'ജനിച്ചത് പെണ്‍കുഞ്ഞാണെന്ന് പറഞ്ഞ് നിരന്തരം ഉപദ്രവിച്ചു; അടിവസ്ത്രം ഊരി അവളുടെ മുഖത്തേക്ക് എറിഞ്ഞു; അവന്‍ മൂത്രമൊഴിച്ചിട്ട് അതുവരെ കുടിപ്പിച്ചിട്ടുണ്ട്; എന്നോട് പറഞ്ഞിട്ടുള്ളതാണ്; ആ നാലുമണിക്കൂറിനുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് അറിയണം'; അതുല്യ നേരിട്ട പീഡനങ്ങളെക്കുറിച്ച് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍; കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം; ഫോണ്‍ രേഖകളും, മൊഴിയും ഉടന്‍ ശേഖരിക്കും
അതുല്യ നേരിട്ട പീഡനങ്ങളെക്കുറിച്ച് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍
അബുദാബി: ഷാര്‍ജയില്‍ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശിനിയായ അതുല്യ മരിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം. തെക്കുംഭാഗം സിഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം കേസ് അന്വേഷിക്കും. ഫോണ്‍ രേഖകളും, മൊഴിയും ഉടന്‍ ശേഖരിക്കും. അതുല്യയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടും വിചിത്രവാദവുമായാണ് സതീഷ് ശങ്കര്‍ രംഗത്തെത്തിയത്. അതുല്യ ഗര്‍ഭഛിദ്രം നടത്തിയത് പ്രകോപിച്ചെന്നും മദ്യപിക്കുമ്പോള്‍ അത് ഓര്‍മ വരുമെന്നുമാണ് പ്രതികരണം. കഴിഞ്ഞ ദിവസം രാത്രിയാണ് അതുല്യയെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
നിരപരാധിയാണെന്ന സതീഷിന്റെ വാദം അതുല്യയുടെ പിതാവ് തള്ളിയിരുന്നു. സതീഷുമായുള്ള ബന്ധം ഉപേക്ഷിക്കാനും വീട്ടിലേക്ക് വരാനും വീട്ടുകാര്‍ പറഞ്ഞിരുന്നു. 10 വയസ്സുള്ള മകളെ കരുതി എല്ലാം ക്ഷമിച്ചും സഹിച്ചും നിന്നെന്നും കുടുംബം. മകന്‍ വിളിക്കാറുപോലുമില്ലെന്ന് സതീഷിന്റെ മാതാവ് ഉഷ പറഞ്ഞു. ഷാര്‍ജ പോലീസിലും ഇന്ത്യന്‍ കോണ്‍സുലേറ്റിലും പരാതി നല്‍കാനാണ് അതുല്യയുടെ കുടുംബത്തിന്റെ തീരുമാനം. ഷാര്‍ജയിലെ മോര്‍ച്ചറിയിലാണ് അതുല്യയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
അതേ സമയം അതുല്യയുടെ മരണത്തില്‍ ഭര്‍ത്താവ് സതീഷ് ശങ്കറിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ഉയരുന്നത്. സതീഷില്‍നിന്ന് നിരന്തര ഉപദ്രവും കൊടിയപീഡനങ്ങളുമാണ് അതുല്യ അനുഭവിച്ചതെന്നാണ് സുഹൃത്ത് ആരോപിച്ചത്. അതുല്യ പങ്കുവച്ച ഓരോ ദുരനുഭവങ്ങളും സുഹൃത്തായ യുവതി വെളിപ്പെടുത്തി. ''തുറന്നു പറയാന്‍ ബുദ്ധിമുട്ടുണ്ട്. എന്നാലും ഞാന്‍ ഓപ്പണായി പറയുകയാണ്. അവന്‍ മൂത്രമൊഴിച്ചിട്ട് അതുവരെ അവളെക്കൊണ്ട് കുടിപ്പിച്ചിട്ടുണ്ട്. എന്നോട് അത് പറഞ്ഞിട്ടുള്ളതാണ്. പറയാന്‍ പറ്റുന്നില്ല ഞങ്ങള്‍ക്ക്. ഇങ്ങനെയൊരു സംഭവം ഞങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനേ കഴിയുന്നില്ല. അന്ന് രാത്രി 12.30-ന് നാളെ ജോലിക്ക് പോകുവാണെന്ന് സന്തോഷത്തോടെയാണ് മെസേജ് അയച്ചത്. പിന്നെ ആ നാലുമണിക്കൂറിനുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്ക് അറിയണം'', യുവതി പറയുന്നു.
''ജനിച്ചത് പെണ്‍കുഞ്ഞാണെന്ന് പറഞ്ഞ് നിരന്തരം ഉപദ്രവിച്ചു. നാട്ടില്‍ പോകണമെന്ന് പറഞ്ഞിട്ടും അയാള്‍ വിട്ടില്ല. നമ്മള്‍ വിളിക്കുമ്പോഴും അയാള്‍ക്ക് സംശയമാണ്. സ്പീക്കറിലിട്ട് അനങ്ങാതെനിന്ന് കേള്‍ക്കും. അവനില്ലാത്ത സമയം നോക്കിയേ അവള്‍ വിളിക്കാറുള്ളൂ. വിളിക്കുമ്പോഴെല്ലാം വിഷമങ്ങള്‍ പറയും. പക്ഷേ, ഒരിക്കലും അത് ആത്മഹത്യയിലേക്ക് എത്തില്ല. കാരണം ആത്മഹത്യ ചെയ്തേക്കാമായിരുന്ന വലിയവലിയ പ്രശ്നങ്ങള്‍ കഴിഞ്ഞിട്ടുണ്ട്. അപ്പോള്‍ ചെയ്യണമെന്നായിരുന്നു. ഇപ്പോള്‍ മരിക്കുന്നതിന് തലേദിവസം ഭയങ്കര സന്തോഷത്തോടെയാണ് അവള്‍ സംസാരിച്ചത്. ജോലിക്ക് കയറുന്നതിന്റെ സന്തോഷത്തിലായിരുന്നു.
