തൊണ്ടി മുതലായ ജെട്ടി മോഷ്ടിച്ച കേസില്‍ ആന്റണി രാജുവിന് മൂന്ന് വര്‍ഷം തടവു ശിക്ഷ; നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ണായ വിധിയോടെ ആന്റണി രാജു എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാകും; ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും കഴിയില്ല; തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കവേ ഇടതു മുന്നണിക്ക് വന്‍ തിരിച്ചടി

തൊണ്ടി മുതലായ ജെട്ടി മോഷ്ടിച്ച കേസില്‍ ആന്റണി രാജുവിന് മൂന്ന് വര്‍ഷം തടവു ശിക്ഷ

Update: 2026-01-03 11:47 GMT

തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറി കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് വന്‍ തിരിച്ചടി. കേസില്‍ ആന്റണി രാജുവിനെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. വ്യാജരേഖാ കേസില്‍ രണ്ട് വര്‍ഷത്തെ ശിക്ഷ വിധിച്ചു.

ഗൂഢാലോചനയ്ക്ക് 6 മാസം തടവ്, തെളിവ് നശിപ്പിക്കലിന് 3 വര്‍ഷം തടവും 10,000 രൂപ പിഴയും, കള്ള തെളിവ് ഉണ്ടാക്കല്‍ വകുപ്പിന് 3 വര്‍ഷം തടവ് എന്നിങ്ങനെയാണ് കോടതി ശിക്ഷ വിധിച്ചത്. കേസ് സി.ജെ.എം കോടതി പരിഗണിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി തള്ളി.

കോടതിയുടെ നിര്‍ണായ വിധിയോടെ ആന്റണി രാജു എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാകും. രണ്ട് വര്‍ഷത്തിലധികം തടവിന് ശിക്ഷിക്കപ്പെട്ടാല്‍ നിയമസഭാംഗം അയോഗ്യനാകും. അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും കഴിയില്ല. ഇടതു മുന്നണിക്ക് വന്‍ തിരിച്ചടിയാണ് ഈ കോടതി വിധി. തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ തിരിമറി നടത്തി പ്രതിയ്ക്ക് ശിക്ഷയില്‍നിന്ന് രക്ഷപ്പെടാന്‍ അവസരമൊരുക്കി എന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഒന്നാം പ്രതിയും കോടതി ജീവനക്കാരുമനുമായിരുന്ന ജോസിനും മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചു.

നേരത്തെ കുറ്റക്കാരനാണെന്ന വിധിക്ക് പിന്നാലെ പ്രതികരിച്ച ആന്റണി രാജു കോടതിയില്‍ നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ടെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും പറഞ്ഞിരുന്നു. ഇത് രാഷ്ട്രീയ പ്രേരിതമായ കേസാണ്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കേസ് നടപടികള്‍ വീണ്ടും തുടങ്ങിയത്. ഒരിക്കല്‍പ്പോലും കോടതിയില്‍ ഹാജരാകാതിരുന്നിട്ടില്ല. ഹൈക്കോടതി വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വേറെ മൂന്ന് പ്രതികളാണ് ഉണ്ടായിരുന്നത്. 2005-ലാണ് പൊടുന്നനെ തനിക്കെതിരെ കേസ് വന്നത്. തെരഞ്ഞെടുപ്പിന് മുന്‍പാണ് അന്ന് കേസ് വരുന്നതെന്നും ആന്റണി രാജു ആരോപിച്ചു.

തൊണ്ടിമുതല്‍ തിരിമറി കേസില്‍ ആന്റണി രാജു കുറ്റക്കാരനാണെന്ന് നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധിച്ചത്. കേസിലെ ഒന്നാം പ്രതിയും കോടതി ക്ലര്‍ക്കുമായിരുന്ന ജോസും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിിരുന്നു. ലഹരിക്കേസില്‍ പിടിയിലായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലില്‍ തിരിമറി നടത്തിയെന്ന കേസില്‍ മൂന്ന് പതിറ്റാണ്ട് നീണ്ട വാദ പ്രതിവാദങ്ങള്‍ക്കൊടുവിലാണ് കോടതി വിധി പറഞ്ഞത്.

ഇപ്പോഴത്ത ശിക്ഷാ വിധിയോടെ ആന്റണി രാജുവിന്റെ നിയമസഭാ അംഗത്വം റദ്ദാകും. കോടതി വിധിയില്‍ സ്‌റ്റേ അനുവദിച്ചാലും സ്‌റ്റേ നിലനില്‍ക്കും.

