പള്ളിയില്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായി ഇരുന്ന മെഹര്‍; വീട്ടിലെത്തിയപ്പോള്‍ അറിഞ്ഞത് ആ യുവതിയുടെ വിവാഹ കാര്യം; പിന്നെ കണ്ണിലുടക്കിയത് സഹോദരിയെ; മനുഷ്യത്വമുള്ള പങ്കാളിയെ മകന് നല്‍കിയ അമ്മ; എആര്‍ റഹ്‌മാന്‍ വിവാഹ മോചിതനല്ല; ആ സത്യം സൈറ പറയുമ്പോള്‍

Update: 2025-03-16 15:59 GMT

ചെന്നൈ : നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രശസ്ത സംഗീത സംവിധായകന്‍ എ,ആര്‍. റഹ്‌മാന്‍് പരിശോധനകള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു. നിര്‍ജലീകരണം കൊണ്ടാണ് പിതാവിന് ദേഹാസ്വസ്ഥ്യം ഉണ്ടായതെന്ന് മകന്‍ അമീന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രി എം,കെ. സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ റഹ്‌മാന്റെ ആരോഗ്യ വിവരം അറിയാന്‍ ആശുപത്രിയുമായി ബന്ധപ്പെട്ടിരുന്നു. റഹ്‌മാന്‍ സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സൈറ ബാനുവും പ്രസ്താവനയില്‍ പറഞ്ഞു. ലണ്ടനിലായിരുന്ന എ ആര്‍ റഹ്‌മാന്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ചെന്നൈയില്‍ തിരിച്ചെത്തിയത്.

ഇതിനൊപ്പം മറ്റു ചില കാര്യങ്ങളും അവര്‍ വെളിപ്പെടുത്തി.റഹ്‌മാന്റെ മുന്‍ഭാര്യ എന്ന് വിളിക്കരുതെന്ന് സൈറബാനു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. താനും റഹ്‌മാനും വേര്‍പിരിഞ്ഞു താമസിക്കുന്നു എന്നത് ശരിയാണ്. എന്നാല്‍ വിവാഹബന്ധം വേര്‍പെടുത്തിയിട്ടില്ല എന്ന് സൈറ ബാനു പറഞ്ഞു. തന്റെ ആരോഗ്യകാരണങ്ങളാലാണ് വേര്‍പിരിയാന്‍ തീരുമാനിച്ചത്. റഹ്‌മാന്‍ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് തിരിച്ചു എന്ന കാര്യം അറിഞ്ഞു. സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സൈറ ബാനു പറഞ്ഞു. റഹ്‌മാന് കൂടുതല്‍ സ്ട്രസ് നല്‍കരുതെന്ന് കുടുംബത്തോട് അഭ്യര്‍ത്ഥിച്ചു. ഇന്ന് രാവിലെ ഏഴരയോടെയാണ് റഹ്‌മാനെ ചെന്നൈയിലെ ഗ്രീംസ് റോഡിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇസിജി, എക്കോകാര്‍ഡിയോഗ്രാം ഉള്‍പ്പടെയുളള പരിശോധനകള്‍ നടത്തിയിരുന്നു. എ ആര്‍ റഹ്‌മാനെ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. നിര്‍ജലീകരണം കാരണമാണ് എ ആര്‍ റഹ്‌മാന് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നാണ് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്.

ഭാര്യയുമായി പിരിഞ്ഞതില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയത് എ.ആര്‍. റഹ്‌മാന്‍ ആയിരുന്നു. എ.ആര്‍. റഹ്‌മാനും ഭാര്യ സൈറയും വേര്‍പിരിയാന്‍ പോകുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സാമൂഹികമാധ്യമമായ എക്‌സിലൂടെ അദ്ദേഹം പ്രതികരിച്ചത്. 'ഈ ബന്ധം മുപ്പതിലെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, എല്ലാകാര്യങ്ങള്‍ക്കും കാണാന്‍ കഴിയാനാകാത്ത ഒരു അവസാനമുണ്ട്. തകര്‍ന്ന ഹൃദയങ്ങളാല്‍ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. വീണ്ടും പഴയപടിയാകില്ലെങ്കിലും ഞങ്ങള്‍ അര്‍ഥം തേടുകയാണ്. ആകെ തകര്‍ന്ന ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും ഞങ്ങളുടെ സ്വകാര്യത മാനിച്ചതിനും നിങ്ങള്‍ കാണിച്ച ദയയ്ക്കും സുഹൃത്തുക്കളോട് നന്ദി രേഖപ്പെടുത്തുന്നു', എന്നായിരുന്നു റഹ്‌മാന്റെ കുറിപ്പ്. 29 വര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവിലാണ് എ.ആര്‍. റഹ്‌മാനും ഭാര്യ സൈറ ബാനുവും രണ്ട് വീട്ടിലേക്ക് മാറിയത്. 1995-ലാണ് ഇരുവരും വിവാഹിതരായത്. ഖദീജ റഹ്‌മാന്‍, റഹീമ റഹ്‌മാന്‍, എ.ആര്‍. അമീന്‍ എന്നിവരാണ് മക്കള്‍.

