സിനിമ ലോക്കേഷനിലെ ദുരനുഭവം: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ സിനിമയ്ക്ക് പുറത്ത് നിയമ നടപടിക്കില്ല; ആവശ്യം സിനിമാ സംഘടനകളുടെ ഇടപെടല്‍; അന്വേഷണത്തോട് സഹകരിക്കുമെന്നും വിന്‍സി അലോഷ്യസ്

സിനിമയ്ക്ക് പുറത്ത് നിയമ നടപടിയുമായി മുന്നോട്ടില്ലെന്ന് നടി വിന്‍സി അലോഷ്യസ്

Update: 2025-04-21 07:27 GMT

പത്തനംതിട്ട: സിനിമാ ചിത്രീകരണത്തിനിടെ ലഹരി ഉപയോഗിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ അപമര്യാദമായി പെരുമാറിയെന്ന വെളിപ്പെടുത്തലില്‍ വിശദീകരണവുമായി നടി വിന്‍സി അലോഷ്യസ്. പരാതി എന്ന നിലയില്‍ നിയമ നടപടിയുമായി മുന്നോട്ടുപോകാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും സിനിമയ്ക്ക് പുറത്തേക്ക് ഈ വിഷയം കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും നടി പറഞ്ഞു.

'പരാതികൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. അന്വേഷണങ്ങള്‍ വരുമ്പോള്‍ സഹകരിക്കാന്‍ തയ്യാറാണ്. സിനിമയ്ക്കകത്തുനിന്നും പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. സിനിമാസംഘടനകളുടെ ഇടപെടലുകളാണ് ഈ വിഷയത്തില്‍ ആവശ്യം'- വിന്‍സി പ്രതികരിച്ചു. സിനിമയില്‍ ഈ സംഭവം ആവര്‍ത്തിക്കാതിരിക്കുക എന്നതാണ് തനിക്കുവേണ്ടതെന്നും അവര്‍ പറഞ്ഞു.

ഇന്റേണല്‍ കമ്മറ്റിക്കുമുന്‍പില്‍ ഇന്ന് താന്‍ ഹാജരാവുമെന്നും തന്റെ പരാതിയുടെ യാഥാര്‍ഥ്യം ഐസിസി പരിശോധിക്കുമെന്നും ഇന്ന് വൈകുന്നേരത്തോടുകൂടി തീരുമാനം അറിയാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും വിന്‍സി പറഞ്ഞു. സിനിമയ്ക്കകത്തുനിന്നുകൊണ്ട് ആക്ഷനെടുക്കുമെന്നുതന്നെയാണ് വിശ്വസിക്കുന്നതെന്നും നടി പറഞ്ഞു. തന്റെ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും സിനിമ മേഖലയില്‍ മാറ്റം ഉണ്ടാകാന്‍ ആഗ്രഹിക്കുന്നതായും വിന്‍സി പറഞ്ഞു.

സിനിമയ്ക്കുള്ളില്‍ പ്രശ്‌നം പരിഹരിക്കണമെന്നാണ് തന്റെ നിലപാട്. അന്വേഷണത്തോട് സഹകരിക്കുമെന്ന് മാത്രമാണ് മന്ത്രിയോട് പറഞ്ഞത്. ഫിലിം ചേംബറിനും സിനിമയുടെ ഇന്റേണല്‍ കംപ്ലയിന്റ് അതോറിറ്റിക്കും നല്‍കിയ പരാതി പിന്‍വലിക്കില്ലെന്നും അതുമായി മുന്നോട്ട് പോകുമെന്നും നടി വ്യക്തമാക്കി.

സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയ നടനെതിരെ നിയമപരമായി പരാതി നല്‍കില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നാണ് വിന്‍സി അലോഷ്യസ് വ്യക്തമാക്കുന്നത്. സിനിമ മേഖലയില്‍ മാറ്റം ഉണ്ടാകണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത് എന്നുമാണ് തന്റെ ആവശ്യം. അതിന് വേണ്ടിയാണ് ഫിലിം ചേംബറിനും സിനിമയുടെ ഇന്റേണല്‍ കംപ്ലയിന്റ് അതോറിറ്റിയിലും പരാതി നല്‍കിയത്.

പരാതിയുമായി ബന്ധപ്പെട്ട് ഇന്ന് സിനിമയിലെ ആഭ്യന്തര സമിതിക്ക് മുന്‍പാകെ ഹാജരാക്കുമെന്നും നടി അറിയിച്ചു. തന്റെ പരാതി ആഭ്യന്തര സമിതി പരിശോധിച്ച് നടപടിയുണ്ടാവും എന്നാണ് കരുതുന്നത്. താന്‍ പരാതി പിന്‍വലിക്കില്ലെന്നും ഉറച്ചു നില്‍ക്കുമെന്നും പറഞ്ഞ വിന്‍സി സിനിമയ്ക്ക് പുറത്ത് പരാതി നല്‍കില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും വ്യക്തമാക്കി.

തന്റെ പരാതി ചോര്‍ന്നത് സജി നന്ത്യാട്ട് വഴി ആണെന്ന് സംശയിച്ചു. കുറ്റപ്പെടുത്തിയതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും വിന്‍സി മാധ്യമങ്ങളോട് പ്രതികരിച്ചു. മാല പാര്‍വതി പറഞ്ഞ പ്രതികരണത്തില്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും വിന്‍സി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News