ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടന്ന കാലത്തു മകനായ അയ്യപ്പന് പന്തളം കൊട്ടാര പ്രതിനിധി പിതൃ സ്ഥാനത്ത് നിന്നും സമര്‍പ്പിച്ച യോഗദണ്ഡ്; ആ അമൂല്യ ദണ്ഡ് 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ അച്ഛന്‍ പണിയാനായി നല്‍കിയതും മകന്! രുദ്രാക്ഷമാലയും യോഗദണ്ഡും സ്വര്‍ണ്ണം പൂശിയത് 'നേര്‍ച്ചയോ'? അച്ഛനും മകനുമെതിരെ അന്വേഷണം വരുമോ? ശബരിമലയില്‍ അധികാരമുണ്ടെങ്കില്‍ എന്തും ആര്‍ക്കും ചെയ്യാം; ഇതൊരു 'ഇലുമിനാറ്റി'!
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്‍പ്പവും സ്വര്‍ണ്ണപ്പാളികളും വിവാദമായ സാഹചര്യത്തില്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന രുദ്രാക്ഷമാലയും യോഗദണ്ഡും സ്വര്‍ണ്ണം പൂശാന്‍ കൊണ്ടുപോയതിലെ ദുരൂഹത വീണ്ടും ചര്‍ച്ചയാകുന്നുവെന്ന വാര്‍ത്ത മറുനാടന്‍ നല്‍കിയത് ഒക്ടോബര്‍ ഒന്നിനാണ്. ഒരു ദേവസ്വം ഉന്നതനാണ് അതു കൊണ്ടു പോയതെന്നും വ്യക്തമായിരുന്നു. ഇന്ന് രാവിലെ കൊണ്ടു പോയത് ജയശങ്കര്‍ പത്മനാണെന്നും വിശദീകരിച്ചു. ആരായിരുന്നു ജയശങ്കര്‍ പത്മന്‍ എന്നതിന് ഉത്തരം വരികയാണ്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ മകന്‍. അതായത് മകനെ യോഗദണ്ഡ് ഏല്‍പ്പിച്ചത് സ്‌നേഹ സമ്പന്നനായ അച്ഛനാണ്. നേര്‍ച്ച എന്ന തരത്തിലാണ് യോഗ ദണ്ഡ് സ്വര്‍ണ്ണം പൂശാന്‍ കൈമാറിയത്.
ശ്രീകോവിലില്‍ നിന്നും കൊണ്ടുപോയ യോഗദണ്ഡും രുദ്രാക്ഷ മാലയും തന്നെയാണോ തിരിച്ചു കൊണ്ടുവന്നതെന്ന കാര്യത്തിലാണ് സംശയം ഉയരുന്നത്. ദേവസ്വം ബോര്‍ഡിന്റെ അറിവോടെ കൊണ്ടുപോയവ തിരിച്ചെത്തിച്ചപ്പോള്‍ പരിശാധിച്ച് സ്ഥിരീകരിച്ചതായും രേഖകളില്ല. വര്‍ഷങ്ങളായി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന രുദ്രാക്ഷ മാല തന്നെയാണോ ഇപ്പോഴുള്ളതെന്ന സംശയം പ്രകടിപ്പിച്ച്് ഭക്തരും രംഗത്തു വന്നിരുന്നു. ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടന്ന കാലത്തു പന്തളം കൊട്ടാരം സമര്‍പ്പിച്ചതാണു യോഗദണ്ഡ്. ഹരിവരാസനത്തിനു ശേഷം അയ്യപ്പന്‍ നിദ്രയിലേക്കു പ്രവേശിക്കുമ്പോള്‍ യോഗദണ്ഡും രുദ്രാക്ഷമാലയും അണിയിച്ചുവരുന്നു. തുടര്‍ന്ന് ഭസ്മാഭിഷേകം ചെയ്താണ് യോഗനിദ്രാവസ്ഥയിലേക്കു കടക്കുന്നത്. വിശ്വാസം അനുസരിച്ച് അയ്യപ്പന്റെ അച്ഛന്റെ സ്ഥാനമാണ് പന്തളം കൊട്ടാരത്തിന്. അതായത് പന്തളം കൊട്ടാര പ്രതിനിധി മകനായ അയ്യപ്പന് അച്ഛന്‍ എന്ന നിലയില്‍ സമര്‍പ്പിച്ച ദണ്ഡ്. ഈ ദണ്ഡാണ് ദേവസ്വം പ്രിസഡന്റായ പത്മകുമാറെന്ന അച്ഛന്‍ മകനായ ജയശങ്കറിന് സ്വര്‍ണ്ണം പൂശാനായി നല്‍കിയത്.
