മെസി വരുമെന്ന 'ബിഗ് ബ്രേക്കും' എതിരാളിക്ക് രക്ഷയില്ല; ശബരിമലയിലും ഉണ്ണികൃഷ്ണന്‍ പോറ്റിയിലും തന്നെ മലയാളിയുടെ വാര്‍ത്താ മനസ്സ്; നേരോടെ നിര്‍ഭയം നിരന്തരം 40-ാം ആഴ്ചയിലും കുതിപ്പ്; റിപ്പോര്‍ട്ടര്‍ ബഹുദൂരം പിന്നിലേക്കും; ബാര്‍ക്കില്‍ തെളിയുന്നത് ഏഷ്യാനെറ്റ് ന്യൂസിന്റെ കരുത്ത്; അര്‍ജന്റീനിയന്‍ വരവ് മാറ്റമാകുമോ?
തിരുവനന്തപുരം: മലയാള ന്യൂസ് ചാനല്‍ റേറ്റിംഗില്‍ നേരോടെ നിര്‍ഭയം നിരന്തരം ഏഷ്യാനെറ്റ് ന്യൂസ്. ശബരിമല വിവാദ കാലത്ത് ഏഷ്യാനെറ്റ് ന്യൂസ് റേറ്റിംഗില്‍ എതിരാളികളെ ബഹുദൂരം മുന്നിലാക്കുകയാണ്. ശബരിമലയിലെ റിപ്പോര്‍ട്ടിംഗും രാത്രി ചര്‍ച്ചയുമെല്ലാം ഏഷ്യാനെറ്റ് ന്യൂസിനെ സാറ്റലൈറ്റ് ചാനലുകളിലെ മലയാളി രാജാവാക്കുകയാണ്. മെസിയെന്ന പടക്കുതിരയെ മുന്നില്‍ നിര്‍ത്തി ഏഷ്യാനെറ്റ് ന്യൂസിന്റെ കുതിപ്പ് നവംബറില്‍ ആരെങ്കിലും മറികടക്കുമോ എന്നതാണ് ഇനി അറിയേണ്ട്. ഏതായാലും ശബരിമല വിവാദ കാലത്ത് ഏഷ്യാനെറ്റ് ന്യൂസിന് തന്നെയാണ് മലയാളിയുടെ വിശ്വസ്ത ചാനല്‍.
മുമ്പ് ശബരിമല സ്ത്രീ പ്രവേശന വിവാദമുണ്ടായപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് തന്നെയായിരുന്നു മുന്നില്‍. എന്നാല്‍ അന്ന് ജനം ടിവി ഏഷ്യാനെറ്റ് ന്യൂസിന് നേരിയ വെല്ലുവിളിയ ഉയര്‍ത്തി. അപ്പോഴും ഒന്നാം സ്ഥാനം നഷ്ടമായില്ല. അതിന് ശേഷം ഷിരൂരില്‍ മറ്റും ഏഷ്യാനെറ്റിന് 24ന്യൂസും വിഎസ് മരണ സമയം റിപ്പോര്‍ട്ടറും വെല്ലുവിളി ഉയര്‍ത്തി. ഇതോടെ ഏഷ്യാനെറ്റ് ന്യൂസിന്റെ കഷ്ടകാലം തുടങ്ങിയെന്ന് ക്യാപ്‌സ്യൂള്‍ ഇറക്കിയവരെ ഞെട്ടിച്ചാണ് പിന്നീടുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ മുന്നേറ്റം. ബാര്‍ക്കിന്റെ 40-ാം ആഴ്ചയിലെ റേറ്റിംഗ് എല്ലാ അര്‍ത്ഥത്തിലും ഏഷ്യാനെറ്റ് ന്യൂസിന്റെ കരുത്തിന് തെളിവാണ്.
