ദ്വാരപാലക ശില്‍പം കോടീശ്വരന് വില്‍ക്കാന്‍ കൂട്ടു നിന്നവരെല്ലാം നിയമത്തിന് മുന്നില്‍ വരണം; അയ്യപ്പന്റെ യോഗദണ്ഡും രുദ്രാക്ഷവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ മകനെ ഏല്‍പിച്ചത് എന്ത് നടപടിക്രമത്തിന്റെ അടിസ്ഥാനത്തില്‍? താരങ്ങള്‍ക്ക് എതിരായ ഇ.ഡി റെയ്ഡ് സ്വര്‍ണപ്പാളി വിവാദം മുക്കാനാണെന്ന് തിരിച്ചറിഞ്ഞ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ അഭിനന്ദിക്കുന്നു; പ്രതികരിച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സര്‍ക്കാരും ദേവസ്വം ബോര്‍ഡും മറച്ചുവയ്ക്കാന്‍ ശ്രമിച്ച ശബരിമലയിലെ സ്വര്‍ണ മോഷണം കോടതി തന്നെ പുറത്തു കൊണ്ടു വന്ന് എഫ്.ഐ.ആര്‍ ഇട്ട് അന്വേഷിക്കാന്‍ ഉത്തരവ് നല്‍കിയത് സര്‍ക്കാരിനുള്ള തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എല്ലാം അറിയാമായിരുന്ന സര്‍ക്കാരിലെയും ദേവസ്വം ബോര്‍ഡിലെയും ഉന്നതര്‍ക്കുള്ള തിരിച്ചടിയാണ് കോടതി വിധി. റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷം ഗുരുതരമായ സ്ഥിതിവിശേഷമാണ് ശബരിമലയിലേതെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. ദ്വാരപാലക ശില്‍പത്തില്‍ മാത്രമല്ല കതകിലും കട്ടിളപ്പടിയിലും വരെ ഗുരുതര ക്രമക്കേടകള്‍ നടത്തിയെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.
അയ്യപ്പന്റെ ദ്വാരപാലക ശില്‍പം വ്യാജ മോള്‍ഡുണ്ടാക്കിയതും ഒര്‍ജിനല്‍ മറ്റാര്‍ക്കോ വിറ്റെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി പ്രതിപക്ഷം പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ക്കാണ് കോടതി അടിവരയിട്ടിരിക്കുന്നത്. മറ്റാരോടും റിപ്പോര്‍ട്ട് ചെയ്യേണ്ടെന്നും കോടതിക്ക് റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്നും പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നത് ആശ്വാസകരമാണ്. സംസ്ഥാന പൊലീസ് അന്വേഷിക്കുമ്പോള്‍ കേരള സര്‍ക്കാരും രാഷ്ട്രീയ നേതൃത്വവും ഇടപെടുമോയെന്ന ഭീതി അയ്യപ്പ ഭക്തര്‍ക്കുണ്ട്. ഭക്തരുടെ ഭീതിയും ഉത്കണ്ഠയും അകറ്റുന്നതാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. മുന്‍ ദേവസ്വം മന്ത്രിയും ദേവസ്വം പ്രസിഡന്റും ഉത്തരവാദിത്തപ്പെട്ട മറ്റുള്ളവരെയും പ്രതി ചേര്‍ത്ത് അന്വേഷിക്കണം. അയ്യപ്പന്റെ ദ്വാരപാലക ശില്‍പം കോടീശ്വരന് വില്‍ക്കാന്‍ കൂട്ടു നിന്നവരെല്ലാം നിയമത്തിന് മുന്നില്‍ വരണമെന്നാണ് ഭക്തര്‍ ആഗ്രഹിക്കുന്നത്. ആ തരത്തില്‍ അന്വേഷണം നടക്കണം.
അയ്യപ്പന്റെ യോഗദണ്ഡിലും രുദ്രാക്ഷത്തിലും സ്വര്‍ണം ചേര്‍ക്കാന്‍ ഏല്‍പ്പിച്ചത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ മകനെയാണ്. എന്തു നടപടിക്രമമാണ് പാലിച്ചത്. അയ്യപ്പന്റെ സ്വത്ത് ആര്‍ക്കും തട്ടിയെടുക്കാമെന്ന അവസ്ഥയാണ്. യോഗദണ്ഡും രുദ്രാക്ഷവും പുറത്തേയ്ക്ക് പോയില്ലെന്നതു ഭാഗ്യം. പുറത്തേക്ക് പോയില്ലെങ്കിലും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ മകനെ ഏല്‍പ്പിക്കാന്‍ എന്തു നടപടിക്രമമാണ് പാലിച്ചത്? അയ്യപ്പന്റെ സ്വത്തുക്കള്‍ പൂര്‍ണമായി സംരക്ഷിക്കാനുള്ള നടപടിക്രമങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് എല്ലാം ചെയ്തത്.
