ശങ്കു ടി ദാസ് അപകടത്തില്‍ പെട്ടത് മദ്യപിച്ചു ലക്കുകെട്ടെന്ന സന്ദീപ് വാര്യരുടെ വാവിട്ട വാക്കില്‍ വക്കീല്‍ നോട്ടീസ് അയച്ചപ്പോള്‍ ലേലു അല്ലു! താന്‍ ഉദ്ദേശിച്ചത് വേറാരെയോ ആണെന്നും അതാരാണെന്ന് പറയില്ലെന്നും സന്ദീപിന്റെ മറുപടി; ഒരിച്ചിരി എങ്കിലും ഉളുപ്പുവേണ്ടേ എന്ന് ശങ്കു; ക്രിമിനല്‍ മാനനഷ്ടക്കേസ് കൂടി നല്‍കാന്‍ തീരുമാനം

സന്ദീപ് വാര്യര്‍ക്ക് എതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ് നല്‍കാന്‍ ശങ്കു ടി ദാസ്

Update: 2025-08-28 11:32 GMT

തിരുവനന്തപുരം: ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യരും, ബിജെപി നേതാവായ ശങ്കു ടി ദാസും തമ്മിലെ പോര് പുതിയ തലത്തിലേക്ക്. തനിക്ക് എതിരായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ പേരില്‍ ശങ്കു ടി ദാസ് സന്ദീപിനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ടുപോകുകയാണ്. അതിന് പുറമേ ഈയാഴ്ച ക്രിമിനല്‍ മാനനഷ്ടക്കേസ് കൂടി സന്ദീപിനെതിരെ ഫയല്‍ ചെയ്യുമെന്ന് ശങ്കു ടി ദാസ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

ഇക്കഴിഞ്ഞ ജൂണില്‍ ശങ്കു ടി ദാസ് വാഹനാപകടത്തില്‍ പെട്ടത് മദ്യപിച്ചു ലക്കുകെട്ടെന്ന് പരാമര്‍ശിച്ച് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ചാനല്‍ ചര്‍ച്ചയിലെ പോരിന്റെ തുടര്‍ച്ചയായിരുന്നു പോസ്റ്റ്. സന്ദീപ് വാര്യരുടെ വാവിട്ട വാക്കില്‍ തെല്ലും വിട്ടുകൊടുക്കാതെ സംഘപരിവാര്‍ കടന്നാക്രമിച്ചു. ചാനല്‍ ചര്‍ച്ചയില്‍ തോറ്റതിന് സന്ദീപ് വാര്യര്‍ കലിപ്പു തീര്‍ക്കുന്നുവെന്നായിരുന്നു ശങ്കു ടി ദാസിന്റെ മറുപടി.

2022 ജൂണില്‍ മലപ്പുറം തിരൂരില്‍ ശങ്കുവിന് ഉണ്ടായ റോഡ് അപകടത്തെ പരാമര്‍ശിച്ചായിരുന്നു സന്ദീപിന്റെ പോസ്റ്റ്- 'കഴിഞ്ഞദിവസം ആവശ്യമില്ലാതെ ചര്‍ച്ചയ്ക്കിടെ വ്യക്തിപരമായി അവഹേളിക്കാന്‍ ശ്രമിച്ചുകൊണ്ട് മാത്രം തിരിച്ചു പറയേണ്ടി വന്നതാണ്. മദ്യപിച്ചു ലക്കുകെട്ട് വാഹനാപകടത്തില്‍ പെട്ടപ്പോള്‍ ഓടിച്ചെന്ന് കഴിയുന്ന സഹായങ്ങള്‍ ചെയ്തു കൊടുത്തിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് പുറത്തു പറയാതെ, വളര്‍ന്നുവരുന്ന ചെറുപ്പക്കാരനല്ലേ എന്ന പരിഗണന നല്‍കിയിട്ടുണ്ട്. കടുത്ത മദ്യപാന ശീലത്തിന് ഇരയായിരുന്ന ആള്‍ക്ക് അത് തിരുത്താനുള്ള ഒരവസരം ആയിരിക്കട്ടെ എന്ന് കരുതി. അത്ര മാത്രം. മിത്രങ്ങളോടാണ്.. വെറുതെ ചൊറിയാന്‍ വരരുത്. നിങ്ങളെക്കൊണ്ട് കൂട്ടിയാല്‍ കൂടില്ല.''

