പലതവണ നോട്ടീസ് നല്‍കിയ ശേഷം 2024 ഒക്ടോബര്‍ 28ന് ഹാജരായ അനീഷ് ഉച്ചഭക്ഷണം കഴിക്കാനിറങ്ങി തിരിച്ചെത്തിയില്ല; പിന്നീട് ശ്രമിച്ചത് ഇഡിയെ കൈക്കൂലി കേസില്‍ പെടുത്താന്‍; എന്തായാലും സുപ്രീംകോടതി വിധിയോടെ വാഴവിള കാഷ്യൂസ് കുടുങ്ങി; മകനും അച്ഛനും അമ്മയും അകത്താകും; അനീഷ് ബാബുവിനെ അതിബുദ്ധി തളയ്ക്കുമ്പോള്‍
കൊച്ചി: ഇത് അതിബുദ്ധിയില്‍ കുടുങ്ങിയ വ്യവസായിയുടെ കഥയാണ്. കേസ് ഒതുക്കാന്‍ രണ്ടു കോടി രൂപ ഇ.ഡി ഓഫീസര്‍ ആവശ്യപ്പെട്ടെന്ന് പരാതി നല്‍കിയ കശുഅണ്ടി തട്ടിപ്പുകേസ് പ്രതി കൊട്ടാരക്കര സ്വദേശി അനീഷ് ബാബു എല്ലാ അര്‍ത്ഥത്തിലും കുടുങ്ങി. അനീഷ് ബാബുവിന്റെ ഭാര്യ അടക്കം ഇനി കേസില്‍ അറസ്റ്റിലാകാന്‍ സാധ്യതയുണ്ട്. അറസ്റ്റു ചെയ്യാന്‍ ഇ.ഡി നീക്കം സജീവമാണ്. മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീംകോടതിയും തള്ളിയതോടെ അനീഷ് ബാബു രാജ്യം വിടുന്നത് തടയാന്‍ വിമാനത്താവളങ്ങളില്‍ ഇ.ഡി കൊച്ചി ഓഫീസ് ജാഗ്രതാനിര്‍ദ്ദേശം നല്‍കി. എത്രയും വേഗം പൊക്കാനാണ് നീക്കം.
അനീഷ് ബാബുവിന് ജയില്‍ വാസം ഏതാണ്ട് ഉറപ്പായി. താമസിയാതെ അനീഷ് ബാബുവിനെ അറസ്റ്റു ചെയ്യുകയും ചെയ്യും. ഇഡിക്കെതിരെ സിപിഎമ്മും പിണറായി സര്‍ക്കാരും രാഷ്ട്രീയ ആയുധമാക്കിയ വിവാദമാണ് ഇത്. അനീഷ് ബാബുവിന്റെ വെളിപ്പെടുത്തലുകള്‍ വലിയ തോതില്‍ കേന്ദ്ര ഏജന്‍സിക്കെതിരെ ആയുധമാക്കി. എന്നാല്‍ ഹൈക്കോടതിയും സുപ്രീംകോടതിയും പ്രതിക്കെതിരെ തെളിവുണ്ടെന്ന നിഗമനത്തില്‍ എത്തി. ഇതോടെ അനീഷ് ബാബുവും കുടുംബവും പെടുകയാണ്. കള്ളപ്പണ ഇടപാട് കേസില്‍നിന്നു രക്ഷപ്പെടാനായാണ് അനീഷ് ബാബു ആരോപണം ഉന്നയിക്കുന്നത് എന്നായിരുന്നു ഇ.ഡി വാദം. ഇത് ശരിവയ്ക്കുന്നതാണ് സുപ്രീംകോടതി വിധി.
വാഴവിള കാഷ്യൂസ് സ്ഥാപനം വഴി കശുഅണ്ടി ഇറക്കുമതി ചെയ്തുനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ 24.73 കോടിയുടെ കള്ളപ്പണയിടപാട് നടന്നെന്നാണ് കേസ്. അനീഷിന്റെ പിതാവ് ബാബു ജോര്‍ജ്, മാതാവ് അനിത എന്നിവരും പ്രതികളാണ്. അച്ഛനേയും അമ്മയേയും എല്ലാം അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ട്. അഞ്ചു കേസുകളെ തുടര്‍ന്ന് 2001 മാര്‍ച്ചിലാണ് ഇ.ഡി കേസെടുത്തത്. പലതവണ നോട്ടീസ് നല്‍കിയ ശേഷം 2024 ഒക്ടോബര്‍ 28ന് ഹാജരായ അനീഷ് ഉച്ചഭക്ഷണം കഴിക്കാനിറങ്ങി തിരിച്ചെത്തിയില്ലെന്ന് ഇ.ഡി പറയുന്നു. അന്വേഷണവുമായി സഹകരിക്കാത്തതിനാല്‍, തട്ടിപ്പിലൂടെ അനീഷ് ബാബു നേടിയ പണം എന്തു ചെയ്‌തെന്ന് വ്യക്തമല്ല.
രണ്ടു കോടിയുടെ കൈക്കൂലി പരാതികേസൊതുക്കാന്‍ ഇ.ഡി കൊച്ചി മുന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാര്‍ രണ്ട് കോടി കൈക്കൂലി ആവശ്യപ്പെട്ടെന്ന് അനീഷ് ബാബു വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. സമന്‍സ് നല്‍കിയശേഷം ഇടനിലക്കാര്‍ വഴി കൈക്കൂലി ചോദിച്ചെന്നാണ് പരാതി. വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്.പി എസ്.ശശിധരന്‍ കഴിഞ്ഞ ജൂലായില്‍ രണ്ടു ദിവസം ശേഖര്‍കുമാറിനെ ചോദ്യം ചെയ്തിരുന്നു. പിന്നാലെ ശേഖര്‍ കുമാറിനെ വടക്കേയിന്ത്യയിലേക്ക് ഇ.ഡി സ്ഥലം മാറ്റി.
