യാത്ര അയപ്പ് ചടങ്ങിലേക്ക് ദിവ്യയെ വിളിച്ചില്ലെന്ന് പരസ്യമായി പറഞ്ഞ് കളക്ടര്‍; അവധി അപേക്ഷ നല്‍കി; പെട്രോള്‍ പമ്പിന് പ്രശാന്തന്‍ അപേക്ഷിച്ചത് സര്‍ക്കാര്‍ ജീവനക്കാരന്‍ എന്നത് മറച്ചു വച്ച്; അടിമുടി ദൂരൂഹം; ദിവ്യയുടെ കൈയ്യില്‍ വിലങ്ങ് വീഴാന്‍ സാധ്യത ഏറെ; അന്വേഷണത്തിന് സിബിഐയും എത്തിയേക്കും; കള്ളന്മാര്‍ നെട്ടോട്ടത്തില്‍

Update: 2024-10-19 05:23 GMT

കണ്ണൂര്‍: കോടതിയെ പിപി ദിവ്യ അറിയിച്ചതെല്ലാം തെറ്റ്. എഡിഎം നവീന്‍ ബാബുവിന്റെ യാത്ര അയപ്പ് ചടങ്ങില്‍ അവരെ കളക്ടര്‍ അരുണ്‍ കെ വിജയന്‍ വിളിച്ചിട്ടില്ല. പ്രസംഗിച്ചപ്പോള്‍ പറഞ്ഞതു പോലെ വലിഞ്ഞു കയറി വന്നതാണെന്ന് വ്യക്തം. ദിവ്യയുടെ കോടതിയിലെ അവകാശ വാദം കളക്ടര്‍ അരുണ്‍ കെ വിജയന്‍ തന്നെ തള്ളി. ദിവ്യയെ തള്ളി കളക്ടര്‍ രംഗത്തു വന്നതോടെ അവരെ അറസ്റ്റു ചെയ്യേണ്ടത് അനിവാര്യതയായി. എന്നാല്‍ പോലീസ് ഇതിന് തയ്യാറാകുന്നുമില്ല. നാടകീയ വിവരങ്ങളാണ് പുറത്തു വരുന്നത്. പരിയാരം മെഡിക്കല്‍ കോളേജിലെ ജീവനക്കാരന്‍ എന്നത് മറച്ചു വച്ചാണ് പെട്രോള്‍ പമ്പിന് പ്രകാശന്‍ അപേക്ഷിച്ചത്. ഇത് ഗുരുതര തെറ്റാണ്. അഴിമതിയും കൈക്കൂലിയും എല്ലാം ചര്‍ച്ചയാകുന്നതോടെ അന്വേഷണത്തിന് സിബിഐയെ നിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായേക്കും.

ബിപിസിഎല്ലിന്റെ പമ്പിന് വേണ്ടിയാണ് ക്രമക്കേടുകള്‍ നടന്നത്. കേന്ദ്ര സ്ഥാപനങ്ങളിലെ അഴിമതി അന്വേഷിക്കേണ്ടത് സിബിഐയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ഏജന്‍സിയും രംഗത്ത് വരാന്‍ സാധ്യത കൂടുന്നത്. എഡിഎമ്മിന്റെ ആത്മഹത്യയില്‍ ദിവ്യയെ കുടുക്കുന്ന വെളിപ്പെടുത്തലാണ് കളക്ടറുടേത്. കുടുംബത്തിന് കൈമാറിയത് കുറ്റസമ്മതമല്ലെന്നും അനുശോചന മാത്രമാണെന്നും കളക്ടര്‍ പറുന്നു. അവധി അപേക്ഷയും കളക്ടര്‍ നല്‍കി. താനാകേയും ക്ഷണിച്ചില്ലെന്നും എന്തുകൊണ്ട് ദിവ്യയെ തടഞ്ഞില്ലെന്നത് അന്വേഷിക്കട്ടേ എന്നും കളക്ടര്‍ പറഞ്ഞു. ആദ്യമായാണ് കളക്ടര്‍ പരസ്യ പ്രതികരണം നടത്തുന്നത്. ഇത് കോടതിയില്‍ അടക്കം നിര്‍ണ്ണായക വാദത്തിന് വഴിയൊരുക്കും. ദിവ്യയുടെ ഹര്‍ജിയില്‍ കള്ളമുണ്ടെന്നാണ് ഇതോടെ തെളിയുന്നത്. കളക്ടറുടെ മൊഴി താമസിയാതെ പോലീസ് രേഖപ്പെടുത്തും. ഇതിലും ദിവ്യയെ കളക്ടര്‍ തള്ളി പറയും. റവന്യൂ വകുപ്പിലെ ജീവനക്കാരുടെ എതിര്‍പ്പ് അതിശക്തമാണെന്ന് കളക്ടറും തിരിച്ചറിയുന്നു.