അതീവ ഗുരുതരമായിരുന്നു ശങ്കുവിനുണ്ടായ പരുക്കുകള്‍. ഒന്നരമാസത്തെ ആശുപത്രിവാസത്തിന് ശേഷമാണ് തിരിച്ചുവന്നത്. അന്ന് ശങ്കുവിനൊപ്പം സഹായവുമായി സന്ദീപ് വാര്യരുണ്ടായിരുന്നു. അന്നൊന്നും പറയാത്ത ആരോപണമാണ് സന്ദീപ് പിന്നീട് ഉയര്‍ത്തിയത്. താന്‍ മദ്യപാനിയാണെന്നും അതുമൂലമാണ് അപകടം ഉണ്ടായത് എന്നുമുള്ള സന്ദീപിന്റെ ആരോപണത്തെ തെളിവുസഹിതം ഖണ്ഡിച്ചുകൊണ്ട് ശങ്കു ടി ദാസ് ഫെയ്സ്ബുക്കില്‍ മറുപടിയും ഇട്ടിരുന്നു.

തന്റെ അപകടം സംബന്ധിച്ച കേസില്‍ പോലീസോ, എതിര്‍കക്ഷികളോ, ഇന്‍ഷുറന്‍സ് കമ്പനിയോ ഇന്നുവരെ ഉന്നയിക്കാത്ത കാര്യം സന്ദീപിന് എവിടെ നിന്ന് കിട്ടിയെന്നാണ് ശങ്കു ചോദിച്ചത്. അതിനുപിന്നാലെ സന്ദീപ് വാര്യര്‍ക്ക് ശങ്കു ടി ദാസ് അഭിഭാഷകന്‍ മുഖേനെ വക്കീല്‍ നോട്ടീസ് അയച്ചു. എന്നാല്‍, സന്ദീപിന്റെ മറുപടി നോട്ടീസ് കിട്ടിയപ്പോള്‍ വളരെ നാണംകെട്ട പ്രതിരോധമാണ് തീര്‍ത്തതെന്ന് ശങ്കു തന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു, 'ഞാനെന്റെ പോസ്റ്റില്‍ ഉദ്ദേശിച്ചത് ശങ്കു. ടി. ദാസിനെയേ അല്ല. ശങ്കു ടി. ദാസിനെ ആണെന്ന് ഞാനൊരിടത്തും പറഞ്ഞിട്ടുമില്ല. ശരിക്കും ഞാന്‍ ഉദ്ദേശിച്ചത് വേറാരെയോ ആണ്. അതാരെയാണെന്ന് എനിക്കിപ്പോള്‍ പറയാനുമാവില്ല. ആരുടേയും പേര് പറഞ്ഞിട്ടു പോലുമില്ലാത്ത എന്റെ പോസ്റ്റിലെ പരാമര്‍ശങ്ങള്‍ തന്നെ കുറിച്ചാണെന്ന് ദയവായി ശങ്കു ടി. ദാസ് തെറ്റിദ്ധരിക്കരുത്. അങ്ങനെയുള്ള തെറ്റിദ്ധാരണയുടെ പേരില്‍ അനാവശ്യമായ നിയമ നടപടികള്‍ക്ക് മുതിരുകയും അരുത്.'- ഇതാണ് സന്ദീപിന്റെ മറുപടി. ഒരിച്ചിരിയെങ്കിലും ഉളുപ്പ് വേണ്ടേ എന്നാണ് ശങ്കുവിന്റെ ചോദ്യം. നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് ബിജെപി ബൗദ്ധികവിഭാഗം ചുമതലക്കാരനും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃത്താല സ്ഥാനാര്‍ത്ഥിയും ആയിരുന്ന ശങ്കു ടി ദാസിന്റെ തീരുമാനം. അപകീര്‍ത്തി കേസ് കൊടുത്താല്‍ സന്ദീപ് ആദ്യ അവസരത്തില്‍ രാഹുല്‍ ഗാന്ധിയുടെ മാതൃക പിന്തുടര്‍ന്ന് ലേലു അല്ലു പറഞ്ഞു കഴിച്ചിലാവുമെന്നും ശങ്കു തന്റെ പോസ്റ്റില്‍ പരിഹസിച്ചു.

