പുതുവല്‍സര ദിനത്തില്‍ അറസ്റ്റ്; എന്തിനാണ് കസ്റ്റഡിയില്‍ മൂന്ന് മാസമായി താമസിപ്പിക്കുന്നതെന്ന് അര്‍ക്കും അറിയില്ല; ഡാറ്റാ മോഷണമാണ് ആരോപിക്കപ്പെട്ട കുറ്റമെന്നത് വിലയിരുത്തല്‍ മാത്രം; ടെക് മഹീന്ദ്രയുടെ മേഖലാ തലവനെ ഖത്തര്‍ തടങ്കലിലാക്കിയത് എന്തിന്? അമിത് ഗുപ്തയുടെ ഗള്‍ഫിലെ ജയില്‍വാസം ദുരൂഹതയാകുമ്പോള്‍
ന്യൂഡല്‍ഹി: എല്ലാ ബുധനാഴ്ചയും അഞ്ച് മിനിട്ട് മകനുമായി ഫോണില്‍ സംസാരിക്കാം. മകനെ ബന്ധപ്പെടാനുള്ള ഏകമാര്‍ഗം അതുമാത്രം. ഇതു പറയുന്നത് ടെക് മഹീന്ദ്രയുടെ ഖത്തറിലെ പ്രധാന ഉദ്യോഗസ്ഥനായ അമിത് ഗുപ്തയുടെ അച്ഛനും അമ്മയുമാണ്. ജനുവരി ഒന്ന് മുതല്‍ അമിത് ഗുപ്ത ജയിലിലാണ്. ഖത്തറിലെ ജയിലില്‍. എന്തിനാണ് അമിത് ഗുപ്തയെ അറസ്റ്റു ചെയ്തതെന്ന് ആര്‍ക്കും അറിയില്ല. ഡാറ്റാ മോഷണമാണ് കുറ്റമെന്ന് വിലയിരുത്തലുണ്ട്. അതിന് അപ്പുറത്തേക്ക് ആര്‍ക്കും ഒന്നും അറിയില്ല.
ഖത്തറിലെ ഇന്ത്യന്‍ എംബിസിക്ക് പോലും വിഷയത്തില്‍ ഇടപെടാന്‍ കഴിയുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടാല്‍ മാത്രമേ ഇനി അമിത് ഗുപ്തയ്ക്ക് ഇന്ത്യയില്‍ മടങ്ങിയെത്താന്‍ കഴിയൂവെന്ന് കരുതുന്നവരുണ്ട്. ഏതായാലും അമിത് ഗുപ്തയുടെ അച്ഛനും അമ്മയും ഭാര്യയും ആധിയിലാണ്. എന്താകും ഇനി സംഭവിക്കുകയെന്ന് അവര്‍ക്ക് അറിയില്ല. അമിത് കഴിഞ്ഞ മൂന്ന് മാസമായി ഖത്തറില്‍ തടങ്കലില്‍ കഴിയുകയാണ്. ജനുവരി ഒന്നിനാണ് അമിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബിബിസി അടക്കം ഈ വാര്‍ത്ത പ്രാധാന്യത്തോടെ ചര്‍ച്ചയാക്കുകയാണ് ഇപ്പോള്‍.
'ഞങ്ങള്‍ അടുത്തിടെ ദോഹയില്‍ പോയി ഒരു മാസം താമസിച്ചു. ഇന്ത്യന്‍ അംബാസഡറുടെ ഇടപെടലിനുശേഷം അമിത്തിനെ കാണാന്‍ അര മണിക്കൂര്‍ സമയം അനുവദിച്ചു. അവിടെ എന്താണ് അനുഭവിക്കുന്നതെന്ന് അവന്‍ ഞങ്ങളോട് പറഞ്ഞു.'- അമിത്തിന്റെ അമ്മ വ്യക്തമാക്കി. അമിത് ഗുപ്തയുടെ കുടുംബത്തെ കമ്പനി പിന്തുണയ്ക്കുന്നുണ്ടെന്നും അവരുമായി ഇടയ്ക്കിടെ സംസാരിക്കുന്നുണ്ടെന്നും ടെക് മഹീന്ദ്ര വക്താവ് പറഞ്ഞു. സഹപ്രവര്‍ത്തകന്റെ ക്ഷേമത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. ടെക്ക് മഹീന്ദ്ര എന്ന ഇന്ത്യന്‍ ഐടി കമ്പനിയിലെ സീനിയര്‍ ജീവനക്കാരനാണ് അമിത് ഗുപ്ത.
