റഷ്യന്‍-യുക്രൈന്‍ യുദ്ധം മോദിയുടെ യുദ്ധമെന്ന് പരിഹസിക്കല്‍; റഷ്യന്‍ എണ്ണ വാങ്ങാതിരുന്നാല്‍ 25 ശതമാനം തീരുവ ഇളവ് നല്‍കാം; മോദിയെ കുറ്റപ്പെടുത്തി ട്രംപിന്റെ വിശ്വസ്തന്‍ എത്തുന്നതിന് പിന്നില്‍ ഫോണ്‍ എടുക്കാത്തതിന്റെ പ്രതികാരം; മോദിയെ വിരട്ടി പാക് യുദ്ധം നിര്‍ത്തിച്ച 'തള്ളല്‍' ട്രംപും തുടരുന്നു; ഇന്ത്യാ-അമേരിക്കന്‍ ബന്ധം കൂടുതല്‍ ഉലയുമ്പോള്‍

Update: 2025-08-28 07:28 GMT

വാഷിങ്ടണ്‍: ഇന്ത്യാ-അമേരിക്കന്‍ ബന്ധം ഇനിയും വഷളാകാന്‍ സാധ്യത. അമേരിക്കന്‍ പ്രിസഡന്റ് ഡൊണാള്‍ഡ് ട്രംപ് നാലുതവണ വിളിച്ചിട്ടും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണ്‍ എടുത്തിരുന്നില്ല. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപകരമായ പരാമര്‍ശവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാണിജ്യ ഉപദേഷ്ടാവ് പീറ്റര്‍ നവാരൊ രംഗത്തു വരികയാണ്. റഷ്യ-യുക്രൈന്‍ യുദ്ധം, മോദിയുടെ യുദ്ധമാണെന്ന് അദ്ദേഹം കളിയാക്കുകയാണ്. ബ്ലൂംബെര്‍ഗ് ടെലിവിഷന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇത്തരമൊരു പരാമര്‍ശം നടത്തിയത്. റഷ്യയില്‍നിന്നുള്ള എണ്ണ വാങ്ങല്‍ ഇന്ത്യ നിര്‍ത്തുന്നപക്ഷം ചുമത്തിയ 25 ശതമാനം വ്യാപാരത്തീരുവ അമേരിക്ക ഒഴിവാക്കുമെന്നും നവാരൊ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എങ്ങനെയാണ് അത് മോദിയുടെ യുദ്ധമെന്ന് വിശദീകരിക്കുന്നുമില്ല. റഷ്യയെ സമര്‍ദ്ദത്തിലാക്കാനാണ് ഇന്ത്യയ്‌ക്കെതിരായ തീരുവ ഉയര്‍ത്തല്‍ എന്നും പറയുന്നുണ്ട്.

ഇന്ത്യയുടെ ചെയ്തികള്‍ കാരണം അമേരിക്കയിലെ എല്ലാവരും നഷ്ടം അനുഭവിക്കുകയാണെന്നും നവാരൊ പറഞ്ഞു. ഉപഭോക്താക്കള്‍ക്കും വ്യാപാരത്തിനുമെല്ലാം നഷ്ടമുണ്ടാകുന്നു. ഇന്ത്യയുടെ ഉയര്‍ന്ന തീരുവ മൂലം ഞങ്ങള്‍ക്ക് ജോലികളും ഫാക്ടറികളും വരുമാനവും ഉയര്‍ന്ന വേതനവും നഷ്ടപ്പെടുത്തുന്നതിനാല്‍ തൊഴിലാളികള്‍ക്കും നഷ്ടമുണ്ടാകുന്നു. മാത്രമല്ല, മോദിയുടെ യുദ്ധത്തിന് ഞങ്ങള്‍ക്ക് പണം നല്‍കേണ്ടിവരുന്നതുകൊണ്ട് നികുതിദായകര്‍ക്കും നഷ്ടം സംഭവിക്കുന്നു, അദ്ദേഹം പറഞ്ഞു. മോദിയുടെ യുദ്ധമെന്ന നവാരോയുടെ പരാമര്‍ശത്തിന് പിന്നാലെ, പരിപാടിയുടെ അവതാരകന്‍ ഇടപെടുകയും 'പുടിന്റെ യുദ്ധം' എന്നാണോ പറയാന്‍ ഉദേശിച്ചത് എന്ന് ചോദിക്കുകയും ചെയ്തിരുന്നു. എന്നാല്‍, താന്‍ ഉദ്ദേശിച്ചത് മോദിയുടെ യുദ്ധമെന്നാണെന്നും സമാധാനത്തിന്റെ പാത ഡല്‍ഹിയിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തിയാല്‍ നാളെത്തന്നെ 25 ശതമാനം തീരുവ ഇളവ് ലഭിക്കുമെന്നും നവാരൊ കൂട്ടിച്ചേര്‍ത്തു. നേരത്തെ റഷ്യന്‍ എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യ യുക്രൈന്‍ യുദ്ധത്തെ നിലനിര്‍ത്തുകയാണെന്ന പരാമര്‍ശവും പീറ്റര്‍ നവാരൊ നടത്തിയിരുന്നു.