ശങ്കു ടി ദാസിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

എനിക്ക് സംഭവിച്ച വാഹനാപകടത്തെ പറ്റി പോലും അപമാനകരമായ നുണകള്‍ നിരത്തി കൊണ്ട് എന്നെ വ്യക്തിഹത്യ ചെയ്യാനായി മാത്രം ഇക്കഴിഞ്ഞ ജൂണ്‍ 5ന് ശ്രീ സന്ദീപ് വാര്യര്‍ എനിക്കെതിരെ പോസ്റ്റ് ചെയ്ത അപകീര്‍ത്തികരവും അസത്യഭരിതവും അടിസ്ഥാന രഹിതവുമായ ഫേസ്ബുക് കുറിപ്പിനെ പറ്റിയും, അതിനെതിരെ ജീവിതത്തിലേക്കുള്ള എന്റെ മടങ്ങി വരവിന് വേണ്ടി പ്രാര്‍ത്ഥിച്ച മുഴുവന്‍ മനുഷ്യരെയും പ്രതിനിധീകരിച്ചു കൊണ്ട് സന്ദീപിനെതിരെ നിയമ നടപടി സ്വീകരിക്കും എന്ന് അറിയിച്ചു കൊണ്ടും വിഷയത്തിലേ എന്റെ ഭാഗം വ്യക്തമാക്കിയും ജൂണ്‍ 6ന് ഞാനെഴുതിയ ദീര്‍ഘമായ വിശദീകരണത്തെ പറ്റിയും എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ.

അന്നേ ദിവസം തന്നെ അതിനെഴുതിയ മറുപടിയില്‍ ഒന്നര പേജ് ഉപന്യാസ രചനക്കില്ല എന്ന് പരിഹസിക്കുകയും പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നതായി വീമ്പിളക്കുകയും എനിക്ക് സ്വന്തമായി വേറെ കേസ് ഒന്നുമില്ലെങ്കില്‍ ഈ പേരില്‍ ഒരു കേസ് കൊടുത്തു കോടതിയില്‍ പോകുന്നതില്‍ തനിക്ക് യാതൊരു വിരോധമില്ലെന്ന് വെല്ലുവിളിക്കുകയും ഒക്കെയാണ് സന്ദീപ് വാര്യര്‍ ചെയ്തിരുന്നത്. അങ്ങനെ വെല്ലുവിളിക്കുന്നതിനിടയില്‍ പോലും മദ്യപിച്ചു ലക്ക് കെട്ടാണ് എനിക്ക് വാഹനാപകടം സംഭവിച്ചത് എന്ന ആദ്യ പോസ്റ്റിലെ ഞാന്‍ തെളിവ് സഹിതം അസത്യമെന്ന് സ്ഥാപിച്ച ഒരു സ്‌പെസിഫിക് ഇന്‍സിഡന്റുമായി ബന്ധപ്പെട്ട ആരോപണത്തില്‍ നിന്ന് സന്ദീപ് സൂത്രത്തില്‍ പിറകോട്ട് പോയിരുന്നെന്നും, പകരം കള്ള് കുടിച്ചിരുന്നോ ഇല്ലയോ എന്നത് എന്റെ മാത്രം കാര്യമാണെന്നും, എന്നാല്‍ മിക്കവാറും ദിവസവും വെള്ളമടിച്ചു കിണ്ടിയായിരുന്നെന്ന് അക്കാലത്തേ കൂടെയുള്ള എല്ലാവര്‍ക്കും അറിയുന്നതാണെന്നുമുള്ള മട്ടില്‍ ജനറല്‍ കണ്ടക്ടുമായി ബന്ധപ്പെട്ടൊരു പുതിയ ആരോപണം മുന്നോട്ട് വെയ്ക്കുകയാണ് ചെയ്തതെന്നും ഞാന്‍ ശ്രദ്ധിക്കാത്തതല്ല.

