ആദ്യ വിവാഹത്തില്‍ മൂന്ന് മക്കളും രണ്ട് കൊച്ചുമക്കളുമായി; ജീവിത പ്രാരാബ്ദങ്ങള്‍ക്കിടെ രണ്ട് സുഹൃത്തുക്കളുമായി പ്രണയം; ഇരുവരെയും പരസ്പര സമ്മതത്തോടെ ഒരുമിച്ച് വിവാഹം ചെയ്ത് 37 കാരി; മകളുടെ സന്തോഷമാണ് വലുതെന്ന് 61കാരിയായ അമ്മ
ബാങ്കോക്ക്: ഒരേ സമയം രണ്ട് സുഹൃത്തുക്കളെ പ്രണയിക്കുക, പരസ്പര സമ്മതത്തോടെ ഒരുമിച്ച് വിവാഹം ചെയ്യുക. കേള്‍ക്കുമ്പോള്‍ അസാധാരണമെന്ന് തോന്നാം. എന്നാല്‍ അത്തരമൊരു അപൂര്‍വ വിവാഹത്തിന്റെ വാര്‍ത്തയാണ് തായ്ലന്‍ഡില്‍ നിന്നും പുറത്തുവരുന്നത്. 37 -കാരിയായ ദുവാങ്ദുവാന്‍ കെത്സാരോ എന്ന യുവതിയാണ് ഒരേസമയം രണ്ട് ഓസ്ട്രിയന്‍ സ്വദേശികളെ വിവാഹം കഴിച്ചത്. വര്‍ഷങ്ങളോളം ഇരുവരുമായും പ്രണയത്തിലായിരുന്നു യുവതി. കുടുംബത്തിന്റെ അനുമതിയോടെ പരസ്പര സമ്മതത്തോടെയാണ് ഈ വ്യത്യസ്തമായ ജീവിതത്തിന് ഇവര്‍ തുടക്കം കുറിച്ചത്. മകളുടെ സന്തോഷമാണ് ഏറ്റവും വലുതെന്നായിരുന്നു വിവാഹത്തോടെ യുവതിയുടെ അമ്മ പ്രതികരിച്ചത്. ആദ്യ വിവാഹ ബന്ധം പിരിഞ്ഞെങ്കിലും യുവതിക്ക് മൂന്ന് മക്കളും രണ്ട് കൊച്ചുമക്കളുമുണ്ട്. തന്റെ മാതാപിതാക്കളെയും മക്കളെയും സംരക്ഷിക്കാന്‍ കഠിനാധ്വാനം ചെയ്യുന്നതിനിടെയാണ് വിവാഹ സാഹസത്തിന് യുവതി മുതിര്‍ന്നത്.
മുന്‍പ് സ്വതന്ത്ര സംഗീതജ്ഞയായിരുന്ന ദുവാങ്ദുവാന്‍ പട്ടായയില്‍ ജോലി ചെയ്യുന്നതിനിടയിലാണ് ഓസ്ട്രിയന്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ റോമനെ പരിചയപ്പെടുന്നത്. ഇരുവരും അഞ്ച് വര്‍ഷത്തോളം ഒന്നിച്ചു ജീവിച്ചു. പിന്നീട് റോമന്റെ സുഹൃത്തായ മാക്കി എന്ന മറ്റൊരു ഓസ്ട്രിയന്‍ പൊലീസ് ഉദ്യോഗസ്ഥനെയും ഇവര്‍ പരിചയപ്പെട്ടു. പിന്നാലെ മാക്കിയും ദുവാങ്ദുവാനുമായി പ്രണയത്തിലായി. അതോടെ, മൂവരും തമ്മില്‍ തങ്ങളുടെ ബന്ധത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഫെബ്രുവരി 28 -ന് തായ്ലന്‍ഡിലെ പ്രഖോണ്‍ ചായ് ജില്ലയില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.
ദുവാങ്ദുവാനിന്റെ ആദ്യ വിവാഹബന്ധം തകര്‍ന്നിരുന്നു. മൂന്ന് മക്കളും രണ്ട് കൊച്ചുമക്കളും തന്റെ മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിന്റെ ചുമതല യുവതിക്കായിരുന്നു. ഇവരെ സംരക്ഷിക്കാന്‍ കഠിനാധ്വാനം ചെയ്യുന്നതിനിടയിലാണ് റോമനും മാക്കിയും യുവതിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. ഈ പ്രത്യേക ബന്ധത്തെ കുറിച്ച് മക്കളോടും മാതാപിതാക്കളോടും സംസാരിച്ചപ്പോള്‍ അവര്‍ പൂര്‍ണ്ണപിന്തുണ നല്‍കി. റോമനും മാക്കിയും തന്റെ കുടുംബത്തെ അത്രത്തോളം സ്‌നേഹത്തോടെയാണ് പരിചരിക്കുന്നതെന്ന് ദുവാങ്ദുവാന്‍ പറയുന്നു. വിവാഹ സമ്മാനമായി രണ്ട് വരന്മാരും ചേര്‍ന്ന് ഏകദേശം 20 ലക്ഷം തായ് ബാറ്റ് (ഏകദേശം 50 ലക്ഷത്തോളം രൂപ) ആണ് യുവതിക്ക് നല്‍കിയത്.
തന്റെ മകള്‍ വര്‍ഷങ്ങളോളം ജീവിതത്തില്‍ കഷ്ടപ്പെടുന്നത് കണ്ടിട്ടുണ്ടെന്നും, അവള്‍ സന്തോഷവതിയായി ഇരിക്കുന്നതാണ് തനിക്ക് പ്രധാനമെന്നും യുവതിയുടെ 61-കാരിയായ അമ്മ പ്രതികരിച്ചു. മകളെയും കുടുംബത്തെയും ഇരുവരും നന്നായി നോക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അസാധാരണമായ ഈ വിവാഹ വാര്‍ത്ത തായ്ലന്‍ഡിലെ പ്രാദേശിക മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെയാണ് ഇത് ശ്രദ്ധിക്കപ്പെട്ടത്.
