പൊട്ടിപൊളിഞ്ഞ ചുവരുകളും കമ്പികള്‍ തെളിഞ്ഞു കാണുന്ന സ്ലാബുകളും; ഇടിഞ്ഞുവീഴാറായ വൈറ്റിലയിലെ കൂറ്റന്‍ ആര്‍മി ടവര്‍ പൊളിക്കുമോ? പുനര്‍നിര്‍മ്മാണത്തിന് പകരം തുക മടക്കി നല്‍കാമെന്ന് നിര്‍മ്മാതാക്കള്‍; നടപ്പില്ലെന്ന് ഉടമകള്‍; 'അഴിമതി' ടവേഴ്‌സ് അന്വേഷിക്കാന്‍ സിബിഐ വരുമോ?

'അഴിമതി' ടവേഴ്‌സ് അന്വേഷിക്കാന്‍ സിബിഐ വരുമോ?

Update: 2024-11-21 18:10 GMT

കൊച്ചി: പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ആര്‍മി വെല്‍ഫയര്‍ ഹൗസിങ് ഓര്‍ഗനൈസേഷന്‍ സൈനികര്‍ക്കായി നിര്‍മ്മിച്ചു നല്‍കിയ കൊച്ചിയിലെ ചന്ദര്‍ കുഞ്ച് പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ തകരാര്‍ കണ്ടെത്തിയ ഫ്ളാറ്റുകളുടെ പുനര്‍നിര്‍മ്മാണം സാധ്യമല്ലെന്നും ഉടമകളുടെ കൈയ്യില്‍ നിന്നും കൈപ്പറ്റിയ തുക തിരിച്ചുനല്‍കാമെന്നും ആര്‍മി വെല്‍ഫയര്‍ ഹൗസിങ് ഓര്‍ഗനൈസേഷന്‍ കേരള ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലത്തില്‍ അറിയിച്ചു.സ്വകാര്യ കണ്‍സള്‍ട്ടന്റും സ്ട്രക്ചറല്‍ എഞ്ചിനീയറിംഗ് സ്ഥാപനവുമായ ബ്യൂറോ വെരിറ്റാസ് (ബിവി) നടത്തിയ വിശദമായ പഠനത്തെ അടിസ്ഥാനത്തില്‍ റിട്രോഫിറ്റിംഗ് പ്ലാന്‍ സാധ്യമല്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നിര്‍മ്മാതാക്കളുടെ പുതിയ നിര്‍ദ്ദേശം.എന്നാല്‍ ഫ്ളാറ്റ് ഉടമകള്‍ ഈ നിര്‍ദ്ദേശം സ്വികരിച്ചില്ല.

26 നിലകളിലായി നിര്‍മ്മച്ച ഫ്ളാറ്റ് പൊട്ടിപൊളിഞ്ഞ ചുവരുകളും കോണ്‍ക്രീറ്റ് ഇളകി കമ്പികള്‍ തെളിഞ്ഞു കാണുന്ന സ്ലാബുകളും തകര്‍ന്ന് നിലയിലുള്ള ബീമുകളുമായി താമസം സാധ്യമല്ലാത്ത നിലയിലെത്തിയപ്പോഴാണ് ചന്ദര്‍ കുഞ്ച് സമുച്ചയത്തിലെ ബി, സി ടവറുകള്‍ പൊളിക്കണമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐഐഎസ്സി) ശുപാര്‍ശ ചെയ്തത്.ഇതിന് പിന്നാലെ ഉടമകള്‍ വിഷയം ചൂണ്ടിക്കാട്ടി രംഗത്ത് വരികയും പുനര്‍നിര്‍മ്മാണം ആവശ്യപ്പെടുകയും ചെയ്തത്.തുടര്‍ന്ന് വിഷയത്തെക്കുറിച്ച് പഠിക്കുന്നതിനായി ബ്യൂറോ വെരിറ്റാസിനെ ചുമതലപ്പെടുത്തുകയും ചെയ്തത്.അവരുടെ കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് എഡബ്ല്യുഎച്ച്ഒ ഏറ്റവും പുതിയ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഹൈക്കോടതിയില്‍ നിര്‍മ്മാതാക്കളുടെ യു ടേണ്‍