എന്നാല്‍ ഒരു ചര്‍ച്ചയില്‍ തോറ്റതിന്റെ കേവലമായ വ്യക്തിവിരോധം കൊണ്ട് മാത്രം ഇത്ര ഹീനമായ സ്വഭാവഹത്യക്ക് തുനിഞ്ഞൊരാള്‍ക്ക് അത് തിരുത്താനുള്ള ന്യായമായ അവസരം നല്‍കിയിട്ട് പോലും അതിന് വഴങ്ങാതിരിക്കുമ്പോള്‍ കൂടുതല്‍ മറുപടികള്‍ക്ക് മുതിരേണ്ടതില്ല, നിയമത്തിന്റെ വഴി തന്നെ സ്വീകരിക്കാം എന്ന് ഞാന്‍ നിശ്ചയിക്കുകയായിരുന്നു.

അതിന്റെ അടിസ്ഥാനത്തില്‍ ഒരാഴ്ചയ്ക്കകം 13/06/2025 തീയതി തന്നെ ഞാന്‍ സന്ദീപ് വാര്യര്‍ക്ക് എന്റെ സീനിയര്‍ ആയ അഡ്വ. സി. നന്ദകുമാര്‍ മുഖാന്തിരം പരസ്യമായ ക്ഷമാപണവും 25 ലക്ഷം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടും അല്ലാത്ത പക്ഷം സിവിലായും ക്രിമിനലായുമുള്ള നിയമനടപടികളുടെ മുന്നറിയിപ്പ് നല്‍കിയും രജിസ്റ്റേര്‍ഡ് ലോയര്‍ നോട്ടീസ് അയച്ചിരുന്നു.

നോട്ടീസ് കൈപറ്റി ഒരു മാസം കഴിഞ്ഞിട്ടും മറുപടി കാണാത്തതിനാല്‍ ഡീഫമേഷന്‍ സ്യൂട്ട് ഫയല്‍ ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍ ആണ് തിരൂര്‍ ബാറിലെ കോണ്‍ഗ്രസ്സ് നേതാക്കളായ ചില അഭിഭാഷകരില്‍ നിന്ന് സന്ദീപ് വാര്യര്‍ എറണാകുളത്ത് പോയി ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന ഒരു അഭിഭാഷകനെ കാണുകയും മറുപടി നോട്ടീസ് അയക്കാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന വിവരം സീനിയര്‍ക്ക് ലഭിക്കുന്നത്.

അങ്ങനെയെങ്കില്‍ ആ റിപ്ലൈ നോട്ടീസ് കയ്യില്‍ കിട്ടിയ ശേഷം അതിലെ പ്രതിവാദങ്ങള്‍ മനസ്സിലാക്കിയും അവയ്ക്കുള്ള ഖണ്ഡനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയും സ്യൂട്ട് ഫയല്‍ ചെയ്യാം എന്ന് സീനിയര്‍ അഭിപ്രായപ്പെട്ടതിനെ തുടര്‍ന്ന് അപ്രകാരം നിശ്ചയിച്ചു റിപ്ലൈക്കുള്ള കാത്തിരിപ്പ് ആരംഭിച്ചു. ഒടുവില്‍ കാത്ത് കാത്തിരുന്ന സന്ദീപ് വാര്യരുടെ റിപ്ലൈ നോട്ടീസ് ഓഗസ്റ്റ് 1ന് ഓഫീസ് അഡ്രസ്സില്‍ എത്തി ചേര്‍ന്നു.