അതിനിടെ ഇന്ത്യയ്ക്കെതിരായ യുഎസിന്റെ അധികതീരുവകള്‍ പ്രാബല്യത്തിലായതിനു പിന്നാലെ ഇന്ത്യപാക് സംഘര്‍ഷം ആണവയുദ്ധത്തിലേക്കു പോകാതെ തടഞ്ഞതു താനാണെന്ന അവകാശവാദം പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ് ആവര്‍ത്തിക്കുകയും ചെയ്തു. വെടിനിര്‍ത്തലിനു സമ്മതിച്ചില്ലെങ്കില്‍ അധികതീരുവ ചുമത്തുമെന്നും വ്യാപാരം നിര്‍ത്തുമെന്നും താന്‍ മോദിയെ പേടിപ്പിച്ചു താക്കീത് ചെയ്‌തെന്നും ട്രംപ് പറഞ്ഞു. 'ഞാന്‍ സംസാരിച്ചത് വളരെ ഗംഭീരനായ ഒരു മനുഷ്യനോടാണ്, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി, ഞാന്‍ പറഞ്ഞു, നിങ്ങള്‍ക്കും പാക്കിസ്ഥാനുമിടയിലെ വെറുപ്പ് വളരെ വലുതാണ്, അതു നൂറുകണക്കിനു വര്‍ഷങ്ങളായി തുടരുന്നതാണ്, നിങ്ങളുമായി വ്യാപാരക്കരാര്‍ ആഗ്രഹിക്കുന്നില്ല, നിങ്ങളിരുവരും ആണവയുദ്ധത്തിലാകും അവസാനിക്കുക, നാളെ എന്നെ തിരിച്ചുവിളിക്കുക, പക്ഷേ നിങ്ങളുമായി ഒരു കരാറുമില്ല, ഏറ്റവും വലിയ തീരുവയാണ് ചുമത്താന്‍ പോകുന്നത്' താന്‍ വിളിച്ച ഫോണ്‍സംഭാഷണത്തെക്കുറിച്ച് വൈറ്റ് ഹൗസില്‍ കാബിനറ്റ് യോഗത്തില്‍ ട്രംപ് പറഞ്ഞത് ഇങ്ങനെയാണ്.