ചുമത്തിയ വകുപ്പുകള്‍:

ഐപിസി 34 - പൊതുവായ ഉദേശ്യത്തോടെയുള്ള ഒരുത്തു ചേര്‍ന്നുള്ള കുറ്റകൃത്യം

409 - സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വിശ്വാസവഞ്ചന

(10, വര്‍ഷം മുതല്‍ ജീവപര്യന്തം ശിക്ഷ കിട്ടാം)

120 B - ഗുഢാലോചന

420- വഞ്ചന

201- തെളിവ് നശിപ്പിക്കല്‍

193- കള്ള തെളിവുണ്ടാക്കല്‍

217- പൊതുസേവകന്റെ നിയമലംഘനം

465 - വ്യാജരേഖ ചമക്കല്‍

468 - വഞ്ചിക്കണമെന്ന ഉദ്ദേശ്യത്തോടെ വ്യാജരേഖ ചമക്കല്‍

ഓസ്‌ട്രേലിയക്കാരനെ രക്ഷിക്കാന്‍ നടത്തിയ മോഷണം

1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്നു കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടുത്താന്‍ തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നാണ് കേസ്. അഭിഭാഷകനായ ആന്റണി രാജു കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിനല്‍കിയതിനെ തുടര്‍ന്ന് പ്രതി ശിക്ഷയില്‍ നിന്ന് രക്ഷപെട്ടു. അദ്ദേഹത്തിനെതിരേ ഐപിസി 120 ബി, 201, 193, 409, 34 എന്നീ വകുപ്പുകളാണ് തെളിഞ്ഞത്. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. കോടതി ജീവനക്കാരനായ ജോസ് ആണ്ഒന്നാം പ്രതി. ജോസുമായി ആന്റണി രാജു ഗൂഢാലോചന നടത്തി തൊണ്ടിമുതല്‍ പുറത്തെടുത്ത് അതില്‍ കൃത്രിമത്വം വരുത്തിയെന്നും അങ്ങനെ ഹൈക്കോടതിയിലെ കേസ് പ്രതിക്ക് അനുകൂലമാക്കിയെന്നും തെളിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

അടിവസ്ത്രത്തില്‍ ഒളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയക്കാരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലി 1990 ഏപ്രില്‍ നാലിനാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലാകുന്നത്. ഈ കേസില്‍ പ്രധാന തൊണ്ടിമുതലായിരുന്നു അടിവസ്ത്രം. ഇതില്‍ കൃത്രിമത്വം നടത്തിയാല്‍ മേല്‍കോടതിയില്‍ അപ്പീലില്‍ ഗുണം ചെയ്യുമെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സെക്ഷന്‍ ക്ലര്‍ക്ക് ജോസുമായി ആന്റണി രാജു ഗൂഢാലോചന നടത്തിയത്.

പ്രശസ്ത അഭിഭാഷകയായ സെലിന്‍ വില്‍ഫ്രഡാണ് പ്രതിയ്ക്ക് വേണ്ടി ഹാജരായത്. നിയമ ബിരുദം നേടിയ ആന്റണി രാജു അക്കാലത്ത് സെലിന്റെ ജൂനിയര്‍ അഭിഭാഷകനായിരുന്നു. പക്ഷേ, ആ കേസ് തൊറ്റു. 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം സെഷന്‍സ് ജഡ്ജി കെ.വി. ശങ്കരനാരായണന്‍ അന്ന് ഉത്തരവിറക്കി. എന്നാല്‍, തൊട്ടുപിന്നാലെ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ചെയ്തു.

കുഞ്ഞിരാമ മേനോന്‍ ആയിരുന്നു പ്രതിക്കുവേണ്ടി വക്കാലത്തെടുത്തത്. കേസില്‍ ഹൈക്കോടതി പ്രതിയെ വെറുതേവിട്ടു. പ്രതിയെ വെറുതേവിടാന്‍ പ്രധാന കാരണമായി കോടതി ചൂണ്ടിക്കാട്ടിയത് കേസിലെ പ്രധാന തൊണ്ടിമുതലായി പൊലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്ന വാദമാണ്. അടിവസ്ത്രം പ്രതിക്ക് ഇടാന്‍ കഴിയില്ലെന്ന്, നേരിട്ട് കോടതി ഉറപ്പാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി പ്രതിയെ വെറുതെ വിട്ടു. തൊട്ടുപിന്നാലെ ആന്‍ഡ്രൂ രാജ്യം വിടുകയായിരുന്നു.

ഓസ്ട്രേലിയയിലേക്ക് കടന്ന ആന്‍ഡ്രൂഅവിടെ കൊലക്കേസില്‍ പെടുകയും തടവില്‍ വെച്ച് സഹതടവുകാരനോട് കേരളത്തിലെകേസിനെക്കുറിച്ച് പറയുകയുമായിരുന്നു. തുടര്‍ന്ന് ഇന്റര്‍പോള്‍ ആണ് സിബിഐയ്ക്ക് വിവരം കൈമാറുന്നത്. സിബിഐ കേരളാ പോലീസിന് കത്ത് നല്‍കി. തുടര്‍ന്നാണ് ആന്റണി രാജുവിനെതിരേ കേസെടുത്തത്.

Tags:    

Similar News