കളക്ടര്‍-എഡിഎം ബന്ധം സൗഹൃദപരം ആയിരുന്നില്ല; അവധി പോലും നല്‍കാതെ സമ്മര്‍ദ്ദത്തിലാക്കി; കളക്ടറെ തുറന്നു കാട്ടി കുടുംബത്തിന്റെ മൊഴി; അന്വേഷണ ചുമതലയില്‍ നിന്നും മാറ്റി സര്‍ക്കാര്‍; റവന്യൂ അന്വേഷണം നിര്‍ണ്ണായകമാകും; കണ്ണൂര്‍ കളക്ടറുടേത് ഡബിള്‍ ഗെയിം! നടപടിക്ക് സാധ്യത; നവീന്‍ ബാബുവിന്റെ കുടുംബം ഉറച്ച നിലപാടില്‍

Update: 2024-10-19 04:54 GMT

പത്തനംതിട്ട: കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ.വിജയനെതിരെ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് (എ.ഡി.എം.) കെ.നവീന്‍ ബാബുവിന്റെ ബന്ധുക്കള്‍ മൊഴി നല്‍കിയെന്ന് സൂചന പുറത്തു വരുമ്പോള്‍ ആ യാത്ര അയപ്പ് പരിപാടിയിലെ സമയ മാറ്റം അടക്കം ദുരൂഹതയിലേക്ക്. കളക്ടര്‍ എ.ഡി.എം. ബന്ധം സൗഹൃദപരം ആയിരുന്നില്ല. ഭാര്യ മഞ്ജുഷ, മക്കളായ നിരുപമ, നിരഞ്ജന, സഹോദരന്‍ പ്രവീണ്‍ ബാബു എന്നിവരുടെ മൊഴിയാണ് കണ്ണൂരില്‍ നിന്നുള്ള അന്വേഷണസംഘം രേഖപ്പെടുത്തിയത്. അതിനിടെ നവീന്‍ ബാബുവിനെതിരായ പരാതിയിലെ പ്രശാന്തന്റെ ഒപ്പ് വ്യാജമാണെന്ന സംശയവും വിവാദത്തിന് പുതിയ തലം നല്‍കുകയാണ്. അതിനിടെ വകുപ്പുതല അന്വേഷണ ചുമതയലില്‍ നിന്നും കളക്ടറെ മാറ്റി. കളക്ടര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം വരും.

നവീന്‍ ബാബുവിന്റെ ആത്മഹത്യയും പെട്രോള്‍ പമ്പിനുള്ള അപേക്ഷയുടെ ഫയല്‍നീക്കവും സംബന്ധിച്ച് അന്വേഷിക്കുന്നതില്‍ നിന്നാണ് കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയനെ മാറ്റിയത്. മന്ത്രി കെ.രാജന്റെ നിര്‍ദേശപ്രകാരം റവന്യു സെക്രട്ടറി ഇക്കാര്യം കലക്ടറെ അറിയിച്ചു. വിഷയത്തില്‍ ഉന്നതതല അന്വേഷണത്തിനാണ് റവന്യൂ വകുപ്പ് ഉത്തരവിട്ടിരിക്കുന്നത്. ആറു കാര്യങ്ങളാണ് അന്വേഷിക്കുന്നത്. ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ എ.ഗീതയ്ക്കാണ് അന്വേഷണച്ചുമതല. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. നവീന്‍ ബാബു കുറ്റക്കാരനല്ലെന്നു കലക്ടറുടെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നുള്ള വിശദ അന്വേഷണത്തില്‍നിന്നാണ് ഇപ്പോള്‍ കലക്ടറെ മാറ്റിനിര്‍ത്തിയിരിക്കുന്നത്.