ഗുജറാത്തിലെ വഡോദര സ്വദേശിയായ അമിത് 2013ലാണ് ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെത്തിയത്.അമിത്തിന് കമ്പനിയില്‍ 12 വര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഗുപ്ത ടെക് മഹീന്ദ്രയില്‍ ഖത്തറിന്റെയും കുവൈറ്റിന്റെയും മേഖലാ തലവനായി ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടെയാണ് അറസ്റ്റ്. ടെക് മഹീന്ദ്രയുടെ ഖത്തറിലെ എല്ലാമെല്ലാമായിരുന്നു അമിത്. കമ്പനിയുടെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് അമിത് മേല്‍നോട്ടം വഹിച്ചു. ഈ പദവി ഏറ്റെടുക്കുന്നതിന് മുമ്പ് കമ്പനിയില്‍ സീനിയര്‍ സെയില്‍സ് മാനേജരായും ക്ലയിന്റ് പാര്‍ട്ണറായും പ്രവര്‍ത്തിച്ചു.
ജനുവരി ഒന്നിന് ഭക്ഷണം കഴിക്കാന്‍ പുറത്തുപോയപ്പോള്‍ അജ്ഞാതര്‍ മകനെ തട്ടിക്കൊണ്ടുപോയെന്നാണ് അമിത്തിന്റെ കുടുംബം പറയുന്നത്. എന്തിനാണ് മകനെ തടങ്കലില്‍ വച്ചിരിക്കുന്നതെന്ന് അവര്‍ക്കറിയില്ല. കുടുംബം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും അധികൃതരില്‍ നിന്നും സഹായം പ്രതീക്ഷിക്കുന്നുണ്ട്. എന്ത് കുറ്റമാണ് അമിത് ഗുപ്ത ചെയ്തതെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ഡാറ്റാ മോഷണം ആരോപിച്ചാണ് കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. അത്രയേ അച്ഛനും അമ്മയ്ക്കും ഭാര്യയ്ക്കും അറിയൂ.
മകന്‍ നിരപരാധിയാണെന്ന് അദ്ദേഹത്തിന്റെ അമിത്തിന്റെ അച്ഛന്‍ പറയുന്നു. ഖത്തറിലെ സ്റ്റേറ്റ് സെക്യൂറ്റിയാണ് അമിത്തിനെ കസ്റ്റഡിയിലെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാര്യയും വൃദ്ധരായ മാതാപിതാക്കളും അമിത്തിനെ മോചിപ്പിക്കാന്‍ തീവ്രശ്രമം നടത്തിവരികയാണ്. തന്റെ മകനെതിരെ വ്യാജ ആരോപണം ഉന്നയിക്കുന്നതാണെന്നും മകനെ കസ്റ്റഡിയിലെടുത്ത് 48 മണിക്കൂര്‍ ഭക്ഷണമോ വെള്ളമോ നല്‍കാതെ തടഞ്ഞുവച്ചതായും അമിത്തിന്റെ മാതാവ് ആരോപിച്ചു. കമ്പനിയിലെ ആരോ എന്തെങ്കിലും ചെയ്തിട്ടുണ്ടാകും, ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നയാളായതിനാലാകാം അമിത്തിനെ അറസ്റ്റ് ചെയ്തതെന്നും അമ്മ പറയുന്നു.
ടെക് മഹീന്ദ്രയില്‍ ചേരുന്നതിന് മുമ്പ്, അമിത് ന്യൂക്ലിയസ് സോഫ്റ്റ്വെയര്‍ എക്‌സ്പോര്‍ട്ടില്‍ മൂന്ന് വര്‍ഷം ജോലി ചെയ്തിരുന്നു. കരിയറിന്റെ തുടക്കത്തില്‍ ഇന്‍ഫോസിസില്‍ അസിസ്റ്റന്റ് മാനേജരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജയ്പൂരിലെ മാളവ്യ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബാച്ചിലര്‍ ഒഫ് ടെക്നോളജി (ബി ടെക്) ഗുപ്ത നേടിയിട്ടുണ്ട്. പിന്നീട് ഡല്‍ഹി ഐ എം ഐയില്‍ നിന്ന് മാര്‍ക്കറ്റിംഗ് ആന്‍ഡ് സിസ്റ്റംസില്‍ മാസ്റ്റര്‍ ഒഫ് ബിസിനസ് അഡ്മിനിസ്ട്രേഷന്‍ (എം ബി എ) പൂര്‍ത്തിയാക്കി. അങ്ങനെ ഐടി രംഗത്ത് വലിയ പ്രവര്‍ത്തന പരിചയ മികവുള്ള അമിത്തിനെയാണ് ഖത്തറില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.