'ആശുപത്രിയില്‍ പോയാല്‍ അവര്‍ കീറിമുറിക്കും; രാവിലെയും വൈകിട്ടും വെയില്‍ കൊണ്ടാമതി; പനിച്ചിട്ടോ നീരായിട്ടോ മെന്‍സസ് ആയിട്ടോ പുറത്ത് പോകും; വേദന മനസിന്റെ തോന്നലാണ്'; ആദ്യ സ്റ്റേജില്‍ രോഗം കണ്ടെത്തിയിട്ടും അലോപ്പതി ചികിത്സ നിഷേധിച്ചത് അക്യൂപങ്ചര്‍ ചികിത്സക; ഞെട്ടിക്കുന്ന ശബ്ദസന്ദേശം പുറത്ത്; കടുത്ത വിമര്‍ശനം
ആദ്യ സ്റ്റേജില്‍ രോഗം കണ്ടെത്തിയിട്ടും അലോപ്പതി ചികിത്സ നിഷേധിച്ചത് അക്യൂപങ്ചര്‍ ചികിത്സക
കോഴിക്കോട്: കാന്‍സര്‍ മൂര്‍ഛിച്ച് യുവതി മരിക്കാനിടയായ സംഭവത്തില്‍ അക്യുപങ്ചര്‍ ചികിത്സകര്‍ക്കെതിരെ പൊലീസില്‍ പരാതി നല്കി കുറ്റ്യാടി സ്വദേശി ഹാജറയുടെ കുടുംബം. ഹാജറയും അക്യുപങ്ചര്‍ ചികിത്സകരും തമ്മിലുള്ള സംഭാഷണവും പുറത്ത് വന്നിരുന്നു. വേദന മൂര്‍ഛിക്കുന്നത് രോഗം മാറുന്നതിന്റെ സൂചനയെന്ന് അക്യുപങ്ചര്‍ ചികിത്സകര്‍ ഓഡിയോയില്‍ പറയുന്നുണ്ട്. ആശുപത്രിയില്‍ പോയാല്‍ അവര്‍ കീറിമുറിക്കുമെന്നും അക്യുപങ്ചറിലൂടെ കാന്‍സര്‍ ഭേദമാകുമെന്നും ചികിത്സകര്‍ ഉപദേശം നല്‍കുന്നുണ്ട്. ഞെട്ടിക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നതോടെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഹാജറയും അക്യൂപങ്ചര്‍ ചികിത്സക ഫെമിനയും തമ്മിലുള്ള ഫോണ്‍ സംഭാഷമാണ് പുറത്തുവന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് സ്താനര്‍ബുദം മൂര്‍ച്ഛിച്ച് ഹാജറ മരിച്ചത്.
ആദ്യ സ്റ്റേജില്‍ തന്നെ രോഗം കണ്ടെത്തിയിട്ടും അലോപ്പതി ചികിത്സ തേടന്‍ ഫെമിന അനുവദിച്ചില്ലെന്ന് മരിച്ച യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. രോഗം കൂടിയതോടെ ഫെമിന കോഴിക്കോടുള്ള മറ്റൊരു അക്യൂപങ്ചര്‍ ചികിത്സകനായ ഷുഹൈബ് റിയാലുവിന്റെ അടുത്തേക്ക് ഹാജറയെ പറഞ്ഞയച്ചു. പിന്നീട് കുറേ കാലം അയാളാണ് ഹാജറയെ ചികിത്സിച്ചത്. ഇയാളെ കുറിച്ചും ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.
