വള്ളസദ്യയ്ക്ക് വന്ന പള്ളിയോടം മറിഞ്ഞപ്പോള്‍ ആറ്റില്‍പ്പോയത് ഒന്നരലക്ഷത്തിന്റെ ഐ ഫോണ്‍ അടക്കം ഫോണുകളും സ്‌കൂട്ടറിന്റെ താക്കോലും; 12 ദിവസത്തിന് ശേഷം നടത്തിയ തെരച്ചിലില്‍ സാധനങ്ങള്‍ കണ്ടെടുത്ത് അഗ്‌നിരക്ഷാസേനയുടെ സ്‌കൂബ ടീം
പത്തനംതിട്ട: വള്ളസദ്യയ്ക്ക് വന്ന പള്ളിയോടം മറിഞ്ഞപ്പോള്‍ നദിയില്‍ നഷ്ടമായത് ഒന്നരലക്ഷം രൂപ വില വരുന്ന ഐ്ഫോണ്‍ അടക്കം മൊബൈല്‍ ഫോണുകളും സ്‌കൂട്ടറിന്റെ താക്കോലും.
12 ദിവസത്തിന് ശേഷം പള്ളിയോടം മറിഞ്ഞ സ്ഥലത്ത് തെരച്ചില്‍ നടത്തിയ ഫയര്‍ ഫോഴ്സിന്റെ സ്‌കൂബ ടീം നഷ്ടമായ സാധനങ്ങള്‍ ആറ്റില്‍ നിന്ന് മുങ്ങിയെടുത്തു.കഴിഞ്ഞ ഒമ്പതിന് ആറന്മുള പൊന്നുംതോട്ടം പള്ളിയോടം മറിഞ്ഞപ്പോഴാണ് അതില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണുകളും മറ്റും വെള്ളത്തില്‍ പോയത്.അന്ന് തന്നെ അവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഫയര്‍ ഫോഴ്സ് സ്‌കൂബ ടീം തെരച്ചില്‍ നടത്തിയെങ്കിലും നദിയില്‍ വെള്ളം കൂടുതല്‍ ആയതിനാല്‍ കണ്ടെത്താനായില്ല.
കഴിഞ്ഞ 21 ന് വീണ്ടും സ്‌കൂബ ടീം നദിയില്‍ തെരച്ചില്‍ നടത്തി. പ്രേംകുമാര്‍, ബി. ജിത്തു എന്നിവര്‍ വെള്ളത്തില്‍ മുങ്ങി നടത്തിയ തെരച്ചിലില്‍ നഷ്ടമായ എല്ലാ സാധനങ്ങളും കിട്ടി. ഒന്നരലക്ഷം രൂപ വില വരുന്ന ഐഫോണ്‍, റെഡ്മീ ഫോണ്‍, ഇരുചക്ര വാഹനത്തിന്റെ താക്കോല്‍ എന്നിവയാണ് തിരികെ എടുക്കാന്‍ കഴിഞ്ഞത്.
ഇവയുടെ ഉടമകള്‍ ആയ സഞ്ജയ് ഷാജി, രാഹുല്‍ കൃഷ്ണ എന്നിവര്‍ പത്തനംതിട്ട ഫയര്‍ സ്റ്റേഷനില്‍ എത്തി സ്റ്റേഷന്‍ ഓഫീസര്‍ വി. വിനോദ് കുമാറില്‍ നിന്നും സാധനങ്ങള്‍ ഏറ്റു വാങ്ങി. സന്തോഷസൂചകമായി യുവാക്കള്‍ സ്റ്റേഷനില്‍ ലഡു വിതരണം നടത്തി.