അടൂര്‍ ഇളമണ്ണൂരിലെ ഇമേജ് മാലിന്യ പ്ലാന്റ് തട്ടിക്കൂട്ട് സൊസൈറ്റിക്ക് സിഇആര്‍ ഫണ്ട് തട്ടാനെന്ന് പൈതൃക സംരക്ഷണ സമിതി; മന്ത്രിയും സിപിഎമ്മും ഒളിച്ചു കളിക്കുന്നു; മൂന്നേക്കര്‍ വിട്ടു നല്‍കിയത് സിപിഎമ്മുകാരനായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; കിന്‍ഫ്ര പാര്‍ക്കിലെ പ്ലാന്റിന് പിന്നില്‍ അട്ടിമറി

Update: 2025-03-18 05:08 GMT

പത്തനംതിട്ട: അടൂര്‍ ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മാലിന്യ സംസ്‌കരണ കമ്പനിയായ ഇമേജ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ബയോമെഡിക്കല്‍ മാലിന്യ നിര്‍മാര്‍ജന പ്ലാന്റിനെതിരായ സമരം ശക്തമാക്കുമെന്ന് ഇളമണ്ണൂര്‍ പൈതൃകസംരക്ഷണ സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കൂവെന്നാണ് വ്യവസായ മന്ത്രി പറയുന്നത്.

പ്ലാന്റിനെതിരാണെന്ന് സി.പി.എം പത്തനംതി്ടട ജില്ലാ കമ്മറ്റിയും പറയുന്നു. രണ്ടു കൂട്ടരെയും വിശ്വസിക്കുന്നില്ല. സി.പി.എം അടൂര്‍ ഏരിയ സെക്രട്ടറി നേതൃത്വം നല്‍കുന്ന മണ്ണടി പമ്പാവാലി ഫാര്‍മേഴ്സ് സൊസൈറ്റി എന്ന തട്ടിക്കൂട്ട് സംഘടനയ്ക്ക് 47 ലക്ഷം രൂപ കോര്‍പ്പറേറ്റ് എന്‍വയണ്‍മെന്റല്‍ റെസ്പോണ്‍സിബിലിറ്റി (സി.ഇ.ആര്‍) ഫണ്ട് തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞാണ് ഇമേജ് പ്ലാന്റ് ഏനാദിമംഗലത്ത് കൊണ്ടു വരാന്‍ ശ്രമിക്കുന്നത്. പറക്കോട് മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ആര്‍. തുളസീധരന്‍ പിള്ള പഞ്ചായത്ത് കമ്മറ്റി തീരുമാനം ഇല്ലാതെ സ്വന്തം നിലയില്‍ പ്ലാന്റിന് മൂന്നേക്കര്‍ സ്ഥലം വിട്ടുകൊടുക്കുന്നതിന് അനുകൂലമായി കത്തു നല്‍കുകയായിരുന്നുവെന്ന് വിവരാവകാശ രേഖയില്‍ വ്യക്തമാണ്. സി.ഇ.ആര്‍ ഫണ്ടില്‍ രണ്ടു ലക്ഷം ഇലന്തൂര്‍ പഞ്ചായത്തില്‍ ഒരു വാട്ടര്‍ ടാങ്കിനാണ് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഏഴിന് ഇളമണ്ണൂര്‍ മോണിങ് സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പൊതുജന ഹിയറിങില്‍ അന്നത്തെ സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പറഞ്ഞത് മനുഷ്യവാസമില്ലാത്ത പ്രദേശം പ്ലാന്റിന് കണ്ടെത്തി നല്‍കാമെന്നാണ്. പക്ഷേ, പ്ലാന്റിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി നല്‍കി കഴിഞ്ഞു. അപ്പോഴാണ് സി.പി.എം ജില്ലാ നേതൃത്വം പ്ലാന്റിനെതിരേ പ്രസ്താവന ഇറക്കുന്നത്. അത് തങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും നേതാക്കള്‍ പറഞ്ഞു. 1500 പേര്‍ പങ്കെടുത്ത പബ്ലിക് ഹിയറിങില്‍ 734 പേരുടെ വിവരങ്ങള്‍ മാത്രമാണ് രേഖപ്പെടുത്തിയത്. 194 പേര്‍ എഴുതി തയാറാക്കിയ പരാതി സമര്‍പ്പിച്ചു. 59 പേര്‍ പ്രതിഷേധവുമായി തല്‍സമയം രംഗത്തു വന്നു. ഒറ്റയാള്‍ പോലും പ്ലാന്റിന് അനുകൂലമായി രംഗത്തു വന്നില്ല. എതിര്‍ത്തവരില്‍ ആര്‍ക്കും രേഖാമൂലം മറുപടി ലഭിച്ചില്ല. വീണ്ടും ഹിയറിങിന് വിളിച്ചതുമില്ല. കിട്ടിയ പരാതികള്‍ ചാക്കിലാക്കി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസിന്റെ മൂലയ്ക്ക് കെട്ടിവച്ച ശേഷമാണ് പ്ലാന്റ് തുടങ്ങാന്‍ അനുമതി നല്‍കിയിരിക്കുന്നതെന്നും സംരക്ഷണ സമിതി ആരോപിച്ചു.

