ഓണ്‍ലൈന്‍ ഡിഗ്രി പഠനം; ഇതിനൊപ്പം ജോലികള്‍ക്കും പോകും; വിവാഹ പാര്‍ട്ടിയ്ക്ക വിളമ്പാന്‍ പോയി മടങ്ങിയത് മൂന്ന് കൂട്ടുകാര്‍ക്കൊപ്പം; പിന്നീട് ഒരു ബൈക്കില്‍ മൂന്ന് പേരായി; അര്‍ദ്ധ രാത്രി വീട്ടിലേക്ക് പോകുമ്പോള്‍ വില്ലനായി മരം വീണ് മറിഞ്ഞ പോസ്റ്റ്; വീണ്ടും ഷോക്കേറ്റ് മരണം; നെടുമങ്ങാട് മരിച്ചത് 19കാരന്‍; അക്ഷയും നടക്കുന്ന ഓര്‍മ്മ
തിരുവനന്തപുരം: വീണ്ടും ഷോക്കേറ്റ് മരണം. തിരുവനന്തപുരത്ത് നെടുമങ്ങാടാണ് രാത്രിയില്‍ റോഡില്‍ പൊട്ടി വീണു കിടന്ന ലൈന്‍ കമ്പിയില്‍ തട്ടി യുവാവ് മരിച്ചത്. ബിരുദ വിദ്യാര്‍ത്ഥിയായ അക്ഷയ് ആണ് മരിച്ചത്. 19 വയസ്സുകാരന്‍ രാത്രിയില്‍ കാറ്ററിംഗ് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു. 12 മണിയോടെ മരം വീണ് റോഡിലേക്ക് മറിഞ്ഞ് വീണ വൈദ്യുത പോസ്റ്റില്‍ അക്ഷയ് സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. പൊട്ടി വീണ് കിടന്ന കമ്പിയില്‍ കാല്‍ തട്ടി തല്‍ക്ഷണം അക്ഷയ് മരിച്ചു. മരം കടപുഴകി വീണാണ് വൈദ്യതി പോസ്റ്റ് വീണത്. നെടുമങ്ങാട് പനയംമൂട് സ്വദേശിയാണ് മരിച്ച അക്ഷയ്.
പിരപ്പിന്‍കോടിന് അടുത്ത് കല്യാണ സല്‍ക്കാരത്തിന് വിളമ്പാന്‍ പോയതായിരുന്നു അക്ഷയ്. നാലു കൂട്ടുകാരും ഉണ്ടായിരുന്നു. രാത്രി പത്തേമുക്കാലോടെ വീട്ടില്‍ അച്ഛനെ അക്ഷയ് ഫോണില്‍ വിളിച്ചിരുന്നു. ആഹാരം കഴിച്ച ശേഷം മടങ്ങുമെന്നും അറിയിച്ചു. രണ്ട് ബൈക്കിലായി അവര്‍ പിരപ്പിന്‍കോട് നിന്നും മടങ്ങി. ഇതിനിടെ ചുള്ളിമാനൂര്‍ ഭാഗത്തേക്ക് പോകാനുള്ള ഒരാള്‍ കൂടി അക്ഷയുടെ ബൈക്കില്‍ കയറി. അങ്ങനെ ആ ബൈക്കില്‍ മൂന്ന് പേരുണ്ടായിരുന്നു. അങ്ങനെ വരുന്നതിനിടെയാണ് പൊട്ടി വീണ വൈദ്യുത കമ്പിയില്‍ അക്ഷയുടെ കാല്‍ തട്ടിയത്. കൂടെയുണ്ടായിരുന്നവര്‍ കഷ്ടിച്ചു രക്ഷപ്പെട്ടു. ഉടന്‍ അക്ഷയിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ബൈക്ക് ഓടിച്ചിരുന്നത് അക്ഷയ് ആയിരുന്നു.
പോസ്റ്റ് മറിഞ്ഞു കിടക്കുന്നത് അക്ഷയ് കണ്ടിരുന്നില്ല. കൂടെയുണ്ടായിരുന്ന വിനേദും അമല്‍നാഥും പോസ്റ്റില്‍ ഇടിച്ചപ്പോള്‍ തന്നെ ബൈക്കില്‍ നിന്നും വീണു. അക്ഷയിന്റെ കാല് കമ്പനയില്‍ തട്ടുകയും ചെയ്തു. ദ്രവിച്ചിരുന്ന വൈദ്യുതി പോസ്റ്റാണ് തകര്‍ന്നത്. പുത്തന്‍കുരിശ് പ്ള്ളിക്കിടെയാണ് അപകടമുണ്ടായത്. ഓണ്‍ലൈന്‍ വഴി ഡിഗ്രി പഠിക്കുന്നുണ്ടായിരുന്നു അക്ഷയ്. മറ്റ് ജോലികള്‍ക്കും അതുകൊണ്ട് തന്നെ പോകുമായിരുന്നു. അക്ഷയിന്റെ സൂഹൃത്തുക്കളും നാട്ടുകാരുമായിരുന്നു കൂടെയുണ്ടായിരുന്ന മറ്റുള്ളവര്‍. രാത്രി ഈ ഭാഗത്ത് നല്ല ഇരുട്ടായിരുന്നു. ചെറിയ മഴയും കാറ്റും ഉണ്ടായിരുന്നു. ഇതെല്ലാം അപകടത്തിന് കാരണമായി.
കഴിഞ്ഞ ദിവസം തേവലക്കര സ്‌കൂളിലെ കുട്ടിയുടെ ഷോക്കേറ്റ് മരണം ഞെട്ടലോടെയാണ് കേരളം കേട്ടത്. ഇതിന് പിന്നാലെയാണ് അക്ഷയും മരിക്കുന്നത്. പഴകിയ പോസ്റ്റുകള്‍ കെ എസ് ഇ ബി മാറ്റത്തതിന്റെ ബാക്കി പത്രമാണ് നെടുമങ്ങാട്ടെ ഈ മരണവും.