'നല്ല ഓളത്തില്‍ തള്ളി വന്നതായിരുന്നു..തള്ളുമ്പോള്‍ ഒരു മയത്തില്‍ വേണ്ടേ?' ലാത്തി ചാര്‍ജ്ജില്‍ പരിക്കേറ്റ സഹപ്രവര്‍ത്തകയ്ക്ക് പാര്‍ട്ടി സഹായം നല്‍കിയെന്ന് അരിത ബാബു; തനിക്ക് പണം കിട്ടിയില്ലെന്നും ആരോ അടിച്ചുമാറ്റിയെന്നും മേഘ രഞ്ജിത്; അരിതയുടെ പോസ്റ്റിന് ട്രോള്‍ പൂരം
അരിതയുടെ പോസ്റ്റിന് ട്രോള്‍ പൂരം
ആലപ്പുഴ: പാര്‍ട്ടി പ്രതിപക്ഷത്തിരിക്കുമ്പോള്‍, സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ത്തുക പതിവ്. തെരുവിലെ സമരങ്ങള്‍ ചിലപ്പോള്‍ സംഘര്‍ഷത്തിലേക്കു നയിച്ചേക്കാം. അങ്ങനെ ചിലപ്പോള്‍ പ്രതിഷേധം അതിരുവിടുമ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തകരോട് പൊതുജനം ചോദിക്കുന്ന ചോദ്യമാണ് പരുക്കേറ്റാല്‍ ആരാണ് നിങ്ങളെ സംരക്ഷിക്കുക. ഈ ചോദ്യത്തിന് ഉത്തരമായി തന്റെ പ്രസ്ഥാനമായ കോണ്‍ഗ്രസ് എപ്പോഴും സഹായത്തിനായി തങ്ങള്‍ക്കൊപ്പം ഉണ്ടാകാറുണ്ട് എന്ന് പറയുകയാണ് അരിത ബാബു തന്റെ ഫേസ്ബുക്ക് കുറിപ്പില്‍.
പൊലീസ് ലാത്തി ചാര്‍ജില്‍ പരുക്കേറ്റ യൂത്ത്‌കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി മേഘ രഞ്ജിത്തിന് പണം പിരിച്ചു നല്‍കി സഹായിച്ചതായുള്ള അരിത ബാബുവിന്റെ പോസ്റ്റ് വന്നതിന് പിന്നാലെ ട്രോളുകളുടെ ബഹളമാണ്. മേഘ രഞ്ജിത്തിന്റെ ആശുപത്രി ചെലവ് രമേശ് ചെന്നിത്തല ഏറ്റെടുത്തുവെന്നും ഒരു ബിസിനസ് സംരംഭം നടത്തുന്ന മേഘയുടെ ആ മാസത്തെ വാടകയും ലോണും കെസി വേണുഗോപാല്‍ അടച്ചുവെന്നും കുറിപ്പില്‍ പറയുന്നു.
എന്നാല്‍ തന്റെ കുറിപ്പിന് വന്ന മേഘയുടെ കമന്റ് അരിതയെ ഞെട്ടിച്ചു. തനിക്ക് പണം കിട്ടിയില്ലെന്നും ആരാണ് ആ പൈസ കൈപറ്റിയതെന്ന് പരസ്യമായി പറയണമെന്നും മേഘ കമന്റടിച്ചു.
