അജു അലക്സിന് 50 ലക്ഷം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു അജ്ഞാത ഫോണ്‍കോള്‍ വന്നിരുന്നു; അതിന് വഴങ്ങിയില്ല; പിന്നാലെ അപവാദപ്രചാരണങ്ങള്‍ തുടങ്ങി; എലിസബത്തിനും അമൃതാ സുരേഷിനും 'ചെകുത്താനും' എതിരെ പോലീസില്‍ പരാതി നല്‍കി ബാലയും ഭാര്യയും; വിവാദം പുതിയ തലത്തിലേക്ക്

Update: 2025-03-15 12:20 GMT

കൊച്ചി: മുന്‍ പങ്കാളി എലിസബത്ത്, മുന്‍ഭാര്യ അമൃത സുരേഷ്, യൂട്യൂബര്‍ അജു അലക്സ് എന്നിവര്‍ക്കെതിരേ പേലീസില്‍ പരാതി നല്‍കി നടന്‍ ബാല. സാമൂഹിക മാധ്യമങ്ങള്‍ വഴി തന്നെ തുടര്‍ച്ചയായി അപമാനിക്കുന്നുവെന്നാണ് പരാതി. ഭാര്യ കോകിലയ്ക്കൊപ്പം കൊച്ചി സിറ്റി കമ്മീഷണര്‍ ഓഫീസില്‍ നേരിട്ടെത്തിയാണ് ബാല പരാതി നല്‍കിയത്.

ഇതോടെ സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള തര്‍ക്കങ്ങള്‍ക്ക് പുതുമാനം വരികയാണ്. സാമൂഹിക മാധ്യമങ്ങള്‍ വഴി തന്നെ തുടര്‍ച്ചയായി അപമാനിക്കുന്നുവെന്നാണ് ബാലയുടെ പരാതി. യൂട്യൂബര്‍ അജു അലക്സുമായി ചേര്‍ന്നാണ് ഈ അപവാദപ്രചാരണം നടത്തുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. അജു അലക്സിന് 50 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു അജ്ഞാത ഫോണ്‍കോള്‍ വന്നിരുന്നു. അതിന് വഴങ്ങിയില്ല. അതിന് പിന്നാലെ അപവാദപ്രചാരണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും പരാതിയില്‍ ആരോപിക്കുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുന്‍ പങ്കാളി എലിസബത്ത് ബാലയ്ക്ക് എതിരേ ഗുരുതര ആരോപണങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി ഉന്നയിച്ചിരുന്നു. ബാലയും തിരിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. പിന്നാലെ ബാലയുടെ ഭാര്യ കോകില എലിസബത്തിനെതിരേ രംഗത്ത് എത്തിയിരുന്നു. തുടര്‍ന്ന് എലിസബത്ത് ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബാല പോലീല്‍ പരാതി നല്‍കിയത്. ചെകുത്താന്‍ എന്നറിയപ്പെടുന്ന യൂട്യൂബര്‍ അജു അലക്സുമായി ചേര്‍ന്ന് എലിസബത്ത് തുടര്‍ച്ചയായി അപമാനിക്കുന്നു എന്നാണ് ബാല പറയുന്നത്.

കഴിഞ്ഞ കുറച്ചുനാളുകളായി ബാലയും എലിബസത്തും പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിച്ച് രംഗത്തെത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും പരസ്പരം പോരടിക്കുന്നത്. ചില ഘട്ടങ്ങളില്‍ ബാലയുടെ ഭാര്യ കോകിലയും വിഷയത്തില്‍ ഇടപെടുകയും പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്യുന്നുണ്ട്. ഇന്നലെ എലിസബത്തിനെതിരെ കോകില ഒരു വീഡിയോ പങ്കുവെച്ചിരുന്നു. എലിസബത്ത് നേരത്തേ വിവാഹിതയായിരുന്നുവെന്നും ഇത് രഹസ്യമാക്കിവെച്ചായിരുന്നു ബാലയോടൊപ്പം താമസിച്ചത് എന്നുമായിരുന്നു കോകില ആരോപിച്ചത്.

