'കുടുംബത്തിലേക്ക് കയറണമെങ്കില്‍ അര്‍ജുന്‍ ഒപ്പം വേണം': സഹോദരി ഭര്‍ത്താവ് ജിതിന്റേതടക്കം കുടുംബത്തിന്റെ കാത്തിരിപ്പിന് വിരാമം; എല്ലാവര്‍ക്കും ഉള്ള ഉത്തരം കിട്ടിയെന്ന് ജിതിന്‍

സഹോദരി ഭര്‍ത്താവ് ജിതിന്റേതടക്കം കുടുംബത്തിന്റെ കാത്തിരിപ്പിന് വിരാമം

Update: 2024-09-25 10:21 GMT

അങ്കോള: 'കുടുംബത്തിലേക്ക് കയറണമെങ്കില്‍ അര്‍ജുന്‍ ഒപ്പം വേണം. അല്ലാതെ ദുരന്ത സ്ഥലത്തുനിന്നും പോകില്ല': ഗംഗാവലി പുഴയില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജ്ജുന് വേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെ, 12 ാം ദിവസം സഹോദരി ഭര്‍ത്താവായ ജിതിന്റെ വാക്കുകളായിരുന്നു. ഇന്നിപ്പോള്‍, രണ്ടുമാസത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം അര്‍ജ്ജുന്റെ ലോറിയും ക്യാബിനുള്ളില്‍ മൃതദേഹവും കണ്ടെത്തിയപ്പോള്‍, ജിതിന്‍ പറഞ്ഞത് ഇങ്ങനെയാണ്: 'അര്‍ജുന് വേണ്ടി അവസാനം വരെ പോരാടുമെന്ന് തീരുമാനിച്ചിരുന്നു. എല്ലാവര്‍ക്കുമുള്ള ഉത്തരം ലഭിച്ചു. അര്‍ജുന്‍ തിരിച്ചുവരില്ലെന്ന് കുടുംബം കരുതിയിരുന്നു. പക്ഷേ എന്തെങ്കിലും അവശേഷിപ്പ് കണ്ടെത്തുക എന്നുള്ളതായിരുന്നു പ്രധാനം. വീട്ടില്‍ വിളിച്ചിട്ട് കിട്ടിയില്ല. അഞ്ജു അടക്കം എല്ലാവരും ഓഫീസില്‍ ആയിരിക്കും. അവര്‍ അറിഞ്ഞുകാണണം. ടി വി കാണുന്നുണ്ടാവും', ജിതിന്‍ പറഞ്ഞു.

ഗംഗാവലി പുഴയില്‍ ഡ്രജര്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് അര്‍ജുന്റെ ലോറി കണ്ടെത്തിയത്. ലോറി തന്റേതെന്ന് ഉടമ മനാഫ് തിരിച്ചറിഞ്ഞു. ഷിരൂരില്‍ ജൂലൈ പതിനാറിനുണ്ടായ മണ്ണിടിച്ചിലില്‍ അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുള്‍പ്പെടെ കാണാതായിരുന്നു. തുടര്‍ന്ന് മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെയുള്‍പ്പെടെയുള്ളവര്‍ തിരച്ചിലിന് ഇറങ്ങിയിരുന്നെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. 70 ദിവസങ്ങള്‍ക്ക് ശേഷമാണ് ലോറി കണ്ടെത്തിയത്.

''അര്‍ജുന് എന്റെ മുകളില്‍ ഒരു വിശ്വാസം ഉണ്ടായിരുന്നു. എന്തുപറ്റിയാലും ഞാന്‍ ഉണ്ടെന്ന്. ഞാന്‍ കുടുംബത്തോടുള്ള വാക്ക് പാലിച്ചിരിക്കുകയാണ്. അവനെ അവന്റെ വീട്ടിലെത്തിക്കണം. അച്ഛന് കൊടുത്ത വാക്ക് പാലിക്കുകയാണ്. വണ്ടി പൊന്തിച്ച് അവനെ ഇറക്കി എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കി വീട്ടിലെത്തിക്കണം. എനിക്ക് വണ്ടിയും തടിയും ഒന്നും വേണ്ട.' മനാഫ് പറഞ്ഞു.

ജൂലായ് 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു മണ്ണിടിച്ചിലുണ്ടായി അര്‍ജുന്റെ ലോറി അപകടത്തില്‍പ്പെട്ടത്. റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ അടയാളപ്പെടുത്തിയ പ്രദേശമായ 'സി.പി.4' മേഖലയിലാണ് ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ ഇന്ന് നടത്തിയത്. നാവികസേനയുടെ സംഘമടക്കമാണ് ദൗത്യത്തിനുണ്ടായിരുന്നത്

Tags:    

Similar News