ശബരിമല യുവതി പ്രവേശനത്തില്‍ സിപിഎമ്മിന് നിലപാടുണ്ട്; പാര്‍ട്ടി നിലപാട് സര്‍ക്കാര്‍ നടപ്പിലാക്കണമെന്ന് ശാഠ്യമില്ല; ഇടത് സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ചത് സുപ്രീം കോടതി ഉത്തരവ്; യുവതീ പ്രവേശനത്തില്‍ അഭിപ്രായം പറയേണ്ടത് പണ്ഡിത സമൂഹം; പിണറായി സര്‍ക്കാറിന്റെ യൂടേണിനെ ന്യായീകരിച്ചു എം എ ബേബി

ശബരിമല യുവതി പ്രവേശനത്തില്‍ സിപിഎമ്മിന് നിലപാടുണ്ട്; എം എ ബേബി

Update: 2026-03-14 07:22 GMT

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ യുടേണ്‍ അടിച്ചതിനെ ന്യായീകരിച്ചു സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം എ ബേബി. സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് സമൂഹത്തിന്റെ അഭിപ്രായം കണക്കിലെടുത്തെന്ന് ബേബി പറഞ്ഞു. ശബരിമല യുവതീ പ്രവേശനത്തില്‍ ആചാരം സംരക്ഷിക്കുമെന്ന നിലപാട് സുപ്രീം കോടതിയെ അറിയിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് എംഎ ബേബി പാര്‍ട്ടി നിലപാട് വ്യക്തമാക്കുന്നത്.

ഇടത് സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ചത് സുപ്രീം കോടതി ഉത്തരവാണ്. ആ ഉത്തരവിനെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്വാഗതം ചെയ്തതാണ്. ചിലര്‍ പിന്നീട് നിലപാട് മാറ്റി. ഇപ്പോള്‍ സുപ്രീം കോടതി തന്നെ അവരുടെ വിധി പുനപരിശോധിക്കാന്‍ തീരുമാനിച്ചു. അതിനോടുള്ള സമൂഹത്തിന്റെ നിലപാടിനോട് ചേര്‍ന്ന് നില്‍ക്കുന്ന അഭിപ്രായമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. സിപിഎമ്മിന് അതിന്റെതായ അഭിപ്രായമുണ്ട്, ഈ അഭിപ്രായങ്ങള്‍ അതേപടി സര്‍ക്കാര്‍ നടപ്പാക്കണം എന്ന് നിലപാട് എടുക്കാറില്ല. സമൂഹത്തിലെ പൊതുവിലുള്ള അവസ്ഥ നോക്കിയാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം സംസ്ഥാനത്തെ ഇടത് സര്‍ക്കാരില്‍ ഇടപെടുന്നതില്‍ പരിധിയുണ്ട്. സമൂഹത്തിന്റെ അഭിപ്രായം മുന്നില്‍ക്കണ്ടാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. എന്നും എം എ ബേബി വ്യക്തമാക്കി.

യുവതീ പ്രവേശനം സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ആചാരപരമായ കാര്യങ്ങളില്‍ പാണ്ഡിത്യമുള്ളവരും സാമൂഹിക പരിഷ്‌കര്‍ത്താക്കളുമാണെന്നും അദ്ദേഹം പറഞ്ഞു. ഇതേവിഷയത്തില്‍ മുന്‍ വിഎസ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഇപ്പോള്‍ മാധ്യമങ്ങളില്‍ ചിലര്‍ പരാമര്‍ശിച്ചിട്ടുണ്ട്. ആരാധനാലയങ്ങള്‍ പോലുള്ളവ വിഷയത്തില്‍ നടപടി ക്രമങ്ങള്‍ മാറ്റുമ്പോള്‍ അത്തരം കാര്യങ്ങളിളിലെ പണ്ഡിതരുടെയും സമൂഹത്തില്‍ അംഗീകാരമുള്ള സംഘത്തില്‍ നിന്നും അഭിപ്രായം തേടണം. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ വിദഗ്ധ സമിതി ഉള്‍പ്പെടെ ഇതിന് ഉദാഹരണമാണ്. സമാനമായ സാഹചര്യങ്ങളാണ് ഉണ്ടാകേണ്ടതെന്നും എം എ ബേബി ചൂണ്ടിക്കാട്ടുന്നു.

അതിനിടെ, ശബരിമല യുവതീ പ്രവേശനത്തില്‍ വിശ്വാസികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്ന് മന്ത്രി വി എന്‍ വാസവന്‍ പ്രതികരിച്ചു. യുവതീ പ്രവേശനത്തില്‍ തീരുമാനമെടുക്കേണ്ടത് പണ്ഡിതരാണ്. ഇത് നേരത്തെ തന്നെ കോടതിയെ അറിയിച്ചിട്ടുണ്ട്. എം വി ഗോവിന്ദന്‍ പറഞ്ഞത് പാര്‍ട്ടി നിലപാടാണെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.

ശബരിമല യുവതിപ്രവേശന കേസില്‍ സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സുപ്രീംകോടതിയില്‍ ഇന്ന് നിലപാട് അറിയിക്കാനിരിക്കെയാണ് സിപിഎമ്മും സര്‍ക്കാരും വിഷത്തില്‍ പ്രതികരിക്കുന്നത്. യുവതി പ്രവേശനത്തെ എതിര്‍ത്തുള്ള സത്യവാങ്മൂലമാണ് സമര്‍പ്പിക്കുക എന്നാണ് വിവരം. കേസിലെ എല്ലാ കക്ഷികള്‍ക്കും സത്യവാങ്മൂലം സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്.

Tags:    

Similar News