കണ്ണൂര്‍ കലക്ടറുടെ കുമ്പസാരം തങ്ങള്‍ക്ക് കേള്‍ക്കേണ്ടെന്ന് നവീന്‍ ബാബുവിന്റെ കുടുംബം നേരത്തെ വിശദീകരിച്ചിരുന്നു. കലക്ടര്‍ അരുണ്‍ കെ. വിജയനെതിരെ നവീന്‍ ബാബുവിന്റെ ബന്ധുക്കള്‍ പൊലീസിനു മൊഴി നല്‍കിയെന്നാണ് വിവരം. കലക്ടറുടെ കീഴില്‍ കടുത്ത മാനസിക സമ്മര്‍ദം നവീന്‍ അനുഭവിച്ചിരുന്നതായാണ് കുടുംബത്തിന്റെ മൊഴി. പി.പി. ദിവ്യ ആരോപണം ഉന്നയിച്ചപ്പോള്‍ ഒരു വാക്കു പോലും കലക്ടര്‍ മിണ്ടിയില്ല. നവീനെതിരായ പരാതി ആസൂത്രിതമായിരുന്നു. പ്രശാന്തന്റെ പരാതിയ്ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കുടുംബാംഗങ്ങള്‍ മൊഴിയില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് ദിവ്യയെ തള്ളി കളക്ടറും രംഗത്തു വരുന്നത്. അന്വേഷണവുമായി സഹകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ട്. കലക്ടര്‍ - എഡിഎം ബന്ധം സൗഹാര്‍ദപരം ആയിരുന്നില്ല എന്നാണ് കുടുംബത്തിന്റെ മൊഴി. അവധി നല്‍കുന്നതില്‍ കടുത്ത നിയന്ത്രണം ഉണ്ടായിരുന്നു. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതല്‍ നല്‍കാന്‍ വൈകിപ്പിച്ചുവെന്നും കുടുംബാംഗങ്ങള്‍ പൊലീസിനോട് പറഞ്ഞു.

കലക്ടറുമായുള്ള ബന്ധം സൗഹാര്‍ദപരമല്ലെന്നുള്ള വിവരങ്ങള്‍ നവീന്‍ കുടുംബാംഗങ്ങളുമായി പങ്കുവച്ചിരുന്നു. സംസ്‌കാര ചടങ്ങില്‍ കണ്ണൂര്‍ കലക്ടറെ പങ്കെടുപ്പിക്കാതിരുന്നതിന്റെ കാരണവും ഇതു തന്നെയാണ്. കണ്ണൂരില്‍ നിന്നുള്ള അന്വേഷണസംഘമാണ് കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയത്. വ്യാഴാഴ്ച നടന്ന മൊഴിയെടുക്കല്‍ അഞ്ചുമണിക്കൂര്‍ നീണ്ടു. ഭാര്യ, രണ്ടു പെണ്‍മക്കള്‍, സഹോദരന്‍ എന്നിവരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. കണ്ണൂര്‍ കളക്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നവീന്‍ ബാബുവിന്റെ ബന്ധു ബാലകൃഷ്ണന്‍ രംഗത്തു വന്നിരുന്നു. പരാതിയിലെ ഒപ്പുകളിലെ വൈരുധ്യം കൂടി പുറത്ത് വന്നതോടെ എഡിഎമ്മിനെതിരെ വന്നത് വ്യാജ പരാതി തന്നെയാണെന്ന് ബാലകൃഷ്ണന്‍ പറയുന്നു.