സത്യം പറയാമല്ലോ. വല്ലാത്ത നിരാശയാണ് സന്ദീപ് വാര്യരുടെ ലീഗല്‍ റിപ്ലൈ വായിച്ചപ്പോള്‍ തോന്നിയത്.

വലിയ കാര്യത്തില്‍ അത്രമേല്‍ ഗുരുതരമായ ഒരു ആരോപണം സമൂഹ മാധ്യമത്തിലൂടെ എനിക്കെതിരെ ഉന്നയിക്കുകയും അതിന് മറുപടി നല്‍കിയ ശേഷവും അതില്‍ ഉറച്ചു നില്‍ക്കുന്നതായി ഭാവിക്കുകയും അതിന്റെ പേരില്‍ വരാനിരിക്കുന്ന നിയമ നടപടിയെ സ്വാഗതം ചെയ്യുന്നു എന്നൊക്കെ വെല്ലുവിളിക്കുകയും ചെയ്‌തോരാള്‍ എന്ത് വന്നാലും പോരാട്ടത്തിന് ഉറച്ചു കൊണ്ട് തന്നെയുള്ള ധീരമായൊരു അണ്‍അപ്പോളജെറ്റിക് നിലപാട് സ്വീകരിക്കും എന്നാണ് സ്വാഭാവികമായും ഞാന്‍ പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ തന്റെ ഭാഗത്താണ് ന്യായമെന്ന് തെളിയിക്കാന്‍ എന്തൊക്കെ തെളിവുകള്‍ ആവും സന്ദീപ് വാര്യര്‍ നിരത്തുക എന്നും എത്ര സാക്ഷികളെ അയാള്‍ ഹാജരാക്കും എന്നും എന്തൊക്കെ സ്‌ഫോടനാത്മകമായ വാദങ്ങളാവും അയാള്‍ ഉന്നയിക്കുന്ന എന്നുമൊക്കെ ഉദ്വേഗപൂര്‍വ്വം ഉറ്റുനോക്കിയിരുന്ന ഞങ്ങളെ ആകമാനം നിരാശപ്പെടുത്തി കൊണ്ട് അത്രമേല്‍ ലജ്ജാകരമായ ഒരു ഡിഫന്‍സ് ആണ് റിപ്ലൈ നോട്ടീസില്‍ സന്ദീപ് വാര്യര്‍ സ്വീകരിച്ചത്.

സീനിയര്‍ പോലും റിപ്ലൈ വായിച്ചിട്ട് പറഞ്ഞത് 'അയ്യേ, ഇത്രയ്‌ക്കേ ഉള്ളൂ ഇയാള്‍?!' എന്നാണ്.

വാശിയേറിയ ഒരു നിയമ പോരാട്ടത്തിന് സര്‍വ്വ സന്നാഹങ്ങളുമായി ഒരുങ്ങി നിന്ന ഞങ്ങളുടെ സകല ആവേശവും വെള്ളത്തിലാക്കിയ നാണം കെട്ട ആ മറുപടി ഇപ്രകാരമായിരുന്നു.

'ഞാനെന്റെ പോസ്റ്റില്‍ ഉദ്ദേശിച്ചത് ശങ്കു. ടി. ദാസിനെയേ അല്ല. ശങ്കു ടി. ദാസിനെ ആണെന്ന് ഞാനൊരിടത്തും പറഞ്ഞിട്ടുമില്ല. ശരിക്കും ഞാന്‍ ഉദ്ദേശിച്ചത് വേറാരെയോ ആണ്. അതാരെയാണെന്ന് എനിക്കിപ്പോള്‍ പറയാനുമാവില്ല. ആരുടേയും പേര് പറഞ്ഞിട്ടു പോലുമില്ലാത്ത എന്റെ പോസ്റ്റിലെ പരാമര്‍ശങ്ങള്‍ തന്നെ കുറിച്ചാണെന്ന് ദയവായി ശങ്കു ടി. ദാസ് തെറ്റിദ്ധരിക്കരുത്. അങ്ങനെയുള്ള തെറ്റിദ്ധാരണയുടെ പേരില്‍ അനാവശ്യമായ നിയമ നടപടികള്‍ക്ക് മുതിരുകയും അരുത്.'

