ജാമ്യാപേക്ഷയിലും നവീനെ അധിക്ഷേപിച്ച ദിവ്യയെ വെറുതെ വിടേണ്ടെന്ന് കുടുംബം; മുന്‍കൂര്‍ ജാമ്യകേസില്‍ കക്ഷി ചേരുന്നതോടെ നേതാവ് കുഴപ്പത്തിലാകും; വ്യാജമായ ആരോപണം ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്തിയതിന്റെ പേരില്‍ ആത്മഹത്യ ചെയ്താല്‍ കേസ് നിലനില്‍ക്കുമെന്ന സുപ്രീം കോടതി വിലയിരുത്തല്‍ ദിവ്യക്ക് പണിയാകും

Update: 2024-10-19 02:39 GMT

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ശക്തമായ വിമര്‍ശനം നേരിടുന്ന കലക്ടര്‍ അരുണ്‍ കെ.വിജയനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണു ജാമ്യാപേക്ഷയില്‍ പി.പി.ദിവ്യ ഉന്നയിച്ച വാദങ്ങള്‍. ഇതോടെ കളക്ടര്‍ക്കെതിരെ ശക്തമായ നിലപാട് എടുക്കുകയാണ് നവീന്‍ ബാബുവിന്റെ കുടുംബം. ഇതിനൊപ്പം ദിവ്യയേയും വെറുതെ വിടില്ലെന്നും എല്ലാം നിയമവഴിയില്‍ നേരിടുമെന്നുമാണ് അവരുടെ നിലപാട്. വ്യാജമായ ആരോപണം ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്തിയതിന്റെ പേരില്‍ ആത്മഹത്യ ചെയ്താല്‍ കേസ് നിലനില്‍ക്കുമെന്ന സുപ്രീം കോടതി വിലയിരുത്തല്‍ ദിവ്യക്ക് കുരുക്കായി മാറും. നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ഉറച്ച നിലപാടാണ് ഇതിന് കാരണം.

ഒരാളുടെ വിശ്വാസ്യതയെ തകര്‍ക്കും വിധം വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയും അതു മൂലം ആത്മഹത്യ ചെയ്യുകയും ചെയ്താല്‍ ആത്മഹത്യാ പ്രേരണാ കുറ്റം നിലനില്‍ക്കും. പത്ത് കൊല്ലം ശിക്ഷ കിട്ടാവുന്ന കുറ്റാരോപണമാണ്. നവീന്‍ ബാബുവിനെതിരെ തെളിവില്ലാതെയാണ് ദിവ്യ ആക്ഷേപം ഉന്നയിച്ചത്. എഡിഎമ്മിന്റെ യാത്ര അയപ്പ് ചടങ്ങില്‍ വിളിക്കാതെ കയറി വന്നുവെന്നും ദിവ്യ പറയുന്നുണ്ട്. ഈ വീഡിയോ ദിവ്യയ്ക്ക് കുരുക്കായി മാറും. അതുകൊണ്ട് തന്നെ സത്യസന്ധമായ അന്വേഷണമുണ്ടായാല്‍ ദിവ്യം കുടുങ്ങുമെന്ന് ഉറപ്പാണ്. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയ്‌ക്കെതിരെ സുപ്രധാന നീക്കവുമായി കുടുംബം രംഗത്തു വരുന്നതും തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന ബോധ്യത്തിലാണ്. ദിവ്യയുടെ ജാമ്യ ഹര്‍ജിയില്‍ നവീന്‍ ബാബുവിന്റെ കുടുംബം കക്ഷിചേരും. ഇതു സംബന്ധിച്ച നടപടികള്‍ ഉടന്‍ തന്നെ തുടങ്ങുമെന്നാണ് വിവരം. കലക്ടറുടെ കത്തില്‍ തൃപ്തരല്ലെന്നും കുടുംബം അറിയിച്ചു.സബ് കലക്ടറുടെ കൈവശം കവറില്‍ കൊടുത്തുവിട്ട കത്തില്‍ പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞതായി ജോയിന്റ് കൗണ്‍സില്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി ജി.അഖില്‍ വിശദീകരിച്ചു.

