സുഡാനിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ പൗരനെ തട്ടികൊണ്ട് പോയത് അർധസൈനിക വിഭാഗം; 'നിങ്ങൾക്ക് ഷാരൂഖ് ഖാനെ അറിയാമോ?' എന്ന് ആർഎസ്എഫ്; ആശയവിനിമയ സംവിധാനങ്ങൾ പൂർണ്ണമായി തടസ്സപ്പെട്ടെന്ന് ഇന്ത്യൻ എംബസി; ആശങ്കയിൽ കുടുംബം

Update: 2025-11-03 17:11 GMT

ഖാർത്തൂം: ആഭ്യന്തരകലാപം രൂക്ഷമായ സുഡാനിൽ, റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (ആർഎസ്എഫ്) ഭീകരവാദി സംഘം ഇന്ത്യൻ പൗരനെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. ഒഡീഷ സ്വദേശിയായ ആദർശ് ബഹ്റയെ എൽ ഫാഷർ നഗരത്തിൽ വെച്ചാണ് ആർഎസ്എഫ് സംഘം തട്ടിക്കൊണ്ടുപോയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 'നിങ്ങൾക്ക് ഷാരൂഖ് ഖാനെ അറിയാമോ?' എന്ന് ആർഎസ്എഫ് സൈനികർ ചോദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

എൽ ഫാഷർ നഗരം ആർഎസ്എഫ് പിടിച്ചെടുത്തതിന് പിന്നാലെ ഇവിടെ അതിക്രൂരമായ സംഭവങ്ങൾ അരങ്ങേറുന്നതായി റിപ്പോർട്ടുകളുണ്ട്. 2022 മുതൽ സുഡാനിൽ പ്ലാസ്റ്റിക് കമ്പനിയിൽ ജോലി ചെയ്യുന്ന ആദർശിനെ, ആർഎസ്എഫിന്റെ ശക്തികേന്ദ്രമായ മറ്റൊരിടത്തേക്ക് മാറ്റിയതായാണ് വിവരം. അദ്ദേഹത്തിന്റെ ഭാര്യ സുസ്മിതയും രണ്ട് കുട്ടികളും നാട്ടിൽ ആശങ്കയോടെ കഴിയുകയാണ്. 'ഇവിടെ സ്ഥിതിഗതികൾ രൂക്ഷമാണ്. രണ്ടു വർഷമായി വളരെ കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. എന്റെ കുടുംബം ആശങ്കയിലാണ്. സഹായിക്കണമെന്ന് ഒഡീഷ സർക്കാരിനോട് അഭ്യർഥിക്കുന്നു' കുടുംബം പുറത്തുവിട്ട വീഡിയോയിൽ ആദർശ് പറയുന്നു.

സുഡാനിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, എൽ ഫാഷറിൽ ആശയവിനിമയ സംവിധാനങ്ങൾ പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്. സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും, ആദർശിനെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കഴിയുമെന്നും എംബസി അറിയിച്ചു. സുഡാൻ തലസ്ഥാനമായ ഖാർത്തൂമിൽ നിന്ന് ഏകദേശം 800 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന, ഭാഗികമായി മരുഭൂമി പ്രദേശമായ എൽ ഫാഷർ, 18 മാസമായി ആർഎസ്എഫ് ഉപരോധത്തിലായിരുന്നു.

സുഡാൻ സൈന്യത്തിന്റെ കൈവശമുണ്ടായിരുന്ന ഈ പ്രദേശം ഇപ്പോൾ ആർഎസ്എഫിന്റെ നിയന്ത്രണത്തിലാണ്. രാജ്യാന്തര ഏജൻസികളുടെ ഉപഗ്രഹ ചിത്രങ്ങളും, ആർഎസ്എഫ് സംഘാംഗങ്ങൾ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളും മാത്രമാണ് പുറംലോകത്തെത്തിക്കൊണ്ടിരിക്കുന്ന വിവരങ്ങൾ. യഥാർത്ഥ സാഹചര്യം ഇതിലും ഭീകരമാണെന്ന് ഐക്യരാഷ്ട്ര സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെരുവുകളിലും മണൽ കൂനകളിലും കൂട്ടത്തോടെ മരിച്ചുകിടക്കുന്നവരുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്.

Tags:    

Similar News