ഇതിനിടെയാണ് കളക്ടര്‍ക്കെതിരെ നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ മൊഴിയും ചര്‍ച്ചയാകുന്നത്. നവീന്‍ ബാബുവിന് അവധി നല്‍കുന്നതില്‍ കടുത്തനിയന്ത്രണമുണ്ടായിരുന്നു. സ്ഥലമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതല്‍ നല്‍കാന്‍ വൈകിപ്പിച്ചു. ഈ വിവരങ്ങളെല്ലാം നവീന്‍ കുടുംബാംഗങ്ങളുമായി പങ്കുവെച്ചിരുന്നു. നവീന്റെ മൃതദേഹത്തെ അനുഗമിച്ച് പത്തനംതിട്ടയില്‍ എത്തിയെങ്കിലും കണ്ണൂര്‍ കളക്ടര്‍ അരുണ്‍ വിജയന് വീട്ടില്‍ പ്രവേശിക്കാന്‍ ബന്ധുക്കള്‍ അനുമതി നല്‍കിയിരുന്നില്ല. ഭാര്യയെയും മക്കളെയും ആശ്വസിപ്പിക്കാന്‍ അവസരം വേണമെന്ന് ബന്ധുക്കളോട് മറ്റൊരാള്‍വഴി ആവശ്യപ്പെട്ടെങ്കിലും, താത്പര്യമില്ലെന്ന മറുപടിയാണ് കിട്ടിയത്. ഇതെല്ലാം നവീന്‍ ബാബുവിനോട് കളക്ടറുടെ ക്രുരത മനസ്സിലാക്കിയായിരുന്നു. ഉറച്ച നിലപാടിലാണ് കുടുംബം.

നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ പി.പി.ദിവ്യ പങ്കെടുത്തത് കലക്ടറുടെ ക്ഷണമനുസരിച്ചായിരുന്നുവെന്ന വെളിപ്പെടുത്തല്‍ വിവാദമായിരുന്നു. നവീനു താല്‍പര്യമില്ലാഞ്ഞിട്ടും യാത്രയയപ്പു യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ സൗകര്യത്തിനു കലക്ടര്‍ നടത്തിയതില്‍ ദുരൂഹതയുണ്ടെന്നും ജാമ്യാപേക്ഷയില്‍ കക്ഷിചേരുമെന്നും നവീന്റെ കുടുംബം പ്രതികരിച്ചു. കലക്ടര്‍ക്കു പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നു സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവും ആവശ്യപ്പെട്ടു. കളക്ടര്‍ക്കെതിരെ അന്വേഷണം അനിവാര്യതയായി മാറുകയാണ്. അച്ചടക്ക നടപടിയും വരും.

റവന്യൂ വകുപ്പ് അന്വേഷിക്കുന്ന 6 കാര്യങ്ങളിലെ നിഗമനങ്ങള്‍ നിര്‍ണ്ണായകമാകും. ഇത് വേഗത്തില്‍ പൂര്‍ത്തിയാക്കും. അതിന് ശേഷമാകും കളക്ടര്‍ക്കെതിരെ നടപടി തുടങ്ങുക. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലേക്കു നയിച്ച സംഭവവികാസങ്ങളും നടപടിക്രമങ്ങളും, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യ എഡിഎം നവീന്‍ ബാബുവിന് എതിരെ ഉന്നയിച്ച ആരോപണങ്ങള്‍, ആരോപണങ്ങള്‍ക്ക് ഉപോല്‍ബലകമായി ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യ എന്തെങ്കിലും തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ടോ എന്നതും റവന്യൂ വകുപ്പ് അന്വേഷിക്കും. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതില്‍ കാലതാമസം ഉണ്ടായി എന്ന ആരോപണം ഉയര്‍ന്ന ഫയല്‍ പരിശോധിക്കും. സാധാരണ എടക്കുന്ന സമയത്തില്‍ കൂടുതല്‍ എന്‍ഒസി നല്‍കാന്‍ എടുത്തിട്ടുണ്ടോ എന്നും ഉണ്ടെങ്കില്‍ അതിന്റെ കാരണവും അന്വേഷിക്കും.

എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട ഫയലില്‍ എന്തെങ്കിലും തെറ്റായ നടപടികള്‍ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കും. ഇതിനൊപ്പം മറ്റുകാര്യങ്ങളിലേക്കും അന്വേഷണം കടക്കും. പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ എ.ഡി.എം. വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്നാണ് പി.പി. ദിവ്യ ആരോപിച്ചിരിക്കുന്നത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്. നവീന്‍ ബാബുവിന്റെ ആത്മഹത്യയെത്തുടര്‍ന്ന് ദിവ്യയെ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തുനിന്നും സി.പി.എം നീക്കിയിരുന്നു. എന്നാല്‍ തെളിവൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല.