ഇരുവര്‍ക്കുമിടയിലെ വൈകാരികബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്നും ഇത് ഏറെ പ്രയാസകരമായ തീരുമാനമാണെന്നും സൈറയുടെ അഭിഭാഷക പറഞ്ഞിരുന്നു. ഇരുവരും തമ്മിലുള്ള വൈകാരികസംഘര്‍ഷങ്ങള്‍ പരിഹരിക്കാനാകുന്നില്ല. പരസ്പരസ്‌നേഹം നിലനില്‍ക്കുമ്പോഴും അടുക്കാനാകാത്തവിധം രണ്ടുപേരും അകന്നുപോയെന്നും പുറത്തുവന്ന വാര്‍ത്താക്കുറിപ്പിലുണ്ടായിരുന്നു. അന്നൊന്നും സൈറാ ബാനു നിലപാടുകളൊന്നും പറഞ്ഞിരുന്നില്ല. റഹ്‌മാന് അസുഖ വാര്‍ത്ത എത്തുമ്പോഴാണ് ആദ്യ പ്രതികരണം നടത്തുന്നത്. തങ്ങളുടേത് വീട്ടുകാര്‍ ഉറപ്പിച്ചു നടത്തിയ വിവാഹമാണെന്നും, അമ്മയാണ് സൈറയെ കണ്ടെത്തിയത് എന്നും താന്‍ അക്കാലത്ത് സംഗീതവുമായി ബന്ധപ്പെട്ട് വലിയ തിരക്കിലായിരുന്നു എന്നും റഹ്‌മാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട് മൂന്ന് നിബന്ധനകളായിരുന്നു അമ്മ കരീമ ബീഗത്തോട് റഹ്‌മാന്‍ മുന്നോട്ട് വെച്ചത്. വിദ്യാഭ്യാസം, സംഗീതത്തോടുള്ള ആദരവ്, മനുഷ്യത്വം ഇത് മൂന്നുമായിരുന്നു പങ്കാളിയെ കുറിച്ചുള്ള റഹ്‌മാന്റെ സങ്കല്‍പങ്ങള്‍.

ഒരു ദിവസം പള്ളിയില്‍ പ്രാര്‍ഥനാ നിര്‍ഭരയായി നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയെ കരീമ ബിഗം കണ്ടു. സൈറയുടെ സഹോദരി മെഹര്‍ ആയിരുന്നു അത്. തുടര്‍ന്ന് കരീമ ബീഗം റഹ്‌മാന്റെ ആലോചനയുമായി മെഹറിന്റെ വീട്ടിലെത്തി. അപ്പോഴാണ് മെഹര്‍ വിവാഹിതയാണെന്ന് അറിഞ്ഞത്. ആ വീട്ടിലെത്തിയ കരീമ ബീഗം അവിടെവച്ച് മെഹറിന്റെ സഹോദരി സൈറ ബാനുവിനെ കണ്ടു. റഹ്‌മാന് ഇണങ്ങിയ വധുവാണ് സൈറയെന്ന് അമ്മയ്ക്ക് ബോധ്യമായി. അങ്ങനെയായിരുന്നു റഹ്‌മാന്‍ സൈറയെ വിവാഹം കഴിക്കുന്നത്. അമ്മയ്ക്ക് ശേഷം റഹ്‌മാന്റെ ജീവിതത്തില്‍ ശക്തി കേന്ദ്രമായി പ്രവര്‍ത്തിച്ചിട്ടുള്ളവരില്‍ പ്രധാനിയും ഭാര്യ സൈറ ബാനു ആയിരുന്നു. സൈറയെ വിവാഹം ചെയ്യുമ്പോള്‍ റഹ്‌മാന് 27 ഉം സൈറയ്ക്ക 21ഉം വയസായിരുന്നു പ്രായം.

Tags:    

Similar News