെൽമെറ്റ് ധരിച്ചിട്ടില്ലായിരുന്നു. ഇടിയിൽ രാഗേഷിൻ്റെ തല പൊട്ടിച്ചിതറിയ അവസ്ഥയിലായിരുന്നു. ബൈക്കും പൂർണമായും തകർന്നു.
രാജേഷും യുവതിയും പ്രണയത്തിലായിരുന്നുവെന്നും, പെൺകുട്ടിയുടെ വീട്ടുകാർ വിവാഹത്തിന് സമ്മതം നൽകിയിരുന്നെങ്കിലും രാജേഷിന്റെ വീട്ടുകാർ എതിർത്തിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. വീട്ടുകാരുമായി പിണങ്ങിയ രാജേഷ്, കാട്ടായിക്കോണത്തിന് സമീപം പെൺകുട്ടിയുടെ വീട്ടുകാർ ഏർപ്പാടാക്കിയ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. പ്രണയ വിവാഹം ഇരു വീട്ടുകാരും അനുകൂലിക്കാത്തതിനാൽ അമ്പലത്തിൽ താലി കെട്ടി രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങൾ പൂർണ്ണമായും നടത്തിയത് പ്രതിശ്രുത വധുവിന്റെ വീട്ടുകാരായിരുന്നു.