നിലവിളി കേട്ട് ഓടിയെത്തി കിണറ്റിലേക്ക് വേഗത്തില്‍ ഇറങ്ങി; യുവാവിനെ രക്ഷിച്ച് തിരികെ കയറ്റുന്നതിനിടെ മധ്യഭാഗത്ത് വച്ച് കയര്‍ പൊട്ടി; കിണറ്റില്‍ വീണയാള്‍ക്കും രക്ഷിക്കാന്‍ ഇറങ്ങിയ ആള്‍ക്കും ദാരുണാന്ത്യം; സംഭവം കൊല്ലം കല്ലുവാതുക്കലില്‍
കല്ലുവാതുക്കലില്‍ കിണറ്റില്‍ വീണ് രണ്ടുയുവാക്കള്‍ക്ക് ദാരുണാന്ത്യം
കൊല്ലം: കല്ലുവാതുക്കലില്‍ കിണറ്റില്‍ വീണ യുവാവിനെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി രണ്ടുപേര്‍ മരിച്ചു. കല്ലുവാതുക്കല്‍ സ്വദേശി വിഷ്ണു (23), രക്ഷിക്കാനെത്തിയ മയ്യനാട് ധവളക്കുഴി സ്വദേശി ഹരിലാല്‍ (24) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയാണ് ദാരുണമായ സംഭവം നടന്നത്.
വിഷ്ണു കിണറ്റില്‍ വീണതിനെ തുടര്‍ന്നുണ്ടായ നിലവിളി കേട്ട് സമീപത്തെ സ്വകാര്യ ഫാക്ടറിയിലെ ജീവനക്കാരനായ ഹരിലാല്‍ ഓടിയെത്തുകയായിരുന്നു. വിഷ്ണുവിനെ വെള്ളത്തില്‍ നിന്നു പുറത്തെടുത്ത് കിണറിനു മുകളിലേക്ക് കയറ്റുന്നതിനിടെയാണ് കയര്‍ പൊട്ടി ഇരുവരും കിണറ്റിലേക്ക് പതിച്ചത്.
വിഷ്ണുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹരിലാലിനും ജീവഹാനി സംഭവിച്ചത്. സംഭവസ്ഥലത്തെ ദൃക്‌സാക്ഷികള്‍ പറയുന്നതനുസരിച്ച്, വിഷ്ണുവുമായി കിണറിന്റെ മധ്യഭാഗത്ത് എത്തിയപ്പോഴാണ് കയര്‍ പൊട്ടി അപകടം സംഭവിച്ചത്. മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.