ഇതിന് പിന്നാലെ മറുപടിയുമായി എലിസബത്തും രംഗത്തെത്തി. മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട ഡോക്ടറായിരുന്നു തന്റെ ആദ്യ ഭര്‍ത്താവെന്നും വെറും മൂന്ന് ആഴ്ചകള്‍ മാത്രമായിരുന്നു തങ്ങള്‍ ഒന്നിച്ച് താമസിച്ചതെന്നുമായിരുന്നു എലിസബത്ത് പറഞ്ഞത്. വിവാഹമോചനത്തിന് തന്നെ സഹായിച്ചത് ബാലയായിരുന്നു. കൂടെയുണ്ടെന്ന് ധരിച്ചിരുന്ന നടനും തന്നെ ചതിച്ചെന്നും അയാളെക്കുറിച്ചും വരുന്ന വീഡിയോയില്‍ പറയുമെന്നും എലിസബത്ത് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബാലയും കോകിലയും പരാതിയുമായി പൊലീസിനെ സമീപിച്ചത്.

എലിസബത്തിന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം ചുവടെ

അങ്ങനെ അവസാനം തേങ്ങ എറിഞ്ഞു പൊട്ടിച്ചിരിക്കുകയാണ്. ''മാമാ വേണ്ട വേണ്ട എന്ന് പറഞ്ഞതാണ്, പക്ഷേ എനിക്ക് മിണ്ടാതിരിക്കാനാകില്ല'', എന്നൊക്കെയാണ് കോകില പറയുന്നത്. എന്നിട്ട് ആ വീഡിയോ പോസ്റ്റ് ചെയ്തത് മാമന്റെ അക്കൗണ്ടിലും. ഇനി സത്യത്തിലേക്ക് കടക്കാം. എന്റെ വിവാഹം 2019 മേയ് മാസമായിരുന്നു. മൂന്നാഴ്ച ഒരുമിച്ച് താമസിച്ചു. പക്ഷേ ഡിവോഴ്‌സ് കുറച്ച് വൈകിയാണ് നടന്നത്. ഡോക്ടറിനെ തന്നെയാണ് വിവാഹം കഴിച്ചത്. ഓണ്‍ലൈന്‍ മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് ഞങ്ങള്‍ കണ്ടുമുട്ടിയതും. എന്നെ ഡിവോഴ്‌സിനായി സഹായിച്ചത് ഈ നടനാണ്. അപ്പോള്‍ ആ കാര്യത്തില്‍ ഇനിയും സംശയമുണ്ടെങ്കില്‍ തെളിവുകള്‍ തരാം.

ഇനിയും അതില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് പറയേണ്ടത് ആ ഡോക്ടറാണ്. അദ്ദേഹത്തിന് എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ അതിന്റെ ഉത്തരവും ഞാന്‍ പൊതുസമൂഹത്തിന് മുന്നില്‍ വന്നു പറയുന്നതാകും. ഞങ്ങളുടെത് മ്യൂച്ചല്‍ ഡിവോഴ്‌സ് ആയിരുന്നു. പെണ്ണുകാണലും ഉറപ്പീരുമൊക്കെ അടങ്ങിയ വിവാഹമായിരുന്നു അത്. എന്‍ഗേജ്‌മെന്റിന് തന്നെ 1800 ആളുകള്‍ പങ്കെടുത്തു. വിവാഹവും ഓഡിറ്റോറിയത്തില്‍ വലിയ പരിപാടിയായാണ് നടത്തിയത്. അല്ലാതെ രജിസ്റ്റര്‍ ഓഫീസില്‍ പോയി ആരുമറിയാതെ ഒളിച്ചോടി നടത്തിയ വിവാഹമല്ല. അയാള്‍ ഇപ്പോള്‍ വേറെ വിവാഹം കഴിച്ച് സുഖമായി താമസിക്കുന്നു. നാലോ അഞ്ചോ വിവാഹം ചെയ്ത ആള്‍ക്ക് ഈ വിവാഹത്തില്‍ മാത്രം എന്താണ് പ്രശ്‌നം. അതും അയാളോട് പറഞ്ഞിട്ടാണ് ഈ വിവാഹത്തിലേക്ക് വരുന്നത് തന്നെ.