ഇതിന് പിന്നാലെ അരിതയുടെ പോസ്റ്റിന് താഴെ ട്രോളുകളുടെ പെരുമഴയാണ്. തള്ളുമ്പോള്‍ ഒരു മയത്തില്‍ വേണ്ടെ ? പാര്‍ട്ടി ഇത് അറിഞ്ഞാരുന്നോ ? എന്നിങ്ങനെയാണ് അരിത ബാബുവിന്റെ പോസ്റ്റിന് വരുന്ന കമന്റ്
അരിത ബാബുവിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:
രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച നാള്‍ മുതല്‍ ഓരോ സമരങ്ങളിലും പങ്കാളിയാകുമ്പോള്‍, പ്രതിഷേധം അതിരുവിടുമ്പോള്‍, അത് ടിവിയിലും മറ്റു മാധ്യമങ്ങളിലൂടെയും കാണുന്ന പൊതുജനം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: 'ഇങ്ങനെ നിങ്ങള്‍ തെരുവില്‍ ആക്രമിക്കപ്പെട്ടാല്‍ നിങ്ങളെ ആര് സംരക്ഷിക്കും?' ആ ചോദ്യത്തിന് സസന്തോഷം മറുപടി നല്‍കിയ ദിവസങ്ങളിലൊന്നിന്റെ വാര്‍ഷികമാണിന്നെന്ന കാര്യം രാവിലെ തന്നെ ഫേസ്ബുക്ക് ഓര്‍മ്മിപ്പിച്ചു. പരിചിതരിലൂടെ, ഒരിക്കലും പരിചിതരാവാന്‍ സാധ്യതയില്ലാതിരുന്നവരെ പോലും പരിചിതരാക്കിയ എന്റെ പ്രസ്ഥാനം - ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
അഭിമാനമാണ്, അതിലേറെ ആവേശമാണ് എന്റെ പ്രസ്ഥാനം. ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വീടുകയറി അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് 2024 ജനുവരി മാസം പതിനഞ്ചാം തീയതി ആലപ്പുഴ ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ഒരു കളക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. പ്രസ്തുത മാര്‍ച്ച് മുന്‍ എം പി ശ്രീ. രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മുന്‍കൂട്ടി പദ്ധതിയിട്ട പ്രകാരം പോലീസ് അക്രമം അഴിച്ചുവിടുകയായിരുന്നു.
ആക്രമണത്തില്‍ ജില്ലാ പ്രസിഡന്റ് എം പി പ്രവീണ്‍ ഏറ്റുവാങ്ങിയ മര്‍ദ്ദനം കേരളത്തിന്റെ സമര ചരിത്രത്തില്‍ ഒരു നേതാവും ഏറ്റുവാങ്ങാത്തത്ര ക്രൂരമായിരുന്നു. ബാരിക്കേഡിനകത്തേക്ക് കൃത്യമായ പ്ലാനിങ്ങോടെ പോലീസ് പ്രവീണിനെ വലിച്ചെടുത്ത ശേഷം മറ്റു പ്രവര്‍ത്തകരെ പുറത്ത് തടയുകയും ഒറ്റയ്ക്ക് അകത്തായി പോയ പ്രവീണിനെ അതിക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. ഇത് കണ്ടുനിന്ന ഞാനടക്കമുള്ള വനിതാ പ്രവര്‍ത്തകര്‍ ബാരിക്കേഡിനുള്ളിലേക്ക് പ്രവേശിക്കുകയും പ്രവീണിനെ മര്‍ദ്ദിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ ഘട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാക്കളായ മീനു സജീവിനെയും മുത്താരാരാജിനെയും മറ്റൊരിടത്ത് മര്‍ദ്ദിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട് അത് തടയാന്‍ ചെന്ന ഞാനടക്കമുള്ള നിരവധി വനിതാ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു.
