പണിക്കൂലിയില്ലാതെ സ്വര്‍ണം എന്ന് പരസ്യം ചെയ്ത് അല്‍ മുക്താദിര്‍ തട്ടിപ്പ് നടത്തുകയാണോ? പരിശുദ്ധ നാമങ്ങള്‍ ദുരുപയോഗിച്ച് നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയെന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത് സ്വര്‍ണ വ്യാപാരികളുടെ സംഘടന: ഐക്യരാഷ്ട്രസഭ പുരസ്‌കാരം നല്‍കിയെന്ന് അവകാശപ്പെട്ട സ്വര്‍ണ മുതലാളി വീണ്ടും വിവാദത്തില്‍

പണിക്കൂലിയില്ലാതെ സ്വര്‍ണം എന്ന് പരസ്യം ചെയ്ത് അല്‍ മുക്താദിര്‍ തട്ടിപ്പ് നടത്തുകയാണോ?

Update: 2025-01-02 13:21 GMT

തിരുവനന്തപുരം: അടുത്തകാലത്തായി പത്രങ്ങളില്‍ വന്‍തോതില്‍ പരസ്യം നല്‍കി ജുവല്ലറി ബിസിനസ് നടത്തുന്ന സ്ഥാപനമാണ് അല്‍ മുക്താദിര്‍ ഗ്രൂപ്പ്. പാരമ്പര്യമായി കാലങ്ങളായി ജുവല്ലറി ബിസിനസ് നടത്തുന്നവരെ പോലും കടത്തിവെട്ടുന്ന വിധത്തിലാണ് ഇവരുടെ പരസ്യങ്ങള്‍. അതുകൊണ്ട് തന്നെ ഈ ജുവല്ലറി ഗ്രൂപ്പിനെതിരെ ചോദ്യങ്ങള്‍ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇതിനിടെ സ്ഥാപനത്തില്‍ ആദായനികുതി വകുപ്പിന്റെ പരിശോധനയും നടക്കുകയുണ്ടായി. എങ്കിലും ഇവരുടെ ജുവല്ലറി പരസ്യവും ബിസിനസും മുന്നോട്ടാണ്.

ജുവല്ലറി ബിസിനസ് എന്ന മാതൃക കാട്ടി പലരില്‍ നിന്നും പണം ഡിപ്പോസിറ്റ് ചെയ്യിച്ചു കൊണ്ടാണ് അല്‍ മുക്താദിര്‍ ഗ്രൂപ്പു പ്രവര്‍ത്തിക്കുന്നത്. ഈ മാതൃകയില്‍ വലിയ നിക്ഷേപകര്‍ ഈ ജുവല്ലറിയില്‍ ഉണ്ടെന്നാണ് സൂചനകള്‍. എല്ലാ ആഭരണങ്ങളും പണിക്കൂലി ഇല്ലാതെ വാങ്ങിക്കാം എന്ന വന്‍ പരസ്യമാണ് ഈ ജുവല്ലറി ഗ്രൂപ്പിനെ വളര്‍ത്തിയത്. അതോടൊപ്പം ഹലാല്‍ പലിശ വാഗ്ദാനം നല്‍കിയതോടെ ഇവര്‍ക്കെതിരെ വലിയ വിമര്‍ശനങ്ങളും പരാതികളുമുണ്ടായി. ഇന്ത്യ ഗവണ്‍മെന്റ് നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ആഭരണങ്ങളല്ല വില്‍ക്കുന്നതെന്നായിരുന്നു ആരോപണം ഉയര്‍ന്നതോടെ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് പരിശോധനയും നടത്തി.

ഇപ്പോഴിതാ അല്‍മുക്താദിര്‍ ഗ്രൂപ്പിനെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തുവന്നിരിക്കയാണ് സ്വര്‍ണ്ണവ്യാപാരികളുടെ സംഘടനയുടെ നേതാവ്. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (AKGSMA) സംസ്ഥാന ട്രഷറര്‍ അഡ്വ.എസ്.അബ്ദുല്‍ നാസറാണ് കേരളത്തിലെ പ്രമുഖ ജുവല്ലറിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്. പരിശുദ്ധ നാമങ്ങള്‍ ദുരുപയോഗം ചെയ്തു കേരളത്തിലെ സ്വര്‍ണാഭരണ മേഖലയിലേക്ക് ഹലാല്‍ പലിശ തട്ടിപ്പുമായാണ് ജുവല്ലറി എത്തിയതെന്നാണ് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന സംഘടനയുടെ നേതാവ് തന്നെ ഉയര്‍ത്തുന്ന ആരോപണം.