ജാമ്യ ഹര്‍ജിയിലും നവീനെ അപമാനിക്കുകയാണ് ദിവ്യ. ഇതും കുടുംബം ഗൗരവത്തില്‍ എടുത്തിട്ടുണ്ട്.നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്തത് കളക്ടര്‍ അരുണ്‍ കെ.വിജയന്‍ ക്ഷണിച്ചതിനാലാണെന്ന് ദിവ്യ പറയുന്നു. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തതോടെ തലശ്ശേരിയിലെ ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇക്കാര്യം പറയുന്നത്. ഒക്ടോബര്‍ 14-ന് കണ്ണൂരില്‍ നടന്ന സാമൂഹിക ഐക്യദാര്‍ഢ്യപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനച്ചടങ്ങിലാണ് കളക്ടറെ കണ്ടത്. കളക്ടര്‍ വൈകിട്ട് മൂന്നിന് എ.ഡി.എമ്മിന് യാത്രയയപ്പ് നല്‍കുന്ന കാര്യം സംസാരിച്ചപ്പോള്‍ പങ്കെടുക്കാമെന്ന് സമ്മതിക്കുകയായിരുന്നു. വൈകിട്ട് പരിപാടിക്ക് പോയി. ഡെപ്യൂട്ടി കളക്ടര്‍ ശ്രുതി ക്ഷണിച്ച പ്രകാരം എ.ഡി.എമ്മിന് ആശംസ നേര്‍ന്ന് സംസാരിച്ചു. ന്യായവും സദുദ്ദേശ്യപരവുമായ നിലപാടാണ് അവിടെ സ്വീകരിച്ചത്. എ.ഡി.എമ്മിനെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചില്ലെന്ന് ജാമ്യാപേക്ഷയില്‍ പറയുന്നു. രാഷ്ട്രീയതാത്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിചേര്‍ത്തത്. അന്വേഷണവുമായി സഹകരിക്കും. വീട്ടില്‍ രോഗിയായ അച്ഛന്‍, അമ്മ, മകള്‍, ഭര്‍ത്താവ് എന്നിവരുണ്ടെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. ഓരോ ഫയലും ഓരോ ജീവിതമാണെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായവും ഹരജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രശാന്തന് മുന്‍പ് കുറ്റിയാട്ടൂര്‍ സ്വദേശിയായ റിട്ട. അധ്യാപകന്‍ കെ.ഗംഗാധരന്‍ എ.ഡി.എമ്മിനെതിരേ പരാതിപ്പെട്ട കാര്യവും ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു. എ.ഡി.എമ്മിനെതിരേ ഗംഗാധരന്‍ വിജിലന്‍സിന് പരാതി നല്‍കിയതായി അഡ്വ. കെ.വിശ്വന്‍ പറഞ്ഞു. സെപ്റ്റംബര്‍ നാലിനാണ് പരാതി നല്‍കിയത്. ലാന്‍ഡ് റവന്യൂവിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എല്‍.ആര്‍. ഇടപെടേണ്ട വിഷയത്തില്‍ എ.ഡി.എം. ഇടപെട്ടുവെന്നും തന്റെ എതിര്‍കക്ഷിക്ക് അനുകൂലമായി ഉത്തരവ് നല്‍കിയെന്നും ഗംഗാധരന്‍ പരാതിയില്‍ പറയുന്നതായി ജാമ്യാപേക്ഷയില്‍ പറയുന്നു. മണ്ണ് നീക്കുന്നത് സംബന്ധിച്ച് എ.ഡി.എം., തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍, വില്ലേജ് അസിസ്റ്റന്റ് എന്നിവര്‍ക്കെതിരേയാണ് ഗംഗാധരന്‍ പരാതി ഉന്നയിച്ചത്. ഫയല്‍ തീര്‍പ്പാകാതെ എ.ഡി.എം. പിടിച്ചുവെക്കുന്നതായി മറ്റു ചിലരും തന്നോട് പറഞ്ഞിരുന്നതായി ദിവ്യയുടെ അപേക്ഷയില്‍ പറയുന്നു. പെട്രോള്‍ പമ്പ് തുടങ്ങാന്‍ എതിര്‍പ്പില്ലാരേഖ നല്‍കുന്നില്ലെന്ന് പ്രശാന്തന്‍ പറഞ്ഞു. എ.ഡി.എമ്മിനോട് പറഞ്ഞെങ്കിലും നടന്നില്ല. അതിനുശേഷം ഒന്‍പതിന് ഉത്തരവ് ലഭിച്ചുവെന്നും ഒരുലക്ഷംരൂപ നല്‍കിയെന്നും പറഞ്ഞു.

