ശിക്ഷാവിധിയില്‍ നിരാശ; വിചാരണ കോടതിയില്‍ നിന്ന് പരിപൂര്‍ണ നീതി കിട്ടിയില്ല; കൂട്ടബലാല്‍സംഗത്തിന് ഏറ്റവും കുറഞ്ഞ ശിക്ഷയാണ് 20 വര്‍ഷം; ശിക്ഷാവിധി സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും; അപ്പീല്‍ നല്‍കുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.അജകുമാര്‍

ശിക്ഷാവിധിയില്‍ നിരാശ: അഡ്വ.അജകുമാര്‍

Update: 2025-12-12 12:16 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിയില്‍ നിരാശയെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.അജകുമാര്‍. പ്രോസിക്യൂഷന് വീഴ്ചയില്ലെന്ന് അദ്ദേഹം പറഞ്ഞു. വിചാരണ കോടതിയില്‍ നിന്ന് പരിപൂര്‍ണനീതി കിട്ടിയില്ല.

കൂട്ടബലാല്‍സംഗത്തിന് ഏറ്റവും കുറഞ്ഞ ശിക്ഷയാണ് 20 വര്‍ഷം. ശിക്ഷാവിധി സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും അഡ്വ.അജകുമാര്‍ പറഞ്ഞു. അപ്പീല്‍ നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. ഇപ്പോള്‍ പ്രഖ്യാപിച്ച ശിക്ഷ കോടതിയുടെ ഔദാര്യമല്ല. പ്രോസിക്യൂഷന്റെ അവകാശമാണ്. വിചാരണയ്ക്കിടയില്‍ ഞങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ പറയണ്ട സ്ഥലങ്ങളില്‍ പറയുമെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.


അതേസമയം, കേസില്‍ ശിക്ഷാ വിധി പ്രഖ്യാപിച്ചപ്പോള്‍ കോടതി പരിഗണിച്ചത് തെളിവുകള്‍ മാത്രം. പ്രതികളുടെ പ്രായവും രുടുംബസ്ഥിതിയും പരിഗണിച്ചു. പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ നല്‍കേണ്ട പ്രത്യേക സാഹചര്യമില്ലെന്ന് ജഡ്ജി ഹണി എം വര്‍ഗ്ഗീസ് വിധിന്യായത്തില്‍ വ്യക്തമാക്കി. കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഇല്ലെന്നും കോടതി പറഞ്ഞു. ആറുപ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവും, 50,000 രൂപ വീതം പിഴയുമാണ് വിധിച്ചത്.

അങ്ങേയറ്റം സെന്‍സേഷണല്‍ കേസ് എന്നത് കോടതി വിധിയെ ബാധിക്കില്ലെന്നും ജഡ്ജി പറഞ്ഞു. പ്രതികള്‍ ജയിലില്‍ കഴിഞ്ഞ കാലം ശിക്ഷയില്‍ നിന്ന് ഇളവുചെയ്യും. എല്ലാ പ്രതികള്‍ക്കും ഒരേ ശിക്ഷയാണ് കോടതി വിധിച്ചത് എന്നതും ശ്രദ്ധേയമാണ്.

വിധിന്യായത്തില്‍ കോടതി പറഞ്ഞത്:

ശിക്ഷ വിധിക്കുമ്പോള്‍, കുറ്റകൃത്യം ഇരയിലും സമൂഹത്തിലും ഉണ്ടാക്കിയ ആഘാതം കോടതി കണക്കിലെടുക്കേണ്ടതുണ്ട്. ശിക്ഷ വിധിക്കുമ്പോള്‍ സമൂഹത്തോടും കുറ്റവാളിയോടും നീതി പുലര്‍ത്തുന്ന രീതിയില്‍ സന്തുലിതമായിരിക്കണം കാര്യങ്ങള്‍ പരിഗണിക്കേണ്ടത്. കുറ്റകൃത്യത്തിന്റെ ചരിത്രം, പ്രതിയുടെ തിരുത്തപ്പെടാനുള്ള സാധ്യത, ശിക്ഷയുടെ ലക്ഷ്യങ്ങള്‍ എന്നിവയും പരിഗണിക്കണം. ശിക്ഷ വിധിക്കുമ്പോള്‍ കോടതി വികാരങ്ങള്‍ക്ക് അടിപ്പെടാനോ പക്ഷപാതപരമായി പെരുമാറാനോ പാടില്ല.

അതേസമയം, പ്രതികളുടെ പ്രവൃത്തി സ്ത്രീയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതായിരുന്നു എന്ന വസ്തുത കോടതിക്ക് പരിഗണിക്കാതിരിക്കാന്‍ കഴിയില്ല. ഇരയായ സ്ത്രീയുടെ സുരക്ഷിതത്വത്തിനുള്ള അവകാശം ലംഘിക്കപ്പെടുകയും, അവരില്‍ ഭയവും അപമാനവും നിസ്സഹായതയും ഉണ്ടാക്കുകയും ചെയ്തു. ഇത് അവര്‍ക്ക് മാനസികമായ ആഘാതവും നല്‍കി.

സുഹൃത്തിന്റെ വീട്ടിലേക്ക് പോകുംവഴിയാണ് അവര്‍ ആക്രമിക്കപ്പെട്ടത് എന്നതും, മുന്‍കൂട്ടി കാണാതെയുള്ള സംഭവമായിരുന്നു ഇതെന്നതും പരിഗണിക്കേണ്ടതുണ്ട്. എന്നിരുന്നാലും, പ്രതികളുടെ പ്രായം, അവരുടെ കുടുംബ സാഹചര്യം, ഒന്നാം പ്രതിയൊഴികെ ബാക്കിയുള്ളവര്‍ക്ക് മറ്റ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന വാദം എന്നിവയും കോടതി പരിഗണിക്കുന്നു. 40 വയസ്സില്‍ താഴെയാണ് എല്ലാ പ്രതികളുടെയും പ്രായം. നിര്‍ഭയ കേസില്‍ (മുകേഷ് ്. സ്റ്റേറ്റ് ഓഫ് ഡല്‍ഹി) സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങള്‍ ഇവിടെ പ്രസക്തമാണ്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അവരുടെ ആത്മാഭിമാനത്തെ മാത്രമല്ല, സമൂഹത്തിന്റെ വികാസത്തെയും ബാധിക്കുന്നു. ലിംഗ നീതിയെക്കുറിച്ച് പൊതുസമൂഹത്തെ ബോധവത്കരിക്കേണ്ടതിന്റെ ആവശ്യകതയും വിധയില്‍ പരാമര്‍ശിക്കുന്നുണ്ട്. മുകളില്‍ പറഞ്ഞ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, പരമാവധി ശിക്ഷ (വധശിക്ഷയോ ജീവപര്യന്തമോ) നല്‍കേണ്ട സാഹചര്യമില്ലെന്ന് കോടതി കാണുന്നു.

Tags:    

Similar News