ലെയണല്‍ മെസിയെ കേരളത്തിലേക്ക് കൊണ്ടു വരുന്നത് റിപ്പോര്‍ട്ടര്‍ ടിവിയാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഇതിന്റെ വാര്‍ത്തകളും മറ്റും നല്‍കി ജനപ്രിയമാകാനായിരുന്നു അവരുടെ ശ്രമം. എന്നാല്‍ മെസിയുടെ വരവ് പ്രഖ്യാപനം ടെലിവിഷന്‍ റേറ്റിംഗില്‍ ബാധിച്ചിട്ടില്ല. മെസി വന്നാല്‍ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്നത് മാത്രമാണ് ഇനി അറിയേണ്ടത്. ഏതായാലും ശബരിമലയും ഉണ്ണികൃഷ്ണന്‍ പോറ്റിയുമെല്ലാം കാഴ്ചക്കാരെ സ്വാധീനിക്കുന്നുവെന്നതിന്റ തെളിവാണ് 40-ാം ആഴ്ചയിലെ ഏഷ്യാനെറ്റ് ന്യൂസിന്റെ കുതിപ്പ്.
39-ാം ആഴ്ചയിലെ ബാര്‍ക്ക് ( Broadcast Audience Research Council ) റേറ്റിങ്ങില്‍ 94 പോയിന്റിന്റെ വ്യക്തമായ മേധാവിത്വം ഏഷ്യാനെറ്റ് ന്യൂസിനുണ്ടായിരുന്നു. 40-ാം ആഴ്ചയില്‍ അത് കൂടുകയാണ്. റിപ്പോര്‍ട്ടറിന് വലിയ ഇടിവുണ്ടായി. 39-ാം ആഴ്ചയില്‍ റേറ്റിങ് കണക്കുകളില്‍ രണ്ടാം സ്ഥാനത്തുള്ള റിപ്പോര്‍ട്ടര്‍ ചാനലിന് അന്ന് 74 പോയിന്റാണുണ്ടായിരുന്നത്. ഇത്തവണ പോയിന്റ് 69 ആയി. മൂന്നാം സ്ഥാനത്ത് 40-ാം ആഴ്ചയിലുള്ളത് ട്വന്റി ഫോര്‍ ന്യൂസായിരുന്നു. ഒരു പോയിന്റ് അവര്‍ക്ക് കൂടി. ഒന്നാമതുള്ള ഏഷ്യനെറ്റ് ന്യൂസിനേക്കാള്‍ ഏറെ പിന്നിലാണ് ട്വന്റിഫോര്‍ എന്നതാണ് വസ്തുത.
മനോരമയ്ക്ക് ഈ ആഴ്ച രണ്ടു പോയിന്റ് കുറഞ്ഞു. ഇത്തവണ 37 പോയിന്റാണുള്ളത്. അഞ്ചാം സ്ഥാനത്തുള്ള മാതൃഭൂമിയ്ക്ക് കഴിഞ്ഞ തവണത്തെ പോലെ 34 പോയിന്റുണ്ട്. ന്യൂസ് മലയാളത്തിന് 27 പോയിന്‍ുണ്ട്. ജനത്തിന് 19ഉം കൈരളിയ്ക്ക് 18ഉം അംബാനിയുടെ ചാനലായ ന്യൂസ് 18 കേരളയ്ക്ക് 12ഉം പോയിന്റാണുള്ളത്. മീഡിയാ വണ്‍ എട്ട് പോയിന്റുമായി അവസാന സ്ഥാനത്ത് തുടരുന്നു. നഗര ഗ്രാമ വ്യത്യസമില്ലാതെ ഏത് സമയത്തും പ്രായ ഭേദമില്ലാതെ മലയാളികള്‍ വാര്‍ത്തകള്‍ അറിയുന്നത് ഏഷ്യാനെറ്റ് ന്യൂസിലൂടെയാണെന്ന് ബാര്‍ക്ക് പ്രേക്ഷക റേറ്റിങ് വ്യക്തമാക്കുന്നു. മലയാളിക്ക് ആധികാരിക വാര്‍ത്തകള്‍ക്ക് ഏതു ചാനല്‍ കാണണം എന്നതില്‍ ഒരു സംശയവും ഉണ്ടായില്ല. മൂന്ന് പതിറ്റാണ്ട് പിന്നിട്ട മലയാളിയുടെ വാര്‍ത്താശീലം മാറ്റമില്ലാതെ തുടരുകയാണെന്നതാണ് ഈ ആഴ്ചയിലെ ബാര്‍ക്കും വ്യക്തമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസിനോടുള്ള മലയാളിയുടെ വിശ്വാസത്തിന് പ്രായവ്യത്യാസമോ സ്ത്രീപുരുഷ ഭേദമോ ഇല്ല. