രാജസ്ഥാനിലെ ചുരുവില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണു; രണ്ട് പൈലറ്റുമാര്‍ മരിച്ചതായി വിവരം; സ്ഥലത്ത് നിന്ന് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി; പരിശീലനപ്പറക്കലിനിടെ അപകടത്തില്‍പെട്ടത് ജഗ്വാര്‍ ഫൈറ്റര്‍ ജെറ്റ്
രാജസ്ഥാനിലെ ചുരുവില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണു
ജയ്പുര്‍: രാജസ്ഥാനിലെ ചുരുവില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണു. രണ്ട് പൈലറ്റുമാര്‍ മരിച്ചതായി വിവരം. മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഭാനുഡ ഗ്രാമത്തിന് സമീപം ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ജാഗ്വര്‍ ഫൈറ്റര്‍ ജറ്റ് തകര്‍ന്നുവീണത്. വിമാനം പൂര്‍ണമായും കത്തിനശിച്ചു. അപകടം നടന്ന സ്ഥലത്തുനിന്ന് ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ട് പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
സൂറത്ത്ഗഡ് വ്യോമതാവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് അപകടത്തില്‍പെട്ടത്. പരിശീലനപ്പറക്കലിനിടെയാണ് അപകടമെന്നാണ് സൂചന. അതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. ചുരുവിലെ ഗ്രാമീണ മേഖലയില്‍ ഒരു വയലിലാണ് വിമാനം തകര്‍ന്നു വീണത്.
സംഭവത്തില്‍ വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് സമീപത്ത് നിന്ന് രണ്ട് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. പ്രദേശവാസികളായ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്.
ആറ് സ്‌ക്വാഡ്രണുകളിലായി 120 ജഗ്വാര്‍ ഫൈറ്റര്‍ ജെറ്റുകളാണ് ഇന്ത്യയ്ക്കുള്ളത്. ഈ വര്‍ഷത്തെ മൂന്നാമത്തെ ജഗ്വാര്‍ ഫൈറ്റര്‍ ജെറ്റ് വിമാനാപകടമാണിത്. മാര്‍ച്ച് ഏഴിന് ഹരിയാനയിലെ പഞ്ച്കുളയിലാണ് ആദ്യ അപകടമുണ്ടായത്. ഏപ്രില്‍ രണ്ടിന് ഗുജറാത്തിലെ ജാംനഗറിലും ഫൈറ്റര്‍ ജെറ്റ് തകര്‍ന്നുവീണു.ഒറ്റ, ഇരട്ട സീറ്റ് വേരിയന്റുകളില്‍ ലഭ്യമായ ഇരട്ട എഞ്ചിന്‍ ഫൈറ്റര്‍- ബോംബറാണ് ജഗ്വാര്‍. വിന്റേജ് വിമാനങ്ങളായി കണക്കാക്കുന്നവയാണെങ്കിലും വ്യോമസേന വ്യാപകമായി ഉപയോഗിക്കുന്ന വിമാനങ്ങളാണിത്.
രാജസ്ഥാനിലെ ജോധ്പുരിലും ബിക്കാനീറിലും ഉള്‍പ്പെടെ വ്യോമതാവളങ്ങളുണ്ട്. ഏപ്രിലില്‍ ഗുജറാത്തിലെ ജാംനഗറിന് സമീപം വ്യോമസേനയുടെ ഒരു ജാഗ്വര്‍ യുദ്ധവിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചിരുന്നു.