വിവാഹമോചനത്തിന് പോലും ഒപ്പം നിന്ന ആളാണ് ഇപ്പോള്‍ ഈ വിഷയത്തില്‍ എന്നെ ഭീഷണിപ്പെടുത്തുന്നത്. ഇതിന്. മുമ്പ് എനിക്കൊരു ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ഉണ്ടായിരുന്നു. അതില്‍ റിലേഷന്‍ സ്റ്റാറ്റസിലും ഡിവോഴ്‌സി എന്നാണ് ഞാന്‍ വച്ചിരുന്നത്. ആ പ്രൊഫൈല്‍ വച്ചിട്ടാണ് ഇയാള്‍ എന്നെ പ്രൊപ്പോസ് ചെയ്യുന്നതും. അതുകൊണ്ട് ഈ വിവാഹക്കാര്യം മറച്ചുവച്ചിട്ടില്ല ഇയാളുമായി അടുത്തത്. അന്ന് വിവാഹം എന്നു പറയുന്ന ആ ചടങ്ങ് കഴിഞ്ഞ സമയത്ത് ഇയാള്‍ തന്നെയാണ് മുമ്പൊരു വിവാഹം കഴിഞ്ഞുവെന്നത് ആരോടും പറയേണ്ടെന്ന് പറഞ്ഞത്. അതു പറഞ്ഞാല്‍ തനിക്ക് നാണക്കേട് ആകുമെന്നാണ് ഈ മനുഷ്യന്‍ അന്നു പറഞ്ഞത്. തനിക്കെന്ന് പറഞ്ഞാല്‍ പുള്ളിക്ക്.

ഞാനൊരു വിവാഹമോചിതയാണെന്ന് പറയുന്നതില്‍ എനിക്കൊരു നാണക്കേടും ഇല്ലായിരുന്നു. 5000 ഫ്രണ്ട്‌സും 16000 ഫോളോവേഴ്‌സും ഉള്ള അക്കൗണ്ടിലാണ് റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഡിവോഴ്‌സി എന്നിട്ടിരുന്നത്. പുള്ളിയുടെ കൂടെ താമസിക്കാന്‍ തുടങ്ങിയപ്പോള്‍ ആ പ്രൊഫൈല്‍ അയാള്‍ തന്നെ ഡിലീറ്റ് ചെയ്യുകയായിരുന്നു. അതിലൂടെയാണ് ഞങ്ങള്‍ ഇഷ്ടപ്പെട്ടതും അയാള്‍ എന്നെ പ്രൊപ്പോസ് ചെയ്തതും. മാത്രമല്ല അന്ന് കയ്യിലുണ്ടായിരുന്ന ഫോണും എറിഞ്ഞു പൊട്ടിച്ചു, സിമ്മും നശിപ്പിച്ചു. എനിക്ക് ഇപ്പോള്‍ 31 വയസുണ്ട്. എന്തു മരുന്നാണ് ഞാന്‍ ഈ പതിനഞ്ച് വര്‍ഷമായി ചെയ്യുന്നത്.

കോകില പറഞ്ഞത് വച്ചാണെങ്കില്‍ 15 വയസ് തൊട്ട് മരുന്ന് കഴിക്കേണ്ടി വരും. ആ മരുന്ന് എന്താണെന്ന് കൂടി പറയണമായിരുന്നു. പനിക്കും വയറുവേദനയ്ക്കും വയറിളക്കത്തിനും ഈ പതിനഞ്ച് വര്‍ഷമായി മരുന്ന് കഴിച്ചിട്ടുണ്ടാകും. അല്ലാതെ എന്തേലും മരുന്നുണ്ടെങ്കില്‍ ആ തെളിവ് കൂടി നിങ്ങള്‍ പറയണം. ഈ അടുത്താണ് ഡിപ്രഷന് മരുന്ന് കഴിക്കാന്‍ തുടങ്ങിയത്. ഒരു പെണ്ണിനെപ്പറ്റി പറയാന്‍ കഴിയുന്ന മോശമായ കാര്യങ്ങളൊക്കെ ഇവര്‍ പറഞ്ഞു പരത്തി. കുട്ടികളുണ്ടാവാത്ത സ്ത്രീയെന്ന് വരെ പറഞ്ഞു.

Tags:    

Similar News