ഈ സമയം ബാരിക്കേഡുകള്‍ ഭേദിച്ച് യൂത്ത് കോണ്‍ഗ്രസ് സഹപ്രവര്‍ത്തകര്‍ ഞങ്ങളെ സംരക്ഷിക്കുന്നതിനായി അകത്തേക്ക് കടന്നു വന്നു. പിന്നീട് അവിടെ കണ്ടത് ഭ്രാന്ത് പിടിച്ച പോലീസ് അക്രമം അഴിച്ചുവിടുന്ന കാഴ്ചയാണ്. നിരവധി തവണ ജലപീരങ്കി പ്രയോഗിക്കുകയും ജലപീരങ്കി പ്രയോഗം അവസാനിപ്പിച്ച ശേഷം ലാത്തിയും പോലീസിന്റെ കയ്യില്‍ കിട്ടിയ മറ്റെല്ലാം ഉപയോഗിച്ച് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിക്കുന്നതുമാണ് പിന്നീട് അവിടെ കണ്ടത്. ബാരിക്കേഡിനുള്ളില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഗംഗാശങ്കറിനെ ലാത്തി വീശി പുറത്തേക്ക് നീക്കി മര്‍ദ്ദിക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ റോഡിന്റെ വശത്തേക്ക് മാറി നിന്നിരുന്ന യൂത്ത്‌കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി മേഘ രാജിന്റെ തലയ്ക്ക് പിന്നില്‍ മര്‍ദ്ദനമേക്കുകയും ചെയ്തു.
തുടര്‍ന്ന് പരിക്കു പറ്റിയ എന്നെയടക്കം ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ അറസ്റ്റ് ചെയ്ത് പോലീസ് വാഹനത്തിലേക്ക് കയറ്റുകയാണ് ചെയ്തത്. കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലത്തെത്തി അത് ചോദ്യം ചെയ്തപ്പോള്‍ പരിക്കു പറ്റിയ മുഴുവന്‍ സഹപ്രവര്‍ത്തകരെയും ആലപ്പുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെ നിന്ന് വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയും ചെയ്തു.
ഇതുവരെ പറഞ്ഞത് എല്ലാ സമരങ്ങളിലും സംഭവിക്കുന്ന സര്‍വ്വസാധാരണമായ കാര്യങ്ങളാണ്. എന്നാല്‍ പ്രസ്ഥാനത്തിന്റെ കരുതലും വാത്സല്യവും ചേര്‍ത്തു പിടിക്കലും എന്താണെന്ന് തിരിച്ചറിഞ്ഞത് ആ നിമിഷത്തിലായിരുന്നു.
വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച ഞങ്ങളെ ആ നിമിഷം മുതല്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷന്‍ ബഹുമാന്യനായ മുന്‍ എംഎല്‍എ ബാബു പ്രസാദ് അവര്‍കള്‍ ഒരു പിതാവിന്റെ വാത്സല്യത്തോടെ, കരുതലോടെ ഞങ്ങളോടൊപ്പമുണ്ടായിരുന്നു. അടിയന്തരമായി ലഭിക്കേണ്ട എല്ലാ ചികിത്സകളും ചുരുങ്ങിയ സമയം കൊണ്ട് സമരത്തില്‍ പരിക്കേറ്റ മുഴുവന്‍ ആളുകള്‍ക്കും ഒരേ പ്രാധാന്യത്തോടെ ലഭ്യമാക്കാന്‍ കോണ്‍ഗ്രസ് - യൂത്ത് കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചു.
കൂട്ടത്തില്‍ ഏറ്റവും ഗൗരവമായ പരിക്കുകള്‍ പറ്റിയ പ്രവീണിനെയും മേഘയെയും കൂടുതല്‍ പരിചരണം നല്‍കി പ്രസ്ഥാനം ഒപ്പം നിന്നു.ബഹുമാന്യരായ കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, കെ. സുധാകരന്‍, വി.ഡി സതീശന്‍, ഷാഫി പറമ്പില്‍ തുടങ്ങി പ്രസ്ഥാനത്തിന്റെ സംസ്ഥാന - ജില്ലാ നേതൃനിരകളിലുള്ള നേതാക്കന്മാരും ഈ ചുരുങ്ങിയ സമയത്തില്‍ പരിക്കുപറ്റിയ മുഴുവന്‍ പേരെയും ഫോണിലും നേരിട്ടും ഇതിനോടകം ബന്ധപ്പെടുകയും ചെയ്തു കഴിഞ്ഞിരുന്നു.