എനിക്ക് നാണം തോന്നി ഇത് വായിച്ചിട്ട്. കഴിഞ്ഞ ദിവസം തനിക്കൊപ്പം ചര്‍ച്ചയില്‍ ഇരുന്ന ആളെന്നും, ബൗദ്ധിക വിഭാഗം മേധാവി എന്നും, 2021ല്‍ നിയമസഭാ സീറ്റ് കിട്ടിയ ആളെന്നും, വാഹനാപകടത്തില്‍പ്പെട്ട ആളെന്നും, വളര്‍ന്നു വരുന്ന ചെറുപ്പക്കാരന്‍ എന്നുമൊക്കെ സൂചന നിരത്തി അധിക്ഷേപ പോസ്റ്റ് ഇടുകയും അതിന് മറുപടി കൊടുത്തതിന് വിളി കേട്ട് ഉദ്ദേശിച്ചത് അയാളെ തന്നെ എന്ന് വ്യക്തമാക്കി കൊണ്ട് വീണ്ടും വിശദീകരണം എഴുതുകയും അത് വക്കീല്‍ എന്ന് വിളിച്ചു കൊണ്ട് തന്നെ നിയമ നടപടിക്ക് വെല്ലുവിളിക്കുകയും ചെയ്ത ആള്‍ വക്കീല്‍ നോട്ടീസ് വന്നപ്പോള്‍ നിന്ന നില്‍പ്പില്‍ മലക്കം മറഞ്ഞിട്ട് പറയുകയാണ് അത് താങ്കളെ പറ്റിയേ അല്ല എന്ന്.

ഡിഫന്‍സ് ഓഫ് ട്രൂത് അല്ല.ഡിഫന്‍സ് ഓഫ് ഫെയര്‍ കമന്റ് അല്ല. ഡിഫന്‍സ് ഓഫ് ഫാള്‍സ് അസംപ്ഷന്‍ ഒരിത്തിരി ഉളുപ്പ്?

എന്നിട്ട് നോട്ടീസിന്റെ അവസാന ഭാഗത്ത് ഒരു ചെറിയ ഭീഷണിയും.

'ഞാന്‍ പോസ്റ്റില്‍ പരാമര്‍ശിച്ച ആള്‍ സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകനായ ആര്‍. ഹരിയെ വിമര്‍ശിച്ച ആളാണ്. ഇതിന്റെ പേരില്‍ കേസിനു പോവുക ആണെങ്കില്‍ ആര്‍. ഹരിയെ പറ്റി ടിയാന്‍ എഴുതിയ ലേഖനം ഉള്‍പ്പെടെ എനിക്ക് കോടതിയില്‍ ഹാജരാക്കേണ്ടി വരും. അങ്ങനെ വന്നാല്‍ ആര്‍. ഹരിയോട് ടിയാനുണ്ടായിരുന്ന എതിര്‍പ്പും പൊതു സമൂഹത്തില്‍ ചര്‍ച്ചയാവുന്ന സാഹചര്യം ഉണ്ടാവും. അത് നിങ്ങള്‍ക്ക് വല്ലാതെ ദോഷം ചെയ്യും' എന്ന്.

വീണ്ടും ചോദിച്ചു പോവുകയാണ്.

ഒരിച്ചിരിയെങ്കിലും ഉളുപ്പ്?!

അവസാനം പറഞ്ഞു വന്നപ്പോള്‍ മദ്യപിച്ചു ലക്ക് കെട്ട് വാഹനാപകടത്തില്‍പ്പെട്ടെന്ന ആരോപണവുമില്ല, സ്ഥിരം മദ്യപാനി ആയിരുന്നെന്ന പൊതുവിജ്ഞാനവുമില്ല. ആര്‍. ഹരിയ്‌ക്കെതിരെ ലേഖനം എഴുതിയ ആര്‍ക്കോ എതിരെ ആളും പേരുമില്ലാതെ എഴുതിയൊരു പോസ്റ്റ് മാത്രമായത്.

