വിജയകുമാറിന്റെയും ഭാര്യയുടെയും ഫോണുകള്‍ മോഷ്ടിച്ചതും ഇതുപയോഗിച്ചു പണം തട്ടിയെടുത്തതും കേസായി; അഞ്ചര മാസത്തോളം ജയിലില്‍ കിടന്നപ്പോള്‍ അമിതിനെ ഭാര്യയും ഉപേക്ഷിച്ചു പോയി; ആ പ്രതികാരം ഇരട്ടക്കൊലയായി; കോട്ടയത്ത് എത്തിയത് മൂന്ന് വര്‍ഷം മുമ്പ്; തിരുവാതുക്കലില്‍ നിന്നും മുങ്ങിയത് മാളയിലെ കോഴി ഫാമില്‍; അമിത് ഒറാങിന്റെ വൈരാഗ്യം അതിരുവിട്ടപ്പോള്‍

Update: 2025-04-23 04:22 GMT

കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തില്‍ പ്രതി അമിത് ഒറാങ്ങ് പിടിയിലാകുന്നത് പോലീസിന്റെ സമര്‍ത്ഥമായ നീക്കത്തില്‍. തൃശൂര്‍ മാളയില്‍നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കോട്ടയം ഗാന്ധിനഗര്‍ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നു പുലര്‍ച്ചെ അസമില്‍നിന്നുള്ള അതിഥിത്തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള കോഴിഫോമില്‍ നിന്നാണ് അമിതിനെ കസ്റ്റഡിയിലെടുത്തത്. അമിത് ഒറാങ് എന്നാണ് ജോലി തേടി കോട്ടയത്ത് വന്നതെന്ന് പൊലീസിനു പോലും വ്യക്തമല്ല. മൂന്നു വര്‍ഷമായി വിജയകുമാറിന്റെ വീട്ടിലും ഓഡിറ്റോറിയത്തിലും ഇയാള്‍ ജോലി ചെയ്തിരുന്നു ഇതിനിടെയാണു വിജയകുമാറിന്റെയും ഭാര്യയുടെയും ഫോണുകള്‍ മോഷ്ടിച്ചതും ഇതുപയോഗിച്ചു പണം തട്ടിയെടുത്തതും. ഈ കേസില്‍ അഞ്ചര മാസത്തോളം ജയിലിലായിരുന്നു. ജയിലില്‍ കഴിയുന്ന സമയത്ത് അമിതിനെ ഭാര്യ ഉപേക്ഷിച്ചു പോയെന്ന് സൂചനയുണ്ട്. ഈ കേസില്‍ ആസമില്‍ ചെന്ന് ഭാര്യയേയും അമിതിനേയും ഒരുമിച്ചാണ് പോലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റിലായ പ്രതി കുറ്റസമ്മതം നടത്തി. വിശദമായ ചോദ്യം ചെയ്യലിലൂടെ വസ്തുതകള്‍ പുറത്തു കൊണ്ടു വരുനാണ് നീക്കം.

ഇന്നലെ പുലര്‍ച്ചെ വരെ കോട്ടയം റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഒരു ലോഡ്ജില്‍ അമിത് താമസിച്ചിരുന്നതായും പൊലീസിനു തെളിവുകള്‍ ലഭിച്ചു. 19ന് ആണു മുറിയെടുത്തത്. ഇന്നലെ രാത്രി നിന്ന് മുറിയില്‍നിന്ന് പുറത്തു പോയി. വിജയകുമാറിന്റെ വീടിന്റെ വാതില്‍ പൊളിക്കാന്‍ അക്രമി വീടിന് പിന്നില്‍ നിന്ന് അമ്മിക്കല്ല് എടുത്തെങ്കിലും ഭാരക്കൂടുതല്‍ കാരണം അത് വീടിനു മുന്നില്‍ത്തന്നെ ഇട്ടു. കോടാലി വീടിനു പിന്നില്‍ പണിയായുധങ്ങള്‍ സൂക്ഷിക്കുന്ന ഷെഡില്‍ നിന്നാണ് എടുത്തത്. വിജയകുമാറിന്റെ വീടിന്റെ മുന്‍വശത്തെ മതിലിലാണ് അമിത് എന്നു കരി കൊണ്ട് എഴുതിയത്. അതേസമയം, ഇത് കുട്ടികള്‍ എഴുതിയതാകാമെന്നും നാട്ടുകാര്‍ പറയുന്നു. സിസിടിവിയുടെ ദൃശ്യങ്ങള്‍ സൂക്ഷിക്കുന്ന ഡിജിറ്റല്‍ വിഡിയോ റിക്കോര്‍ഡര്‍ ഉണ്ടെന്ന് സംശയിച്ച് പൊലീസ് വീട്ടിലെ കിണര്‍ വറ്റിച്ചു പരിശോധിച്ചെങ്കിലും തെളിവു ലഭിച്ചില്ല. വീടിനുള്ളില്‍ ഒരു റയില്‍വേ പ്ലാറ്റ്‌ഫോം ടിക്കറ്റ് പൊലീസിനു ലഭിച്ചിരുന്നു. ലോഡ്ജില്‍ നിന്ന് ഇറങ്ങിയ ശേഷം പ്ലാറ്റ് ഫോമില്‍ വിശ്രമിക്കാന്‍ വേണ്ടി അമിത് എടുത്തതായിരുന്നു.

വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള ഓഡിറ്റോറിയത്തിലെ ജീവനക്കാരനായിരുന്നു അമിത്. ഓഡിറ്റോറിയത്തിലെ ജോലിക്കൊപ്പം തിരുവാതുക്കലിലെ വിജയകുമാറിന്റെ വീട്ടിലും ചെറിയ ജോലികള്‍ ചെയ്തിരുന്നു. 2024 ല്‍ വിജയകുമാറിന്റെ മൊബൈല്‍ അമിത് മോഷ്ടിച്ചിരുന്നു. തുടര്‍ന്ന് ഓണ്‍ലൈന്‍ ബാങ്കിങ് വഴി പണം അപഹരിച്ച സംഭവത്തില്‍ അമിതിനെതിരെ വിജയകുമാര്‍ പൊലീസില്‍ പരാതിപ്പെട്ടു. പിന്നാലെ ശിക്ഷിക്കപ്പെട്ട അമിതിനെ കോട്ടയം ജില്ലാ ജയിലിലേക്കു മാറ്റി. ഈ മാസമാണ് അമിത് ശിക്ഷ പൂര്‍ത്തിയാക്കി ജയിലില്‍നിന്നു പുറത്തിറങ്ങിയത്. തുടര്‍ന്ന് തിരുവാതുക്കലിലെ വീട്ടിലെത്തി വിജയകുമാറിനെയും ഭാര്യ മീരയെയും ഭീഷണിപ്പെടുത്തിയതായും പറയുന്നു. കൊലപാതകത്തിനു പിന്നാലെ പ്രതി വിജയകുമാറിന്റെയും മീരയുടെയും മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ മറ്റു പണമോ ആഭരണങ്ങളോ നഷ്ടപ്പെട്ടിട്ടില്ലെന്ന പ്രാഥമിക വിലയിരുത്തലിലാണ് പൊലീസ്.

കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കല്‍ ശ്രീവത്സം വീട്ടില്‍ ടി.കെ.വിജയകുമാര്‍ (65), ഭാര്യ ഡോ. മീര വിജയകുമാര്‍ (62) എന്നിവരാണു കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി 10നു ശേഷമാണു കൊലപാതകമെന്നാണു നിഗമനം. വീടിന്റെ മതില്‍ ചാടി എത്തിയ അക്രമി മുന്‍വശത്തെ ജനാലയുടെ ചില്ലില്‍ ഡ്രില്ലര്‍ കൊണ്ടു വിടവുണ്ടാക്കി. ആദ്യം ജനല്‍ തുറന്നു. തുടര്‍ന്നു വാതിലിന്റെ കൊളുത്തും തുറന്നു. വീട്ടിനുള്ളില്‍ക്കയറിയ അക്രമി രണ്ടു മുറികളില്‍ കിടന്നുറങ്ങിയിരുന്ന വിജയകുമാറിനെയും മീരയെയും കോടാലികൊണ്ട് മുഖത്ത് ഉള്‍പ്പെടെ വെട്ടി കൊലപ്പെടുത്തിയെന്നാണു പൊലീസിന്റെ നിഗമനം. ഇരുവരുടെയും വസ്ത്രങ്ങള്‍ വലിച്ചുകീറാനും ശ്രമിച്ചിട്ടുണ്ട്. തലയില്‍ ആഴത്തിലേറ്റ മുറിവില്‍നിന്നുള്ള രക്തസ്രാവമാണു മരണകാരണമെന്നാണു പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

കൊല്ലാന്‍ ഉപയോഗിച്ച കോടാലിയിലെ ഫിംഗര്‍ പ്രിന്റ് അമിതിന്റേത് തന്നെയാണെന്ന് തെളിഞ്ഞിരുന്നു. . അമിത് മോഷണ കേസില്‍ അറസ്റ്റിലായപ്പോള്‍ ശേഖരിച്ച ഫിംഗര്‍ പ്രിന്റ്‌റും കോടലിയിലെ ഫിംഗര്‍ പ്രിന്റ് മാച്ച് ചെയ്തു. വീടിന്റെ കതകിലും വീടിനുള്ളിലും അടക്കം വിവിധ സ്ഥലങ്ങളില്‍ ഫിംഗര്‍ പ്രിന്റ് പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ധരുടെ വിശദമായ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്. സിബിഐ സംഘം ഇരട്ടക്കൊലപാതകം നടന്ന വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. നേരത്തെ വീട്ടുജോലിക്കായി നിന്നിരുന്ന ഇയാളെ മൊബൈല്‍ മോഷണത്തിന്റെ പേരില്‍ വിജയകുമാര്‍ വീട്ടില്‍ നിന്നും പറഞ്ഞുവിടുകയായിരുന്നു.

Tags:    

Similar News