തദ്ദേശ ഭരണപരിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷ പദവി ഏറ്റെടുക്കാനാവില്ല; നിയമനം റദ്ദാക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് കത്തയച്ച് ബി.അശോക്; തന്നെ നിയമിച്ച നടപടി സുപ്രീം കോടതി ഉത്തരവിന്റെ ലംഘനം; കേഡര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥനെ കേഡറിനു പുറത്തേക്കു മാറ്റാനാവില്ലെന്ന ചട്ടവും ലംഘിച്ചു; നിയമ പോരാട്ടത്തിന് അശോകിന്റെ നീക്കം

തദ്ദേശ ഭരണപരിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷ പദവി ഏറ്റെടുക്കാനാവില്ല

Update: 2025-01-15 06:28 GMT

തിരുവനന്തപുരം: തദ്ദേശ ഭരണപരിഷ്‌കരണ കമ്മിഷന്റെ അധ്യക്ഷനായി തന്നെ നിയമിച്ച നടപടി സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണെന്നും നിയമന ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി.അശോക് ചീഫ് സെക്രട്ടറി ശാരദ മുരളീധരനു കത്തയച്ചു. അപ്രധാനമായ തസ്തികയില്‍ നിയമിച്ച സര്‍ക്കാര്‍ നീക്കത്തിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് അശോക്. തന്നെ സെക്രട്ടേറിയറ്റിനു പുറത്തുള്ള തസ്തികയിലേക്കു മാറ്റിയ സര്‍ക്കാര്‍ നടപടിയില്‍ കടുത്ത അതൃപ്തിയിലാണ് അശോക്.

നിയമ പോരാട്ടത്തിനുറച്ചുള്ള നീക്കമാണ് അശോകിന്റെ ഭാഗത്തു നിന്നും ഉണ്ടാക്കുന്നത്. നിയമനം റദ്ദാക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ കോടതിയെ അശോക് സമീപിച്ചേക്കും. ചട്ടങ്ങള്‍ പാലിക്കാത്ത ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പദവി തനിക്ക് ഏറ്റെടുക്കാനാവില്ലെന്ന് അശോക് കത്തില്‍ വ്യക്തമാക്കി. ഐഎഎസ് കേഡറിനു പുറത്തുള്ള പദവിയില്‍ നിയമിക്കുമ്പോള്‍ ഉദ്യോഗസ്ഥനില്‍നിന്നു മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് തന്റെ കാര്യത്തില്‍ പാലിച്ചില്ല. ഭരണസര്‍വീസില്‍ സുപ്രധാന ചുമതല വഹിക്കുന്ന, കേഡര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥനെ കേഡറിനു പുറത്തേക്കു മാറ്റാനാവില്ലെന്ന ചട്ടവും ലംഘിക്കപ്പെട്ടു. സ്വതന്ത്ര സ്ഥാപനമായ ഭരണപരിഷ്‌കരണ കമ്മിഷന്റെ അധ്യക്ഷപദം കേഡറിനു പുറത്തുള്ളതാണ്. അത് ഏറ്റെടുക്കാനാവില്ല.

തദ്ദേശ വകുപ്പില്‍ 4 മാസം മാത്രമേ താന്‍ ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളൂ. വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള ഒട്ടേറെ ഐഎഎസ് ഉദ്യോഗസ്ഥര്‍ സര്‍വീസിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോ.ബി.അശോകിനെ തദ്ദേശസ്വയംഭരണ പരിഷ്‌കരണ കമ്മിഷനായി നിയമിച്ചത് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ്. സിവില്‍സര്‍വീസ് ചട്ടഭേദഗതി പ്രകാരം,സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ കമ്മിഷന്‍,ട്രൈബ്യൂണലായി നിയമിക്കുന്നതിന് കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വേണം. ഇതിനായി സംസ്ഥാന സര്‍ക്കാരിന് കേന്ദ്രത്തില്‍ ശുപാര്‍ശ അയയ്ക്കാം.

കേന്ദ്രത്തില്‍ ജോയിന്റ് സെക്രട്ടറി വരെയുള്ളവരുടെ ഫയലുകള്‍ പഴ്‌സണല്‍ സഹമന്ത്രിയും അതിനു മുകളിലുള്ളവരുടെ ഫയല്‍ പഴ്‌സണല്‍ മന്ത്രാലയത്തിന്റെ ചുമതലയുള്ള പ്രധാനമന്ത്രിയുമാണ് അംഗീകരിക്കേണ്ടത്. അശോകിന് കേന്ദ്രത്തില്‍ സീനിയര്‍ അഡിഷണല്‍ സെക്രട്ടറി റാങ്കുള്ളതിനാല്‍ പ്രധാനമന്ത്രിയുടെ അനുമതിയില്ലാതെ കമ്മിഷനായി നിയമിക്കാനാവില്ലെന്നും നിയമ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.നിയമനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അശോക് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെയും ഹൈക്കോടതിയെയും സമീപിക്കും. സിവില്‍ സര്‍വീസുകാരെ കേന്ദ്രത്തിനെതിരായ അന്വേഷണങ്ങള്‍ക്കടക്കം നിയോഗിക്കാതിരിക്കാനാണ് അനുമതി വേണമെന്ന ചട്ടഭേദഗതി കൊണ്ടുവന്നത്. ഇത് പരിഗണിക്കാതെയാണ് അശോകിന്റെ നിയമനം മന്ത്രിസഭ തീരുമാനിച്ചത്.