രാത്രി ഏറെ വൈകി മേഘാരാജിന് ഛര്‍ദ്ദി തുടങ്ങിയത് ഞങ്ങളെ ആശങ്കപ്പെടുത്തി. അവിടെയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഒട്ടും ആശങ്കപ്പെട്ടില്ല. അടിയന്തരമായി വാഹന സൗകര്യം ഒരുക്കി ബിലീവേഴ്‌സ് ഹോസ്പിറ്റലില്‍ എത്തിച്ചു. ബിലീവേഴ്‌സിലേക്കാണ് കൊണ്ടുപോകുന്നതെന്നറിഞ്ഞു ഞാനും സഹപ്രവര്‍ത്തകരും പത്തനംതിട്ട ജില്ലയിലെ നേരിട്ട് വിളിക്കാന്‍ കഴിഞ്ഞ മുഴുവന്‍ പ്രവര്‍ത്തകരെയും ഫോണില്‍ വിളിച്ചു അവര്‍ അങ്ങോട്ട് എത്തുന്ന വിവരം അറിയിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഹോസ്പിറ്റലില്‍ പ്രിയ സഹപ്രവര്‍ത്തകരുടെ ഒരു വലിയ നിരയാണ് കാണുവാന്‍ കഴിഞ്ഞത്. പ്രിയ നേതാവ് രമേശ് ചെന്നിത്തല രാത്രി ഏറെ വൈകിയിട്ടും ഹോസ്പിറ്റല്‍ അധികൃതരുമായി ഫോണില്‍ സംസാരിച്ച് അടിയന്തര ചികിത്സ നല്‍കണമെന്ന് അറിയിക്കുകയും ചെയ്തു.
അവിടെയെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി പുലര്‍ച്ചയോടെ മേഘാരാജിനെ വീട്ടിലേക്ക് മടക്കിയയക്കുകയും ചെയ്തു. ഈ സമയം ഞങ്ങള്‍ക്കൊപ്പം വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ജില്ലാ പ്രസിഡണ്ടിനും ശാരീരിക ബുദ്ധിമുട്ട് വര്‍ദ്ധിക്കുകയും തലക്കേറ്റ പരിക്ക് സ്‌കാനിങ്ങിലൂടെ പരിശോധന നടത്തിയപ്പോള്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം എംപി പ്രവീണിനെ ബിലീവേഴ്‌സ് ഹോസ്പിറ്റലിലേക്ക് അടിയന്തരമായി മാറ്റുകയും അവിടെയെത്തി ഐസിയു ലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു.
പിറ്റേദിവസം അതി രാവിലെ തന്നെ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം യൂത്ത് കോണ്‍ഗ്രസ് സഹപ്രവര്‍ത്തകര്‍ മേഘാരാജിനെ വീട്ടിലെത്തി സന്ദര്‍ശിക്കുകയും ആരോഗ്യപരമായി വലിയ ബുദ്ധിമുട്ട് അവര്‍ നേരിടുന്നുണ്ട് എന്ന് നേതൃത്വത്തെ അറിയിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ രാവിലെ 9 മണിയോടുകൂടി തന്നെ വീണ്ടും ബിലീവേഴ്‌സ് ഹോസ്പിറ്റലിലേക്ക് എത്തിക്കുകയും ചെയ്തു.
