കല്ലും മുള്ളും കാലുക്ക് മെത്ത... സ്വാമിയേ അയ്യപ്പോ... ആഗോള അയ്യപ്പ സംഗമത്തിന് എത്തുന്നവര്‍ക്ക് ഇങ്ങനെ ശരണം വിളിക്കേണ്ട വരില്ല; പമ്പാ തീരത്ത് ഒരുക്കുന്നത് ഫെവ് സ്റ്റാര്‍ ഹോട്ടലുകളെ വെല്ലുന്ന സൗകര്യങ്ങള്‍; മുതലാളിമാര്‍ക്ക് മുഖ്യമന്ത്രിയുടെ പ്രസംഗ കേള്‍ക്കാന്‍ എസി ജര്‍മന്‍ പന്തല്‍; അരവണയും ഉണ്ണിയപ്പവും കിറ്റില്‍ പിന്നെ ഓണക്കോടിയും; 3000 പേരെ സ്വീകരിക്കാന്‍ 1000 പേരുള്ള സംഘാടക സമിതി; ആഗോള അയ്യപ്പ സംഗമം പാര്‍ട്ടി ഫണ്ടു പിരിവാകുമോ?
തിരുവനന്തപുരം: കല്ലും മുള്ളും കാലുക്ക് മെത്ത... സ്വാമിയേ അയ്യപ്പോ... ഈ ശരണം വിളിയുമാണ് ശബരിമല ചവിട്ടാന്‍ ഭക്തരെത്തുക. എന്നാല്‍ ആഗോള അയ്യപ്പ സംഗമത്തിന് എത്തുന്ന പ്രതിനിധികളെ കാത്തിരിക്കുന്നത് പമ്പാ തീരത്തെ 'ഫൈവ് സ്റ്റാര്‍' സംവിധാനങ്ങള്‍. 3000 പേര്‍ക്കിരിക്കാവുന്ന ജര്‍മന്‍ പന്തല്‍ പമ്പാ മണപ്പുറത്ത് ഒരുക്കും. 50 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളെ സംഗമത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്. വരുന്നവര്‍ക്കെല്ലാം സന്നിധാനത്ത് വിഐപി ദര്‍ശനവും ഒരുക്കും. അയ്യപ്പ ഭക്തരുടെ സംഗമം ആണെങ്കിലും അത് ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അയ്യപ്പ വിശ്വാസിയാണോ പിണറായി എന്ന ചോദ്യവും ഹൈന്ദവ സംഘടനകള്‍ ഉയര്‍ത്തുന്നുണ്ട്. അതിനിടെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പണപിരിവായി ഇത് മാറുമെന്ന സംശയവും സജീവമാണ്. 3000 പേരില്‍ നിന്നും ഒരു ലക്ഷം വച്ചു വാങ്ങിയാല്‍ പോലും 30 കോടി കിട്ടും.
ആഗോള അയ്യപ്പസംഗമത്തിന് മുന്നോടിയായി പമ്പയില്‍ രണ്ടുകോടി രൂപ മുടക്കി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. സെപ്റ്റംബര്‍ 20-നാണ് അയ്യപ്പസംഗമം. പമ്പയില്‍ നാല് നടപ്പന്തലുകളുടെ പണി തുടങ്ങി. പമ്പയുടെ തീരത്ത് ഇത്തരം പന്തലുകള്‍ ഒരുക്കുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി അനിവാര്യമാണെന്ന വാദവും സജീവമാണ്. അത് വാങ്ങിയോ എന്നതും ചോദ്യമായി മാറുന്നു. ചെറിയ മഴ പോലും പമ്പയെ നിറയ്ക്കുന്ന സാഹചര്യമുണ്ട്. ഈ സാഹചര്യത്തില്‍ താല്‍കാലിക പന്തലുകളുടെ സുര്ഷ അടക്കം പ്രതിസന്ധിയിലാണ്. പമ്പയില്‍ സര്‍വീസ് റോഡിനടുത്തുള്ള സ്ഥലം പൂര്‍ണമായും ഇന്റര്‍ലോക്ക് ചെയ്യും. സര്‍വീസ് റോഡിനരികിലെ ഓട പുതുക്കിപ്പണിയും. ചാലക്കയം-പമ്പ റോഡ് അറ്റകുറ്റപ്പണി നടത്തും. ഈ റോഡരികിലെ കാട് തെളിക്കും. പമ്പയിലെ മരാമത്ത് ഗസ്റ്റ് ഹൗസില്‍ എട്ടുമുറികള്‍ നവീകരിക്കും-അങ്ങനെ പമ്പയില്‍ പഞ്ച നക്ഷത്ര സംവിധാനമാണ് ഒരുങ്ങുന്നത്. അയ്യപ്പ സംഗമത്തിന് എത്തുന്ന ഭൂരിഭാഗം പേര്‍ക്കും താമസസൗകര്യം പത്തനംതിട്ട, കോട്ടയം, തിരുവല്ല, പന്തളം തുടങ്ങിയ സ്ഥലങ്ങളില്‍ ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്. ഹില്‍ടോപ്പില്‍ പാര്‍ക്കിങ്ങിന് സൗകര്യമൊരുക്കും.
