ചാള്‍സ് രാജാവിന്റെ സഹോദരനെ മണിക്കൂറുകള്‍ പാര്‍പ്പിച്ചത് സാധാരണക്കാരെ താമസിപ്പിക്കുന്ന സെല്ലില്‍ തന്നെ; വീട്ടിലേക്ക് വിട്ടയച്ചെങ്കിലും കേസും പുകിലുമായി ശിഷ്ടജീവിതം; ഓഫീസ് ദുരുപയോഗത്തിന് പിന്നാലെ കുട്ടിപീഡനത്തിനും റേപ്പിനും വരെ കേസ് എടുത്തേക്കാം

ചാള്‍സ് രാജാവിന്റെ സഹോദരനെ മണിക്കൂറുകള്‍ പാര്‍പ്പിച്ചത് സാധാരണക്കാരെ താമസിപ്പിക്കുന്ന സെല്ലില്‍ തന്നെ

Update: 2026-02-20 01:12 GMT

ലണ്ടന്‍: പോലീസ് സ്റ്റേഷനിലെ സെല്ലിന്റെ തടിച്ച ഇരുമ്പുവാതില്‍ തനിക്ക് പുറകില്‍ അടച്ചപ്പോള്‍ ഒരുപക്ഷെ ആന്‍ഡ്രു മൗണ്ട്ബാറ്റന്‍ വിന്‍ഡ്‌സര്‍ തന്റെ പഴയകാല ജീവിതത്തെ കുറിച്ച് ഒന്ന് ചിന്തിച്ചിരിക്കാം. ലോകം ആദരവോടെ കാണുന്ന ഒരു കുടുംബത്തിലെ ജനനം. ജനനം കൊണ്ടുമാത്രം നേടാന്‍ കഴിയുന്ന രാജപദവികള്‍. സാധാരണക്കാര്‍ക്ക് അത്യധികം കഠിനാദ്ധ്വാനം കൊണ്ട് മാത്രം നേടാന്‍ കഴിയുന്ന ഉന്നത സൈനികപദവികള്‍ അനായാസം കൈയെത്തിപ്പിടിക്കാന്‍ കഴിയുക. വളരെ ചുരുക്കം ചിലര്‍ക്ക് മാത്രം ലഭിക്കുന്ന സൗഭാഗ്യങ്ങളെല്ലാം വിങ്ങുന്ന ഓര്‍മ്മകളായി മാറി. അറുപത്തിയാറാം പിറന്നാള്‍ ദിനത്തില്‍ 'പാഴായിപ്പോയ ഒരു ജന്മം' എന്ന് സ്വയം പരിതപ്പിക്കേണ്ട അവസ്ഥയിലാണ് മുന്‍ രാജകുമാരന്‍.

അറസ്റ്റ് ചെയ്ത ആന്‍ഡ്രുവിനെ പോലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചത് ഒരു സാധാരണ സെല്ലിലെന്ന് റിപ്പോര്‍ട്ടുകള്‍. പ്രത്യേക സൗകര്യങ്ങളോ ആനുകൂല്യങ്ങളോ ആന്‍ഡ്രുവിനായി ഒരുക്കിയിരുന്നില്ല. സാധാരണ തടവുപുള്ളികള്‍ക്കുള്ള ഭക്ഷണം മാത്രമായിരുന്നു ജന്മദിനത്തില്‍ ആന്‍ഡ്രുവിന് ലഭിച്ചത്. അതിനു ശേഷം ജാമ്യത്തിലിറങ്ങിയെങ്കിലും ആന്‍ഡ്രുവിന്റെ ഇനിയുള്ള ജീവിതം ഏറെ ദുഷ്‌കരമാകുമെന്നാണ് നിയമജ്ഞരും പറയുന്നത്. രാജാധികാരത്തിനോ പണത്തിനോ ഒരുപക്ഷെ തിരുത്താന്‍ കഴിയാത്ത ഒരു വിധിയാണ് ആന്‍ഡ്രുവിനെ കാത്തിരിക്കുന്നത്.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നതാണ് ആന്‍ഡ്രുവിന് മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം. അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ സ്വന്തം ലാഭത്തിനായി പൊതു പദവി ഉപയോഗിക്കുന്നത് കടുത്ത നിയമ ലംഘനമായാണ് ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് വ്യാഖ്യാനിച്ചിരിക്കുന്നത്. എന്നാല്‍, രാജകുടുംബാംഗങ്ങള്‍ ഈ നിയമത്തിന്റെ പരിധിയില്‍ വരുമോ എന്ന് സംശയമുന്നയിക്കുന്നവരും ഉണ്ട്. എന്നാല്‍, പദവി ദുരുപയോഗം ചെയ്യുന്നതിലെ ഗൗരവം അനുസരിച്ച് ഇക്കാര്യത്തില്‍ കേസെടുക്കാന്‍ കഴിയുമെന്ന് നിയമജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു.