ആളാരാണെന്ന് സമൂഹത്തിന്റെ ഊഹത്തിന് വിട്ടതല്ലാതെ ആരെയും പേരെടുത്തു പറയാത്ത എന്നെ അകാരണമായി സംശയിക്കരുത് മുതലാളി എന്നാണ് ലൈന്‍. എന്നാല്‍ പിന്നെ അതാരെയാണെന്ന് തെളിച്ചു പറയാനുള്ള ഉത്തരവാദിത്വവും ഇദ്ദേഹത്തിന് ഉണ്ടല്ലോ. വായില്‍ തോന്നിയത് വിളിച്ചു പറഞ്ഞു ബോധപൂര്‍വം അപകീര്‍ത്തി ഉണ്ടാക്കിയിട്ട് കേസ് വരുമ്പോള്‍ ഞാന്‍ നിങ്ങളെയല്ല ഉദ്ദേശിച്ചത് എന്ന് പറഞ്ഞൊഴിയാനുള്ള സൗകര്യം എന്തായാലും നിയമത്തിലില്ല.

പറഞ്ഞത് മറ്റൊരാളെ ആണെന്ന് തെളിയിക്കേണ്ടത് അപകീര്‍ത്തികരമായ പ്രസ്താവന പുറപ്പെടുവിച്ച ആളിന്റെ തന്നെ ബാധ്യതയാണ്.

അതിനാല്‍ നോട്ടീസിലെ ഉരുണ്ടു മറിച്ചിലിനെ അവഗണിച്ചു കൊണ്ട് നിയമപരമായി മുന്നോട്ട് പോകാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ആയതിന്റെ അടിസ്ഥാനത്തില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചു മാപ്പ് പറയാനും വരുത്തിവെച്ച മാനനഷ്ടത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം തരാനും ആവശ്യപ്പെട്ടു കൊണ്ട് ശ്രീ സന്ദീപ് വാര്യര്‍ക്ക് എതിരെ തിരൂര്‍ സബ്‌കോടതി മുന്‍പാകെ OS 134/2025 എന്ന നമ്പറിലായി ഒരു സിവില്‍ ഡീഫമേഷന്‍ സ്യൂട്ട് ഞാന്‍ ഫയല്‍ ചെയ്യുകയുണ്ടായി.

അന്യായത്തില്‍ പ്രാഥമിക വാദം കേട്ട ബഹുമാനപ്പെട്ട കോടതി സ്യൂട്ട് ഫയലില്‍ സ്വീകരിച്ചു നമ്പര്‍ ചെയ്യുകയും 24/09/2025 തീയതി സന്ദീപ് വാര്യരോട് ഹാജരാവാന്‍ നിര്‍ദ്ദേശിച്ചു നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പുറമെ ഇതേ വിഷയത്തിന്മേല്‍ ഒരു ക്രിമിനല്‍ ഡീഫമേഷന്‍ കൂടി ഈയാഴ്ച തന്നെ ഞാന്‍ ഫയല്‍ ചെയ്യുന്നുണ്ട്. BNS സെക്ഷന്‍ 356 പ്രകാരം ഡീഫമേഷന്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമായിരിക്കുന്നതിനാലും, ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷം തടവ് ശിക്ഷ കിട്ടുന്ന വ്യക്തിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ ജനപ്രതിനിധി ആയിരിക്കാനോ 6 വര്‍ഷത്തെ അയോഗ്യത ജനപ്രാതിനിധ്യ നിയമം നിഷ്‌കര്‍ഷിക്കുന്നതിനാലും, നിയമത്തിന്റെ ഈ സാധ്യത കൂടി സന്ദീപ് വാര്യര്‍ക്ക് എതിരെ ഉപയോഗപ്പെടുത്തേണ്ടതുണ്ട് എന്നതാണ് എന്റെ ഉറച്ച ബോധ്യം.

