ആശങ്കയുടെ രണ്ടര മണിക്കൂര്‍; കുഞ്ഞുങ്ങളടക്കം 141 ജീവനുകള്‍; യാത്രക്കാര്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയപ്പോള്‍ കര്‍മ്മനിരതരായി പൈലറ്റുമാര്‍: പൈലറ്റിനും സഹപൈലറ്റിനും കയ്യടിച്ച് രാജ്യം

പൈലറ്റിനും സഹപൈലറ്റിനും കയ്യടിച്ച് രാജ്യം

Update: 2024-10-12 04:33 GMT

ചെന്നൈ: മണിക്കൂറുകള്‍ നീണ്ടു നിന്ന ആശങ്കകള്‍ക്കൊടുവിലാണ് തിരുച്ചിറപ്പള്ളി-ഷാര്‍ജ വിമാനം നിലത്തിറക്കിയത്. ആകാശത്ത് വട്ടമിട്ടു പറക്കുന്ന വിമാനത്തിന്റെ ദൃശ്യം രാജ്യത്തെ മുഴുവന്‍ ഭയപ്പാടിലാക്കി. കണ്ണീരും കയ്യും പ്രാര്‍ത്ഥനകളുമായി യാത്രക്കാരും ബന്ധുക്കളും ഈശ്വരനെ വിളിച്ചപ്പോള്‍ ഭയം മാറ്റിവെച്ച് കര്‍മ്മനിരതരായിരുന്നു ആ വിമാനത്തിലെ പൈലറ്റം സഹ പൈലറ്റും. തങ്ങളെ വിശ്വസിച്ച് വിമാനത്തില്‍ കയറിയ എല്ലാവരുടെയും ജീവന്‍ സുരക്ഷിതമായി നിലത്തെത്തിക്കാനുള്ള അതി തീവ്ര ശ്രമത്തിലായിരുന്നു അവര്‍ ഇരുവരും.

ഒടുവില്‍ രണ്ടര മണിക്കൂറത്തെ അനിശ്ചിതത്വത്തിനു ശേഷം വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ പൈലറ്റിനും സഹ പൈലറ്റിനും കയ്യടിക്കുകയാണ് രാജ്യം. ഇരുവരേയും അഭിനന്ദന പ്രവാഹം കൊണ്ടു മൂടുകയാണ് സോഷ്യല്‍ മീഡിയ. കനത്ത സമ്മര്‍ദ്ദങ്ങള്‍ക്കും ഭീതിയ്ക്കും നടുവിലും കുഞ്ഞുങ്ങളടക്കം 141 പേരുടെ ജീവന്‍ കയ്യില്‍ പിടിച്ചാണ് ഇഖ്‌റോ റിഫാദലിയും വനിതാ സഹപൈലറ്റായ മൈത്രേയി ശ്രീകൃഷ്ണയും ചേര്‍ന്ന് വിമാനം സുരക്ഷിതമായി താഴെയിറക്കിയത്.

പൈലറ്റുമാരുടെ അനുഭവ സമ്പത്ത് അടിയന്തര ഘട്ടത്തില്‍ തുണയായി എന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതിസമ്മര്‍ദ്ദത്തെ ഉത്തരവാദിത്ത ബോധവും അനുഭവ സമ്പത്തും കൊണ്ട് നേരിടുകയായിരുന്നു ഇരുവരും. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പറഞ്ഞു. പൈലറ്റുമാരെയും ക്യാബിന്‍ ക്രൂവിനെയും തമിഴ്നാട് മുഖ്യമന്ത്രി എക്‌സിലൂടെ അഭിനന്ദിച്ചു.

തിരുച്ചിറപ്പള്ളി ഷാര്‍ജ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം (അതആ613) പറയുന്നയര്‍ന്ന ഉടനെ തന്നെ സാങ്കേതിക തകരാര്‍ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. നിറയെ ഇന്ധനമുള്ളതിനാല്‍ ലാന്‍ഡ് ചെയ്യാനും യാത്ര തുടരാനും സാധിക്കാത്ത അവസ്ഥയായി. വിമാനത്തിലെ ഇന്ധനം കത്തിതീര്‍ക്കുക എന്നതായിരുന്നു പിന്നീട് മുന്‍പിലുള്ള ഏക മാര്‍ഗം. ഇതിനു വേണ്ടിയാണ് ആകാശത്ത് രണ്ടര മണിക്കൂറോളം വട്ടമിട്ടു പറന്നത്. തുടര്‍ന്നായിരുന്നു അടിയന്തര ലാന്‍ഡിങ്.

Tags:    

Similar News