കണ്ണൂരില്‍ ഒരു പരിപാടി കഴിഞ്ഞ് വരുമ്പോഴാണ് പ്രശാന്തന്‍ ഇക്കാര്യം പറഞ്ഞത്. ഇക്കാര്യം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ പറഞ്ഞപ്രകാരം 10-ന് പ്രശാന്തന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. അഡ്വ. കെ.വിശ്വന്‍ മുഖേനയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ജില്ലാ സെഷന്‍സ് ജഡ്ജി കെ.ടി.നിസാര്‍ അഹമ്മദ് ജാമ്യാപേക്ഷ പരിഗണിക്കും. കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ കഴിഞ്ഞദിവസം ദിവ്യയെ പ്രതിചേര്‍ത്ത് തളിപ്പറമ്പ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഭാരതീയ ന്യായസംഹിതയിലെ 108 വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ചുമത്തിയത്. ഇതുമായി ബന്ധപ്പെട്ട സുപ്രീംകോടതി നിരീക്ഷണങ്ങള്‍ അറിയാവുന്നതു കൊണ്ടാണ് വീണ്ടും നവീനെ പ്രതിക്കൂട്ടിലാക്കാനുള്ള ദിവ്യയുടെ ശ്രമം. മരിച്ചു കഴിഞ്ഞ ശേഷവും നവീനെ ദിവ്യ അപമാനിക്കുന്നുവെന്ന് വ്യക്തം. കേസന്വേഷണഘട്ടത്തിലായതിനാല്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് കളക്ടര്‍ അരുണ്‍ കെ.വിജയന്‍ പറഞ്ഞു. യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട പി.പി.ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ പരാമര്‍ശങ്ങളില്‍ പ്രതികരണമാരാഞ്ഞപ്പോഴാണ് കളക്ടര്‍ നിലപാട് വ്യക്തമാക്കിയത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള പി.പി. ദിവ്യയുടെ രാജിക്കത്ത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയിട്ടുണ്ട്. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വ്യാഴാഴ്ചയാണ് ദിവ്യയോട് രാജിവെക്കാന്‍ സി.പി.എം. നിര്‍ദേശിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഫിനാന്‍സ് ഓഫീസര്‍ കെ.വി. മുകുന്ദന് രാജിക്കത്ത് കൈമാറിയത്. അത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയതോടെ പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള നടപടിക്രമങ്ങളിലേക്ക് കമ്മിഷന്‍ കടക്കും. സാധാരണഗതിയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ത്തന്നെ തിരഞ്ഞെടുപ്പ് നടക്കും.

കളക്ടര്‍ വരണാധികാരിയായി ഓപ്പണ്‍ ബാലറ്റ് മുഖേനയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് വോട്ടെടുപ്പ് നടക്കുക. 24 അംഗ ജില്ലാ പഞ്ചായത്തില്‍ 17 അംഗങ്ങളാണ് എല്‍.ഡി.എഫിനുള്ളത്. ഏഴംഗങ്ങള്‍ യു.ഡി.എഫിനുമുണ്ട്. ഒരുവര്‍ഷത്തോളം കാലാവധി ബാക്കിനില്‍ക്കെയാണ് കല്യാശ്ശേരി ഡിവിഷനില്‍നിന്നുള്ള അംഗമായ പി.പി. ദിവ്യ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞത്. ആരോഗ്യ, വിദ്യാഭ്യാസസ്ഥിരം സമിതി അധ്യക്ഷയായ കെ.കെ. രത്നകുമാരിയെ പകരം പ്രസിഡന്റാക്കാനാണ് സി.പി.എം. തീരുമാനം. പരിയാരം ഡിവിഷനില്‍ നിന്നുള്ള അംഗമാണവര്‍. പ്രസിഡന്റാവാനായി രത്നകുമാരി സ്ഥിരം സമിതി അധ്യക്ഷസ്ഥാനം രാജിവെക്കുന്നതോടെ ആ ഒഴിവിലേക്കും തിരഞ്ഞെടുപ്പ് നടക്കും.

Tags:    

Similar News