അവന് ഒരു ഭാര്യയെ അല്ല, ഒരു അടിമയാണ് വേണ്ടിയിരുന്നത്. ജോലിക്ക് പോകുമ്പോള്‍ മൂന്നുനേരത്തെ ഭക്ഷണവും തയ്യാറാക്കികൊടുക്കണം. അവന്റെ ഷൂലേസ് വരെ കെട്ടികൊടുക്കണം. ഉപയോഗിച്ച കര്‍ച്ചീഫ് കഴുകിയില്ലെന്ന് പറഞ്ഞ്, അത് തറയിലിട്ടശേഷം അവളുടെ മുഖത്ത് വെച്ച് തുടച്ച സംഭവമുണ്ടായി. അടിവസ്ത്രം ഊരി അവളുടെ മുഖത്താണ് എറിയുന്നത്. ഷൂലേസ് വരെ അവള്‍ കെട്ടികൊടുത്താലേ അവന്‍ പുറത്തിറങ്ങുകയുള്ളൂ. കഴിഞ്ഞതവണ അവള്‍ നാട്ടിലേക്ക് വരുന്നതിന് മുന്‍പ് കര്‍ച്ചീഫ് കഴുകിയില്ലെന്ന് പറഞ്ഞ് പൊതിരെതല്ലി. എന്നിട്ട് കര്‍ച്ചീഫ് കൊണ്ട് അടുക്കളയും കുളിമുറിയും തുടച്ചിട്ട് അവളുടെ മുഖത്തേക്കിട്ടു. ഇതാണ് നിനക്കുള്ള ശിക്ഷ എന്നുപറഞ്ഞായിരുന്നു ഈ ഉപദ്രവം.
അവള്‍ ഗര്‍ഭിണിയായിരുന്ന സമയത്തും ഉപദ്രവമുണ്ടായിരുന്നു. ആത്മഹത്യ ചെയ്യുകയാണേല്‍ അപ്പോള്‍ ചെയ്യുമായിരുന്നു. ഇത്രയും പ്രശ്നം സഹിച്ച വ്യക്തി ഒരിക്കലും ഈയൊരു ചെറിയകാര്യത്തിന് ആത്മഹത്യചെയ്യില്ല. അവള്‍ക്ക് കുഞ്ഞായിരുന്നു വലുത്. ആ കുഞ്ഞിനോട് അവന് യാതൊരു ആത്മാര്‍ഥതയുമില്ല. പെണ്‍കുഞ്ഞായതിനാല്‍ അതിന്റെപേരില്‍ ഒരുപാട് ഉപദ്രവിച്ചു. അവളെ ഒരിക്കലും പുറത്തേക്ക് വിടില്ല. മുറി പൂട്ടിയിട്ടാണ് അവന്‍ പുറത്തുപോയിരുന്നത്. ദുബായില്‍ ഇവള്‍ ജോലിക്കായി പോയതാണ്. അവളുടെ അച്ഛന്റെയും മറ്റും കാലുപിടിച്ച് പറഞ്ഞശേഷമാണ് അവള്‍ അവന്റെയൊപ്പം വീണ്ടും പോയത്. അവളെ കാണാന്‍ നല്ല ചെറുപ്പമാണ്. അവള്‍ ഒരുങ്ങിനടക്കുന്നതൊന്നും അവന് താത്പര്യമില്ലായിരുന്നു.
നല്ലരീതിയില്‍ പഠിക്കുന്ന കുട്ടിയായിരുന്നു അതുല്യ. സതീഷ് റോഡില്‍വെച്ച് കണ്ട് ഇഷ്ടപ്പെട്ടാണ് വിവാഹാലോചനയുമായി വന്നത്. ഈ കല്യാണത്തിന് അവളുടെ വീട്ടുകാര്‍ക്കും താത്പര്യമില്ലായിരുന്നു. അവള്‍ പഠിക്കട്ടെയെന്നാണ് അവര്‍ പറഞ്ഞത്. പക്ഷേ, അവനും അവന്റെ അമ്മയും നിരന്തരം അവളുടെ വീട്ടിലെത്തി പെണ്ണുചോദിച്ചു. അങ്ങനെ അവരെ വിശ്വാസത്തിലെടുത്താണ് കല്യാണം നടക്കുന്നത്. സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞാണ് വിവാഹശേഷം ആദ്യം ഉപദ്രവം തുടങ്ങിയത്. തന്റെ ശമ്പളത്തിന് ഇത്രയൊന്നും കിട്ടിയാല്‍ പോരെന്നായിരുന്നു അയാള്‍ പറഞ്ഞിരുന്നത്. അങ്ങനെ ആദ്യം കൊടുത്തതിനെക്കാള്‍ പിന്നെയും കൊടുക്കേണ്ടിവന്നു. അവന്റെ വീട്ടില്‍ പോയിനിന്ന ദിവസങ്ങളില്ലെല്ലാം വഴക്കുണ്ടായി തിരിച്ചുവരും. ഏഴുമാസം ഗര്‍ഭിണിയായ സമയത്തും ഉപദ്രവിച്ചു. വയറ്റില്‍ ചവിട്ടി. പ്രസവം കഴിഞ്ഞ് കുറേനാള്‍ പിണങ്ങിക്കഴിഞ്ഞു. പിന്നെ അയാള്‍വന്നു. അങ്ങനെ അഡ്ജസ്റ്റ് ചെയ്തുപോവുകയായിരുന്നു.