കോട്ടും സ്യൂട്ടും ഉപേക്ഷിച്ച്, ജനങ്ങള്‍ക്കിടയില്‍ നടന്ന ഗവര്‍ണര്‍; യൂണിവേഴ്‌സിറ്റികള്‍ സര്‍ക്കാറില്‍ നിന്നും 'പിടിച്ചെടുത്ത' നയങ്ങള്‍; പിണറായി മുതല്‍ എസ്എഫ്‌ഐക്കാര്‍ വരെയുള്ളവരുമായി കലഹം; ആരിഫ് മുഹമ്മദ് ഖാന്‍ കേരളം വിടുന്നത് പിണറായി വിജയന് ആവോളം തലവേദനകള്‍ തീര്‍ത്ത ശേഷം
കോട്ടും സ്യൂട്ടും ഉപേക്ഷിച്ച്, ജനങ്ങള്‍ക്കിടയില്‍ നടന്ന ഗവര്‍ണര്‍
തിരുവനന്തപുരം: ഒരു ഗവര്‍ണര്‍ എന്നാല്‍ നയപ്രഖ്യാപനത്തിന് നിയമസഭയില്‍ വരികയും സര്‍ക്കാറിന്റെ നയം അതേപടി വായിച്ചു മടങ്ങുകയും ചെയ്യുന്ന വ്യക്തി എന്നതായരുന്നു ആരിഫ് മുഹമ്മദ് ഖാന്‍ കേരളാ ഗവര്‍ണര്‍ ആകുന്നിന് മുന്വുള്ള പൊതുചിത്രം. സര്‍ക്കാറുമായി കലഹിക്കാന്‍ നില്‍ക്കാതെ സഹകരണ വഴിയില്‍ പോയിരുന്നവരാണ് ഇവരെല്ലാം. എന്നാല്‍, ആരിഫ് മുഹമ്മദ് ഖാന്‍ തന്റെ മുന്‍ഗാമികളുട പാതയില്‍ സഞ്ചരിച്ച വ്യക്തി ആയിരുന്നില്ല.
സംസ്ഥാന സര്‍ക്കാറുമായി നിരന്തരം കലഹിച്ച അദ്ദേഹം സര്‍ക്കാറിന്റെ പക്കല്‍ നിന്നും യൂണിവേഴ്‌സിറ്റികളുടെ അധികാരം പിടിച്ചെടുക്കുക കൂടി ചെയ്തു. സര്‍ക്കാറിന്റെ പട്ടിക തള്ളി തന്റെ ഇഷ്ടക്കാരെ നിയമിച്ചു യൂണിവേഴ്‌സിറ്റി ഭരിക്കാനും ശ്രമിച്ചു അദ്ദേഹം. ഇതിന്റെ പേരിലായിരുന്നു ഇടതു സര്‍ക്കാറുമായി അദ്ദേഹം നിരന്തരം കലഹിച്ചത്. എസ്എഫ്‌ഐക്കാര്‍ മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വരെയുള്ളവരുമായി നിരന്തരം കലഹിച്ചിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍.
പിണറായി ഭരണത്ത വരച്ച വരയില്‍ നിര്‍ത്തിയ ഗവര്‍ണറാണ് ഒടുവില്‍ കേരളം വിടുന്നത്. ഇനി ബിഹാറിലാണ് അദ്ദേഹത്തിന്റെ തട്ടകം. ഉത്തര്‍പ്രദേശ് സ്വദേശിയായ ആരിഫ് മുഹമ്മദ് ഖാന്‍ തനിക്ക് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതല നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഈ ആവശ്യം അംഗീകരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
പിണറായി സര്‍ക്കാറുമായി ഏറ്റുമുട്ടിയാണ് ആരിഫ് മുഹമ്മദ് ഖാന്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. പൗരത്വനിയമ ഭേദഗതിക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെയായിരുന്നു ഗവര്‍ണര്‍ ആദ്യവെടിപൊട്ടിച്ചത്. പിന്നീട് കണ്ണൂര്‍ വി.സിയായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കാനുള്ള സര്‍ക്കാര്‍ സമ്മര്‍ദത്തില്‍ ഗവര്‍ണര്‍ ഇടഞ്ഞതും വാര്‍ത്തയായി. നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി. നയപ്രഖ്യാപനത്തിന്റെ തുടക്കവും ഒടുക്കവും മാത്രം വായിച്ച് നിയമസഭയില്‍നിന്ന് മടങ്ങി.
