വിമാനത്താവളത്തിലെ എയര്‍ ട്രാഫിക്ക് കണ്‍ട്രോളര്‍ ഉറങ്ങിപ്പോയി; ലാന്‍ഡ് ചെയ്യാന്‍ കഴിയാതെ ആകാശത്ത് ചുറ്റിത്തിരിഞ്ഞ് വിമാനം; വിമാനം ലാന്‍ഡ് ചെയ്തത് ഒരു മണിക്കൂര്‍ വൈകി
വിമാനത്താവളത്തിലെ എയര്‍ ട്രാഫിക്ക് കണ്‍ട്രോളര്‍ ഉറങ്ങിപ്പോയി; ലാന്‍ഡ് ചെയ്യാന്‍ കഴിയാതെ ആകാശത്ത് ചുറ്റിത്തിരിഞ്ഞ് വിമാനം
പാരീസ്: വിമാനത്താവളത്തിലെ എയര്‍ ട്രാഫിക്ക് കണ്‍ട്രോളര്‍ ഉറങ്ങിപ്പോയാല്‍ എന്ത് സംഭവിക്കും. ഒരു സംഘം വിനോദ സഞ്ചാരികള്‍ ആകാശത്ത് നട്ടം തിരിയേണ്ടി വന്ന സംഭവമാണ് ഇപ്പോള്‍ പാശ്ചാത്യ മാധ്യമങ്ങളില്‍ നിറയുന്നത്. അജാസിയോയിലെ വിമാനത്താവളത്തിലാണ് സംഭവം നടന്നത്. കണ്‍ട്രോളര്‍ ജോലിക്കിടെ നല്ല ഉറക്കമായ സമയത്താണ് പാരീസില്‍ നിന്നുള്ള വിമാനം നിറയെ യാത്രക്കാരുമായി വിമാനത്താവളത്തിലേക്ക് എത്തുന്നത്.
എന്നാല്‍ ലാന്‍ഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിമാനത്താവളത്തില്‍ നിന്ന് യാതൊരു പ്രതികരണവും ലഭിക്കാത്ത സാഹചര്യത്തില്‍ പൈലറ്റിന് വിമാനത്തെ വിമാനത്താവളത്തിന് ചുറ്റും പല തവണ ചുറ്റിക്കറങ്ങേണ്ടി വന്നു. ഫ്രാന്‍സിന്റെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പാരീസ് ഓര്‍ലി വിമാനത്താവളത്തില്‍ നിന്ന് അജാസിയോയിലേക്കുള്ള എയര്‍ കോര്‍സിക്ക വിമാനം 18 മിനിറ്റ് മെഡിറ്ററേനിയന്‍ കടലിന് മുകളില്‍ വട്ടമിട്ട് പറക്കാന്‍ നിര്‍ബന്ധിതമായി എന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.
പൈലറ്റ് വളരെ നേരം വിമാനത്താവളത്തില്‍ ചുറ്റി സഞ്ചരിച്ചുകൊണ്ടിരുന്നതിനെ തുടര്‍ന്ന് തുറമുഖ നഗരമായ ബാസ്റ്റിയയിലേക്ക് വഴിതിരിച്ചുവിടാനായി ചില നീക്കങ്ങള്‍ നടത്തിയിരുന്നു. ഒടുവില്‍ എയര്‍ ട്രഫിക് കണ്‍ട്രോളറെ ആരോ വിളിച്ചുണര്‍ത്തിയതിന് ശേഷമാണ് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. ഒരു മണിക്കൂര്‍ വൈകിയാണ് വിമാനം എത്തിയത്. വിമാനത്തിന്റെ വരവ് കാത്തിരുന്ന കണ്‍ട്രോളര്‍ അറിയാതെ ഉറങ്ങിപ്പോയിരുന്നു.
2,400 മീറ്റര്‍ നീളമുള്ള റണ്‍വേയിലെ ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാനും അദ്ദേഹം വിട്ടുപോയിരുന്നു. വിമാനത്താവളത്തിലെ അഗ്നിശമന സേനാംഗങ്ങള്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്ന സമയത്താണ് പൈലറ്റ് വിമാനത്താവളം ചുറ്റാന്‍ തീരുമാനിച്ചത്. ഒടുവില്‍ പോലീസുകാര്‍ എത്തിയതിന് ശേഷമാണ് ജീവനക്കാര്‍ക്ക് ഒടുവില്‍ ടവറില്‍ കയറി ജീവനക്കാരനെ ഉണര്‍ത്താന്‍ കഴിഞ്ഞത്.
പതിറ്റാണ്ടുകളുടെ കരിയറില്‍ തനിക്ക് ഇത്തരമൊരു സാഹചര്യം കൈകാര്യം ചെയ്യേണ്ടി വന്നിട്ടില്ല എന്നാണ് പൈലറ്റ് പിന്നീട്, മാധ്യമങ്ങളോട് പറഞ്ഞത്. യാത്രക്കാര്‍ ഈ വിഷയം തമാശയായി കാണുകയും അങ്ങനെ തന്നെ
കൈകാര്യം ചെയ്യുകയും ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്‍ട്രോളര്‍ മദ്യപിച്ചിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയെങ്കിലും നടപടി എടുക്കുന്ന കാര്യം പരിഗണനയിലാണ്.
കഴിഞ്ഞ വര്‍ഷം ഒരു ബ്രിസ്ബേന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ അതിരാവിലെ ഷിഫ്റ്റിനിടെ കണ്‍ട്രോള്‍ കണ്‍സോളില്‍ ഉറങ്ങിപ്പോയി. കെയ്ന്‍സ് വിമാനത്താവളത്തിലെ ജീവനക്കാരന്‍ നേരത്തെയുള്ള ഷിഫ്റ്റിന് മുമ്പ് തുടര്‍ച്ചയായ രാത്രി ഷിഫ്റ്റുകളില്‍ നിന്ന് ക്ഷീണിതനായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്തോനേഷ്യയ്ക്ക് മുകളിലൂടെ പറക്കുന്നതിനിടെ രണ്ട് പൈലറ്റുമാര്‍ അരമണിക്കൂറോളം ഉറങ്ങിപ്പോയിരുന്നു.
ജനുവരി 25 ന്, ഇന്തോനേഷ്യയിലെ തെക്കുകിഴക്കന്‍ സുലവേസി മേഖലയിലെ ഹാലുവോലിയോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് തലസ്ഥാനമായ ജക്കാര്‍ത്തയിലെ സോക്കര്‍ണോ-ഹട്ട വിമാനത്താവളത്തിലേക്ക് ബാത്തിക് എയര്‍ തിരിച്ചിറങ്ങുന്നതിനിടെ രണ്ട് സഹപൈലറ്റുമാരും ഉറങ്ങിപ്പോകുകയായിരുന്നു. ഉണര്‍ന്നപ്പോള്‍, വിമാനം ശരിയായ റൂട്ടിലല്ലെന്ന് അവര്‍ കണ്ടെത്തി. തുടര്‍ന്ന് പറക്കല്‍ പാത ശരിയാക്കി ജക്കാര്‍ത്തയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയായിരുന്നു.