ശ്രീകോവിലിനുള്ളിലെ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന രുദ്രാക്ഷ മാലയില്‍ സ്വര്‍ണ്ണം കെട്ടണമെന്നും യോഗദണ്ഡില്‍ സ്വര്‍ണ്ണം പൂശണമെന്നും 2018 ലാണ് ദേവസ്വം ബോര്‍ഡ് ഒരു ആഗ്രഹമുണ്ടായത്. മാസപൂജ കഴിഞ്ഞ് നട അടച്ചപ്പോള്‍ രുദ്രാക്ഷ മാലയും യോഗദണ്ഡും സ്വര്‍ണ്ണം പൂശാനായി കൊണ്ടുപോകുകയായിരുന്നു. അടുത്ത് നട തുറക്കുന്നതിനു മുന്‍പ് തിരിച്ചെത്തിച്ചതായാണ് ബോര്‍ഡ് അധികൃതര്‍ ജീവനക്കാരെ അറിയിച്ചത്. എവിടെ കൊണ്ടുപോയാണ് സ്വര്‍ണ്ണം പൂശിയതെന്ന കാര്യത്തിലും വ്യക്തത വരുത്തിയിരുന്നില്ല. വര്‍ഷങ്ങളായി അയ്യപ്പ വിഗ്രഹത്തില്‍ അണിഞ്ഞിരുന്ന മാലയിലെ ഒരു രുദ്രാക്ഷം ലഭിക്കുന്നതു പോലും അതീവ അനുഗ്രഹമായാണ് ഭക്തര്‍ കാണുന്നത്. ഇതു രണ്ടും കൊണ്ടു പോകുന്നതിനു മുന്‍പും തിരിച്ചു കൊണ്ടുവന്ന ശേഷവും ആരെയും കാണിച്ചു സ്ഥിരീകരിക്കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. ഇക്കാര്യത്തിലെ ദുരൂഹത കൂടുതല്‍ വ്യക്തമാകുകയാണ് ഇപ്പോള്‍. മറുനാടന്‍ നല്‍കിയ ഈ വാര്‍ത്ത ഇപ്പോള്‍ മറ്റ് മാധ്യമങ്ങളും ഏറ്റെടുക്കുന്നുവെന്നതാണ് ശ്രദ്ധേയം. ഇതോടെ സ്വര്‍ണ്ണ പാളികള്‍ക്കൊപ്പം യോഗ ദണ്ഡും രുദ്രാക്ഷവും മോഷണം പോയെന്ന സംശയം ശക്തമാകുന്നു.
ശബരിമല ശ്രീകോവില്‍ നട അടയ്ക്കുമ്പോള്‍ ഭഗവാനെ യോഗനിദ്രയില്‍ അണിയിക്കുന്ന യോഗദണ്ഡിന്റെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട ദേവസ്വം രേഖകളിലും അവ്യക്തത ഉണ്ടെന്നാണ് വ്യക്തമാകുന്നത്. 2019 ല്‍ ദ്വാരപാലകശില്‍പങ്ങളിലെ പാളികളുടെ അറ്റകുറ്റപ്പണിക്കു തൊട്ടുമുന്‍പാണ് യോഗദണ്ഡിന്റെ അറ്റകുറ്റപ്പണിയും നടന്നത്. ശ്രീകോവിലിനുള്ളിലെ ഗര്‍ഭക്ഷേത്രത്തില്‍ മാത്രം സൂക്ഷിക്കുന്ന യോഗദണ്ഡും ഇതോടൊപ്പമുള്ള രുദ്രാക്ഷമാലയും അറ്റകുറ്റപ്പണിക്കായി ശബരിമലയ്ക്കു പുറത്തുകൊണ്ടുപോയോ എന്നതിലാണു വ്യക്തതക്കുറവുള്ളത്. സന്നിധാനത്തുതന്നെയാണ് സ്വര്‍ണം ചുറ്റുന്ന പ്രവൃത്തി നടന്നതെന്നു ദേവസ്വം ബോര്‍ഡ് വിശദീകരിച്ചെങ്കിലും അന്നത്തെ രേഖകളില്‍ സ്ഥലം വ്യക്തമാക്കിയിട്ടില്ല. ഹൈക്കോടതിയുടെ അനുമതി ലഭിച്ചിരുന്നുവെന്നു സൂചനയുണ്ടെങ്കിലും അക്കാര്യവും വ്യക്തമാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അതായത് ഇക്കാര്യത്തിലും അന്വേഷണം നടക്കുകയാണ് ഇപ്പോള്‍. രേഖകളില്ലാത്തത് പ്രതിസന്ധിയായി മാറുകയും ചെയ്യുന്നു.
