15 സെന്റ് ചോദിച്ചു, 40 സെന്റ് വിഴുങ്ങി! ഭൂമി കൈമാറ്റ ഉത്തരവ് ഒരിടത്തും കാണാനില്ല; തണ്ടപ്പേരോ കരം അടച്ച രേഖകളോ ഇല്ല; കേരള സര്‍വ്വകലാശാല ഭൂമി കൈയ്യേറിയ കേസില്‍ കുടുങ്ങി സി.പി.എം; എകെജി സെന്ററിന്റെ 'ഭൂമി ഇടപാടി' ല്‍ രേഖകള്‍ തിരഞ്ഞ് സര്‍ക്കാര്‍; നിര്‍ണ്ണായക വാദം മൂന്നാഴ്ചത്തേക്ക് മാറ്റി

എകെജി സെന്ററിന്റെ 'ഭൂമി ഇടപാടി' ല്‍ രേഖകള്‍ തിരഞ്ഞ് സര്‍ക്കാര്‍

Update: 2026-02-12 14:09 GMT

കൊച്ചി: കേരള സര്‍വ്വകലാശാലയുടെ ഉടമസ്ഥതയിലുള്ള ഭൂമി എകെജി സെന്റര്‍ അനധികൃതമായി കൈവശപ്പെടുത്തിയെന്ന ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ സമയം തേടി. 1977-ലെ ഭൂമി കൈമാറ്റ ഉത്തരവ് കണ്ടെത്താനും വിശദമായ സത്യവാങ്മൂലം നല്‍കാനും സര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയതിനെത്തുടര്‍ന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വാദം കേള്‍ക്കുന്നത് മൂന്നാഴ്ചത്തേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍, ജസ്റ്റിസ് ശ്യാം കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ഹര്‍ജിയിലെ പ്രധാന ആരോപണങ്ങള്‍

കേരള സര്‍വ്വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍.എസ്. ശശികുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന ഗൗരവകരമായ കണ്ടെത്തലുകള്‍ ഇവയാണ്:

15 സെന്റ് ഭൂമി എകെജി സെന്ററിന് നല്‍കിയെന്ന് അവകാശപ്പെടുന്ന 1977-ലെ സര്‍ക്കാര്‍ ഉത്തരവ് പുരാവസ്തു വകുപ്പ്, റവന്യൂ വകുപ്പ്, കളക്ടറേറ്റ്, സര്‍വ്വകലാശാല തുടങ്ങി ഒരിടത്തും ലഭ്യമല്ല. അനുവദിച്ചെന്ന് പറയുന്ന 15 സെന്റിന് പകരം 40 സെന്റ് പുറമ്പോക്ക് ഭൂമി ഉള്‍പ്പെടെ കൈവശം വെച്ചിരിക്കുകയാണ്. ഇതിന് തണ്ടപ്പേരോ കരം അടച്ച രേഖകളോ ഇല്ലെന്ന് റവന്യൂ വകുപ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഗവേഷണ ആവശ്യങ്ങള്‍ക്കെന്ന പേരില്‍ വാങ്ങിയ ഭൂമി നിലവില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. കൂടാതെ, യാതൊരു നിയമാനുസൃത അനുമതിയും കൂടാതെയാണ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. സര്‍വ്വകലാശാലാ നിയമങ്ങള്‍ കാറ്റില്‍ പറത്തി പൊതുസമ്പത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വിട്ടുകൊടുത്തത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജി ചൂണ്ടിക്കാട്ടുന്നു.

കോടതിയുടെ നിരീക്ഷണം

ഹര്‍ജി ഫയലില്‍ സ്വീകരിക്കുന്നതിന് മുന്‍പുള്ള പ്രാഥമിക വാദമാണ് ഇപ്പോള്‍ നടക്കുന്നത്. ഭൂമി സംബന്ധിച്ച കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ പഴയ ഉത്തരവുകള്‍ കണ്ടെത്താന്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

എതിര്‍കക്ഷികള്‍

സംസ്ഥാന സര്‍ക്കാര്‍, ഗവര്‍ണര്‍, കേരള സര്‍വ്വകലാശാല, തിരുവനന്തപുരം കോര്‍പ്പറേഷന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവരെയാണ് ഹര്‍ജിയില്‍ എതിര്‍കക്ഷികളാക്കിയിരിക്കുന്നത്. ഹര്‍ജിക്കാരന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം ഹാജരായി.

സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, സര്‍വ്വകലാശാലയുടെ ആസ്തികള്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നത് ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് തിരിച്ചടിയാണെന്ന ആക്ഷേപം ശക്തമാണ്.

Tags:    

Similar News