പന്തിനെ രക്ഷിക്കാന്‍ മിയാന്‍ദാദിന്റെ 'തവള ചാട്ടം'; പിച്ചിനെ കുറുകെ 'നോ...നോ...നോ' പറഞ്ഞു ചാടി ഋഷഭിന്റെ അശ്രദ്ധയെ 'ശ്രദ്ധ'യാക്കി; പവര്‍ ഷോട്ടുകള്‍ക്കൊപ്പം ബാക്ഫുട്ടില്‍ പിഴക്കാത്ത സ്‌ട്രൈറ്റ് ബാറ്റ് പ്രതിരോധം; കരുതലിന്റെ പര്യായമായി ചിന്നസ്വാമിയില്‍ സര്‍ഫ്രാസ് ഖാന്‍; കവീസിന്റെ മുഖത്ത് വാട്ടമെത്തിച്ച് ഇന്ത്യന്‍ പവര്‍ ബോയ്
ബംഗളൂരു: അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ഹാസ്യമായ മുഹൂര്‍ത്തങ്ങളില്‍ ഒന്നാണ് ജാവേദ് മിയാന്‍ദാദിന്റെ തവള ചാട്ടം. 1992ല്‍ സിഡ്‌നിയില്‍ നടന്ന ഇന്ത്യ പാകിസ്ഥാന്‍ ലോകകപ്പില്‍ പാക് താരം ബൗള്‍ തട്ടിയിട്ടതിന് ശേഷം സിംഗിള്‍ എടുക്കാന്‍ ഓടാന്‍ ശ്രമിച്ചു. എന്നാല്‍ റണ്‍ ഓടാന്‍ സാധിക്കാതെ കൃത്യ സമയത്ത് തന്നെ ക്രീസില്‍ കടന്നു. എന്നാല്‍ ഇന്ത്യന്‍ വിക്കറ്റ് കിരണ്‍ മോറെ ഒന്ന് ചാടികൊണ്ട് സ്റ്റംമ്പിന്റെ ബെയ്ല്‍സ് ഓഫ് ചെയ്തു. ഇത് കണ്ട ജാവേദ് കിരണിനെ കളിയാക്കുന്നതിനായി തവള ചാടുന്നതുപോലെ മൂന്ന് വട്ടം ചാടി. ഇതിനെ പിന്നെ ജാവേദിന്റെ തവളചാട്ടം എന്നാണ് സൂചിപ്പിച്ചിരുന്നത്. ഈ ഒരു രസികന്‍ മുഹൂര്‍ത്തത്തെ ഓര്‍മ്മിപ്പിക്കുന്ന രംഗമായിരുന്നു ഇന്ന് സര്‍ഫറാസ് ഖാനില്‍ നിന്നും ഉണ്ടായത്.
ഇന്ത്യ ന്യൂസിലന്‍ഡ് ടെസ്റ്റിലാണ് ജാവേദ് മിയാന്‍ദാദിന്റെ തവള ചാട്ടം ഓര്‍മ്മിക്കുന്ന തരത്തിലുള്ള സര്‍ഫറാസിന്റെ ചാട്ടം ഉണ്ടാകുന്നത്. അന്ന് അത് കളിയാക്കാന്‍ ആയിരുന്നെങ്കില്‍ ഇന്ന് പന്തിനെ റണ്ണൗട്ടില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടിയായിരുന്നു എന്നതാണ് വ്യത്യാസം. ഹെന്‍ റിയുടെ ബൗളില്‍ 56ാം ഓവറിലെ ആദ്യ പന്തിലായിരുന്നു സംഭവം. ഡീപ്പ് ബാക്ക്വേര്‍ഡ് പോയിന്റിലേക്കാണ് സര്‍ഫറാസ് ഖാന്‍ കളിച്ചത്. സിംഗിളെടുത്തതിന് ശേഷം ഡബിളെടുക്കാനായി പന്ത് ഓടിയപ്പോള്‍ നേരിയെ വ്യത്യാസത്തിലാണ് ഋഷഭ് പന്ത് റണ്‍ഔട്ടില്‍ നിന്ന് രക്ഷപെട്ടത്. നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്ന് പന്തിനോട് ക്രീസ് ലൈനിലേക്ക് തിരികെ കയറായന്‍ സര്‍ഫറാസ് വിളിച്ചു പറയുന്നുണ്ട്. എന്നാല്‍ അപ്പോഴേക്കും പന്ത് ക്രീസിന്റെ പകുതി വരെ എത്തിയിരുന്നു. പിന്നാലെ ഋഷഭ് പന്തിന് നേര്‍ക്ക് ക്ഷുഭിതനായി സംസാരിക്കുന്ന സര്‍ഫറാസ് ഖാന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. സര്‍ഫറാസ് ഖാനിന്റെ ചാട്ടത്തിലൂടെയാണ് പന്ത് തെറ്റ് തിരിച്ചറിയുന്നത്. ശേഷം സര്‍ഫറാസ് പന്തിനോട് ദേഷ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. പിന്നീട് രണ്ട് ബൗളിന് ശേഷം പന്ത് 50 തികക്കുകയും ചെയ്തു. നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്ന് സര്‍ഫറാസ് ഖാന്‍ 'റെയിന്‍ ഡാന്‍സ്' കളിച്ചെന്നായിരുന്നു കമന്ററി ബോക്‌സില്‍ നിന്ന് രവി ശാസ്ത്രിയുടെ വാക്കുകള്‍.