സഹിക്കാന്‍ പറ്റാത്ത വേദനയെന്ന് ഹാജറ പറയുമ്പോള്‍ വേദന വരുന്നത് സുഖപ്പെടാനാണെന്ന് ഫെമിന പറയുന്നത് ശബ്ദസന്ദേശത്തില്‍ കേള്‍ക്കാം. രാവിലെയും വൈകിട്ടും പത്ത് മിനിറ്റ് വെയില്‍ കൊള്ളണമെന്നും ഇവര്‍ ഉപദേശിക്കുന്നുണ്ട്. വേദന മനസിന്റെ തോന്നലാണ്. ചികിത്സയ്ക്കിടെ വേദന വരുന്നത് സുഖപ്പെടാനാണ്. വലിയൊരു ടോക്‌സിന്‍ തന്നെയാണ് ആ ഭാഗത്ത് അടിഞ്ഞു കൂടിയിരിക്കുന്നത്. അവിടെ എത്തിയാല്‍ കീറി മുറിക്കും. പനിച്ചിട്ടോ നീരായിട്ടോ മെന്‍സസ് ആയിട്ടോ പുറത്ത് പോകും. രാവിലെയും വൈകുന്നേരവും ആ സ്തനത്തില്‍ മാത്രം ടെറസിന്റെ മുകളില്‍ പോയി വെയില്‍ കൊള്ളിക്കണമെന്നും ഫെമിന പറയുന്നുണ്ട്.
ചികിത്സ ഫലിക്കുമെന്ന് തോന്നുന്നില്ലെന്നും സഹിക്കാന്‍ കഴിയാത്ത വേദനയാണെന്നും ഹാജറ പറയുന്നുണ്ട്.എന്നാല്‍ അത് നിങ്ങളുടെ തോന്നലാണെന്നും ചികിത്സ ചെയ്തിട്ട് വേദന വരുന്നുണ്ടെങ്കില്‍ അത് സുഖപ്പെടാനല്ലേയെന്നും അക്യുപങ്ചര്‍ ചികിത്സക ഹാജറോട് പറഞ്ഞു. പനിക്കുന്നത് ശരീരത്തിന്റെ കേടുപോകാനാണെന്നും കല്ലിപ്പ് പുറത്തു വന്ന് അത് എങ്ങനെയെങ്കിലും പോകുമെന്നും തല്ക്കാലം രാവിലെയും വൈകിട്ടും മാറില്‍ 10 മിനിട്ട് വെയില് കൊള്ളണമെന്നും ഇവര്‍ രോഗിക്ക് ഉപദേശം നല്‍കി. നീരുവന്നോ,പനിച്ചോ, മെന്‍സസിലൂടെയോ അത് പുറത്തുപോകുമെന്നുമാണ് അക്യുപങ്ചര്‍ ചികിത്സക പറയുന്നത്.
കുറ്റിയായിലും എരഞ്ഞിപ്പാലത്തെയും അക്യുപങ്ചര്‍ കേന്ദ്രത്തിലാണ് ഹാജറ ചികിത്സ തേടിയത്. രോഗം ഗുരുതരാവസ്ഥയിലായതോടെയാണ് ബന്ധുക്കള്‍ അറിയുന്നത്. കോഴിക്കോടും ബംഗളൂരുവിലുമായി ചികിത്സ തേടിയെങ്കിലും രോഗി മരണപ്പെടുകയായിരുന്നു. ഹാജറ മരിച്ചതിന് ശേഷം വാട്ട്‌സാപ്പ് പരിശോധിച്ചപ്പോഴാണ് കുടുംബം അക്യുപങ്ചര്‍ ചികിത്സകരുമായി നടത്തിയ ചാറ്റുകള്‍ കണ്ടത്. അക്യുപങ്ചര്‍ ചികിത്സകര്‍ക്കെതിരെ കുറ്റ്യാടി പൊലീസിലും ആരോഗ്യവകുപ്പിനും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.
ഒരു വര്‍ഷം മുന്‍പാണ് ഹാജിറയ്ക്ക് രോഗം കണ്ടെത്തിയത്. സ്തനത്തില്‍ മാലിന്യം അടിഞ്ഞു കൂടിയതാണെന്നും അക്യുപങ്ചറിലൂടെ ഇത് പുറത്തേക്ക് തള്ളാമെന്നുമാണ് ഫെമിന ഹാജറയെ വിശ്വസിപ്പിച്ചിരുന്നത്. മൂന്ന് കുട്ടികളുടെ അമ്മയാണ് ഹാജറ. യുവതിയുടെ ഭര്‍ത്താവ് നേരത്തെ മരണപ്പെട്ടിരുന്നു.