ഈ വിവരമറിഞ്ഞ് അവിടെയെത്തിയ രമേശ് ചെന്നിത്തല കുടുംബാംഗങ്ങളെ സമാധാനിപ്പിക്കുകയും ആശുപത്രി ചിലവ് താന്‍ പൂര്‍ണമായും വഹിക്കുമെന്ന് അവര്‍ക്ക് ഉറപ്പു കൊടുക്കുകയും ചെയ്തു. ഇതേ സമയം ശ്രീ കെ സി വേണുഗോപാല്‍ എംപി ഫോണില്‍ വിളിച്ച് ചികിത്സയുടെ ചെലവ് എങ്ങനെയെന്ന് അന്വേഷിച്ചു. രമേശ് ചെന്നിത്തല സാറാണ് അത് ഏറ്റെടുത്തിരിക്കുന്നതെന്ന് അറിയിച്ചപ്പോള്‍ മറ്റെന്താണ് അടിയന്തരമായി ആവശ്യം എന്നാണ് അദ്ദേഹം ചോദിച്ചത്. ഒരു ബിസിനസ് സംരംഭം നടത്തുന്ന മേഘ രാജിന് അപ്പോള്‍ അടിയന്തരമായി ആവശ്യമുണ്ടായിരുന്നത് ആ മാസത്തെ വാടകയും ലോണ്‍ EMI യും അടയ്ക്കുക എന്നതാണെന്ന് മനസ്സിലാക്കി അപ്പോള്‍ തന്നെ അതിനാവശ്യമായ തുക മേഘയുടെ അക്കൗണ്ടിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു. ദിവസങ്ങളോളം ചികിത്സാ ആവശ്യത്തിനായി ഹോസ്പിറ്റലില്‍ കഴിഞ്ഞ മേഘാരാജിനും എംപി പ്രവീണിനും ഈ പ്രസ്ഥാനം നല്‍കിയ കരുതല്‍ അവിടെ നിന്നുമാണ് കാണാന്‍ തുടങ്ങിയത്.
കേവലം ആശുപത്രി ബില്ല് നല്‍കുക മാത്രമല്ല ചെയ്തത്, ഒരു നേരം പോലും ഭക്ഷണം വീടുകളില്‍ നിന്നും കൊണ്ടുവരേണ്ട സാഹചര്യം അവര്‍ക്ക് രണ്ടുപേര്‍ക്കും ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അതിനു കാരണം പത്തനംതിട്ട ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് കുടുംബങ്ങളില്‍ നിന്നും തന്റെ കുടുംബാംഗം ആശുപത്രിയില്‍ കിടക്കുമ്പോള്‍ എന്തൊക്കെയാണോ അവിടെ എത്തിക്കേണ്ടത് അതെല്ലാം ഒരുക്കി പരിചരണത്തിനായി കൂട്ടിരിപ്പുകാരായി കുടുംബക്കാരായി അവര്‍ ഓരോരുത്തരും കൂടെയുണ്ടായിരുന്നു എന്നതാണ്.
രമേശ് ചെന്നിത്തല ആശുപത്രിയില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നു. ബഹുമാന്യരായ ശ്രീ എ കെ ആന്റണി, വയലാര്‍ രവി, കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എം പി, കെ സുധാകരന്‍ ,വി ഡി സതീശന്‍, ഷാഫി പറമ്പില്‍ , പിസി വിഷ്ണുനാഥ്, ഹൈബി ഈഡന്‍, വി ടി ബല്‍റാം, ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ തുടങ്ങി ഇനിയും ഒരുപാട് പേരുകള്‍ പരാമര്‍ശിക്കുവാന്‍ ഉണ്ട്. ആലങ്കാരികമായി പറഞ്ഞാല്‍ കേരളത്തിലെ കോണ്‍ഗ്രസ് നിര തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റലിലേക്ക് ഓരോ ദിനവും ഒഴുകിയെത്തുക തന്നെയാണ് ചെയ്തത്. കൂടാതെ അഖിലേന്ത്യാ പ്രസിഡന്റ് ശ്രീ പി ബി ശ്രീനിവാസ് ജി, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പുഷ്പലത ജീ അടക്കമുള്ള ദേശീയ നേതൃത്വം നേരിട്ടെത്തിയും സാമ്പത്തിക സഹായം നല്‍കിയും കൂടെത്തന്നെ ഉണ്ടായിരുന്നു.