ഈ വിഷയത്തില്‍ കേസ് കൊടുക്കുമെന്ന പറഞ്ഞ കാര്യം ഏതു വരെയായി എന്നീ കഴിഞ്ഞ രണ്ട് മാസത്തിനിടെ പലരും ചോദിച്ചിരുന്നെങ്കില്‍ പോലും ഒരിക്കല്‍ നിയമ നടപടിയിലേക്ക് കടന്ന ഒരു വിഷയത്തില്‍ പിന്നെ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച ആവശ്യമില്ലെന്നും അതിന്മേല്‍ ഇനിയുള്ള തീരുമാനം കോടതി എടുക്കട്ടെ എന്നുമുള്ള ചിന്ത കൊണ്ടാണ് പിന്നീട് ഇതുമായി ബന്ധപ്പെട്ട ഒരു അപ്‌ഡേറ്റ് പോലും ഇതുവരെയും ഞാന്‍ ഫേസ്ബുക്കില്‍ പങ്കുവെയ്ക്കാതിരുന്നത്.

എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിലെ ബിജെപി നേതാക്കന്മാര്‍ക്കെതിരെയെല്ലാം സന്ദീപ് പൊട്ടിക്കുന്ന ഉണ്ടായില്ലാ വെടികള്‍ മുഴുവന്‍ യാതൊരു ക്രോസ് ചെക്കിങ്ങും ഇല്ലാതെ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ വരെ ഏറ്റെടുത്തു ചര്‍ച്ച ചെയ്യുന്നത് കണ്ടത് കൊണ്ടാണ് ഇത്തരത്തില്‍ താന്‍ ഉന്നയിക്കുന്ന ആരോപണങ്ങളുടെ കാര്യത്തില്‍ അദ്ദേഹം പുലര്‍ത്തുന്ന ഉത്തരവാദിത്വത്തെ സംബന്ധിച്ച് സൂചിപ്പിക്കേണ്ടത് ആവശ്യമാണെന്ന് തോന്നിയത്.

സ്വന്തം ഫേസ്ബുക്ക് പേജിലൂടെ ആഘോഷമായി ഉന്നയിച്ച ഒരു ദുരാരോപണത്തിന്മേല്‍ ഒരു വക്കീല്‍ നോട്ടീസ് വന്നപ്പോള്‍ തന്നെ 360 ഡിഗ്രി കറങ്ങി ഞാന്‍ വേറാരെയോ പറ്റി വേറെന്തോ പറഞ്ഞതാണെന്ന് കൈകഴുകുന്ന ആളുടെ വാക്കും കേട്ടാണ് നിങ്ങള്‍ മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരുടെ നെഞ്ചിന് നേരെ മൈക്കും നീട്ടി ചെല്ലുന്നതെന്ന് സ്വയമാലോചിച്ചോളൂ.

നാളെ അവരാരെങ്കിലും ഇക്കാര്യത്തില്‍ ഒരു അപകീര്‍ത്തി കേസ് കൊടുത്താല്‍ അദ്ദേഹം ആദ്യ അവസരത്തില്‍ രാഹുല്‍ ഗാന്ധിയുടെ മാതൃക പിന്തുടര്‍ന്ന് ലേലു അല്ലു പറഞ്ഞു കഴിച്ചിലാവും, പക്ഷെ നിങ്ങളുടെ കൂട്ടത്തില്‍ അല്പമെങ്കിലും ആത്മാഭിമാനമുള്ളവര്‍ക്ക് അങ്ങനെ ഒഴിയുന്നത് വലിയ ക്ഷീണവുമാവും. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ തരുന്ന സ്‌നേഹപൂര്‍ണ്ണമായ ഒരു ഉപദേശമായി എടുത്താല്‍ മതി.


Full View
Tags:    

Similar News