സര്‍ഫ്രാസ് ഖാന്‍- ഈ കാലഘട്ടത്തില്‍ ടെസ്റ്റില്‍ പോലും താരങ്ങള്‍ ടി 20 മോഡില്‍ ബാറ്റ് ചെയ്യുമ്പോള്‍ ഇന്ത്യന്‍ യുവനിരയും ആക്രമിച്ചു കളിക്കുന്ന കാര്യത്തില്‍ ഒട്ടും മോശമല്ല എന്ന് സമീപകാലത്തെ ആക്രമണ ബാറ്റിംഗിലൂടെ ഇന്ത്യന്‍ താരങ്ങള്‍ തെളിയിക്കുകയാണ്. ഋഷഭ് പന്ത് വന്നതില്‍ പിന്നെ ആകെ മൊത്തത്തില്‍ ടെസ്റ്റ് കളിക്കുന്ന അപ്രോച്ചില്‍ വന്ന മാറ്റം ഇപ്പോഴിതാ സര്‍ഫറാസും ഏറ്റെടുത്തിരിക്കുന്നു. ഇന്നൊവേറ്റീവ് സ്‌റ്റൈലില്‍ എങ്ങനെ ടെസ്റ്റ് ക്രിക്കറ്റിനെ കൊണ്ടുപോകാം എന്ന് തെളിയിച്ചുകൊണ്ട് സര്‍ഫ്രാസ് ഖാന്‍ എന്ന ചെറുപ്പക്കാരനെ കിവീസിനെതിരെ തകര്‍പ്പന്‍ സെഞ്ച്വറി നേടി ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകുകയാണ്. സര്‍ഫറാസ് ഖാന്‍ ആദ്യ ഇന്നിങ്സില്‍ ഡെക്കിനാണ് പുറത്തായത്. വമ്പന്‍ ഷോട്ടിന് ശ്രമിച്ച താരം പുറത്തായത് ഡെവോണ്‍ കോണ്‍വേയുടെ ഉജ്ജ്വല ക്യാച്ചിലാണെന്ന് പറയാം. ആദ്യ ഇന്നിങ്സിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് പലിശയടക്കം വീട്ടുന്ന പ്രകടനമാണ് സര്‍ഫറാസ് കാഴ്ചവെച്ചത്. തുടക്കം മുതല്‍ പോസിറ്റീവായി കളിച്ച താരം അതിവേഗത്തില്‍ റണ്‍സുയര്‍ത്തി ഇന്ത്യയുടെ വിജയ പ്രതീക്ഷകളെ സജീവമാക്കുകയാണെന്ന് പറയാം.
