ആന കൊടുത്താലും കിളിയേ ആശ കൊടുക്കാമോ? ഈ പാട്ടുപോലെയായി മന്ത്രി വീണാ ജോര്‍ജിനെ വിശ്വസിച്ച സമരക്കാരുടെ അവസ്ഥ; ഡല്‍ഹിയിലേക്ക് കുതിച്ചു പാഞ്ഞത് ക്യാന്‍സര്‍ വാക്‌സിന് വേണ്ടി ക്യൂബക്കാരുമായി ചര്‍ച്ച നടത്താന്‍; കേന്ദ്രമന്ത്രി ജെപി നഡ്ഡയുമായി കൂടികാഴ്ചയ്ക്ക് സമയവും കിട്ടിയില്ല; ആശാ വര്‍ക്കാര്‍മാരെ നിരാഹാര ദിവസം സര്‍ക്കാര്‍ നിരാശരാക്കിയത് ഇങ്ങനെ

Update: 2025-03-20 08:53 GMT

ന്യൂഡല്‍ഹി: ആന കൊടുത്താലും കിളിയേ ആശ കൊടുക്കാമോ? സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഡല്‍ഹിയില്‍ എത്തിയ് ക്യൂബന്‍ പ്രതിനിധി സംഘത്തെ കാണാന്‍. അല്ലാതെ ആശമാര്‍ക്ക് വേണ്ടിയായിരുന്നില്ല. വന്നതുകൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയെ കാണാനും സമയം ചോദിച്ചിട്ടുണ്ട്. സമയം ലഭിച്ചില്ലെങ്കില്‍ നിവേദനം കൊടുക്കുമെന്നും ആശ പ്രവര്‍ത്തകരുടെ ഇന്‍സെന്റീവ് വിഷയമടക്കം ഇതില്‍ ഉന്നയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതോടെ ആശാ സമരം ഒത്തു തീര്‍പ്പാക്കാന്‍ വേണ്ടി അടിയന്തരമായി മന്ത്രി ഡല്‍ഹിയില്‍ എത്തിയത് അല്ലെന്ന് വ്യക്തമായി.

ആശാ വര്‍ക്കര്‍മാര്‍, എയിംസ് തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രിയെ കണ്ട് ഉന്നയിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് ആഗ്രഹിക്കുന്നുണ്ട്.. കാസര്‍കോട്, വയനാട് മെഡിക്കല്‍ കോളേജുകള്‍ യാഥാര്‍ത്യമാക്കാന്‍ പിന്തുണ തേടും. ക്യൂബന്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചകളും നടക്കും. ആരോഗ്യ രംഗത്തെ നൂതന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ആശ കേന്ദ്ര പദ്ധതിയാണ്. ഈ പദ്ധതി തുടങ്ങിയ കാലത്ത് ഇറക്കിയ ഗൈഡ് ലൈനില്‍ സ്ത്രീ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നാണ് ആശമാരെ വിശേഷിപ്പിക്കുന്നത്. അതില്‍ മാറ്റം വരുത്തുന്നതടക്കം ആവശ്യപ്പെടും. കേന്ദ്രമാണ് ഇന്‍സെന്റീവ് ഉയര്‍ത്തേണ്ടത്. എല്ലാ കണക്കുകളും നിയമസഭയില്‍ വച്ചിട്ടുണ്ട്. അത് പൊതുരേഖയാണെന്നും മന്ത്രി പറഞ്ഞു. വീണാ ജോര്‍ജ് പെട്ടെന്ന് ഡല്‍ഹിയിലേക്ക് പോകുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ എത്തിയപ്പോള്‍ ആശമാര്‍ പ്രതീക്ഷയിലായിരുന്നു. സെക്രട്ടറിയേറ്റിന് മുന്നിലെ സമരം പെട്ടെന്ന് തീരുമെന്നും പ്രതീക്ഷിച്ചു. ഇതിനിടെയാണ് തനിക്ക് കേന്ദ്രമന്ത്രിയെ കാണാനുള്ള അപ്പോയിന്റ്‌മെന്റ് പോലും കിട്ടിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചത്. ഇതോടെ തിരുവനന്തപുരത്തെ സമര പന്തല്‍ മൂകമായി.

സെക്രട്ടേറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ആശ പ്രവര്‍ത്തകരുടെ പ്രതിഷേധം അവസാനിപ്പിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ചയും പരാജയമായിരുന്നു. ആശാപ്രവര്‍ത്തകര്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ ഒന്നും അംഗീകരിച്ചില്ലെന്നും ഓണറേറിയം ഉള്‍പ്പെടെ ആവശ്യങ്ങള്‍ ഒന്നും ചര്‍ച്ച ചെയ്തില്ലെന്നും പുതിയ നിര്‍ദ്ദേശങ്ങളോ പരിഗണനകളോ മന്ത്രി തല ചര്‍ച്ചയിലും ഉണ്ടായില്ലെന്നും സമരക്കാര്‍ അറിയിച്ചിരുന്നു. വിഷയം യാഥാര്‍ത്ഥ്യ ബോധത്തോടെ കാണണമെന്നും സമരം അവസാനിപ്പിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടുക മാത്രമാണ് ചെയ്തത്. എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് മുന്നോട്ട് പോകുന്നത് എന്നായിരുന്നു വിഷയത്തില്‍ ആരോഗ്യ മന്ത്രി സ്വീകരിച്ച നിലപാട്. ഇക്കാര്യം ചര്‍ച്ചയ്ക്ക് ശേഷം വിളിച്ച വാര്‍ത്താ സമ്മേളനത്തിലും മന്ത്രി ആവര്‍ത്തിച്ചു. സ്വീകരിക്കാവുന്ന നടപടികള്‍ എല്ലാം സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. 2006 ല്‍ നിശ്ചയിച്ച ഇന്‍സെന്റീവ് കൂട്ടാന്‍ ഇതുവരെ കേന്ദ്രം തയ്യാറായിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.