പദവി ഏറ്റെടുക്കാനാവില്ലെന്ന് അശോക് വ്യക്തമാക്കിയതോടെ, ഐഎഎസ് തലപ്പത്ത് പോര് മുറുകുമെന്ന് ഉറപ്പാണ്. എന്‍ പ്രശാന്തിനെ പിന്തുണക്കുന്നു എന്ന ധാരണയിലാണ് അശോകിനെ സെക്രട്ടറിയേറ്റിന് പടിക്ക്പുറത്തേക്ക് നീക്കാന്‍ ശ്രമം നടത്തിത്. ഏതാനും ആഴ്ചകള്‍ക്കിടെ സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ചീഫ് സെക്രട്ടറിക്കു കത്തയയ്ക്കുന്ന രണ്ടാമത്തെ ഉദ്യോഗസ്ഥനാണ് അശോക്. അഡീഷനല്‍ ചീഫ് സെക്രട്ടറി എ.ജയതിലകിനെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ചതിന്റെ പേരില്‍ തന്നെ സസ്‌പെന്‍ഡ് ചെയ്തത് അനീതിയാണെന്നു കാട്ടി ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്ത് നേരത്തേ രംഗത്തുവന്നിരുന്നു.

അതേസമയം അശോക് പടിയിറങ്ങിയതോടെ കൃഷി വകുപ്പിനെ നിരവധി പദ്ധതികളാണ് അവതാളത്തിലായത്. സാമ്പത്തിക പ്രതിസന്ധി കാരണം 60 ഏക്കര്‍ സ്ഥലം പണയപ്പെടുത്താന്‍ ഒരുങ്ങിയ കാര്‍ഷിക സര്‍വകലാശാലയെ സാമ്പത്തികഭദ്രമാക്കി, വികസനക്കുതിപ്പിലേക്ക് നയിച്ചാണ് വൈസ് ചാന്‍സലറായ ബി. അശോക് സ്ഥാനമൊഴിഞ്ഞത്. കാര്‍ഷികോത്പാദന കമ്മിഷണര്‍ എന്ന പദവി കാരണമാണ് കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ അധിക ചുമതല കൂടി ബി. അശോകിന് നല്‍കിയത്. പദവി മാറ്റി സര്‍ക്കാര്‍ ഉത്തരവായതോടെ വൈസ് ചാന്‍സലറുടെ ചുമതല ഇല്ലാതാകും.

2023 മാര്‍ച്ചില്‍ വൈസ് ചാന്‍സലറായി സ്ഥാനമേറ്റ അശോക് ഇതേ വരെ 1000 കോടിയുടെ പദ്ധതികളാണ് സര്‍വകലാശാലയിലേക്ക് കൊണ്ടുവന്നത്. നബാര്‍ഡ് പോലുള്ള ഏജന്‍സികളുമായി സഹകരിച്ചാണ് പദ്ധതികള്‍ ആവിഷ്‌കരിച്ചത്. സര്‍വകലാശാലയുടെ പൂര്‍വവിദ്യാര്‍ഥിയും നബാര്‍ഡ് ചെയര്‍മാനുമായ കെ.വി. ഷാജി വഴി ഒട്ടേറെ പദ്ധതികളാണ് അശോക് സര്‍വകലാശാലയിലെത്തിച്ചത്. 50 വര്‍ഷം മുന്‍പ് ആരംഭിച്ച സര്‍വകലാശാലയുടെ ചരിത്രത്തില്‍ ആദ്യമായി ഒരേ സമയം 25 പുതിയ േകാഴ്‌സുകള്‍ ആരംഭിച്ചതും അശോകാണ്. ഇതുവഴി 200 സീറ്റുകളാണ് വര്‍ധിച്ചത്. നിലവില്‍ 3000 വിദ്യാര്‍ഥികളുള്ള സര്‍വകലാശാലയില്‍ അഞ്ചു വര്‍ഷത്തില്‍ 10000 സീറ്റ് ആക്കാനുള്ള പദ്ധതികളും ആവിഷ്‌കരിച്ചു. ഗവേഷണ സീറ്റുകളും ഇരട്ടിയാക്കി.

അധികച്ചെലവുകളില്ലാതെ എന്‍.െഎ.സി.യുമായി സഹകരിച്ച് കേരളത്തില്‍ ആദ്യത്തെ സമ്പൂര്‍ണ ഇ- ഓഫീസ് സംവിധാനമുള്ള സര്‍വകലാശാലയാക്കി. 1000 മെഗാവാട്ടിന്റെ സൗേരാര്‍ജ സംവിധാനം ഏര്‍പ്പെടുത്തുക വഴി പ്രതിമാസം 25 ലക്ഷത്തിന്റെ വൈദ്യുതി ബില്ലാണ് ലാഭിക്കാനായത്. സാമ്പത്തികഭദ്രതയും പുതിയ മികവുകളും മാത്രമല്ല, നല്ല റാങ്കിങ്ങിലേക്കും അക്രെഡിറ്റേഷനിലേക്കും സര്‍വകലാശാലയെ ഉയര്‍ത്താനും ഈ കാലയളവില്‍ അശോകിന് സാധിച്ചു.

വികസനങ്ങളെത്തിച്ചെങ്കിലും ചില സംഘടനകളുടെ എതിര്‍പ്പും നേരിടേണ്ടി വന്നു. വൈസ് ചാന്‍സലറായി സ്ഥാനമേറ്റ ശേഷം നടത്തിയ ചില പ്രവര്‍ത്തനങ്ങളില്‍ സി.പി.എം. അനുകൂല സംഘടനകള്‍ അതൃപ്തരായി. അതോടെ വൈസ് ചാന്‍സലറും സി.പി.എം. അനുകൂല സംഘടനകളുമായുള്ള ബന്ധം വഷളായി. വൈസ് ചാന്‍സലര്‍ പദവി ചോദ്യം ചെയ്തുകൊണ്ട്് സംഘടനാംഗങ്ങള്‍ ഹൈക്കോടതി വരെയെത്തിയിരുന്നു.

Tags:    

Similar News