2019 മാര്‍ച്ച് 16ലെ ദേവസ്വം ബോര്‍ഡ് തീരുമാനപ്രകാരമാണ് സ്വര്‍ണം ചുറ്റാന്‍ യോഗദണ്ഡും രുദ്രാക്ഷമാലയും പുറത്തെടുത്തത്. ജയശങ്കര്‍ പത്മന്‍ എന്ന വ്യക്തിയെ പണിക്കു ചുമതലപ്പെടുത്തിയെന്നു രേഖകളിലുണ്ട്. സ്വര്‍ണപ്പണിക്കാര്‍ യോഗദണ്ഡിലെ സ്വര്‍ണച്ചുറ്റുകള്‍ തൂക്കി 19.2 ഗ്രാം സ്വര്‍ണമെന്നു തിട്ടപ്പെടുത്തി. പിന്നീട് 44.54 ഗ്രാം സ്വര്‍ണം ഉപയോഗിച്ച് 18 സ്വര്‍ണച്ചുറ്റുകളും അടിഭാഗത്ത് സ്വര്‍ണക്കപ്പും തീര്‍ത്തു. രുദ്രാക്ഷമാലകള്‍ പുളിഞ്ചിക്കായ് ഉപയോഗിച്ചു കഴുകി വൃത്തിയാക്കിയതായും 2019 ഏപ്രില്‍ 14നു തയാറാക്കിയ മഹസര്‍ വ്യക്തമാക്കുന്നു.
സ്വര്‍ണപ്പാളി വിവാദത്തില്‍ സസ്പെന്‍ഷനിലായ അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ബി.മുരാരി ബാബു, വിരമിച്ച എക്സിക്യൂട്ടീവ് ഓഫിസര്‍ ഡി.സുധീഷ് കുമാര്‍, തിരുവാഭരണം കമ്മിഷണര്‍ കെ.എസ്.ബൈജു എന്നിവര്‍ മഹസറില്‍ ഒപ്പുവച്ചിട്ടുണ്ട്. അതായത് രണ്ടിന് പിന്നിലും ഒരേ ടീമാണുള്ളത്. ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ പാളികള്‍ തട്ടിയെടുത്തെന്ന ആരോപണം ശക്തമായി ഉയരുകയാണ്. ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണം പൂശിയ പീഠം കാണാതായ സംഭവത്തിലെ അന്വേഷണം സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയിലേക്ക് എത്തി കഴിഞ്ഞു.
2019-ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ചെന്നൈയിലാണ് ചെമ്പുപാളികള്‍ക്ക് സ്വര്‍ണം പൂശിയത്. ആ കാലത്തുതന്നെ ദ്വാരപാലക ശില്‍പ്പങ്ങള്‍ക്ക് പീഠംകൂടി നിര്‍മിച്ചിരുന്നു. ഇവ ജീവനക്കാരനായ കോട്ടയം ആനിക്കാട് സ്വദേശി വാസുദേവന്‍ വഴി ശബരിമലയിലേക്ക് എത്തിച്ചെങ്കിലും അളവിലുള്ള വ്യത്യാസം കാരണം സ്ഥാപിക്കാനായില്ല. പിന്നീട് എവിടെയാണെന്നത് അറിയില്ലെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞിരുന്നത്. വാസുദേവന്‍തന്നെ ഇത് സൂക്ഷിക്കുകയായിരുന്നുവെന്നും സ്വര്‍ണപ്പാളി വിവാദം വന്നതോടെ സഹോദരി മിനിദേവിയുടെ വീട്ടില്‍ എത്തിക്കുകയായിരുന്നു എന്നുമാണ് വിവരം.
പീഠങ്ങള്‍ മഹസറിലോ റൂമിലോ ഇല്ലാതായതോടെ ഉണ്ണികൃഷ്ണന്‍ പോറ്റിയിലേക്ക് സംശയമുന നീണ്ടു. സന്നിധാനത്ത് പൂജാരിമാരെ സഹായിക്കാനാണ് വര്‍ഷങ്ങള്‍ക്കുമുന്‍പ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി ശബരിമലയില്‍ എത്തിയത്.