ഈ സംഭാഷണം കഴിഞ്ഞ് അഞ്ചുമണിക്കൂറിനകം ഇന്ത്യയും പാക്കിസ്ഥാനും വെടിനിര്‍ത്തലിനു വഴങ്ങി, അവര്‍ തമ്മില്‍ വീണ്ടും സംഘര്‍ഷമുണ്ടായാലും തടയുമെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ ഒട്ടേറെ വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന അവകാശവാദവും ട്രംപ് കാബിനറ്റില്‍ ആവര്‍ത്തിച്ചു. ഏഴോ...അതിലധികമോ..യഥാര്‍ത്ഥ കണക്ക് പുറത്തുവിട്ടിട്ടില്ല. പക്ഷേ 15കോടി ഡോളറിന്റെ വിമാനങ്ങളാണ് നഷ്ടമായതെന്ന് ട്രംപ് പറഞ്ഞു. അതേസമയം യുദ്ധവിമാനങ്ങള്‍ വീണതിന്റെ തെളിവുകളോ ആരുടെ വിമാനങ്ങളെന്നോ ട്രംപ് വ്യക്തമാക്കിയിട്ടില്ല. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്താന്‍ തീരുമാനിച്ച ശേഷം ട്രംപ് നാലു തവണ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചതായുള്ള വാര്‍ത്തകള്‍ വിദേശകാര്യ മന്ത്രാലയം തള്ളിയിരുന്നില്ല. നാലു തവണയും പ്രധാനമന്ത്രി മോദി ഫോണില്‍ സംസാരിക്കാന്‍ വിസമ്മതിച്ചെന്ന് ജര്‍മ്മന്‍ പത്രം ഫ്രാങ്ക്ഫര്‍ട്ടര്‍ ആല്‍ജെമൈന്‍ സീറ്റുങ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിഷയത്തില്‍ യു.എസും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈ വാര്‍ത്ത അമേരിക്കയ്ക്ക് ക്ഷീണമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിക്ക് 50 ശതമാനം തീരുവ ചുമത്തിയത് സമ്പദ്വ്യവസ്ഥയില്‍ ഉടന്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയില്ലെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രതിസന്ധിയുണ്ടാക്കാമെന്നാണ് വിലയിരുത്തല്‍. തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍, രത്നങ്ങളും ആഭരണങ്ങളും, ചെമ്മീന്‍, തുകല്‍, പാദരക്ഷകള്‍, മൃഗ ഉത്പന്നങ്ങള്‍, രാസവസ്തുക്കള്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ യന്ത്രങ്ങള്‍ തുടങ്ങി പല മേഖലകളിലും ഇത് ആഘാതം സൃഷ്ടിച്ചേക്കാം. കയറ്റുമതി, മൂലധന രൂപവത്കരണം തുടങ്ങിയവയെ ഇത് ഹ്രസ്വകാലത്തേക്ക് ബാധിച്ചേക്കാമെങ്കിലും സര്‍ക്കാരും സ്വകാര്യ മേഖലയും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ തടസ്സങ്ങള്‍ പരമാവധി കുറയ്ക്കാനാവുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നു മാത്രമല്ല, ഒരുപക്ഷേ, നമ്മുടെ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ ശക്തമാക്കുന്നതിലേയ്ക്ക് നയിക്കാനും ഇടയുണ്ടെന്നും അവര്‍ പറയുന്നു. അതുകൊണ്ട് തന്നെ അമേരിക്കന്‍ സമ്മര്‍ദ്ദത്തിനൊന്നും ഇന്ത്യ വഴങ്ങില്ല.

'മേക്ക് ഇന്‍ ഇന്ത്യ 2.0' ത്വരിതപ്പെടുത്താനും വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്താനും കയറ്റുമതി വിപണികള്‍ വൈവിധ്യവല്‍ക്കരിക്കാനും ഇന്ത്യ തയ്യാറാകും. ഇത്തരം നീക്കങ്ങള്‍ ദീര്‍ഘകാല നേട്ടങ്ങള്‍ക്ക് വിത്തുപാകുമെന്നും സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യയുടെ ജിഡിപി 6.8 ശതമാനത്തിനും ഏഴ് ശതമാനത്തിനും ഇടയില്‍ വളരുമെന്ന് കഴിഞ്ഞയാഴ്ച എസ്ബിഐ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. യുഎസ് സമ്മര്‍ദത്തിനെതിരേ ഇന്ത്യ ഉറച്ചുനില്‍ക്കുമെന്ന് ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. രാജ്യത്തെ കര്‍ഷകരുടെ താത്പര്യങ്ങളില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും മോദി പറഞ്ഞിട്ടുണ്ട്.

Tags:    

Similar News