ഹൈന്ദവ വിശ്വാസം ഒരു രോഗമാണെന്ന് പോലും പറഞ്ഞ മകന്‍; ഇതെല്ലാം ഓരോ ഹിന്ദുവിന്റെയും മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്; ഇത് ഒരിക്കലും മറക്കുകയോ പൊറുക്കുകയോ ഇല്ലെന്ന് രാജീവ് ചന്ദ്രശേഖറിന്റെ നിലപാട് നിര്‍ണ്ണായകമായി; ആഗോള അയ്യപ്പ സംഗമത്തിന് പമ്പയില്‍ സ്റ്റാലിന്‍ എത്തില്ല; തമിഴ്‌നാട് മുഖ്യമന്ത്രിയെ അകറ്റിയത് പ്രതിഷേധമോ?
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ പ്രതിഷേധ സാധ്യത തമിഴ്‌നാട്ടിലും എത്തി. അതുകൊണ്ട് തന്നെ അതില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ എത്തില്ല. പകരം തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രതിനിധികള്‍ എത്തും. അയ്യപ്പ സംഗമത്തില്‍ മുഖ്യാതിഥിയായി സ്റ്റാലിനെയായിരുന്നു സര്‍ക്കാര്‍ നേരത്തെ നിശ്ചയിച്ചിരുന്നത്. ഇതിനെതിരെ ബിജെപി രംഗത്തു വന്നിരുന്നു. സ്റ്റാലിന്‍ എത്തിയാല്‍ തടയുമെന്ന് ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സ്റ്റാലിന്‍ പിന്മാറുന്നത്.
ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ ചെന്നൈയില്‍ നേരിട്ടെത്തി സ്റ്റാലിനെ സംഗമത്തിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ ഈ സമയത്ത് മറ്റു പരിപാടികളുണ്ടെന്നും തിരക്കിലാണെന്നും സ്റ്റാലിന്റെ ഓഫീസില്‍ നിന്ന് അറിയിച്ചതായാണ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍ സര്‍ക്കാര്‍ അന്ന് സ്റ്റാലിന്‍ വരുമെന്ന തരത്തിലാണ് പ്രചരിപ്പിച്ചത്. ഇതിന് ശേഷമാണ് വിവാദങ്ങളുണ്ടായത്. ഈ സാഹചര്യത്തില്‍ പ്രതിനിധികളായി തമിഴ്‌നാട് ദേവസ്വം മന്ത്രി പി.കെ. ശേഖര്‍ ബാബു എത്തുമെന്നാണ് റിപ്പോര്‍ട്ട്. ബിജെപി പ്രതിഷേധിച്ചാല്‍ അത് കേരളത്തിനും നാണക്കേടാകുമായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും അയ്യപ്പഭക്തരുടെ വിശ്വാസത്തെ ദുരുപയോഗം ചെയ്യുകയാണെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇത് തടയുമെന്നും സ്റ്റാലിനും പിണറായി വിജയനും വര്‍ഷങ്ങളായി ശബരിമലയെയും അയ്യപ്പഭക്തരെയും ഹൈന്ദവ വിശ്വാസത്തെയും തകര്‍ക്കാനും അപമാനിക്കാനും നിരവധി നടപടികള്‍ ചെയ്തവരാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചിരുന്നു. ഹിന്ദുത്വത്തിനെതിരെ സ്റ്റാലിന്റെ മകന്‍ കൂടിയായ മന്ത്രി ഉദയനിധി സ്റ്റാലിന്‍ നടത്തിയ പ്രസ്താവനകളും ബിജെപി ചര്‍ച്ചയാക്കി.
പിണറായി വിജയന്‍ നിരവധി അയ്യപ്പഭക്തരെ ജയിലിലടച്ചു, അവര്‍ക്കെതിരേ കേസെടുത്തു. പോലീസ് അതിക്രമം അഴിച്ചുവിട്ടു. ശബരിമലയുടെ ആചാരങ്ങളെ ലംഘിക്കാനും അപമാനിക്കാനും സാധ്യമായതെല്ലാം ചെയ്തു. സ്റ്റാലിനും അദ്ദേഹത്തിന്റെ മകനും ഹിന്ദുക്കളെ ആവര്‍ത്തിച്ച് അപമാനിക്കുകയും ഹൈന്ദവ വിശ്വാസം ഒരു രോഗമാണെന്ന് പോലും പറഞ്ഞവരുമാണ്. ഇതെല്ലാം ഓരോ ഹിന്ദുവിന്റെയും മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്. ഇത് ഒരിക്കലും മറക്കുകയോ പൊറുക്കുകയോ ഇല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
സെപ്റ്റംബര്‍ ഇരുപതാം തീയതി പമ്പാതീരത്താണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. എം.കെ സ്റ്റാലിന് പകരം രണ്ട് മന്ത്രിമാരെ നിയോഗിച്ചു. തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ ശേഖര്‍ബാബു, ഐടി മന്ത്രി പഴനിവേല്‍ ത്യാഗരാജന്‍ എന്നിവര്‍ ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുമെന്നാണ് മുഖ്യമന്ത്രി സ്റ്റാലിന്‍ അറിയിച്ചിട്ടുള്ളത്. ആഗോള അയ്യപ്പഭക്തരെ ഒരു വേദിയില്‍ എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. സംഗമത്തില്‍ 3000 പ്രതിനിധികള്‍ പങ്കെടുക്കും.