അമ്മയ്‌ക്കൊപ്പം ഭക്ഷണം നല്‍കി; വിമാന ടിക്കറ്റ് എടുത്തു കൊടുത്തു; പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയും ബുക് ചെയ്തു; ആഞ്ഞടിച്ച് റിപ്പോര്‍ട്ടര്‍ ടിവി മുതലാളി; കുചേലനും കൃഷ്ണനും കുബേരനും ആര്? ശോഭാ സുരേന്ദ്രന്റെ വാദങ്ങള്‍ക്ക് മറുപടി നല്‍കി ആന്റോ അഗസ്റ്റിന്‍ എത്തുമ്പോള്‍

Update: 2024-11-04 05:24 GMT

കൊച്ചി: ശോഭാ സുരേന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളുമായി റിപ്പോര്‍ട്ടര്‍ ടിവി മുതലാളി ആന്റോ അഗസ്റ്റിന്‍. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറിലായിരുന്നു പ്രതികരണം. കുചേലനും കുബേരനും കുചേലന്റെ ഭാര്യയും എന്നെല്ലാം പറഞ്ഞ് ചില ആരോപണങ്ങള്‍ ശോഭ ഉന്നയിച്ചിരുന്നു. ഇതെല്ലാം അന്റോ നിഷേധിച്ചു. അതിനിടെ തിരൂര്‍ സതീശിന് പിന്നില്‍ ആന്റോയാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു കഴിഞ്ഞു. ഇതോടെ ശോഭാ-ആന്റോ പോര് പുതിയ തലത്തിലെത്തുകയാണ്.

ശോഭാ സുരേന്ദ്രന്‍ വയനാട്ടിലെ വീട്ടില്‍ വരുമായിരുന്നു. അമ്മയുമായി ഭക്ഷണം കഴിക്കുമായിരുന്നു. അവര്‍ക്ക് വിമാന ടിക്കറ്റ് എടുത്ത് നല്‍കിയിട്ടുണ്ട്. ഹോട്ടലുകളില്‍ മുറി ബുക്ക് ചെയ്തു. ബിജെപി പ്രസിഡന്റാകാന്‍ കേന്ദ്രത്തിന് അഞ്ചു കോടി നല്‍കണം. ഇതില്‍ മൂന്ന് കോടി എന്റെ കൈയ്യിലുണ്ട്. ബാക്കി സംഘടിപ്പിച്ച് തരണമെന്നും പറഞ്ഞു. ഇങ്ങനെ സംസാരിക്കുന്ന ശോഭ തന്റെ വീട്ടില്‍ നിരവധി തവണ വന്നുവെന്നും അന്റോ വിശദീകരിച്ചു. ഒരു ക്രെഡിബിലിറ്റിയും ഇല്ലാത്ത രാഷ്ട്രീയക്കാരിയാണ് ശോഭയെന്നാണ് ആന്റോ എഡിറ്റേഴ്‌സ് അവറില്‍ വിശദീകരിച്ചത്. താന്‍ കേരളം വിടുമെന്നെല്ലാം ആന്റോ പരിഹാസത്തോടെ പറഞ്ഞു. കേന്ദ്രം അന്വേഷിക്കട്ടേ എന്നും പറഞ്ഞു. മുട്ടില്‍ മരം മുറിച്ചുവെന്നും അതിന്റെ പേരില്‍ ജയിലില്‍ അടയ്ക്കുമെങ്കില്‍ അടയ്ക്കട്ടേ എന്നും പറഞ്ഞു.

കെ സുരേന്ദ്രനെതിരേയും തന്നോട് ശോഭ സംസാരിച്ചിട്ടുണ്ട്. ചാനലിന്റെ ഓറിയന്റേഷന്‍ പരിപാടിയില്‍ സംസാരിക്കാന്‍ സുരേന്ദ്രനെ വിളിച്ചിരുന്നു. അന്ന് തന്നോട് ഫോണില്‍ എന്തുകൊണ്ട് തന്നെ വിളിച്ചില്ലെന്ന് ശോഭ ചോദിച്ചെന്നും പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി അവരെ വിളിച്ചു പറയുന്നതെല്ലാം നല്‍കി പ്രോത്സാഹിപ്പിക്കുമെന്ന് അവര്‍ കരുതിയെന്നും ആന്റോ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ മുതലാളിയായി മുമ്പ് പറഞ്ഞത് നളിന്‍ കുമര്‍ കട്ടിലിന്റെ പേരായിരുന്നു. പിന്നീട് പ്രവാസിയുടെ പേരു പറഞ്ഞു. ഇപ്പോള്‍ ഗോകുലം ഗോപാലന്റെ പേരു പറയുന്നു. അത്രമാത്രം-ആന്റോ വിശദീകരിച്ചത് ഇങ്ങനെയാണ്.