പബ്ലിക് ഹിയറിങിന് ശേഷം സി.പി.എം നേതാക്കള്‍ ഒരു വാക്ക് മിണ്ടിയിട്ടില്ല. എന്നാല്‍, ഇമേജ് പ്ലാന്റ് സ്ഥാപിക്കുവാനുള്ള നീക്കം വേഗത്തില്‍ നടക്കുകയാണ്. വ്യവസായ യൂണിറ്റ് എന്ന പേരിലാണ് മാലിന്യ നിര്‍മാര്‍ജന പ്ലാന്റ് നിര്‍മിക്കുന്നത്. ആറു ജില്ലകളിലെ ആശുപത്രികള്‍, ലബോറട്ടറികള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ബയോമെഡിക്കല്‍ മാലിന്യമാണ് ഇവിടെ സംസ്‌കരിക്കാന്‍ തയാറെടുക്കുന്നത്. പ്രതിദിനം അരലക്ഷം ടണ്‍ വെള്ളമാണ് ഇതിനായി വേണ്ടി വരുന്നത്. മനുഷ്യരുടെ രോഗം ബാധിച്ച ശരീരാവയവങ്ങളും ഭാഗങ്ങളുമാണ് ഇവിടെ സംസ്‌കരിക്കുന്നത്. ചുറ്റുപാടുമുള്ള ജനങ്ങള്‍ക്ക് ഗുരുതരമായ രോഗമാകും ഇതുമൂലം ഉണ്ടാവുക. നിലവില്‍ കിന്‍ഫ്ര പാര്‍ക്കില്‍ അഞ്ച് പ്ലാസ്റ്റിക് നിര്‍മാണ യൂണിറ്റുകള്‍, മൂന്ന് ടാര്‍ യൂണിറ്റുകള്‍, എട്ട് പാറമടകള്‍ എന്നിവയുണ്ട്. ഇതു കാരണം പരിസരത്തുളള നിരവധി പേര്‍ രോഗികളായി മാറിയിരിക്കുകയാണ്. കാന്‍സര്‍, വന്ധ്യത, ശ്വാസകോശ രോഗങ്ങള്‍, വൃക്ക, കരള്‍ രോഗങ്ങള്‍ എന്നിവ ഇവിടെ വ്യാപകമാണ്.

പരിസ്ഥിതി മലിനീകരണം കടുത്ത തോതിലുണ്ട്. മന്ത്രി നിയമസഭയില്‍ പറഞ്ഞത് പരിശോധിച്ചതിന് ശേഷമേ അനുമതി കൊടുക്കൂവെന്നാണ്. സ്ഥലം എം.എല്‍.എ കെ.യു. ജനീഷ്‌കുമാര്‍ പറഞ്ഞത് മനുഷ്യന്റെ ശരീരഭാഗങ്ങള്‍ സംസ്‌കരിക്കുന്നത് ഒഴിവാക്കി പ്ലാന്റിന് അനുമതി കൊടുക്കാമെന്നാണ്. ഇമേജിന്റെ പാലക്കാട് പുതുശേരിയിലെ ബയോമെഡിക്കല്‍ പ്ലാന്റിനെതിരേ സമരം നടന്നു വരികയാണ്. 26 ഏക്കറില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റ് ഇത്രത്തോളം മലിനീകരണം സൃഷ്ടിക്കുന്നുവെങ്കില്‍ വെറും മൂന്ന് ഏക്കറില്‍ പ്രതിദിനം 20 മെട്രിക് ടണ്‍ സംസ്‌കരണം നടക്കുന്ന ഏനാദിമംലത്തെ പ്ലാന്റ് എത്രത്തോളം പാരിസ്ഥിതികാഘാതം സൃഷ്ടിക്കുമെന്ന് നേതാക്കള്‍ ചോദിച്ചു. പ്ലാന്റ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും സമരം ശക്തമാക്കുമെന്നും സംരക്ഷണസമിതി ഭാരവാഹികളായ പി. രവീന്ദ്രന്‍ നായര്‍, കെ. മന്മഥന്‍ നായര്‍, എന്‍.കെ. സതികുമാര്‍, ആര്‍. സുനീഷ് കുമാര്‍, ചന്ദ്രമതിയമ്മ, എ.എന്‍. അശോക് കുമാര്‍, ശംഭു വി. നായര്‍ എന്നിവര്‍ പറഞ്ഞു.

Tags:    

Similar News