'ഇടതുപക്ഷം ഇടതുപക്ഷമല്ലാതായി, വിഎസിന് നല്‍കിയ 'ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ്' എനിക്കും നല്‍കി'! ചുവപ്പ് വിട്ട് 'കൈ'പിടിച്ച് എ.സുരേഷ്; പാലക്കാട്ടെ പുതുയുഗ യാത്രയില്‍ ട്വിസ്റ്റ്; 13 വര്‍ഷത്തെ വേദനയ്ക്ക് കോണ്‍ഗ്രസ് മരുന്ന്; മലമ്പുഴയില്‍ യു.ഡി.എഫ്. സ്വതന്ത്രനായി മത്സരിക്കും? വിസ്മയങ്ങള്‍ തുടങ്ങുന്നതേയുള്ളു എന്ന് വി ഡി സതീശന്‍
ചുവപ്പ് വിട്ട് 'കൈ'പിടിച്ച് എ.സുരേഷ്
പാലക്കാട്: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് എ. സുരേഷ് കോണ്‍ഗ്രസ് വേദിയിലെത്തി. പാലക്കാട്ട് നടന്ന പുതുയുഗയാത്രയില്‍ വെച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഷാള്‍ അണിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചു. മലമ്പുഴയില്‍ യു.ഡി.എഫ്. പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് സുരേഷിന്റെ ഈ നീക്കം.
സി.പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട് 13 വര്‍ഷത്തിനുശേഷമാണ് സുരേഷ് കോണ്‍ഗ്രസ് വേദിയിലെത്തിയിരിക്കുന്നത്. '13 വര്‍ഷത്തെ വേദന മാറി' എന്നും 'വി.എസിനുള്ള ശിക്ഷയാണ് തനിക്ക് ലഭിച്ചത്' എന്നും അദ്ദേഹം പ്രതികരിച്ചു. സി.പി.എമ്മിനെ സ്‌നേഹിക്കുന്നവര്‍ പോലും നിലവിലെ ഭരണത്തില്‍ അതൃപ്തരാണെന്നും സുരേഷ് ആരോപിച്ചു.
ഇന്നലെ വരെ താന്‍ അനുഭവിച്ച മാനസിക സമ്മര്‍ദ്ദം വളരെ വലുതാണെന്നും ഇടതുപക്ഷത്തിന്റെ അപചയമാണ് തന്നെ മാറി ചിന്തിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. വി.എസ്. അച്യുതാനന്ദന് പാര്‍ട്ടി നല്‍കിയ 'കാപ്പിറ്റല്‍ പണിഷ്‌മെന്റ്' തനിക്കും ലഭിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ 13 വര്‍ഷമായി അനുഭവിച്ച വേദന ഇന്ന് അവസാനിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നെഹ്റുവിയന്‍ സോഷ്യലിസത്തിലൂടെ യഥാര്‍ത്ഥ ഇടതുപക്ഷ മൂല്യങ്ങള്‍ നടപ്പിലാക്കുന്നത് ഇപ്പോള്‍ യുഡിഎഫ് ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മലമ്പുഴയില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന്, അത് യുഡിഎഫ് നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സുരേഷിനൊപ്പം ഇടതു സഹയാത്രികനായിരുന്ന ഹസ്‌കറും പുതുയുഗയാത്രയുടെ വേദിയിലെത്തി യുഡിഎഫിനൊപ്പം ചേര്‍ന്നു.
സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അടുത്തിടെ നടത്തിയ പ്രസ്താവനയാണ് മലമ്പുഴയില്‍ യു.ഡി.എഫ്. സ്വതന്ത്രനായി മത്സരിക്കാനുള്ള സുരേഷിന്റെ തീരുമാനത്തിന് പിന്നില്‍. പുറത്താക്കിയവരെ തിരിച്ചെടുക്കില്ലെന്നും എത്ര അപ്പീല്‍ നല്‍കിയാലും ഫലമില്ലെന്നുമായിരുന്നു ഗോവിന്ദന്റെ പ്രസ്താവന.
2013 മേയ് 12, 13 തീയതികളില്‍ ചേര്‍ന്ന സി.പി.എം. കേന്ദ്ര കമ്മിറ്റി യോഗമാണ് എ. സുരേഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. പാര്‍ട്ടി കമ്മിറ്റിയിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി, വി.എസിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ വാര്‍ത്തകള്‍ നിര്‍മിച്ച് മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്തു എന്നിവയായിരുന്നു അദ്ദേഹത്തിനെതിരെയുള്ള കുറ്റങ്ങള്‍. സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കളായ വൈക്കം വിശ്വന്‍, എ. വിജയരാഘവന്‍ എന്നിവരടങ്ങിയ കമ്മിഷന്റെ ശുപാര്‍ശ പ്രകാരമായിരുന്നു ഈ നടപടി.
നേരത്തെ, മത്സരിക്കുകയാണെങ്കില്‍ മലമ്പുഴയില്‍ സ്വതന്ത്രനായി മാത്രമായിരിക്കും മത്സരിക്കുകയെന്നും കോണ്‍ഗ്രസിലേക്ക് പോകില്ലെന്നും എ. സുരേഷ് വ്യക്തമാക്കിയിരുന്നു. ഇടതുപക്ഷ മനസ്സുള്ള നിരവധി പേര്‍ തന്റെ കൂടെയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
കാരുണ്യത്തിന്റെ കൈത്താങ്ങുമായി സതീശന്‍
രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ക്കിടെ മാനുഷികമായ ഒരു ഇടപെടലിനും സമാപന വേദി സാക്ഷ്യം വഹിച്ചു. ചികിത്സയ്ക്കിടെ കൈ മുറിച്ചു മാറ്റേണ്ടി വന്ന വിനോദിനിക്ക് വീട് വയ്ക്കുന്നതിനായി ഭൂമിയുടെ രേഖകള്‍ വി.ഡി. സതീശന്‍ കൈമാറി. വരും ദിവസങ്ങളില്‍ കൂടുതല്‍ രാഷ്ട്രീയ വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് ഈ അവസരത്തില്‍ പ്രഖ്യാപിച്ചു.