ഓണറേറിയം കൂട്ടരുത് എന്ന നിലപാട് സര്‍ക്കാരിന് ഇല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് മുമ്പ് എന്‍ എച്ച് എം ഡയറക്ടറും ചര്‍ച്ച നടത്തി. അതും സമ്പൂര്‍ണ്ണ പരാജയമായിരുന്നു. ഇതെല്ലാം സംഭവിച്ചത് ബുധനാഴ്ചയായിരുന്നു. പിന്നാലെ വ്യാഴാഴ്ച പുലര്‍ച്ചെ ആശമാര്‍ക്ക് വേണ്ടിയെന്ന പൊതു ധാരണ സൃഷ്ടിച്ച് മന്ത്രി ഡല്‍ഹിയില്‍ എത്തി. എന്നാല്‍ കേന്ദ്ര ആരോഗ്യമന്ത്രി കാണാന്‍ വിസമ്മതിച്ചതായാണ് സൂചന. ഈ സാഹചര്യത്തിലാണ് താന്‍ എത്തിയത് ക്യൂബന്‍ സംഘത്തെ കാണാനാണെന്ന വിശദീകരണവുമായി മന്ത്രി എത്തിയതെന്നാണ് വിലയിരുത്തല്‍. അതിനിടെ സമ്മര്‍ദ്ദം ശക്തമാക്കി കേന്ദ്രമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് കേരളത്തിന്റെ ഡല്‍ഹിയിലെ പ്രതിനിധികള്‍ നീക്കം നടത്തുന്നുണ്ട്.

അതിനിടെ തിരുവനന്തപുരത്ത് ആശ പ്രവര്‍ത്തകരുടെ നിരാഹാര സമരം തുടങ്ങുകയും ചെയ്തു. ഓണറേറിയം 21000 ആക്കണമെന്ന പ്രധാന ആവശ്യം ഉന്നയിച്ചാണ് ആശമാര്‍ മൂന്നാം ഘട്ടമായി നിരാഹാര സമരത്തിലേക്ക് കടക്കുന്നത്. സര്‍ക്കാരിന് മേലെ സമ്മര്‍ദ്ദം കൂട്ടാനാണ് ശ്രമം. ഓണറേറിയാം കൂട്ടാന്‍ കേന്ദ്ര മന്ത്രിയുടെ അനുമതി ആവശ്യം ഇല്ലെന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന എം.എ ബിന്ദു, എസ്.മിനി എന്നിവര്‍ തിരുവനന്തപുരത്ത് പ്രതികരിച്ചു. അതിനായി കേന്ദ്രത്തില്‍ പോകേണ്ട കാര്യമില്ല. ഇന്‍സെന്റിവ് കൂട്ടാന്‍ ആണ് മന്ത്രി പോയത് എങ്കില്‍ നല്ലത്. സമരത്തിന്റെ ഭാഗമായി തന്നെയാണ് കേന്ദ്രമന്ത്രി പാര്‍ലമെന്റില്‍ ഇന്‍സെന്റീവ് വര്‍ധിപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയത്. അത്തരമൊരു സാഹചര്യം സൃഷ്ടിച്ചെടുക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ഓണറേറിയം വര്‍ധിപ്പിക്കാന്‍ കേന്ദ്രത്തില്‍ പോകേണ്ടതില്ലെന്നും ആശമാര്‍ പറഞ്ഞിരുന്നു.

സംസ്ഥാനത്തിന് തീരുമാനിക്കാവുന്ന കാര്യത്തിന് ഇവിടെ തീരുമാനിക്കാം. ആശ വര്‍ക്കാര്‍മാരോട് ഇന്നലെ പിരിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ട ആരോഗ്യ മന്ത്രിയാണ് ഇന്ന് തിടുക്കത്തില്‍ ഡല്‍ഹിക്ക് പോയിരിക്കുന്നത്. കേന്ദ്രത്തില്‍ നിന്ന് കിട്ടിയാല്‍ ആശ വര്‍ക്കര്‍മാര്‍ക്ക് തരാനാണെങ്കില്‍ നല്ലത്. ഓണറേറിയം വര്‍ധിപ്പിക്കേണ്ടത് സംസ്ഥാനമാണ്. അത് കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവെക്കേണ്ട' - ഇതാണ് ആശാ സമര നേതാക്കള്‍ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയെ കാണാനുള്ളത് മാത്രമല്ല തന്റെ യാത്രയെന്ന് വീണാ ജോര്‍ജ് അറിയിച്ചത്. ആശ വര്‍ക്കര്‍മാരുടെ സംഘടന ജനറല്‍ സെക്രട്ടറി ബിന്ദു, പ്രവര്‍ത്തകരായ ഷീജ, തങ്കമണി എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. അവകാശങ്ങള്‍ നേടിയെടുക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടിലാണ് പ്രവര്‍ത്തകര്‍.

സമരം തുടങ്ങി 38 ദിവസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ തലത്തില്‍നിന്ന് യാതൊരുവിധ അനുകൂല നിലപാടുകളും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ആശ പ്രവര്‍ത്തകര്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് നീങ്ങിയത്. പ്രതിപക്ഷം സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

Tags:    

Similar News