രാഷ്ട്രപതിയായിരുന്ന രാംനാഥ് കോവിന്ദിന് ഡി.ലിറ്റ് നല്‍കാനുള്ള ഗവര്‍ണറുടെ താല്‍പര്യം സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് കേരള സര്‍വകലാശാല നിരസിച്ചതോടെ ഏറ്റുമുട്ടലിന് പരസ്യസ്വഭാവം വന്നു. സര്‍ക്കാറിനെതിരെ രാജ്ഭവനില്‍ ഗവര്‍ണര്‍ വാര്‍ത്തസമ്മേളനം വിളിക്കുന്ന സാഹചര്യവുമുണ്ടായി. നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് കണ്ട് സാങ്കേതിക സര്‍വകലാശാല വി.സി നിയമനം സുപ്രീംകോടതി റദ്ദാക്കിയത് ആയുധമാക്കി ഒമ്പത് വി.സിമാര്‍ക്ക് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
ഇതില്‍ കാലടി, കണ്ണൂര്‍, ഫിഷറീസ് സര്‍വകലാശാല വി.സിമാര്‍ക്ക് പദവി നഷ്ടമായി. വി.സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കവരുന്ന രീതിയില്‍ സെര്‍ച് കമ്മിറ്റി ഘടനമാറ്റിയുള്ള ബില്‍ നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ദീര്‍ഘനാള്‍ തടഞ്ഞുവെച്ചു. ഇതിനു പിന്നാലെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്ലും നിയമസഭ പാസാക്കി. അതിലും ഗവര്‍ണര്‍ ഒപ്പിട്ടില്ല. ബില്ലുകള്‍ കൂട്ടത്തോടെ തടഞ്ഞുവെച്ചതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എത്തിയതോടെ ഇവ രാഷ്ട്രപതിക്ക് റഫര്‍ ചെയ്യുകയായിരുന്നു.
ഗവര്‍ണര്‍-സര്‍ക്കാര്‍ പോരില്‍ 11 സര്‍വകലാശാലകളില്‍ വി.സി നിയമനം മുടങ്ങി. കേരള, കാലിക്കറ്റ് സെനറ്റുകളില്‍ സംഘ്പരിവാര്‍ നോമിനികളെ ഗവര്‍ണര്‍ തിരുകിക്കയറ്റിയതിനെതിരെ എസ്.എഫ്.ഐ ഗവര്‍ണറെ തെരുവില്‍ തടയാനിറങ്ങിത് സംഘര്‍ഷമുണ്ടാക്കി. കേരളത്തില്‍ ആദ്യമായി ഗവര്‍ണറെ വഴിയില്‍ തടയുന്ന സംഭവങ്ങളും ഉണ്ടായി. എസ്എഫ്‌ഐക്കാര്‍ കരിങ്കൊടികളുമായി ചുറ്റുമിറങ്ങിയപ്പോല്‍ കാറില്‍ നിന്നിറങ്ങി അവരെ നേരിടുകയായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്തത്.
എസ്എഫ്‌ഐക്കാരെ ഗുണ്ടകള്‍ എന്നു വിളിച്ചാണ് അദ്ദേഹം നേരിട്ടത്. ഇതോടെ സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റികളിലെല്ലാം അദ്ദേഹത്തിനെതിരെ പോസ്റ്ററുകള്‍ ഉയര്‍ത്തി. സര്‍ക്കാറുമായി ഉടക്കു തുടര്‍ന്നതോടെ ഗവര്‍ണര്‍ വിളിച്ച സല്‍ക്കാരങ്ങളെല്ലാം മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌ക്കരിച്ചു. അതേസമയം ഉരുള്‍ദുരന്തം ഉണ്ടായപ്പോഴെല്ലാം വയനാട്ടില്‍ എത്തി സാന്ത്വനിപ്പിക്കാനും ഗവര്‍ണറുണ്ടായി. കൂടാതെ സാധാരണക്കാരുടെ ക്ഷണം സ്വീകരിച്ചു സംസ്ഥാനം ശ്രദ്ധിക്കപ്പെട്ട ചില സാമൂഹിക വിഷയങ്ങളിലും ആരിഫ് മുഹമ്മദ് ഖാന്‍ ഇടപെട്ടു. ഇങ്ങനെ ഒരേ സമയം കേരളം കണ്ട ജനകീയ ഗവര്‍ണറായും അതേസമയം സര്‍ക്കാറിന് തലവേദന തീര്‍ത്ത ഗവര്‍ണറെന്ന പേരോടും കൂടിയാണ് ആരിഫ് മുഹമ്മദ് ഖാന്റെ മടക്കം.