താരങ്ങള്‍ക്ക് എതിരായ ഇ.ഡി റെയ്ഡ് സ്വര്‍ണപ്പാളി വിവാദം മുക്കാനാണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി തിരിച്ചറിഞ്ഞതിന് അദ്ദേഹത്തെ അഭിനന്ദിക്കുന്നു. സാധാരണയായി കേന്ദ്ര സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോഴാണ് ഇ.ഡി അന്വേഷണവുമായി ഇറങ്ങുന്നത്. എന്നാല്‍ ഇവിടെ സംസ്ഥാന സര്‍ക്കാര്‍ പ്രതിസന്ധിയിലായപ്പോഴാണ് ഇ.ഡി അന്വേഷണവുമായി ഇറങ്ങിയിരിക്കുന്നത്. ഒരു അവിശുദ്ധ രാഷ്ട്രീയ ബന്ധമുണ്ട്. അതുകൊണ്ടാണ് ഇ.ഡി ഇറങ്ങിയതെന്ന് കേന്ദ്രമന്ത്രി പറഞ്ഞാല്‍ അവിശ്വസിക്കേണ്ട കാര്യമില്ല. അദ്ദേഹത്തിന് അതേക്കുറിച്ച് കൂടുതല്‍ അറിവുണ്ടാകും. കേരള സര്‍ക്കാരിനെ രക്ഷിക്കാനും സ്വര്‍ണക്കൊള്ളയില്‍ നിന്നും ശ്രദ്ധ മാറ്റാനുമാണ് നടന്‍മാരുടെ വീട്ടില്‍ ഇ.ഡി കയറുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞാല്‍ അവിശ്വസിക്കേണ്ട കാര്യമില്ല. പ്രതിപക്ഷം പറഞ്ഞതു തന്നെയാണ് കേന്ദ്രമന്ത്രിയും ശരിവച്ചിരിക്കുന്നത്.
എല്ലാ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും അറിയാമായിരുന്നു. എന്നിട്ടും മൂടി വച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റി മാത്രമായിരുന്നു ഉത്തരവാദിയെങ്കില്‍ അയാള്‍ക്കെതിരെ കേസെടുത്തേനെ. രാഷ്ട്രീയ നേതൃത്വവും ബോര്‍ഡ് നേതൃത്വവും പെടുമെന്ന് അറിയാവുന്നതു കൊണ്ടാണ് മൂടിവച്ചത്. വാസവനും ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ചേര്‍ന്നാണ് വീണ്ടും ഉണ്ണികൃഷ്ണന്‍ പോറ്റിയ ക്ഷണിച്ചു വരുത്തിയത്. വീണ്ടും കുറ്റകൃത്യം ആവര്‍ത്തിക്കുന്നതിനു വേണ്ടിയായിരുന്നു അത്. വീണ്ടും മോഷണം നടന്നേനെ. ശബരിമലയില്‍ ആകെയുള്ളത് അയ്യപ്പന്റെ തങ്കവിഗ്രഹം മാത്രമാണ്. അതു കൂടി പോയെനെ.