ഐഐഎസ്സി റിപ്പോര്‍ട്ടിന് മറുപടിയായി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍, കെട്ടിടങ്ങള്‍ പൊളിക്കുന്നതിനും പുനര്‍നിര്‍മിക്കുന്നതിനും കുറഞ്ഞത് ഒമ്പത് വര്‍ഷമെടുക്കുമെന്നാണ് എഡബ്ല്യുഎച്ച്ഒ ചൂണ്ടിക്കാട്ടുന്നത്.ഈ വിഷയത്തില്‍ കൂടുതല്‍ കാലതാമസവും അനിശ്ചിതത്വവും ഒഴിവാക്കാനാണ് റീഫണ്ട് പ്ലാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും എഡബ്ല്യുഎച്ച്ഒ വിശദമാക്കുന്നു.

ഒക്ടോബര്‍ 29-ന് നടന്ന ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന്റെ യോഗത്തിലാണ് ഫ്ളാറ്റുകളുടെയും പാര്‍ക്കിംഗ് സ്ഥലത്തിന്റെയും നിര്‍മ്മാണച്ചെലവ് തിരികെ നല്‍കാന്‍ എഡബ്ല്യുഎച്ച്ഒ തീരുമനിച്ചത്.നവംബര്‍ 4ന് സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിലാണ് ഇത് കോടതിയെ അറിയിച്ചത്.ഏകദേശം 60 മുതല്‍ 70 ലക്ഷം രൂപ വരെയാണ് സംഘടന നിര്‍ദ്ദേശിക്കുന്ന നഷ്ടപരിഹാരത്തുക.

തങ്ങള്‍ക്ക് ഇതല്ലാതെ മറ്റൊരു വഴിയും നിലവിലില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.നിലവിലെ എസ്റ്റിമേറ്റ് അനുസരിച്ച്, പദ്ധതിയില്‍ നിന്ന് മൊത്തം 136 കോടി രൂപ (ഏകദേശം) ലഭിക്കുമ്പോള്‍, ഉടമകള്‍ക്ക് നഷ്ടപരിഹാരത്തിനായി ഏകദേശം 175 കോടി രൂപ ചെലവഴിക്കേണ്ടി വരുമെന്നും ഇവര്‍ വിശദീകരിക്കുന്നു.എന്നാല്‍ കരാറുകാരന്‍, ആര്‍ക്കിടെക്റ്റ്, പ്രോജക്ട് ഡയറക്ടര്‍ എന്നിവര്‍ക്കെതിരായ നിയമനടപടികളിലൂടെ എഡബ്ല്യുഎച്ച്ഒ ഈ ഫണ്ടുകള്‍ വീണ്ടെടുക്കുമെന്നും സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.

''എഡബ്ല്യുഎച്ച്ഒഅതിന്റെ നഷ്ടം നികത്താന്‍ സമയമെടുക്കുമെങ്കിലും,ഈ പ്രതിസന്ധി ഘട്ടത്തില്‍ അത് തങ്ങളുടെ സഹോദരങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ഇവര്‍ വിശദീകരിക്കുന്നു.എന്നാല്‍ എഡബ്ല്യുഎച്ച്ഒ മുന്നോട്ടുവച്ച നിര്‍ദ്ദേശത്തെ തള്ളിയ ഉടമകള്‍ നിര്‍മ്മാണ അഴിമതി പരിശോധിക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയെ നിയോഗിക്കണമെന്നും ആവശ്യപ്പെടുന്നു.

ചന്ദര്‍കുഞ്ച് ടവറുകള്‍ക്ക് സമീപമുള്ള അപ്പാര്‍ട്ട്മെന്റുകളുടെ നിലവിലെ മാര്‍ക്കറ്റ് വിലയ്ക്ക് അനുസൃതമായി റീഫണ്ട് നിശ്ചയിക്കുകയോ പുതിയ ഫ്‌ലാറ്റുകള്‍ വാങ്ങുകയോ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.