കൊടകര കുഴല്‍പ്പണവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടിവിയ്ക്കെതിരെ ശോഭാ സുരേന്ദ്രന്‍ ഉയര്‍ത്തുന്നത് ഗൗരവ ആരോപണങ്ങളായിരുന്നു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ മുതലാളിമാര്‍ക്ക് ഘാനയിലും മലേഷ്യയിലും ഗള്‍ഫിലും ഓഫീസുണ്ട്. പുറത്തു നിന്ന് കൊണ്ടു വന്ന പണം ഉപയോഗിച്ചാണ് റിപ്പോര്‍ട്ടര്‍ ടിവി വാങ്ങിയതെന്ന് അവര്‍ പറയുന്നു. ഈ പണം ഭീകരവാദികളുടേതാകാം എന്ന് പോലും ശോഭ സുരേന്ദ്രന്‍ ആരോപണം ഉന്നയിച്ചു. ഇതുമായി ബന്ധപ്പെട്ട് ചില പരാതികള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് നല്‍കി. അത് റിപ്പോര്‍ട്ടര്‍ ടിവി അറിഞ്ഞു. ഇതോടെയാണ് തനിക്കെതിരെ ആ ചാനല്‍ നീക്കം തുടങ്ങിയതെന്ന് ശോഭ പറയുന്നു.

ഏതായാലും കുചേലനും കൃഷ്ണനും കുബേരനുമെല്ലാം അവരുടെ വാര്‍ത്താ സമ്മേളനത്തില്‍ എത്തി. കണ്ണൂരുകാരന്‍ വട്ടപ്പലിശക്കാരനേയും കുറ്റപ്പെടുത്തുന്നുണ്ട്. അങ്ങനെ പുതിയ തലത്തിലേക്ക് ആരോപണങ്ങളെ ശോഭ എത്തിക്കുന്നു. എന്നാല്‍ പ്രധാനമെന്ന് പറഞ്ഞ് ശോഭ പറഞ്ഞതൊന്നും ജന്മഭൂമി പോലും വാര്‍ത്തയാക്കുന്നില്ല. മറ്റ് ചാനലുകളും ആ പേരുകളിലേക്ക് ചര്‍ച്ച എത്തിക്കുന്നില്ലെന്നതാണ് വസ്തുത. ഏഷ്യാനെറ്റ് ന്യൂസ് പറഞ്ഞു പോയി എന്നതൊഴിച്ചാല്‍ ആ വാക്കുകള്‍ ചര്‍ച്ചകളിലേ വരുന്നില്ല. ഇതിന് പിന്നാലെയാണ് ശോഭയെ തള്ളി ആന്റോ ജോസഫ് എത്തിയത്.

ഘാനയില്‍ ബിസിനസ്സുള്ള എമ്രാജ്. അവര്‍ക്ക് ജിസിസിയില്‍ അടക്കം ഓഫീസുണ്ട്. ഇവര്‍ക്ക് കേരളത്തില്‍ ചാനല്‍ വാങ്ങാന്‍ പണം കൊടുത്തത് ആരാണ്. അതിലേക്ക് അന്വേഷണം പോണം. ഈ ചാനലിലെ കുബേരന്‍ ഒരു ദിവസം കൃഷ്ണനെ കാണാന്‍ പോയി. ഇതോടെ കുചേലന്‍, കുബേരനായി. അടുത്ത ദിവസം കൃഷ്ണന് മുഖ്യമന്ത്രി അവാര്‍ഡ് കൊടുത്തു. കൃഷ്ണനെ മഹാത്മാ ഗാന്ധിയോട് ഉപമിച്ചു. ആളുകള്‍ക്ക് വട്ടപലിശയ്ക്ക് പണം കൊടുക്കുന്ന ആളാണ് കൃഷ്ണന്‍. പണം തിരിച്ചു കിട്ടിയില്ലെങ്കില്‍ അരിഞ്ഞ് അരിഞ്ഞ് ഇല്ലായമ ചെയ്യും.

കൃഷ്ണാവതാരം പൂണ്ട ഈ വ്യക്തിയുമായി ചേര്‍ന്ന് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ വാങ്ങുന്നു. കുചേലന്റെ ഭാര്യയുടെ പേരില്‍ ഓഹരി നല്‍കുന്നു. എന്തിനാണ് കൃഷ്ണന്‍ കുചേലന്റെ ഭാര്യയുടെ പേരില്‍ ഓഹരി നല്‍കിയത്-ഇങ്ങനെ പോകുന്നു ഉപമകളിലൂടെയൂള്ള ശോഭാ സുരേന്ദ്രന്റെ കടന്നാക്രമണം. ആലപ്പുഴ തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ച വ്യാജ കൃഷ്ണന്റെ പിറകേ ഞാന്‍ പോയി. അപ്പോള്‍ അറിഞ്ഞതാണ് ഇതെല്ലാം-ശോഭ പറയുന്നു. ഏതായാലും ഗുരുതര ആരോപണമാണ് ശോഭ ഉയര്‍ത്തുന്നത്. കൊടകര കേസില്‍ സിപിഎമ്മും എകെജി സെന്ററും കൃഷ്ണനും കുബേരനുമാണെന്ന് ശോഭ പറയുന്നു. തന്റെ യുദ്ധം എമ്രാജ് കമ്പനിക്കെതിരെയാണെന്നും പറയുന്നു.

Tags:    

Similar News