രൂക്ഷ വിമര്‍ശനവുമായി ഡോ ഷിംന അസീസ്
ക്യാന്‍സര്‍ ചികിത്സകരായ അതിബുദ്ധിമാന്‍മാര്‍ ആയുസ്സില്‍ ഒരു പതിറ്റാണ്ടിനു മീതെ കുത്തിയിരുന്ന് പഠിച്ചതാണ് നാലും മൂന്നും ഏഴ് സൂചിയും ഒരു പിടി ഫ്രൂട്‌സും മുന്നൂറ് മില്ലിലിറ്റര്‍ വെള്ളവും കൊണ്ട് ചികിത്സിച്ചതെന്നും മരണം ഒരു റിവേഴ്സിബിള്‍ പ്രക്രിയ അല്ലെന്നും വ്യക്തമാക്കുന്നതാണ് വിമര്‍ശനം. ഇന്നലെയാണ് കുറ്റ്യാടിയില്‍ കാന്‍സര്‍ ബാധിതയായ വീട്ടമ്മ മരിച്ച സംഭവത്തില്‍ ഇവരെ ചികിത്സിച്ച അക്യുപങ്ചര്‍ ചികിത്സാകേന്ദ്രത്തിനെതിരേ ഗുരുതര പരാതിയുമായി കുടുംബം രംഗത്തെത്തിയത്. യുവതിക്ക് സ്തനാര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞിട്ടും കുടുംബത്തെ അറിയിക്കാതെ അക്യുപങ്ചര്‍ ചികിത്സ തുടരുകയായിരുന്നുവെന്ന് ഉയര്‍ന്നിട്ടുള്ള പരാതി.
നേരത്തും കാലത്തും രോഗം കണ്ടെത്തി വേണ്ട ചികിത്സ എടുത്താല്‍, രോഗി രക്ഷപ്പെടാനുള്ള സാധ്യത ഏറെയുള്ള സ്തനാര്‍ബുദം എന്ന രോഗത്തെ അക്യുപങ്ച്ചറുകാര്‍ ട്രീറ്റ് ചെയ്ത് കുളമാക്കാന്‍ നോക്കി ഒരു രോഗി മരിച്ചിരിക്കുന്നു. പത്താം ക്ലാസിന്റെ പോലും പടി കാണാത്തവരും ശരീരത്തിലെ മുഴുവന്‍ അവയവങ്ങളുടെ പേര് പറയാന്‍ പോലും അറിയാത്തവരും ഏതാണ്ട് വലിയ ബിരുദം പഠിച്ചെന്ന് വരുത്തി പേരെടുക്കാനും കാന്‍സര്‍ ചികിത്സക്കും നിന്നാല്‍ ജീവന്‍ പോണ വഴി കാണില്ലെന്നും ഡോ. ഷിംന അസീസ് ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നു. ആവര്‍ത്തിച്ചു പറഞ്ഞിട്ടും മതം പറഞ്ഞും ദൈവത്തെ വിളിച്ചും ചെകുത്താന്റെ പണി എടുക്കുന്നവര്‍ പിന്മാറുന്നില്ല, അവര്‍ക്കെതിരെ നടപടികളുമില്ല. ഇനി എത്രയാള്‍ കൂടി ഇല്ലാതായാല്‍ ഈ സാമൂഹികശാപം ഇവിടെ നിന്ന് തുടച്ച് നീക്കപ്പെടുമെന്നും അറിയില്ലെന്നും ഡോ. ഷിംന അസീസ് ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നുണ്ട്.