കൈക്കൂലി ആരോപണത്തില്‍ സംസ്ഥാന വിജിലന്‍സ് കേസെടുക്കുകയും 3 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ഇഡിയുടെ കൊച്ചി ആസ്ഥാനത്തെ അസി. ഡയറക്ടര്‍ ശേഖര്‍ കുമാറായിരുന്നു ഒന്നാം പ്രതി. ശേഖര്‍ കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. ഈ ഉദ്യോഗസ്ഥനെ ഇഡി പിന്നീട് ഷില്ലോങ്ങിലേക്കു സ്ഥലം മാറ്റി. ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് കശുവണ്ടി ഇറക്കിത്തരാം എന്നു വാഗ്ദാനം ചെയ്ത് പണം വാങ്ങി കബളിപ്പിച്ചു എന്ന് അനീഷ് ബാബുവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ കൊല്ലം, കൊട്ടാരക്കര സ്റ്റേഷനുകളില്‍ കേസുണ്ട്. കശുവണ്ടി വാങ്ങി പണം നല്‍കാത്തതിന് ഒരു കേസും, ടാന്‍സാനിയയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ചു എന്ന മറ്റൊരു കേസുമാണ് ഇയാള്‍ക്കെതിരെയുള്ളത്.
25.58 കോടി രൂപയാണ് ഇത്തരത്തില്‍ തട്ടിച്ചത് എന്നാണ് കേസ്. ഈ പണം വിദേശത്തേക്കു കടത്തിയെന്നും അതിനാല്‍ പിഎംഎല്‍എ നിയമത്തിന്റെ പരിധിയില്‍ വരുമെന്നുമാണ് ഇ.ഡിയുടെ വാദം. ഇത് അംഗീകരിച്ചുകൊണ്ടാണ് ഇന്നു കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നു തോട്ടണ്ടി ഇറക്കുമതി ചെയ്തു നല്‍കാമെന്നു വിശ്വസിപ്പിച്ചു കോടികള്‍ തട്ടിയ കേസില്‍ കൊല്ലത്ത് പോലീസ് അറസ്റ്റിലായ യുവാവാണ് അനീഷ് ബാബു. പോലീസ് അന്വേഷണത്തില്‍ അനീഷ് ബാബുവിന് വിദേശ ബാങ്കുകളില്‍ ഉള്‍പ്പടെ പത്തിലധികം അക്കൗണ്ടുകളുണ്ടെന്ന് വ്യക്തമായതായും റിപ്പോര്‍ട്ടുണ്ട്. ടാന്‍സാനിയയില്‍ നിന്നു തോട്ടണ്ടി ഇറക്കുമതി ചെയ്തു നല്‍കാമെന്നു പറഞ്ഞു കശുവണ്ടി വ്യവസായികളില്‍ നിന്നു കോടികള്‍ തട്ടിയെടുത്ത കേസിലാണ് അനീഷ് ബാബുവിനെ 2020ല്‍ പൊലീസ് അറസ്റ്റു ചെയ്തത്. കേരളത്തിലും തായിലാന്‍ഡിലും ടാന്‍സാനിയയിലുമായി അനീഷിന് പത്തിലധികം ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു.
തട്ടിപ്പിലൂടെ ലഭിക്കുന്ന പണം കൊണ്ട് പ്രതി ആഡംബര ജീവതമാണ് നയിച്ചിരുന്നതെന്നായിരുന്നു ആരോപണം. ഈ കേസാണ് ഇഡി അന്വേഷണത്തിന് കാരണമായത്. അറസ്റ്റിലാകുമ്പോള്‍ ഒരു കോടിയിലധികം വിലയുള്ളത് ഉള്‍പ്പടെ 14 കാറുകളാണ് അനീഷിന് ഉണ്ടായിരുന്നത്. തട്ടപ്പിന് കേന്ദ്രസര്‍ക്കാരിന്റെ അടക്കം വ്യജ രേഖ നിര്‍മിച്ചതായും സൂചനയുണ്ടെന്ന് 2020ല്‍ മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമാനമായ കേസില്‍ അനീഷ് മുന്‍പും ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പറഞ്ഞിരുന്നു. കൊട്ടാരക്കര വാളകം അമ്പലക്കരയിലെ വാഴവില വീട്ടില്‍ അനീഷ്ബാബുവിനെ 2018ലും അറസ്റ്റ് ചെയ്തിരുന്നു. അന്ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ചാണ് കസ്റ്റഡിയിലെടുത്തത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നു തോട്ടണ്ടി ഇറക്കുന്നതിനുള്ള ലൈസന്‍സുണ്ടെന്ന വ്യാജരേഖകള്‍ കാട്ടി തൃക്കോവില്‍വട്ടം ജയലക്ഷ്മി കാഷ്യൂസ് ഉടമ പങ്കജാക്ഷന്‍ പിള്ളയില്‍ നിന്ന് അഞ്ച് കോടി രൂപ തട്ടിയ കേസിലാണ് അനീഷ് ബാബു അറസ്റ്റിലായത്.
പങ്കജാക്ഷന്‍ പിള്ളയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിദേശത്ത് നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അനീഷിനെ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് കൊല്ലം പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഈ കേസുകളില്‍ എല്ലാം ഇനി ഇഡി വിശദ പരിശോധന നടത്തും.