കെ എസ് ആര്‍ ടി സിയുടെ എസി ബസിലാകും ഇവരെല്ലാം പമ്പയിലേക്ക് വരിക. 3000 പേരെ സ്വീകരിക്കാന്‍ ആയിരം പേരുടെ സംഘാടക സമിതിയും ഉണ്ടാക്കിയിട്ടുണ്ട്. ബുഫെ സമ്പ്രദായത്തിലാകും ഭക്ഷണം നല്‍കുക. ഓണക്കോടിയും കിറ്റും എല്ലാവര്‍ക്കും നല്‍കും. അഞ്ച് അപ്പവും അഞ്ച് അരവണയും കൊട്ടാരക്കരയിലെ ഉണഅണിയപ്പവും അടങ്ങുന്നതാകും ഗിഫ്റ്റ് പാക്ക്. കൊച്ചിയില്‍ വിമാനം ഇറങ്ങുന്നവരെ പമ്പയില്‍ എത്തിക്കാനും കെ എസ് ആര്‍ ടി സിയുടെ എസി ബസുണ്ടാകും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് ആഗോള അയ്യപ്പസംഗമം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം ചോദ്യംചെയ്ത് ഹൈകോടതിയില്‍ ഹര്‍ജി എത്തിയിട്ടുണ്ട്. ശബരിമല തീര്‍ഥാടനത്തിന്റെയും ഹിന്ദുക്കളുടെയും പേരില്‍ സെപ്റ്റംബര്‍ 20ന് നടത്തുന്നത് രാഷ്ട്രീയ പരിപാടിയാണെന്ന് ആരോപിച്ച് ഹൈന്ദവീയം ഫൗണ്ടേഷന്‍ സെക്രട്ടറി കളമശ്ശേരി സ്വദേശി എം. നന്ദകുമാറാണ് ഹരജി നല്‍കിയത്.
രാഷ്ട്രീയപരിപാടിക്ക് ദേവസ്വം ബോര്‍ഡിന്റെ ഫണ്ട് ചെലവിടുന്നത് തടയണമെന്നാണ് ഹരജിയിലെ ആവശ്യം. ഹിന്ദുമത തത്ത്വങ്ങളില്‍പെട്ട 'തത്വമസി'യുടെ പ്രചാരണത്തിനെന്ന പേരില്‍ സര്‍ക്കാര്‍ പണം ചെലവിടുന്നത് ഭരണഘടനാവിരുദ്ധമാണെന്നും മതപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാറിന് അധികാരമില്ലെന്നും ഹരജിയില്‍ പറയുന്നു. ദേവസ്വംമന്ത്രി പ്രഖ്യാപിച്ച് സെപ്റ്റംബറില്‍ പമ്പയില്‍ നടത്താന്‍ ഉദ്ദേശിച്ചിരിക്കുന്ന ആഗോള അയ്യപ്പസംഗമത്തിന് പിന്നില്‍ ഗൂഢലക്ഷ്യമാണുള്ളതെന്നും അയ്യപ്പവിശ്വാസികളില്‍ ഇത് ആശങ്ക ഉണ്ടാക്കുന്നതായും ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാനസമിതി യോഗം അഭിപ്രായപ്പെട്ടിരുന്നു.
പരിപാവനവും വിശുദ്ധവുമായ പമ്പയില്‍ വ്രതശുദ്ധിയില്ലാതെ അവിശ്വാസികള്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും അയ്യപ്പസംഗമത്തിന്റെ പേരില്‍ എത്താനും ശബരിമലയില്‍ വീണ്ടും ആചാരലംഘനം നടത്താനും ഉള്ള സാധ്യത തള്ളിക്കളയാനാവില്ല. ശബരിമല യുവതി പ്രവേശനവിധിയെ തുടര്‍ന്ന് 2019 ജനുവരിയില്‍ ഇരുട്ടിന്റെ മറവില്‍ ആചാരലംഘനത്തിന് ഒത്താശ നടത്തിയവര്‍ നടത്തുന്ന അയ്യപ്പസംഗമം വിശ്വാസി സമൂഹത്തോട് കാണിക്കുന്ന വഞ്ചനയാണെന്നാണ് സംഘടന പറയുന്നത്.
അയ്യപ്പവിശ്വാസികളുടെ ആചാരാനുഷ്ഠാനത്തിനെതിരായി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുള്ള സര്‍ക്കാരിന്റെയും ദേവസ്വംബോര്‍ഡിന്റെയും കപടത അയ്യപ്പവിശ്വാസികള്‍ തിരിച്ചറിയണം. നിരപരാധികളായ അയ്യപ്പഭക്തരെ കള്ളക്കേസുകളില്‍ കുടുക്കി വേട്ടയാടിയ സര്‍ക്കാരിന്റെ നടപടികള്‍ വിശ്വാസ സമൂഹം മറക്കില്ല. സര്‍ക്കാരിന്റെ ആചാരവിരുദ്ധ നിലപാടുകളെ അനുകൂലിക്കുന്ന ദേവസ്വം ബോര്‍ഡാണ് ഈ സമ്മേളനം സംഘടിപ്പിക്കാന്‍ സഹായിക്കുന്നത് എന്ന് ഭക്തര്‍ തിരിച്ചറിയണം. അയ്യപ്പസംഗമത്തില്‍നിന്ന് കേരള സര്‍ക്കാര്‍ പിന്‍മാറണമെന്നും അയ്യപ്പസേവാസമാജം സംസ്ഥാന അധ്യക്ഷന്‍ പി.എന്‍. നാരായണവര്‍മ ആവശ്യപ്പെട്ടിരുന്നു.