പൂജ്യം ശതമാനം പണിക്കൂലിയില്‍ സ്വര്‍ണാഭരണങ്ങള്‍ നല്‍കുമെന്ന് പറഞ്ഞ് പത്രമാധ്യമങ്ങളില്‍ മുന്‍പേജ് ജാക്കറ്റ് പരസ്യങ്ങള്‍ നല്‍കി സമുദായത്തിലെ ഒരു വിഭാഗം ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ച് വന്‍തോതില്‍ പണം തട്ടിയിയെന്നും അബ്ദുല്‍ നാസര്‍ ആരോപിക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ക്ക് മറയാക്കാന്‍ വേണ്ട തട്ടിക്കൂട്ട് ഡോക്ടറേറ്റും,നിരവധി ഹോണററി ബിരുദങ്ങളും ഈ കാലയളവില്‍ ഇയാള്‍ വിലയ്ക്ക് വാങ്ങിയിട്ടുണ്ടെന്നുമാണ് ആരോപണം. അല്‍ മുക്താദിര്‍ ഗ്രൂപ്പ് 2000 കോടിയുമായി മുങ്ങിയെന്ന് പോലും ആരോപണം ഉയര്‍ത്തുന്നു.

ഉപഭോക്താക്കാള്‍ ഇവരുടെ വലയില്‍ വീഴാതിരിക്കാനും അവരെ പിന്തിരിപ്പിക്കാനും അസോസിയേഷന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍ അസോസിയേഷന്‍ പറഞ്ഞതിനെ മുഖവിലയ്ക്കെടുക്കാതെ കൂടുതല്‍ കൂടുതല്‍ ആളുകള്‍ പരസ്യത്തിലടക്കം വീണ് തട്ടിപ്പിനിരയാവുകയാണ് ചെയ്തതെന്നും അഡ്വ. അബ്്ദുല്‍ നാസര്‍ ആരോപിക്കുന്നു. മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാമാണ് അല്‍ മുക്താദിര്‍ ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനും സി.ഇ.ഒയും. ഇദ്ദേഹത്തെ ഉന്നം വെച്ചാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍.

ചില പുരോഹിതന്‍മാരെ അടക്കം കൂട്ടിക്കൊണ്ടാണ് ജുവല്ലറിയുടെ പ്രവര്‍ത്തനം. പൂജ്യം ശതമാനം പണിക്കൂലിയില്‍ സ്വര്‍ണ്ണം വില്‍ക്കുമെന്ന് പറഞ്ഞ പരസ്യം ചെയ്യുന്നതിനെ അസോസിയേഷന്‍ എതിര്‍ക്കുകയും നിയമ നടപടി ഉള്‍പ്പെടെ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. തുടക്കത്തില്‍ തന്നെ തട്ടിപ്പുതിരിച്ചറിഞ്ഞു ഇയാളുടെവലയില്‍ ഉപഭോക് താക്കള്‍ വീഴാതിരിക്കുവാനും, അവരെ പിന്തിരിപ്പിക്കുവാനും അസോസിയേഷന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ അസോസിയേഷന്‍ പറഞ്ഞതിനെ മുഖവിലയ്‌ക്കെടുക്കാതെ കൂടുതല്‍ കൂടുതല്‍ ആളുകള്‍ തട്ടിപ്പിനിരയാവുകയാണ് ചെയ്തതെന്നും സ്വര്‍ണവ്യാപാരി സംഘടനയുടെ സംസ്ഥാന നേതാവ് ചൂണ്ടിക്കാട്ടുന്നു.

ജുവല്ലറിയുടെ പരസ്യങ്ങള്‍ വഴി നിരവധി ആള്‍ക്കാരാണ് തട്ടിപ്പില്‍ കുടുങ്ങി കോടികള്‍ നിക്ഷേപമായി നല്‍കിയിട്ടുള്ളത്. പലതും കണക്കില്ലാത്ത പണം ആയതിനാല്‍ എങ്ങനെയെങ്കിലും പണം വാങ്ങിയെടുക്കാനുള്ള ശ്രമമാണ് പലരും നടത്തിക്കൊണ്ടിരിക്കുന്നത്. ഓരോ സ്ഥലങ്ങളിലും ഒരു ബില്‍ഡിംഗ് എടുത്ത് ഷോറൂം ആരംഭിക്കുകയും അതേ ഷോറൂമിന് മൂന്നും നാലും പേരുകള്‍ നല്‍കുകയും ചെയ്താണ് തട്ടിപ്പ് വിപുലീകരിച്ചതെന്നും