വ്യാജ മോള്‍ഡുണ്ടാക്കിയാണ് ഒര്‍ജിനല്‍ ദ്വാരപാലക ശില്‍പം വിറ്റത്ത്. വ്യാജമായി ഉണ്ടാക്കിയ ചെമ്പ് മോള്‍ഡിന് പഴയ തൂക്കം ഉണ്ടാകണമെന്നില്ല. എം.ആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട് കയ്യില്‍ ഉണ്ടായിട്ടും മുഖ്യമന്ത്രിയും സര്‍ക്കാരും ഒരു നടപടിയും എടുത്തില്ല. ഉണ്ണികൃഷ്ണന്‍ പോറ്റിയെ പിടിച്ചാല്‍ ഒരുപാട് സി.പി.എം നേതാക്കളും അകത്തു പോകും. അതുകൊണ്ടാണ് തട്ടിപ്പ് മൂടി വച്ചത്. ചെമ്പാണെന്ന് മഹസറില്‍ രേഖപ്പെടുത്തിയതും ഉണ്ണികൃഷ്ണന്‍ പോറ്റിയെ സഹായിക്കാനാണ്. ഉണ്ണികൃഷ്ണന്‍ പോറ്റി പെട്ടാല്‍ ഇവരും പെടും. മഞ്ഞുമലയുടെ അറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നത്. കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
ഏറ്റൂമാനൂര്‍ അമ്പലത്തിലും ഇതേ സംഘമാണ് ഏഴരപൊന്നാന പുറത്തേക്ക് കൊണ്ടു പോകാന്‍ ശ്രമിച്ചത്. മന്ത്രി വാസവനുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും അതില്‍ പങ്കുണ്ട്. ഭക്തജനങ്ങള്‍ എതിര്‍ത്തതു കൊണ്ട് മന്ത്രി വാസവന്റെ മണ്ഡലത്തിലുള്ള ഏറ്റുമാനൂര്‍ അമ്പലത്തിലെ ഏഴര പൊന്നാന പുറത്തേക്ക് കൊണ്ടു പോകാനായില്ല. അല്ലെങ്കില്‍ അതും നഷ്ടപ്പെട്ടേനെ.
ദ്വരപാലക ശില്‍പം വിറ്റെന്നു പറഞ്ഞത് കോടതിയാണ്. ആര്‍ക്കാണ് വിറ്റതെന്ന് അന്നത്തെ ദേവസ്വം മന്ത്രിക്കും ദേവസ്വം ബോര്‍ഡിനുമെ അറിയൂ. അതാണ് കടകംപള്ളി സുരേന്ദ്രനോട് ഞാന്‍ ചോദിച്ചത്. എല്ലാ കുഴപ്പവും ഉണ്ടായത് 2019ലാണെന്ന് ഇപ്പോഴത്തെ ദേവസ്വം മന്ത്രി വാസവനും ദേവസ്വം പ്രസിഡന്റും പറഞ്ഞിട്ടുണ്ട്. അപ്പോള്‍ 2019 അയ്യപ്പന്റെ ദ്വാരപാലക ശില്‍പങ്ങള്‍ ഏത് കോടീശ്വരനാണ് വിറ്റതെന്ന് അറിയേണ്ടെ. അറിയാവുന്നവരോടല്ലേ ചോദിക്കാന്‍ പറ്റൂ. അതുകൊണ്ടാണ് കടകംപള്ളിയോട് ചോദിച്ചത്-സതീശന്‍ പറഞ്ഞു.
ജി.എസ്.ടി വകുപ്പിലെ വീഴ്ച ചൂണ്ടിക്കാട്ടിയുള്ള സി.എ.ജി റിപ്പോര്‍ട്ട് പ്രതിപക്ഷം ആരോപണം അടിവരയിടുന്നത്
ഇന്നലെ നിയമസഭയില്‍ ടേബില്‍ ചെയ്ത സി.എ.ജി റിപ്പോര്‍ട്ടില്‍ പ്രതിപക്ഷം ആരോപിച്ചതു പോലെ ജി.എസ്.ടിയെ കുറിച്ച് ഗുരുതരമായ കണ്ടെത്തലുകളാണുള്ളത്. നികുതി ഭരണം തകര്‍ന്നു. കോടിക്കണക്കിന് നഷ്ടമാണ് ജി.എസ്.ടിയിലൂടെ ഉണ്ടാകുന്നത്. ജി.എസ്.ടിയും ഇ-വേ ബില്ലും കൃത്യമായി കൊണ്ടുപോകാത്തതു കൊണ്ട് കോടികളുടെ നഷ്ടമാണ് ഖജനാവിനുണ്ടായിരിക്കുന്നത്. സംസ്ഥാനത്തിന്റെ കടം ഗൗരവതരമായി വര്‍ധിക്കുന്നു എന്ന കണ്ടെത്തലും സി.ആന്‍ഡ് എ.ജി റിപ്പോര്‍ട്ടിലുണ്ട്. നിയമസഭയില്‍ ഈ വിഷയം അടിയന്തര പ്രമേയമായി പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിവരയിടുന്നതാണ് സി.എ.ജി റിപ്പോര്‍ട്ട്.