മോശം പന്തുകളെ കടന്നാക്രമിക്കാന്‍ ഭയമില്ലാത്ത താരം ക്രീസിനെ നന്നായി ഉപയോഗപ്പെടുത്തി കളിക്കുന്ന ബാറ്റ്സ്മാന്‍ കൂടിയാണ്. ഇന്ത്യക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് ബാറ്റിങ്ങുകൊണ്ട് ഉയരാന്‍ സര്‍ഫറാസ് ഖാന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. 356 എന്ന വമ്പന്‍ ലീഡ് വഴങ്ങിയതിനാല്‍ ഇന്ത്യക്ക് മുന്നില്‍ കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. എന്നാല്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താനുള്ള ഇന്ത്യയുടെ ഗെയിം പ്ലാനെ നന്നായി മുന്നോട്ട് കൊണ്ടുപോകാന്‍ സര്‍ഫറാസ് ഖാന് സാധിച്ചുവെന്ന് പറയാം.
ആദ്യ ഇന്നിങ്‌സില്‍ പൂജ്യനായി മടങ്ങിയ ശേഷം തിരികെയെത്തി ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ ഇറങ്ങുമ്പോള്‍ ഒരുപാട് പ്രതീക്ഷകള്‍ സര്‍ഫ്രാസിന്റെ തോളില്‍ ഉണ്ടായിരുന്നു. എന്നാല്‍ സൂക്ഷിക്ക് കളിക്കേണ്ട സാഹചര്യത്തില്‍ പോലും തന്റെ തനത് ശൈലി വിടാതെ ബാറ്റ് ചെയ്ത സര്‍ഫ്രാസ് ഗംഭീര സെഞ്ചുറിയാണ് സ്വന്തമാക്കിയിരിക്കുന്നത്. പന്തിനെ ഒരറ്റത്ത് കാഴ്ചക്കാരനാക്കി ഗംഭീര ഷോട്ടുകള്‍ നല്ല ടൈമിങ്ങില്‍ കളിച്ചാണ് താരം സെഞ്ച്വറി സ്വന്തമാക്കിയിരിക്കുന്നത്.
മികച്ച തുടക്കത്തെ വലിയ സ്‌കോറാക്കി മാറ്റാന്‍ അസാധ്യ കഴിവുള്ള താരമാണ് സര്‍ഫറാസ്. ഇത് ആഭ്യന്തര ക്രിക്കറ്റില്‍ പല തവണ കാട്ടാനും സര്‍ഫറാസിനായിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യന്‍ ടീമിനൊപ്പവും ഈ മികവ് അദ്ദേഹം തുടരുന്നു. ചെറിയ സമയംകൊണ്ട് വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ ശേഷിയുണ്ടെന്നതാണ് സര്‍ഫറാസിന്റെ പ്രധാന സവിശേഷത. ഗൗതം ഗംഭീറിന് കീഴില്‍ ഇന്ത്യന്‍ ടീമിന്റെ പ്രധാന സവിശേഷത ആക്രമണോത്സകതയാണ്. ഈ ശൈലിയോട് ചേര്‍ന്ന് നില്‍ക്കുന്ന താരമാണ് സര്‍ഫറാസ്.
സര്‍ഫറാസിന്റെ വരവേട് രാഹുലിനെ പോലുള്ള കളിക്കാര്‍ക്ക് ഇനി മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ മുന്നോട്ട് ഇന്ത്യന്‍ ടീമില്‍ നിലനില്‍ക്കാന്‍ സാധിക്കുകയുള്ളു. പരിക്ക് പറ്റി പുറത്തിരിക്കുന്ന ഗില്ലിന് പകരക്കാരനായിട്ടാണ് സര്‍ഫറാസ് ടീമില്‍ ഇടം പിടിക്കുന്നത്. ഗില്ല വന്നാല്‍ സര്‍ഫറാസ് പുറത്ത് പോകേണ്ടതായി വരാം. എന്നാല്‍ രാഹുലിനെ പോലുള്ള താരങ്ങള്‍ അവരുടെ അവസരം വിനോയിഗിച്ചാല്‍ മാത്രമേ മുതിര്‍ന്ന താരങ്ങള്‍ ടീമില്‍ ഇടം നേടാന്‍ സാധിക്കുകയുള്ളു. അവസരത്തിനൊത്ത് മുന്നേറാന്‍ സാധിച്ചില്ലെങ്കില്‍ സര്‍ഫറാസ് ടീമില്‍ സ്ഥിരം സാന്നിധ്യമായി മാറുമെന്നത് നിസംശയം പറയാന്‍ സാധിക്കും.