അമിത് ഷായെ വീട്ടില്‍ ചെന്ന് കണ്ട് പൂച്ചെണ്ട് നല്‍കിയിട്ടും ഫലമുണ്ടായില്ല; ഗള്‍ഫ് പര്യടനത്തിന് മുഖ്യമന്ത്രിയ്ക്ക് അനുമതി നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍; പ്രത്യേകിച്ച് കാരണം പറയാതെയുള്ള 'നോ' പറച്ചിലില്‍ വെട്ടിലാകുന്നത് ഗള്‍ഫിലെ സംഘാടനത്തിന് അടക്കം മുമ്പോട്ട് വന്നവര്‍; വിദേശകാര്യ മന്ത്രാലയത്തിന്റെ കത്ത് കേരളത്തിന്; 2023ലെ ആവര്‍ത്തനം വീണ്ടും; മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്രയെ ഭയക്കുന്നത് ആര്?

Update: 2025-10-10 05:15 GMT

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീട്ടില്‍ പോയി കണ്ടിട്ടും രക്ഷയില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനത്തിന് അനുമതിയില്ല. വിദേശകാര്യമന്ത്രാലയത്തിന്റേതാണ് നടപടി. മൂന്നാഴ്ച നീണ്ടുനീല്‍ക്കുന്ന വിദേശ സന്ദര്‍ശനമാണ് പിണറായിയും സംഘവും പദ്ധതിയിട്ടിരുന്നത്. അനുമതി നിഷേധിച്ചു കൊണ്ടുള്ള കത്ത് സംസ്ഥാന സര്‍ക്കാരിന് വിദേശകാര്യമന്ത്രാലയം കൈമാറി. ഒക്ടോബര്‍ 16 ന് വൈകുന്നേരം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും യാത്ര തുടങ്ങാനായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനിച്ചിരുന്നത്. ബഹ്‌റൈന്‍, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, കുവൈറ്റ്, അബുദാബി എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്നായിരുന്നു അറിയിപ്പ്. മന്ത്രി സജി ചെറിയാനും സംഘത്തിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം എന്നാണ് വിവരം.

മലയാളം മിഷന്റെ ആഭിമുഖ്യത്തില്‍ റിയാദ്, ദമാം, ജിദ്ദ മേഖലകളില്‍ നടക്കുന്ന 'മലയാളോത്സവം' പൊതുപരിപാടിയില്‍ മുഖ്യമന്ത്രി സംബന്ധിക്കുമെന്നായിരുന്നു അറിയിപ്പ്. 17-ന് ദമാമിലും 18-ന് ജിദ്ദയിലും 19-ന് റിയാദിലുമായിരുന്നു പരിപാടികള്‍. മൂന്നുനഗരങ്ങളിലും പരിപാടിയുടെ വിജയത്തിനായി പൊതുസമൂഹത്തെ ഉള്‍പ്പെടുത്തി വിപുലമായ സംഘാടകസമിതി രൂപവത്കരിക്കുമെന്ന് സൗദിയിലെ മലയാളം മിഷന്‍ ഭാരവാഹികള്‍ പറഞ്ഞിരുന്നു. 2023 ഒക്ടോബറില്‍ സൗദി അറേബ്യയില്‍വെച്ച് ലോകകേരളസഭയുടെ പ്രാദേശികസമ്മേളനം നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ യാത്ര റദ്ദാക്കിയിരുന്നു. ഇതിന് സമാനമാണ് വീണ്ടും അനുമതി നിഷേധിക്കുന്നത്.

പിണറായി വിജയന്റെ ഗള്‍ഫ് സന്ദര്‍ശനത്തിന് ഈ മാസം 16ന് തുടക്കമാവുമെന്നായിരുന്നു അറിയിപ്പ്. ബഹ്‌റൈനിലാണ് ആദ്യ പൊതു പരിപാടി നിശ്ചയിച്ചിരുന്നത്. പ്രവാസികള്‍ക്കായി നിരവധി പ്രഖ്യാപനങ്ങളും മുഖ്യമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ഭാഗമായി പരിഗണിച്ചിരുന്നു. നീണ്ട ഇടവേളക്ക് ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഒരുമിച്ച് സന്ദര്‍ശം നടത്താന്‍ പദ്ധതിയിട്ടത്. ഈ മാസം 16ന് ബഹ്‌റൈന്‍ സന്ദര്‍ശനത്തോടെയാകും മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് തുടക്കം കുറിക്കുക എന്നായിരുന്നു അറിയിപ്പ്. രാവില എത്തുന്ന മുഖ്യമന്ത്രിക്ക് വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ സ്വീകരണം ഒരുക്കുമെന്നായിരുന്നു പ്രഖ്യാപനം. രാത്രി എട്ട് മണിക്കാണ് ബഹ്റൈനിലെ പൊതുപരിപാടി നിശ്ചയിച്ചിരുന്നത്.

17 മുതല്‍ 19 വരെ മൂന്ന് ദിവസമാണ് സൗദി അറേബ്യയിലെ പര്യടനം. മലയാള ഭാഷാ പഠനത്തിനും പ്രചാരണത്തിനുമായി കേരള സര്‍ക്കാര്‍ ആഗോള തലത്തില്‍ സജ്ജമാക്കിയിട്ടുള്ള മലയാളം മിഷന്റെ ആഭമുഖ്യത്തില്‍ നടക്കുന്ന മലയാളോത്സവം പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കും. 17ന് ദമാമിലും 18ന് ജിദ്ദയിലും 19ന് റിയാദിലുമാണ് പരിപാടികള്‍. 24, 25 തീയകളിലാണ് ഒമാനിലെ സന്ദര്‍ശനം. മസ്‌ക്കത്തിലെയും സലാലയിലെയും പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ഈ മാസം 30-ാം തീയതി ഖത്തറിലും മുഖ്യമന്ത്രി എത്തും. അടുത്ത മാസം ഏഴിനാണ് മുഖ്യമന്ത്രിയുടെ കുവൈത്ത് സന്ദര്‍ശനം.

നവംബര്‍ ഒമ്പതിന് യുഎഇ തലസ്ഥാനമായ അബുദാബിയില്‍ നടക്കുന്ന പരിപാടിയോടെ മുഖ്യമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശത്തിന് സമാപനമാകുമെന്നായിരുന്നു അറിയിപ്പ്. പൊതു പരിപാടികള്‍ക്ക് പുറമെ വിവിധ പ്രവാസി സംഘടനകളുമായും ലോക കേരള സഭാ അംഗങ്ങളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്താനും പദ്ധതിയുണ്ടായിരുന്നു. മുഖ്യമന്ത്രിക്ക് ആവശകരമായ സ്വീകരണം ഒരുക്കാനുളള തയ്യാറെടുപ്പിലായിരുന്നു വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍. പരിപാടികളുടെ ഏകോപനത്തിനായി വിപുലമായ സംഘാടക സമിതികള്‍ക്കും രൂപം നല്‍കിയിരുന്നു.

Tags:    

Similar News