എതിര്‍പ്പുമായി കെട്ടിട ഉടമകള്‍

എഡബ്ല്യുഎച്ച്ഒയ്ക്കെതിരായ ഹര്‍ജിക്കാരില്‍ ഒരാളായ കേണല്‍ (റിട്ട) സിബി ജോര്‍ജ്,റീഫണ്ട് പ്ലാനിനെക്കുറിച്ചുള്ള തന്റെ എതിര്‍പ്പുകള്‍ ഹര്‍ജ്ജിയായി് കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്.നിശ്ചിത സമയപരിധിക്കുള്ളില്‍ താമസക്കാരെ ഒഴിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം ഹൈക്കോടതിയോട് അഭ്യര്‍ത്ഥിച്ചു.

കെട്ടിടങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ ഒമ്പത് വര്‍ഷമെടുക്കുമെന്ന എഡബ്ല്യുഎച്ച്ഒയുടെ വാദം തെറ്റിദ്ധാരണാജനകമാണെന്നും അദ്ദേഹം പറഞ്ഞു.ഇതിന് തെളിവായി ഇതേ എഡബ്ല്യുഎച്ച്ഒ തന്നെ നിലവിലെ വിവാദ പദ്ധതിയില്‍ നിന്ന് 100 മീറ്റര്‍ മാത്രം അകലെയുള്ള 907-അപ്പാര്‍ട്ട്മെന്റ് പ്രോജക്റ്റ് രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയതായി അദ്ദേഹം ഹര്‍ജിയില്‍ചൂണ്ടിക്കാട്ടി.ഉടമകള്‍ക്ക് തിരികെ നല്‍കാന്‍ നിര്‍ദ്ദേശിച്ച തുക അവര്‍ അടച്ച ചെലവിനേക്കാള്‍ കുറവാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വൈറ്റില സില്‍വര്‍സാന്‍ഡ് ഐലന്‍ഡിലെ ചന്ദര്‍കുഞ്ച് ആര്‍മി ടവേഴ്‌സിലെ നിര്‍മ്മാണ അഴിമതിയിലെ കുറ്റക്കാരെ പുറത്തുകൊണ്ടുവരാന്‍ കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം കേരള ഹൈക്കോടതിയെ സമീപിച്ചു.കാര്‍ഗില്‍ യുദ്ധ സേനാനിയും വിരമിച്ച സൈനികനുമായ മേജര്‍ പ്രിന്‍സ് ജോസ്, ഹോണററി ക്യാപ്റ്റന്‍ എരിഞ്ഞേരി ജോസഫ് എന്നിവരും റസിഡന്‍ഷ്യല്‍ ടവറുകളുടെ ഉടമസ്ഥതയിലുള്ള രണ്ട് പേരുമാണ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ നല്‍കിയ പരാതികളില്‍ പൊലീസ് അന്വേഷണം അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് ഹര്‍ജി.

'പ്രതികളുടെ ശക്തിയും സ്വാധീനവും കാരണം അന്വേഷണം ഇഴയുകയണ്.ഗുരുതരമായ അഴിമതികളുടെയും അഴിമതിയുടെയും ഫലമാണെന്ന് മുഴുവന്‍ കേസുമെന്നും വ്യക്തമാണ്.സമാധാനപരമായ വിരമിക്കല്‍ ജീവിതം പ്രതീക്ഷിച്ച് സൈനിക ഉദ്യോഗസ്ഥര്‍ തങ്ങളുടെ ആജീവനാന്ത സമ്പാദ്യം ഈ അപ്പാര്‍ട്ടുമെന്റുകളില്‍ നിക്ഷേപിച്ചു.എന്നാല്‍ എല്ലാം കുറ്റവാളികളുടെ അശാസ്ത്രീയമായ അത്യാഗ്രഹത്താല്‍ സ്വപ്നങ്ങള്‍ തകര്‍ന്നിരിക്കുന്നു.നീതി വൈകുന്നത് നീതി നിഷേധമാണ്.സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് ഇരകളുടെ അവകാശവും സംസ്ഥാനത്തിന്റെ കടമയുമാണെന്നും ഹരജിയില്‍ പറയുന്നു.സിബിഐ എയോ അല്ലെങ്കില്‍ യോഗ്യതയുള്ള ഏതെങ്കിലും കേന്ദ്ര ഏജന്‍സിയോടൊ അന്വേഷണത്തിന് ഉത്തരവിടണമെന്നും കോടതിയോട് അഭ്യര്‍ത്ഥിച്ചു.