ഒരു ദിവസം വെറും 300 മില്ലി ലിറ്റര്‍ വെള്ളവും നാല് ഈത്തപ്പഴവും മാത്രം കഴിക്കാനാണ് ഹാജറയോട് അക്യുപങ്ചര്‍ ചികിത്സാ കേന്ദ്രത്തിലുള്ളവര്‍ നിര്‍ദേശിച്ചത്. കഴിഞ്ഞ ഒരു മാസമായി യുവതി ഇത് മാത്രമാണ് കഴിച്ചിരുന്നത്. പിന്നീട് ആരോഗ്യം വഷളായതോടെ സംശയം തോന്നിയ ബന്ധുക്കള്‍ ഇവരെ കോഴിക്കോട്, ബെംഗളൂരു എന്നിവിടങ്ങളിലെ ആശുപത്രികളില്‍ എത്തിച്ച് ചികിത്സ നല്‍കിയെങ്കിലും ഏറെ വൈകിയിരുന്നു. ഹാജറയുടെ മരണം സംബന്ധിച്ച വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഡോ. ഷിംന അസീസിന്റെ വിമര്‍ശനം.
കാന്‍സര്‍ ചികില്‍സിക്കുന്ന ഒരു മെഡിക്കല്‍ ഓങ്കോളജിസ്റ്റ് അഞ്ചര കൊല്ലം എംബിബിഎസ്, മൂന്ന് കൊല്ലത്തെ എംഡി മെഡിസിന്‍, മൂന്ന് കൊല്ലത്തെ മെഡിക്കല്‍ ഓങ്കോളജി സൂപ്പര്‍ സ്പെഷ്യലിറ്റി എന്നിങ്ങനെ കോഴ്സുകള്‍ക്കിടയില്‍ യാതൊരു ഗ്യാപ്പുമില്ലാതെ പഠിച്ചാല്‍ പോലും ചുരുങ്ങിയത് പതിനൊന്നര കൊല്ലം മെഡിക്കല്‍ പഠനത്തിനായി മാത്രം ചിലവഴിക്കുന്നുണ്ട്. പ്രയോഗികമായി പറഞ്ഞാല്‍ ഇവക്കിടയില്‍ ഉള്ള എന്‍ട്രന്‍സ് പരീക്ഷാപഠനവും മറ്റുമായി ഇതിലേറെ സമയമെടുക്കാറുണ്ട്. ക്യാന്‍സര്‍ ചികിത്സകരായ അതിബുദ്ധിമാന്‍മാര്‍ ആയുസ്സില്‍ ഒരു പതിറ്റാണ്ടിനു മീതെ കുത്തിയിരുന്ന് പഠിച്ചതാണ് നാലും മൂന്നും ഏഴ് സൂചിയും ഒരു പിടി ഫ്രൂട്‌സും മുന്നൂറ് മില്ലിലിറ്റര്‍ വെള്ളവും കൊണ്ട് ഭേദപ്പെടുത്താന്‍ പോകുന്നതെന്നാണ് ഡോ ഷിംന അസീസിന്റെ വിമര്‍ശനം.
മോഡേണ്‍ മെഡിസിന്‍ പോലെ തന്നെ ഏതൊരു മെഡിക്കല്‍ ബിരുദം ആയിക്കോട്ടെ, പ്രഫഷണല്‍ കോളേജ് കണ്ടവര്‍ ആരും തന്നെക്കൊണ്ട് ഭേദമാക്കാന്‍ പറ്റാത്ത രോഗത്തിന്റെ മേല്‍ പണിയാന്‍ നില്‍ക്കില്ല. കൂടുതല്‍ സൗകര്യങ്ങള്‍ ഉള്ളയിടത്തേക്ക് റഫര്‍ ചെയ്യാന്‍ മടിക്കുകയുമില്ല. വൈദ്യം പഠിച്ച, രോഗിയോട് കടപ്പാടും ആത്മാര്‍ത്ഥതയുമുള്ള ഡോക്ടറുടെ മിനിമം ബേസിക് കോമണ്‍ സെന്‍സ് ആണതെന്നും ഷിംന അസീസ് കൂട്ടിച്ചേര്‍ക്കുന്നു.