അതിനിടെ ഡിഎമ്മിന്റെ മരണത്തിലേക്ക് നയിച്ച സംഭവത്തില്‍ ഗുരുതര ആരോപണം നേരിടുന്ന കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍ സ്ഥലംമാറ്റത്തിനായി ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചവെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ തത്കാലം കണ്ണൂരില്‍ തുടരാന്‍ ആവശ്യപ്പെട്ട് അപേക്ഷ മടക്കി. എഡിഎമ്മിന്റെ മരണത്തില്‍ രോഷാകുലരായ കണ്ണൂര്‍ കളക്ട്രേറ്റിലെ ജീവനക്കാര്‍ തനിക്കെതിരെ തിരിയുമെന്ന് മുന്‍കൂട്ടി കണ്ടാണ് കളക്ടര്‍ അരുണ്‍ കെ വിജയന്റെ നീക്കം. എന്നാല്‍ അച്ചടക്ക നടപടിയുടെ ഭാഗമായി കളക്ടറെ മാറ്റാനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് സൂചന.

യാത്രയയപ്പ് യോഗം നടത്താന്‍ തീരുമാനിച്ചത് ജില്ലാ കളക്ടറാണ്. നവീന്‍ ബാബുവിന് ആ യോഗം നടത്തുന്നതില്‍ യോജിപ്പില്ലായിരുന്നു. സര്‍വീസില്‍ നിന്ന് വിരമിക്കുകയല്ലല്ലോ അതിനാല്‍ യാത്രയയപ്പ് വേണ്ട എന്നായിരുന്നു നവീന്റെ നിലപാട്. അത് കേള്‍ക്കാന്‍ തയ്യാറാകാതിരുന്ന കളക്ടര്‍ രാവിലെ യാത്രയപ്പ് സമ്മേളനം വെക്കുകയായിരുന്നു. പിന്നീട് കളക്ടര്‍ തന്നെ ഇടപെട്ടാണ് പരിപാടി ഉച്ചക്ക് ശേഷമാക്കി മാറ്റിയത്. രാവിലെ പങ്കെടുക്കാന്‍ കളക്ടര്‍ക്കോ നവീനോ പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നു. എന്നിട്ടും മാറ്റി. ഇതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാണ് ആരോപണം.

ആരുടെ നിര്‍ദേശ പ്രകാരമാണ് കളക്ടര്‍ സമയം മാറ്റിയത് എന്നത് അടക്കം അന്വേഷിക്കണമെന്നാണ് ആവശ്യം. ഉച്ചക്ക് പരിപാടി മാറ്റിയതില്‍ അടക്കം ആരോ ഇതിന് പിന്നിലുണ്ട്. അതില്‍ കളക്ടര്‍ക്കും കൃത്യമായ പങ്കുണ്ട്. അത് സംബന്ധിച്ചും അന്വേഷണം നടക്കണം. ഇനിയും ഒരു കുടുംബത്തിനും ഈ അവസ്ഥയുണ്ടാവരുത്. സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു വിഷയത്തില്‍ പ്രതികരിച്ചത് ഇങ്ങനെയാണ.് ഈ സാഹചര്യത്തിലാണ് കളക്ടറെ മാറ്റാനുള്ള തീരുമാനം സര്‍ക്കാര്‍ തലത്തിലുണ്ടാകുന്നത്. റവന്യൂമന്ത്രി കെ രാജനും കളക്ടറുടെ നടപടികളില്‍ പ്രതിഷേധത്തിലാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കളക്ടര്‍ക്കെതിരെ നടപടി എടുക്കും.

യാത്രയയപ്പ് യോഗം നടന്ന ദിവസം രാവിലെ 10 മണിക്ക് ദിവ്യയും എഡിഎമ്മും പങ്കെടുത്ത മറ്റൊരു യോഗം സിവില്‍ സ്റ്റേഷനിലെ ആസൂത്രണ ഹാളില്‍ നടന്നിരുന്നു. എന്നാല്‍ അവിടെ വച്ച് പിപി ദിവ്യ ആരോപണം ഉന്നയിച്ചിരുന്നില്ല. ശേഷം വൈകിട്ട് മൂന്ന് മണിക്കാണ് റവന്യൂ വകുപ്പ് സ്റ്റാഫ് കൗണ്‍സിലിന്റെ യോഗം നടന്നത്. കളക്ട്രേറ്റിലെ മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരെയൊന്നും ഇതിലേക്ക് വിളിച്ചിരുന്നില്ല. ജില്ലാ പഞ്ചായത്ത് അധ്യക്ഷ ക്ഷണിക്കാതെ കയറിയപ്പോള്‍ യോഗാധ്യക്ഷനായിരുന്ന കളക്ടര്‍ അരുണ്‍ തടയുകയോ ഇത് ജീവനക്കാരുടെ പരിപാടിയാണെന്ന് പറയുകയോ ചെയ്തില്ലെന്നതും ചര്‍ച്ചകളിലുണ്ട്.

Tags:    

Similar News