2001 മുതല്‍ 2011 വരെ യു കെയുടെ വ്യാപാര പ്രതിനിധി എന്ന ഔദ്യോഗിക പദവി ആയിരുന്നു ആന്‍ഡ്രു വഹിച്ചിരുന്നത്. ബ്രിട്ടീഷ് സര്‍ക്കാരിനെ ആഗോള വിപണിയില്‍ പ്രതിനിധാനം ചെയ്യുന്നതിന് തുല്യമാണിത്. എന്നാല്‍ ബ്രിട്ടീഷ് സര്‍ക്കാരല്ല ആന്‍ഡ്രുവിനെ നിയമിച്ചത്, ആന്‍ഡ്രുവിന്റെ അമ്മയായ അന്നത്തെ ബ്രിട്ടീഷ് രാഷ്ട്ര തലവനായിരുന്ന എലിസബത്ത് രാജ്ഞിയായിരുന്നു. ഈ പദവിയില്‍ ഇരുന്ന് അതീവ രഹസ്യമായി സൂക്ഷിക്കേണ്ട ചില റിപ്പോര്‍ട്ടുകള്‍ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന് ചോര്‍ത്തി നല്‍കി എന്നതാണ് ആന്‍ഡ്രുവിന് മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം.

റഷ്യന്‍ ചാര സംഘടനയുമായി എപ്സ്റ്റീന് അടുത്ത ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്ന സാഹചര്യത്തില്‍ ഇത് കൂടുതല്‍ ഗുരുതമായ കുറ്റമായി മാറുകയാണ്. അഫ്ഗാനിസ്ഥാനിലേയും തെക്ക് കിഴക്കന്‍ ഏഷ്യയിലേയും നിക്ഷേപ സാധ്യതകളുമായി ബന്ധപ്പെട്ട വിവരങ്ങളായിരുന്നു ആന്‍ഡ്രു എപ്സ്റ്റീന്‍ ചോര്‍ത്തിക്കൊടുത്തത് എന്നാണ് ചില മാധ്യമ റിപോര്‍ട്ടുകള്‍ പറയുന്നത്. മാത്രമല്ല, 2008 ല്‍ പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് എപ്സ്റ്റീന്‍ ശിക്ഷിക്കപ്പെട്ടതിനു ശേഷമായിരുന്നു ഇതെന്നത് സംഭവത്തിന്റെ ഗൗരം വര്‍ദ്ധിപ്പിക്കുന്നു.

ജീവപര്യന്തം തടവ് ലഭിക്കാന്‍ ഇടയുള്ള കുറ്റങ്ങളാണ് ആന്‍ഡ്രുവിന് മേല്‍ ചുമത്തിയിരിക്കുന്നത്. എന്നാല്‍, ഇതെല്ലാം തെളിയിക്കുക എന്നത് ഏറെ ക്ലേശകരമായ കാര്യമാണ്. ആന്‍ഡ്രു ഔദ്യോഗിക പദവി വഹിച്ചിരുന്ന കാലത്തെ ലക്ഷക്കണക്കിന് രേഖകളും മറ്റും പോലീസിന് വിശദമായി പരിശോധിക്കേണ്ടതായി വരും. മതിയായ തെളിവുകള്‍ ലഭിച്ചതിന് ശേഷം മാത്രമെ കേസ് ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസിന് മുന്നില്‍ സമര്‍പ്പിക്കാന്‍ പോലീസിന് കഴിയുകയുള്ളു. എന്നാല്‍, ഈ ഒരു ആരോപണത്തില്‍ മാത്രം പോലീസ് ഒതുങ്ങി നില്‍ക്കില്ല എന്നാണ് അറിയുന്നത്.

ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് അനധികൃതമായി സ്ത്രീകളെ കൊണ്ടുവന്നതിനും, ലൈംഗിക പീഢനത്തിനും ബലാത്സംഗത്തിനും വരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചേക്കാം. ആന്‍ഡ്രുവിന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ 2010 ല്‍ എപ്സ്റ്റീന്‍ തന്റെ സ്വകാര്യ വിമാനത്തില്‍ സ്ത്രീകളെ ബക്കിംഗ്ഹാം കൊട്ടാരത്തില്‍ എത്തിച്ച സംഭവവും അന്വേഷണ വിധേയമായേക്കാം. അങ്ങനെയെങ്കില്‍ ഇനിയുള്ള കാലം കുരുക്കഴിക്കാനുള്ള തത്രപ്പാടുകളുമായി ആന്‍ഡ്രുവിന് ജീവിക്കേണ്ടി വരും.

Tags:    

Similar News