ഒരു ഷോറൂമില്‍ പോലും ഉപഭോക്താക്കളെ വേണ്ട രീതിയില്‍ സ്വീകരിക്കുവാനോ സ്വര്‍ണ്ണം നല്‍കുവാനോ ശ്രമിച്ചിട്ടില്ല. സ്വര്‍ണ്ണവുമായി പുലബന്ധം പോലുമില്ലാത്ത കുറെ ആള്‍ക്കാരെ ഷോറൂമുകളില്‍ കുത്തിനിറച്ച് കൃത്രിമ തിരക്കുണ്ടാക്കുകയും, അവരെ ഉപയോഗിച്ച് വീട് വീടാന്തരം കയറിയിറങ്ങി ചില പുരോഹിതരെ കൊണ്ട് അവരെ സ്വാധീനിച്ച് വന്‍തോതില്‍ ഡെപ്പോസിറ്റുകള്‍ സ്വീകരിക്കുന്നു എന്നുും അഡ്വ.എസ്.അബ്ദുല്‍ നാസര്‍ പറഞ്ഞു.

പരസ്യം കണ്ട് നിരവധി ഉപഭോക്താക്കള്‍ വിവാഹ ആവശ്യത്തിന് സ്വര്‍ണ്ണം വാങ്ങുന്നതിന് ഇയാളുടെ ഷോറൂമുകളില്‍ എത്തുന്നവരില്‍ നിന്നും വന്‍ തുക ഡെപ്പോസിറ്റ് ആയി സ്വീകരിച്ചിരുന്നു. മൂന്നും,ആറും മാസവും, ഒരു വര്‍ഷവും കഴിഞ്ഞു സ്വര്‍ണ്ണം നല്‍കാമെന്ന് ഉറപ്പിന്മേലാണ് ഇങ്ങനെ ഡെപ്പോസിറ്റുകള്‍ സ്വീകരിച്ചിട്ടുള്ളത്. ഇപ്പോള്‍ സ്വര്‍ണം എടുക്കാന്‍ വരുന്നവര്‍ക്ക് സ്വര്‍ണ്ണം നല്‍കുന്നില്ല. പല ഉപഭോക്താക്കളും കടയടപ്പിക്കാതെ രാത്രി വെളുക്കുവോളം അവിടെ തപസ്സിരുന്നു മറ്റു ഷോറൂമുകളില്‍ നിന്നും സ്വര്‍ണം എത്തിച്ച് സത്യാഗ്രഹം ഇരിക്കുന്നവര്‍ക്ക് നല്‍കുന്ന പ്രവണതയാണ് ഇപ്പോള്‍ അവിടെ നടക്കുന്നത്.

അതേസമയം അല്‍മുക്താദിര്‍ നടത്തുന്നത് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ ചില ജീവനക്കാരെ ഓരോ ഷോറൂമുകളില്‍ നിന്നും പല ഷോറൂമുകളിലേക്കും മാറ്റാനുള്ള ശ്രമം നടത്തിയിരുന്നു. ഇത് മനസ്സിലാക്കി ഷോറൂം ജീവനക്കാര്‍ ഇപ്പോള്‍ യൂണിയന്‍ രൂപീകരിച്ചു. ഓരോ ജീവനക്കാരും ലക്ഷങ്ങളും കോടികളുമാണ് ഡെപ്പോസിറ്റ് ആയി വാങ്ങി നല്‍കിയിട്ടുള്ളത്. ആ ഡെപ്പോസിറ്റ് തിരിച്ചു കിട്ടാനുള്ള ശ്രമങ്ങളും ജീവനക്ാര്‍ നടത്തുന്നുണ്ട്. തട്ടിപ്പിനിരയാക്കി വന്‍തോതില്‍ ഡെപ്പോസിറ്റ് സ്വീകരിക്കുകയും വലിയതോതില്‍ പരസ്യം നല്‍കുകയും, ഡെപ്പോസിറ്റുകള്‍ മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടുപോവുകയും ചെയ്തതോടെ കേരളത്തിലെ ഇയാളുടെ ഷോറൂമുകളിലെങ്ങും അരക്കിലോ സ്വര്‍ണ്ണം പോലുമില്ല എന്നുള്ളതാണ് ഇപ്പോഴത്തെ സ്ഥിതിയെന്നും അഡ്വ.എസ്.അബ്ദുല്‍ നാസര്‍ പറഞ്ഞു.