രാഹുല്‍ മാങ്കൂട്ടം ജയില്‍ മോചിതനായി ആദ്യം എത്തിയതും ഇവിടേക്ക് തന്നെ. പിന്നീട് മുഴുവന്‍ ചുമതലയും ഏറ്റെടുക്കുകയാണ് പ്രിയ പ്രസിഡന്റ് ചെയ്തത്. എംപി പ്രവീണിന്റെ തലക്കേറ്റ പരിക്കിന്റെ ആഘാതം കുറഞ്ഞപ്പോള്‍ ഐ സി യു ല്‍ നിന്നും പുറത്തേക്ക് മാറ്റുകയും കുറച്ചു ദിവസത്തെ നിരീക്ഷണത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. പിന്നീട് കുറച്ചു ദിവസം കൂടി മേഘാരാജ് ബിലീവേഴ്‌സ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ ഉണ്ടായിരുന്നു ഈ കാലയളവിലും സഹപ്രവര്‍ത്തകരുടെ കരുതലും ചേര്‍ത്തു പിടിക്കലും തുടരുക തന്നെ ചെയ്തു.
നേതാക്കള്‍ എല്ലാവരും നിരന്തരം ഫോണിലൂടെയും നേരിട്ടും എത്തി ആരോഗ്യനില അറിയുന്നുണ്ടായിരുന്നു. ഇതൊക്കെ പ്രസ്ഥാനം ചെയ്യുമ്പോഴും മേഘാരാജ് മാനസികമായി വളരെ വലിയ പ്രയാസത്തില്‍ ആയിരുന്നു. തന്റെ രോഗാവസ്ഥയില്‍ നിന്നും പരിപൂര്‍ണ്ണമായി മുക്തയാകുവാന്‍ കാലതാമസം വേണ്ടിവരുമെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം മേഘയെ വല്ലാതെ തളര്‍ത്തി. തുടര്‍ന്ന് മറ്റൊരിടത്തേക്ക് ചികിത്സ മാറ്റണമെന്ന് മേഘാരാജ് ആവശ്യപ്പെട്ട പ്രകാരം മറുത്തൊന്നും പറയാതെ രാഹുല്‍ മാങ്കൂട്ടത്തിലും അബിന്‍ വര്‍ക്കിയും ചേര്‍ന്ന് പ്രതിപക്ഷ നേതാവിനെയും കെസി വേണുഗോപാല്‍ എംപിയെയും വിവരം അറിയിച്ചു. അവരുടെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള അടിയന്തര നടപടികള്‍ കൈക്കൊണ്ടു.
തിരുവല്ല ബിലിവേഴ്‌സ് ഹോസ്പിറ്റലില്‍ നല്‍കുവാന്‍ കഴിയുന്ന എല്ലാ ചികിത്സയും ഹോസ്പിറ്റലിലെ ഡോക്ടര്‍മാരും മറ്റു സ്റ്റാഫുകളും മാനേജ്‌മെന്റും ഒരുക്കി നല്‍കിയിരുന്നു. അവര്‍ക്ക് പ്രത്യേകം നന്ദി ഈ അവസരത്തില്‍ പറയുന്നു. തുടര്‍ന്ന് അനന്തപുരിയിലേക്ക് യാത്ര തിരിക്കുമ്പോള്‍ നേതൃത്വത്തിന്റെ ഇടപെടലിനു പുറമേ തിരുവനന്തപുരം ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാരെയും ഫോണില്‍ നമ്പര്‍ ഉണ്ടായിരുന്ന മുഴുവന്‍ സഹപ്രവര്‍ത്തകരെയും ഞാന്‍ നേരിട്ട് വിളിച്ച് മേഘാരാജിനെ അനന്തപുരി ആശുപത്രിയിലേക്ക് മാറ്റുകയാണെന്നും അവിടെ നിങ്ങളുടെ സഹായം ആവശ്യമാണെന്നും മാത്രം അറിയിച്ചു. അവിടെയും ചരിത്രം രചിക്കപ്പെടുക തന്നെയാണ് ചെയ്തത്. ആശുപത്രിയില്‍ എത്തിയത് മുതല്‍ തിരികെ വരുന്നത് വരെ ഞങ്ങള്‍ കണ്ടത് തിരുവല്ലയില്‍ എങ്ങനെയായിരുന്നുവോ അതുപോലെതന്നെ ഒരു കുടുംബമായി കണ്ടു കുടുംബാംഗത്തിന് വേണ്ട സഹായസഹകരണങ്ങള്‍ ഒരുക്കിയ പ്രിയ സഹപ്രവര്‍ത്തകരെയാണ്.