2022 ജൂണിലും 2023 ജൂണിലും വിഷയത്തില്‍ മരട് പോലീസ് രണ്ട് വ്യത്യസ്ത എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. അന്വേഷണത്തില്‍ പുരോഗതി ഉണ്ടായിട്ടില്ലെന്ന് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.ഈ വര്‍ഷം ആദ്യം നല്‍കിയ രണ്ട് പരാതികളില്‍ പോലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടില്ലെന്നും വിശദമാക്കുന്നു.

വൈറ്റിലയിലെ സില്‍വര്‍ സാന്‍ഡ് ഐലന്‍ഡില്‍ 2018ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഉടമസ്ഥര്‍ക്ക് കൈമാറിയ ഫ്‌ളാറ്റുകള്‍ നാല് വര്‍ഷം കൊണ്ട് തകര്‍ച്ചയുടെ വക്കിലെത്തുകയായിരുന്നു.സൈനികര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി 200 കോടി മുതല്‍ മുടക്കി നിര്‍മ്മിച്ച ഫ്‌ളാറ്റ് സമുച്ചയമാണ് ഉപയോഗിക്കാനാകാത്ത അവസ്ഥയിലായത്.26 നിലകളിലായി സ്ഥിതി ചെയ്യുന്ന രണ്ട് ടവറുകളുടെയും അവസ്ഥ ആശങ്കജനകമാണ്.

പൊട്ടിപൊളിഞ്ഞ ചുവരുകളും കോണ്‍ക്രീറ്റ് ഇളകി കമ്പികള്‍ തെളിഞ്ഞു കാണുന്ന സ്ലാബുകളും തകര്‍ന്ന് നിലയിലുള്ള ബീമുകളുമാണ് ഫ്‌ളാറ്റിലുള്ളത്. കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ പലയിടത്തും തകര്‍ന്നു.വലിയ ടൈല്‍ കഷ്ണങ്ങള്‍ ഇളകി വീഴുന്നത് ഫ്‌ളാറ്റില്‍ നിത്യസംഭവമായിന്നു.മൂന്ന് ടവറുകളുള്ള ഫ്‌ളാറ്റ് സമുച്ചയത്തില്‍ 265 കുടുംബങ്ങളാണ് താമസിക്കുന്നത്.അശാസ്ത്രീയ നിര്‍മാണമാണ് ഫ്‌ളാറ്റിന്റെ ശോചനിയവസ്ഥയ്ക്ക് കാരണമെന്നാണ് ഫ്‌ളാറ്റ് ഉടമകള്‍ പറയുന്നത്. ഫ്‌ളാറ്റ് ഉടമകളുടെ പരാതിയില്‍ തിരുവനന്തപുരം ഗവ. എന്‍ജിനിയറിങ് കോളജ് നടത്തിയ പഠന റിപ്പോര്‍ട്ടിലും നിര്‍മാണത്തിലെ വീഴ്ചകള്‍ കണ്ടെത്തിയിരുന്നു.

നിര്‍മാണ സമയത്ത് ഉപയോഗിച്ച സിമന്റിന്റെയോ മണലിന്റെയോ കമ്പിയുടെയോ ഗുണമേന്മ തെളിയിക്കുന്ന ഒരു രേഖകളും എ.ഡബ്ല്യു എച്ച്.ഒയുടെ കയ്യിലില്ലെന്നും നിര്‍മാണസമയത്ത് നടത്തേണ്ട ഗുണമേന്മ പരിശോധനകള്‍ ഒന്നും നടത്തിയതിന് തെളിവില്ലെന്നും പഠന റിപ്പോര്‍ട്ടിലുണ്ട്.നിര്‍മാണത്തില്‍ ഗുണമേന്മയുള്ള വസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ലെന്നത് വസ്തുതയായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

Tags:    

Similar News