അല്‍മുക്താദിര്‍ ഗ്രൂപ്പിന്റെ തട്ടിപ്പിന് കേരളത്തില്‍ അവസാനം കുറിക്കുകയാണെന്ന് കരുതുന്നുവെന്നും ഇയാള്‍ മുങ്ങുന്നതിനു മുമ്പ് ഡിപ്പോസിറ്റ് ചെയ്ത പണം എങ്ങനെയെങ്കിലും വാങ്ങി എടുക്കാന്‍ ശ്രമിക്കണമെന്ന് ജനങ്ങളോട് സ്വര്‍ണ വ്യാപാരികളുടെ അസോസിയേഷന്‍ പറയുന്നു. ഇനിയും പല തട്ടിപ്പുകാര്‍ വന്നാലും അപ്പോഴും അസോസിയേഷന്റെ നിലപാട് ഇതുതന്നെയായിരിക്കും എന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ അഡ്വ.എസ്.അബ്ദുല്‍ നാസര്‍ അറിയിച്ചു.

സംസ്ഥാനത്തെ മുഖ്യധാരാ മാധ്യമങ്ങളൂടെ വന്‍തോതില്‍ പരസ്യം ചെയ്യുന്ന ജുവല്ലറിക്കെതിരെ ഗുരുതര ആരോപണമാണ് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ അഡ്വ.എസ്.അബ്ദുല്‍ നാസര്‍ ഉയര്‍ത്തിയത്. ഈ ആരോപണങ്ങളോട് ജുവല്ലറി അധികൃതര്‍ ഇനിയും പ്രതികരിച്ചിട്ടില്ല. അല്‍ മുക്താദിര്‍ നടത്തുന്ന തട്ടിപ്പുകളെ കുറിച്ച് നേരത്തെ മറുനാടന്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു.

്അടുത്തകാലത്തായി ഐക്യരാഷ്ട്രസഭയുടെ ആഗോള സമാധാന സമിതിയുടെ എക്സലന്‍സ് അവാര്‍ഡ് അല്‍ മുക്താദിര്‍ ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനും സി.ഇ.ഒയുമായ ഡോ. മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാമിന് ലഭിച്ചുവെന്ന വിധത്തില്‍ വലിയ പ്രചരണം ഈ ജുവല്ലറി ഗ്രൂപ്പ് നടത്തിയിരുന്നു. ഇത് തട്ടിപ്പാണെന്ന് പിന്നാലെ വ്യക്തമാകുകയും ചെയതു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ജുവല്ലറിയുടെ സംസ്ഥാനത്തെ ഷോറൂമുകളില്‍ വ്യാപകമായി ആദായ നികുതി വകുപ്പിന്റെ പരിശോധന നടന്നിരുന്നു.

ടിഡിഎസ് നികുതി വെട്ടിപ്പ്, അപ്രതീക്ഷിതമായ വന്‍വളര്‍ച്ച, പുതിയ ഷോറൂമുകള്‍ അവയിലെ നിക്ഷേപം തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിച്ചത്. ഇതിന് മുമ്പ് സ്വര്‍ണ്ണാഭരണങ്ങളില്‍ അനധികൃത ഹാള്‍ മാര്‍ക്ക് മുദ്ര പതിപ്പിക്കുന്നതായി ആരോപണം ഉയര്‍ന്നതോടെ അല്‍ മുക്താദിര്‍ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളില്‍ പരിശോധന നടന്നിരുന്നു. വന്‍ പത്രപ്പരസ്യങ്ങളുടെ അകമ്പടിയിലായിരുന്നു ജുവല്ലറികള്‍ പ്രവര്‍ത്തനം തുടങ്ങിയതും. എല്ലാ ആഭരണങ്ങളും പണിക്കൂലി ഇല്ലാതെ വാങ്ങിക്കാം എന്ന വന്‍ പരസ്യം നല്‍കിയാണ് അല്‍ മുക്താദിര്‍ ഗ്രൂപ്പ് തങ്ങളുടെ ജൂവലറികള്‍ തുറന്നത്. അതോടൊപ്പം ഹലാല്‍ പലിശ വാഗ്ദാനം നല്‍കിയതോടെ ഇവര്‍ക്കെതിരെ വലിയ വിമര്‍ശനങ്ങളും പരാതികളുമുണ്ടായി. എന്നാല്‍, അന്നെല്ലാം ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് അല്‍ മുക്താദിര്‍ ജൂവലറി മാനേജ്മെന്റ് പ്രതികരിച്ചത്. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളോട് മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാം പ്രതികരിച്ചിട്ടില്ല.

Tags:    

Similar News