പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത് വിട്ട് അധികൃതര്‍ തടി തപ്പുകയാണോ? എയര്‍ ഇന്ത്യ വിമാനത്തിന് അഹമ്മദാബാദില്‍ യഥാര്‍ഥത്തില്‍ എന്ത് സംഭവിച്ചു എന്നറിയാന്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അവകാശമില്ലേ? ബ്ലാക്ക് ബോക്സ് റിപ്പോര്‍ട്ട് പുറത്ത് വിടണം എന്നാവശ്യപ്പെട്ട് ബന്ധുക്കള്‍

പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത് വിട്ട് അധികൃതര്‍ തടി തപ്പുകയാണോ?

Update: 2025-08-11 05:14 GMT

അഹമ്മദാബാദ്: കഴിഞ്ഞ ജൂണില്‍ നടന്ന അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാന അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ വിമാനത്തിന്റെ രണ്ട് ഫ്ലൈറ്റ് റെക്കോര്‍ഡറുകളില്‍ നിന്നുള്ള ഡാറ്റ ഉടന്‍ പുറത്തുവിടണമെന്ന ആവശ്യവുമായി രംഗത്ത്്. ഇക്കാര്യം അവര്‍ ഔദ്യോഗികമായി തന്നെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ ഉണ്ടായ കാലതാമസം അന്വേഷണത്തിലുള്ള പൊതുജനവിശ്വാസത്തെ ഗുരുതരമായി തകര്‍ക്കുന്നു എന്നാണ് അവരുടെ വാദം.

ജൂണ്‍ 12 ന് അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് പറന്നുയര്‍ന്ന് ഒരു മിനിറ്റിനുള്ളില്‍ എയര്‍ ഇന്ത്യ ഫ്ലൈറ്റ് 171 അപകടത്തില്‍ പെടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഒരു മെഡിക്കല്‍ കോളേജില്‍ ഇടിച്ചുകയറി, വിമാനത്തിലുണ്ടായിരുന്ന 241 പേരും താഴെയുണ്ടായിരുന്ന 19 പേരും മരിച്ചിരുന്നു. അപകടത്തില്‍ നിന്ന് ഒരു യാത്രക്കാരന്‍ മാത്രമേ രക്ഷപ്പെട്ടുള്ളൂ. വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്സുകളില്‍ ഒന്ന് അപകടം നടന്ന് 28 മണിക്കൂറിനുള്ളില്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞെങ്കിലും, രണ്ടാമത്തേത് വീണ്ടെടുക്കാന്‍ മൂന്ന് ദിവസമെടുത്തു. രണ്ടും ഡല്‍ഹിയിലേക്ക് കൊണ്ടുപോയി.

ഡാറ്റ വീണ്ടെടുക്കലിനെ തുടര്‍ന്ന് രണ്ട് മണിക്കൂര്‍ കോക്ക്പിറ്റ് ഓഡിയോയും 49 മണിക്കൂര്‍ ഫ്ലൈറ്റ് ഡാറ്റയും ലഭിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പൈലറ്റുമാരുടെ സംഭാഷണങ്ങളില്‍ നിന്ന് വിമാനം എത്ര ഉയരത്തിലായിരുന്നു, വായുവേഗത, തുടങ്ങിയ നിര്‍ണായക ഡാറ്റ ബ്ലാക്ക് ബോക്സുകളില്‍ നിന്നാണ് ലഭിക്കുന്നത്. ഇത് അപകടത്തിന്റെ കാരണം കണ്ടു പിടിക്കാന്‍ അന്വേഷകരെ സഹായിക്കും. അന്താരാഷ്ട്ര നിയന്ത്രണങ്ങള്‍ക്കനുസൃതമായി, അപകടത്തിന് ഒരു മാസത്തിനുശേഷം, ഇന്ത്യന്‍ വ്യോമയാന അധികൃതര്‍ ഒരു പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

ബോയിംഗ് 787 ഡ്രീംലൈനറിന്റെ ഇന്ധന സ്വിച്ചുകള്‍ പരസ്പരം ഒരു സെക്കന്‍ഡിനുള്ളിലും പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയും റണ്‍' എന്നതില്‍ നിന്ന് കട്ട്ഓഫ് എന്നതിലേക്ക് മാറിയെന്നും ഇത് എഞ്ചിനുകള്‍ക്ക് പവര്‍ നഷ്ടപ്പെടാന്‍ കാരണമായി എന്നും റിപ്പോര്‍ട്ട് പറയുന്നു. ഇത് എങ്ങനെ സംഭവിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. വിമാനത്തിലെ രണ്ട് പൈലറ്റുമാര്‍ തമ്മിലുള്ള സംഭാഷണവും അന്വേഷകര്‍ വിലയിരുത്തി. ഒരാള്‍ മറ്റൊരാളോട് എന്തിനാണ് ഇന്ധന സ്വിച്ചുകള്‍ മാറ്റിവെച്ചതെന്ന് ചോദിക്കുന്നു.

രണ്ടാമത്തെ പൈലറ്റ് താന്‍ അങ്ങനെ ചെയ്തില്ലെന്ന് പറയുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരാണ് എന്താണ് പറഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിട്ടില്ല, എന്നാല്‍ മാധ്യമ റിപ്പോര്‍ട്ടുകളില്‍ ഫ്ലൈറ്റ് ക്യാപ്റ്റന്‍ സുമീത് സബര്‍വാളിനോട് വിമാനത്തിന്റെ ഇന്ധന വിതരണ സ്വിച്ചുകള്‍ എന്തിനാണ് ഓഫാക്കിയതെന്ന് ചോദിച്ചത് കോ-പൈലറ്റ് ക്ലൈവ് കുന്ദറാണെന്ന് വെളിപ്പെടുത്തിയിരുന്നു. പൂര്‍ണ്ണമായ തോതില്‍ അന്വേഷണം നടത്താന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് അധികൃതര്‍ വാദിക്കുന്നത്.. എന്നാല്‍ ഇരകളുടെ കുടുംബങ്ങള്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ നിരാശരാണ്.

അപകടത്തില്‍ നിരവധി കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ഇംതിയാസ് അലി സയീദ് ബ്ലാക്ക് ബോക്സ് റിപ്പോര്‍ട്ട് പുറത്ത് വിടണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. മറ്റ് കുടുംബങ്ങള്‍ക്കും കൂടി വേണ്ടിയാമ് താന്‍ സംസാരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിമാനങ്ങളിലെ കോക്ക്പിറ്റില്‍ വീഡിയോ ക്യാമറകള്‍ വേണോ വേണ്ടയോ എന്ന കാര്യത്തില്‍ വിദഗ്ധര്‍ക്കിടയില്‍ വീണ്ടും ചര്‍ച്ചയ്ക്ക് ഈ സംഭവം തുടക്കമിട്ടിരിക്കുകയാണ്.

Tags:    

Similar News