മേഘാ രാജിന് ചികിത്സ നല്‍കുന്നതിനൊപ്പം അവര്‍ സാമ്പത്തികമായി കൂടി സഹായിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടവും അബിന്‍ വര്‍ക്കിയും കൂടി തീരുമാനമെടുത്തു. അതിനു കാരണം മറ്റൊന്നുമല്ല, ഒരു ബ്യൂട്ടീഷ്യനായ മേഘ തന്റെ സ്വപ്നമായിരുന്ന സ്വന്തമായി ഒരു ബ്യൂട്ടിപാര്‍ലര്‍ തുടങ്ങുക എന്ന ആശയം ബാങ്ക് വായ്പയെടുത്ത് യാഥാര്‍ത്ഥ്യമാക്കിയിട്ട് മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. തന്റെ കഴുത്തിന് ഏറ്റ പരിക്കുകള്‍ കാരണം പെട്ടെന്ന് കൈകള്‍ കൊണ്ട് ഭാരിച്ച ജോലികള്‍ ചെയ്യുവാന്‍ കഴിയില്ല എന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അവരെ മാനസികമായി തളര്‍ത്തിയിരുന്നു. ഈ അവസരത്തില്‍ അവരെ ചേര്‍ത്തു പിടിക്കുവാന്‍ യൂത്ത് കോണ്‍ഗ്രസ് അല്ലാതെ മറ്റാര് എന്ന ചിന്ത തന്നെയാണ് അതിലേക്ക് എത്തിച്ചത്.
അങ്ങനെ ഒരു സഹായം നല്‍കുവാന്‍ പ്രസ്ഥാനം തീരുമാനിക്കുകയും അത് മേഘയെ അറിയിക്കുകയും എന്നും പ്രസ്ഥാനം കൂടെയുണ്ടാകുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. പിന്നീട് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം കേരളത്തിലും പുറത്തും പ്രവര്‍ത്തിക്കുന്ന പോഷക സംഘടനകള്‍ വഴി ഏകദേശം 8 ലക്ഷം രൂപ സമാഹരിച്ച് വിവിധ ഘട്ടങ്ങളിലായി മേഘക്ക് കൈമാറി. അതിലുപരി ദിവസ കൂലിക്ക് ജോലി ചെയ്യുന്നവര്‍ മുതല്‍ ഈ പ്രസ്ഥാനത്തെ ഹൃദയത്തോട് ചേര്‍ത്തു പിടിക്കുന്ന നിരവധിയായ ആളുകള്‍ ചെറുതും വലുതുമായ സാമ്പത്തിക സഹായം നല്‍കി ആ കുടുംബത്തെ ചേര്‍ത്തുപിടിച്ചു.