ഇതില് വലിയൊരു ഗൂഡാലോചന നടന്നിട്ടുണ്ട്. രണ്ടാഴ്ച മുന്‍പ് നവീന്‍ ബാബു നാട്ടില്‍ വന്ന സമയത്ത് സംസാരിച്ചത് അനുസരിച്ച് ജോലി സംബന്ധമായ സമ്മര്‍ദ്ദം നവീന്‍ ബാബു നേരിട്ടതായി മനസിലായിരുന്നു. ഒരു പരുവത്തില്‍ ഇങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ്, വല്യ ബുദ്ധിമുട്ടാണ്, എങ്ങനെയെങ്കിലും ട്രാന്‍സ്ഫര്‍ വാങ്ങി തിരികെ വരണം എന്ന് നവീന്‍ ബാബു വിശദമാക്കിയതായാണ് ബാലകൃഷ്ണന്‍ പറയുന്നത്. ട്രാന്‍സ്ഫര്‍ വാങ്ങി വരണമല്ലോയെന്ന് കരുതി ആരോടും മറുത്ത് സംസാരിക്കാതെ ഇരിക്കുകയാണെന്നും നവീന്‍ ബാബു പറഞ്ഞിരുന്നു. പല കാര്യങ്ങളും നിയമം വിട്ട് ചെയ്യാന്‍ നവീന്‍ ബാബുവിനെ ബുദ്ധിമുട്ടിച്ചതായി മനസിലാക്കിയിരുന്നു. എതിര്‍ത്ത് പറഞ്ഞാല്‍ കള്ളക്കേസില്‍ കുടുക്കുമെന്ന ഭയവും നവീനിന് ഉണ്ടായിരുന്നുവെന്നും ബന്ധു പറയുന്നു.

കുറെ നാളുകളായി ഔദ്യോഗിക തലത്തില്‍ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ട്രാന്‍സ്ഫറിന് തടസം വന്ന സമയത്തായിരുന്നു നവീന്‍ ബാബു ബന്ധുവിനോട് ഇക്കാര്യം വിശദമാക്കിയിരുന്നു. എന്താണ് സംഭവമെന്ന് ചികഞ്ഞ് ചോദിച്ചിരുന്നില്ലെന്നും ബാലകൃഷ്ണന്‍ പറയുന്നു. ട്രാന്‍സ്ഫര്‍ വൈകിക്കുന്നുവെന്ന വിഷമം നവീനിന് ഉണ്ടായിരുന്നു. സമാന സമയത്ത് സ്ഥലം മാറ്റം കിട്ടിയവര്‍ക്കെല്ലാം തന്നെ തിരികെ നാട്ടിലേക്ക് ട്രാന്‍സ്ഫര്‍ ലഭിച്ചിട്ടും നവീനിന് ട്രാന്‍സ്ഫര്‍ ലഭിച്ചിരുന്നില്ല. ഈ സമയത്താണ് ബാലകൃഷ്ണന്‍ ജില്ലാ സെക്രട്ടറി വഴി അന്വേഷിച്ചപ്പോള്‍ മികച്ച ഉദ്യോഗസ്ഥനാണെന്നും ഉടനേ തിരിച്ച് അയയ്ക്കുന്നില്ലെന്നും അറിയാന്‍ കഴിഞ്ഞിരുന്നു. അതുപറഞ്ഞാണ് ട്രാന്‍സ്ഫര്‍ തടഞ്ഞിരുന്നത്.

യാത്ര അയപ്പില്‍ നേരിട്ട അപമാനത്തേക്കുറിച്ച് നവീന്‍ ബാബു ഭാര്യയോട് സംസാരിച്ചിരുന്നു. കളക്ടര്‍ ലീവ് അനുവദിക്കില്ലായിരുന്നു. അവധി ദിവസങ്ങളില്‍ വീട്ടിലെത്താനൊന്നും നവീനിന് സാധിച്ചിരുന്നില്ല. ലീവ് കൊടുക്കാന്‍ മടിക്കും. അഥവാ ലീവ് നല്‍കിയാല്‍ തന്നെ നാട്ടിലെത്തുമ്പോഴേയ്ക്കും തിരികെ എത്താന്‍ നിര്‍ദ്ദേശം നല്‍കും. എല്ലാ ഉത്തരവാദിത്തങ്ങളും നവീന്‍ ബാബുവിന് ഏല്‍പ്പിച്ച് പോകുന്ന ആളായിരുന്നു കളക്ടര്‍ അരുണ്‍ കെ വിജയന്‍ എന്നും ബാലകൃഷ്ണന്‍ പറയുന്നു. കളക്ടര്‍ ഇതില്‍ ഒരു പ്രധാന കക്ഷിയാണ്. അതില്‍ ഒരു സംശയവുമില്ലെന്നും നവീന്‍ ബാബുവിന്റെ ബന്ധു ബാലകൃഷ്ണന്‍ ആരോപിക്കുന്നത്.

Tags:    

Similar News