എന്റെ വിറയൽ ഇതുവരെ മാറിയിട്ടില്ല; മരണം നേരിൽ കണ്ട നിമിഷം; പ്രിയപ്പെട്ടവരെയെല്ലാം വിളിച്ചു; ഭൂകമ്പത്തിൽ വമ്പൻ കെട്ടിടങ്ങൾ കുലുങ്ങി; എല്ലാവരും ജീവനുവേണ്ടി ഓടുകയായിരുന്നു; മ്യാൻമാർ ദുരന്തം മുഖാമുഖം കണ്ടതിന്റെ അനുഭവം പറഞ്ഞ് നടി പാർവതി ആർ കൃഷ്‍ണ; സേഫ് ആണോയെന്ന് ആരാധകർ!
കഴിഞ്ഞ ദിവസമാണ് മ്യാൻമാറിനെ ഒന്നടങ്കം വിറപ്പിച്ച് നൂറ്റാണ്ടിലെ തന്നെ വലിയ ഭൂകമ്പം ഉണ്ടായത്. ദുരന്തത്തിൽ നിരവധിപേർ മരിക്കുകയും നിരവധി പേർക്ക് പരിക്ക് പറ്റുകയും ചെയ്തു. ഇപ്പോഴിതാ, ആ മഹാദുരന്തം നേരിൽ കണ്ടതിന്റെ അനുഭവം പറഞ്ഞിരിക്കുകയാണ് നടി പാർവതി ആർ കൃഷ്‍ണ. ഭൂചലനം ഉണ്ടായപ്പോൾ താൻ അവിടെ ഉണ്ടായിരുന്നതായി നടിയും അവതാരകയുമായ പാർവതി ആർ കൃഷ്‍ണ. പറയുന്നു. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വഴിയാണ് താരം അനുഭവം പങ്ക് വച്ചിരിക്കുന്നത്.
താരത്തിന്റെ വാക്കുകൾ...
'ഇതെഴുതുമ്പോഴും ഞാൻ വിറക്കുകയാണ്. പക്ഷെ ജീവിച്ചിരിക്കുന്നതിൽ ഞാൻ നന്ദിയുള്ളവളാണ്. ഇന്ന് ബാങ്കോക്കിൽ വെച്ച് എന്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ഏറ്റവും ഭയാനകമായ ഭൂകമ്പത്തിന് ഞാൻ നേരിട്ടു സാക്ഷിയായി. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അവിടെയുള്ള എല്ലാം പിടിച്ചുലച്ചു. കെട്ടിടങ്ങൾ തകർന്ന് വീഴുന്നതും ആളുകൾ ജീവനുവേണ്ടി ഓടുന്നതും ഞാൻ കണ്ടു. എല്ലായിടത്തും ഒരുതരം അരക്ഷിതാവസ്ഥയായിരുന്നു. ടാക്സികളില്ല, ഗതാഗതമില്ല, ഒന്നുമില്ല. എല്ലാവരും ആകെ പരിഭ്രാന്തിയിയിൽ ആയിരുന്നു.
ഭൂകമ്പം ബാധിച്ച എല്ലാവരെയും ഞാനിപ്പോൾ ഓർക്കുന്നു. പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ നമുക്കെല്ലാവർക്കും ശക്തിയും ധൈര്യവും ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു. അവസാന നിമിഷം ഫ്ലൈറ്റ് ബുക്കിങ്ങിനും മറ്റും സഹായിച്ചവരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നിങ്ങളില്ലായിരുന്നുവെങ്കിൽ ഞങ്ങൾക്ക് തിരിച്ചുവരാൻ കഴിയുമായിരുന്നില്ല. എപ്പോഴും ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കും'. പാർവതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഭൂകമ്പ സ്ഥലത്തെ വിവരങ്ങൾ പങ്കിട്ടതിനു പിന്നാലെ, ഇന്ന് രാവിലെ താൻ തിരുവനന്തപുരത്ത് സുരക്ഷിതയായി എത്തിയതായും ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പാർവതി പറയുന്നു.
അതേസമയം, വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 12.50-നാണ് മധ്യ മ്യാന്‍മാറിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും 6.8 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും ഉണ്ടായത്. സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റർ വടക്കുപടിഞ്ഞാറായും 10 കിലോമീറ്റർ താഴ്ചയിലുമാണ് പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി.
ഭൂചലനത്തിൽ മ്യാന്‍മാറിലെ മാൻഡലെയിലെ പ്രശസ്തമായ ആവ പാലം തകർന്നു. ഒരു പള്ളി ഭാഗികമായി തകർന്നു. നിരവധി കെട്ടിടങ്ങൾ ഇടിഞ്ഞുവീഴുകയും റോഡുകൾ പിളരുകയും ചെയ്തിട്ടുണ്ട്. ഭൂകമ്പത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക പ്രകടിപ്പിക്കുകയും സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. ഉദ്യോഗസ്ഥരോട് സജ്ജരായിരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
മ്യാന്‍മാർ ഭരണകൂട മേധാവി മിൻ ഓങ് ഹ്ലെയിങ് 'അടിയന്തരാവസ്ഥ' പ്രഖ്യാപിക്കുകയും അന്താരാഷ്ട്ര സഹായത്തിനായി അഭ്യർത്ഥിക്കുകയും ചെയ്തു. ആറ് പ്രവിശ്യകളിലാണ് പട്ടാളം ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ കെട്ടിടം തകർന്ന് നിരവധിപേർ കുടുങ്ങി. ബാങ്കോക്കിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.