തുടര്‍ന്ന് ചികിത്സകള്‍ എല്ലാം നല്‍കി അനന്തപുരി ആശുപത്രിയിലെ ബില്ല് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് നല്‍കി. അവര്‍ വീട്ടിലേക്കു മടങ്ങുമ്പോള്‍ വീട്ടിലെത്തിച്ചേരുന്ന ടാക്‌സി കൂലി സഹിതം എന്റെ പ്രസ്ഥാനം കരുതലോടെ നല്‍കി ചേര്‍ത്തുപിടിച്ചു. തുടര്‍ന്ന് മേഘരാജ് എത്തിയത് കരുനാഗപ്പള്ളിയിലെ തന്റെ സ്വന്തം വീട്ടിലേക്കാണ് അവിടുത്തെ സ്ഥലം എംഎല്‍എ ശ്രീ സി ആര്‍ മഹേഷ് വീട്ടിലെത്തി കിടക്കുവാനുള്ള മെഡിക്കല്‍ ബെഡും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കി പ്രാദേശിക നേതൃത്വത്തെ എന്തിനും സജ്ജരാക്കി ഒപ്പം നിര്‍ത്തി.
പിന്നീട് പൂര്‍ണ്ണമായ രോഗശമനത്തോടെ ജോലിയില്‍ പൂര്‍വാധികം കരുത്തോടെ പ്രവേശിച്ച മേഘ ചില ശാരീരിക ബുദ്ധിമുട്ടുകള്‍ ഇന്നും നേരിടുന്നുണ്ടെന്ന കാര്യം മനസ്സിലാക്കി പ്രസ്ഥാനം ഒപ്പമുണ്ട്. ആലപ്പുഴയുടെ എം പി ശ്രീ കെ സി വേണുഗോപാല്‍ അവര്‍കള്‍ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും അറിയിക്കുകയും, പ്രാദേശിക നേതൃത്വവുമായി ആലോചിച്ച് തുടര്‍ന്നും സാമ്പത്തിക സഹായങ്ങള്‍ ചെയ്യുന്നതിന് അവസരം ഒരുക്കാം എന്ന് ഉറപ്പു നല്‍കി. വടകരയുടെ എം പി യായി ശ്രീ ഷാഫി പറമ്പില്‍ വിജയിച്ച ശേഷം മേഘയെ ഫോണില്‍ വിളിച്ച് നിലവില്‍ തുടര്‍ ചികിത്സ ആവശ്യമുണ്ടെങ്കില്‍ ബാംഗ്ലൂരില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.
അങ്ങനെ, ആരെയും വഴിയില്‍ ഉപേക്ഷിക്കുവാന്‍ ഈ പ്രസ്ഥാനത്തിന് ആവില്ല എന്നത് ഈ പ്രസ്ഥാനം തുടരെത്തുടരെ തെളിയിച്ചുകൊണ്ടേയിരിക്കുന്നു. അതുകൊണ്ടു തന്നെ, ആവര്‍ത്തിച്ചു പറയുന്നു, അഭിമാനമാണ് എന്റെ പ്രസ്ഥാനം. ഒപ്പം നിന്നവരുടെ പേരുകള്‍ പരാമര്‍ശിച്ചതില്‍ മന:പൂര്‍വ്വമല്ലാതെ പലരെയും വിട്ടു പോയിട്ടുണ്ടെന്നറിയാം. എല്ലാവരും സദയം ക്ഷമിക്കുക. നിങ്ങള്‍ കൂടെ നിന്നതും, നില്‍ക്കുന്നതും, എവിടെയും പരാമര്‍ശിക്കപ്പെടുക എന്ന ഉദ്ദേശത്തോടെയല്ലെന്നറിയാം. പിന്തുണ നല്‍കിയ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. പ്രത്യേകിച്ച്, ആദ്യാവസാനം ഒപ്പമുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു സഹപ്രവര്‍ത്തകര്‍ക്കും, ആലപ്പുഴ,പത്തനംതിട്ട, തിരുവനന്തപുരം ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കും കായംകുളം,തിരുവല്ല, തിരുവനന്തപുരം നിയോജകമണ്ഡലം കമ്മിറ്റികള്‍ക്കും കായംകുളത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിനൂം ഒരിക്കല്‍ കൂടി നന്ദി പറയുന്നു