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലം മലയാളിയുടെ മാറാത്ത വാര്‍ത്താശീലമായി ഏഷ്യാനെറ്റ് ന്യൂസിനെ ഒന്നാം സ്ഥാനത്ത് നിലനിര്‍ത്തുന്നത് നേരിന്റേ പക്ഷമാണെന്ന് മാനേജ്‌മെന്റ് പറയുന്നു. പ്രേക്ഷകര്‍ അര്‍പ്പിക്കുന്ന വിശ്വാസം കാത്തുസൂക്ഷിക്കാന്‍ കൃത്യതയും വ്യക്തതയുള്ള വാര്‍ത്താ അനുഭവം നല്‍കി 'നേരോടെ നിര്‍ഭയം നിരന്തരം' തുടരാന്‍ ഏഷ്യാനെറ്റ് ന്യൂസ് പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും അവര്‍ വിശദീകരിക്കുന്നു. അതിനിടെ ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം (I&B) ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിനോട് (BARC) കണക്റ്റഡ് ടിവി (CTV) കാഴ്ചക്കാരെയും (viewership) റേറ്റിംഗ് അളവെടുപ്പില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടു. രാജ്യത്തെ കൂടുതല്‍ കുടുംബങ്ങള്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലേക്ക് മാറുന്ന സാഹചര്യത്തിലാണ് ഈ നിര്‍ണായക നീക്കം.
നിലവില്‍, 600-ലധികം ടെലിവിഷന്‍ ചാനലുകളുടെ പ്രേക്ഷക കണക്കുകള്‍ അളക്കുന്ന രാജ്യത്തെ ഏക ടെലിവിഷന്‍ റേറ്റിംഗ് ഏജന്‍സിയാണ് ബാര്‍ക്ക്. ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ (IBDF), ഇന്ത്യന്‍ സൊസൈറ്റി ഓഫ് അഡ്വര്‍ട്ടൈസേഴ്‌സ് (ISA), അഡ്വര്‍ട്ടൈസിംഗ് ഏജന്‍സീസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (AAAI) എന്നിവ സംയുക്തമായാണ് ബാര്‍ക്കിന് നേതൃത്വം നല്‍കുന്നത്. സ്മാര്‍ട്ട് ടിവികളും താങ്ങാനാവുന്ന ബ്രോഡ്ബാന്‍ഡ് സേവനങ്ങളും വ്യാപകമായതോടെ ഇന്ത്യയിലെ കണക്റ്റഡ് ടിവികളുടെ അടിത്തറ അതിവേഗം 40 ദശലക്ഷം വീടുകളായി വര്‍ധിച്ചിട്ടുണ്ട്. കാഴ്ചക്കാര്‍ ഇപ്പോള്‍ പരമ്പരാഗത ടെലിവിഷന്‍, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ എന്നിവ മാറിമാറി ഉപയോഗിക്കുന്ന സാഹചര്യത്തില്‍, കൃത്യമായ മീഡിയ പ്ലാനിങ്ങിനും പരസ്യച്ചെലവ് വിഹിതപ്പെടുത്തുന്നതിനും ഏകീകൃത അളവെടുപ്പ് സംവിധാനം അനിവാര്യമാണെന്ന് പരസ്യം ചെയ്യുന്നവരും പ്രക്ഷേപകരും മാസങ്ങളായി ആവശ്യപ്പെടുന്നുണ്ട്.
സി.ടി.വി. ഡാറ്റ ഉള്‍പ്പെടുത്തുന്നത് പരസ്യം വാങ്ങുന്നതില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരുമെന്നും ഇന്ത്യയുടെ മാധ്യമ ഇക്കോസിസ്റ്റത്തിലെ വര്‍ധിച്ചുവരുന്ന സംയോജനത്തെ ഇത് പ്രതിഫലിക്കുമെന്നും വ്യവസായ പ്രമുഖര്‍ അഭിപ്രായപ്പെടുന്നുണ്ട്.